

പാലായിൽ നിന്നിറങ്ങുന്ന ദീപനാളം വാരികയിൽ (1992 മാർച്ച് 19 ) ഫാ. ജോസഫ് വഴുതനപ്പള്ളിയുടെ "കുരിശു കൾ........ കുരിശുകൾ "എന്ന ലേഖനത്തിൽ താഴെ പറയുന്ന പരാമർശനങ്ങൾ നടത്തിയിരിക്കുന്നതായി കാണുന്നു: "സാർവത്രിക സഭയിൽ കുരിശിനോടുള്ള ഭക്തി സഭയുടെ ആരംഭം മുതൽ തന്നെ നിലവിലിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് സഭയ്ക്കു സാതന്ത്ര്യം കിട്ടുന്ന കാലഘട്ടം വരെ ക്രൈസ്തവർ ഈശോ മരിച്ച കുരിശിനെ രക്ഷയുടെ ചിഹ്‌നമായി കരുതുകയും ഭക്ത്യാദരവുകൾ നൽകുകയും ചെയ്തിരുന്നു." "ഈശോയുടെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് പാശ്ചാത്യ സഭയിൽ ക്രൂശിത രൂപം (ഈശോയുടെ ശരീരത്തോടു കൂടിയ കുരിശ് നിലവിൽ വന്നപ്പോൾ പൗരസ്ത്യ സഭകളിൽ പൗലോസ് ശ്ലീഹയുടെ ഉത്ഥാന ദൈവശാസ്ത്രത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ക്രൂശിതൻ ഇല്ലാത്ത കുരിശുകൾ നിലവിൽ വന്നു." അതുപോലെ തന്നെ മാർച്ച് 20-ലെ ദീപനാളത്തിൽ ഡോ. ജോസഫ് മേലേപ്പറമ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "പാശ്ചാത്യ സഭയിൽ വണങ്ങന്നത് പീഡകൾ സഹിച്ചു കുരിശിൽ തൂങ്ങി മരിച്ച ക്രിസ്തുവിൻ്റെ രൂപത്തോടുകൂടിയ കുരിശാണ്. മിശിഹായുടെ പീഡാനുഭവത്തിൻ്റെയും മരണത്തിൻ്റെയും തിരുവുത്‌ഥാനത്തിൻ്റെയും പ്രതീകമായ കുരിശാണ്. ക്രൂശിതൻ്റെ രൂപമില്ലാത്ത കുരിശാണ് പൗരസ്ത്യ സഭകളിൽ വണങ്ങിയി രുന്നത്, വണങ്ങുന്നത്. ഭാരതത്തിലെ പൗരസ്ത്യ സഭയിൽ, മാർത്തോമ്മാ നസ്രാണികളുടെ സഭയിൽ, വണങ്ങിപ്പോന്നത് ഇമ്മാതിരി കുരിശാണ്. മേൽപറഞ്ഞ പരാമർശനങ്ങൾ ചരിത്രവസ്തുതകളുമായി യോജിക്കുന്നവയാണോ എന്ന് അറിയാൻ ആഗ്ര ഹിക്കുന്നു.
മാത്യു, പഴയംപള്ളിൽ, ഏറ്റുമാനൂർ.
പ്രിയപ്പെട്ട മാത്യു,
നമ്മുടെയിടയിൽ അടുത്തകാലത്ത് പല ദൈവാലയങ്ങളിൽ നിന്നും ക്രൂശിത രൂപം മാറ്റി പകരം "മാർത്തോമ്മാക്കുരിശ് എന്നു വിളിക്കപ്പെടുന്ന ക്രൂശിതൻ്റെ രൂപമില്ലാത്ത വെറും കുരിശ് സ്ഥാപിക്കപ്പെടുകയുണ്ടായി. വേറെ പല ദൈവാലയങ്ങളിലും ഇതിനുവേണ്ടിയുളള പരിശ്രമങ്ങൾ ഒളിച്ചും തെളിച്ചും നടന്നു കൊണ്ടിരിക്കുകയാണ്. പുതുതായി പണിയപ്പെടുന്ന ദൈവാലയങ്ങളിൽ പഴയതു പോലെ ക്രൂശിതരൂപം സ്‌ഥാപിച്ചാൽ ആ ദൈവാലയങ്ങൾ കൂദാശചെയ്യാൻ സഭാധികാരികൾ വിസമ്മതിക്കുന്നു. "മാർതോമാ കുരിശ് " എന്നു വിളിക്കപ്പെടുന്നത് യഥാർത്ഥത്തിൽ മാനിക്കേയൻ കുരിശ് "ആയിരുന്നോ എന്ന ബലമായ സംശയവും ദൈവജനത്തിനിടയിൽ ഉയർന്നു വന്നിട്ടുണ്ട്. അതിനാൽ ദൈവജനം വളരെയധികം എതിർപ്പോടുകൂടിയാണ് ഇതിനോടെല്ലാം പ്രതികരിക്കുന്നത്. ഈ പ്രതിസന്ധിയിൽ, ദൈവജനത്തെ അടക്കുന്നതിനും ക്രൂശിതരൂപത്തിൽ നിന്നകറ്റി "മാർതോമാ കുരിശിൻ്റെ മാത്രം ഉപാസകരാക്കുന്നതിനും ഉദ്ദേശിച്ചുള്ള രണ്ടു ലേഖനങ്ങളാണു മുകളിൽ പറഞ്ഞിരിക്കുന്നവയെന്നു പ്രഥമദ്യഷ്ട്‌ട്യാ തന്നെ വ്യക്തമാണല്ലോ. എന്നാൽ, ഈ പരിശ്രമത്തിനിടയിൽ - രണ്ടു ലേഖനങ്ങളും ചരിത്ര സത്യങ്ങളെ തീർത്തും അവഗണിക്കുന്നുവെന്നു പറയാതെ വയ്യാ. വ്യക്തിപരമായ ലക്ഷ്യങ്ങൾക്കൊത്തു വളച്ചൊടിക്കാവുന്നവയല്ലല്ലോ ചരിത്രസത്യങ്ങൾ. കുരിശിനെയും ക്രൂശിതരൂപത്തെയും പറ്റി ശാസ്ത്രീയവും ആധികാരികവുമായ പഠനങ്ങൾ നടത്തിയിട്ടുള്ള പണ്ഡിതന്മാരുടെ സാക്ഷ്യങ്ങൾ സത്യമറിയാനും അതിനെ പുൽകാനും താല്പര്യമുളളവർക്കു സഹായകുമായിരിക്കും
വൈരുദ്ധ്യങ്ങൾ
ജോസഫ് വഴുതനപ്പള്ളിയുടെ ഒന്നാമത്തെ ഉദ്ധരണിയിലെ ആദ്യത്തെ വാക്യം തന്നെ ഒന്നു പരിശോധിക്കാം. "സാർവ്വത്രിക സഭയിൽ കുരിശിനോടുള്ള ഭക്തി സഭയുടെ ആരംഭം മുതൽ തന്നെ നിലവിലിരുന്നു. "ലേഖനത്തിൻ്റെയും ആദ്യത്തെ വാചകമാണിത്. നാലാമത്തെ ഖണ്‌ഡികയിൽ ലേഖകൻ തന്നെ എഴുതുന്നു. "ആദ്യനൂറ്റാണ്ടുകളിൽ റോമൻ സഭയിൽ കുരിശിനോടുള്ള ഭക്തി പ്രദർശിപ്പിക്കുന്ന പതിവ് പൗരസ്ത്യദേശങ്ങളിലേതു പോലെ ഉണ്ടായിരുന്നില്ല. "സാർവ്വത്രിക സഭ" എന്നതിൻ്റെ അർത്ഥമറിയാതെ ആയിരിക്കുമോ ലേഖകൻ ആദ്യത്തെ വാചകം എഴുതിയത്? അതോ റോമൻ സഭയോടുള്ള വിരോധം കൊണ്ട് അതിനെ സാർവ്വത്രിക സഭയിൽ നിന്ന് പുറത്താക്കിയതാണോ? അതെങ്ങനെയായാലും, ചരിത്ര വസ്‌തുതകൾക്ക് നിരക്കാത്ത ഒരു പ്രസ്‌താവനയാണിതെന്ന് പറയേണ്ടിയിരിക്കുന്നു. ലേഖകൻ്റെ ആദ്യത്തെ ഉദ്ധരണിയിലെ രണ്ടാമത്തെ വാക്യവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. "ആദ്യനൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് സഭയ്ക്കു സ്വാതന്ത്ര്യം കിട്ടുന്ന കാലഘട്ടം വരെ ക്രൈസ്തവർ ഈശോ മരിച്ച കുരിശിനെ രക്ഷയുടെ ചിഹ്‌നമായി കരുതുകയും ഭക്ത്യാദരവുകൾ നൽകുകയും ചെയ്തിരുന്നു." ഇതിൻ്റെയർത്ഥം, സഭയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു ക്രൈസ്‌തവർ കുരിശിനു ഭക്ത്യാദരവുകൾ നൽകിയിരുന്നു. എന്നാൽ അതിനുശേഷം ഈ ഭക്ത്യാദരവുകൾ മിക്കവാറും അവസാനിപ്പിച്ചു എന്നാണല്ലോ. എന്നാൽ ചരിത്ര സത്യം നേരെ മറിച്ചാണ്. സഭയ്ക്കു സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തോടെയാണ് സഭയിൽ കുരിശിനോടുള്ള വണക്കം കാര്യമായി ആരംഭിച്ചതും വ്യാപകമായതും.
'കുരിശെ'ന്ന അമൂർത്തമായ ആശയം
കുരിശിനോടുള്ള ഭക്തി സഭയുടെ ആരംഭം മുതൽ തന്നെ നിലവിലിരുന്നു എന്ന പ്രസ്താവനയെത്തന്നെ ആദ്യമായി പരിശോധിക്കാം. സഭ ആരംഭിക്കുന്നത് യേശുവിൻ്റെ മരണത്തോടും ഉയിർപ്പോടും കൂടിയാണ്. സഭയുടെ ഈ ആരംഭകാലത്ത് ക്രൈസ്‌തവർക്ക് കുരിശിനോടു ഭക്തിയുണ്ടായിരുന്നു എന്നു പറഞ്ഞാൽ. അതു ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണ്. ഒരു മനുഷ്യനെ ആരെങ്കിലും കുത്തിക്കൊന്നാൽ, അയാളുടെ മക്കൾ ഉടനെ ഓടിച്ചെന്ന് അയാളെ കുത്താൻ കൊലയാളി ഉപയോഗിച്ച കത്തി എടുത്ത് അതിനോടു ഭക്ത്യാദരവുകൾ കാണിക്കാറുണ്ടോ? യേശുവിനെ കൊല്ലാൻ ഉപയോഗിച്ച കഴുമരത്തോട് ആരംഭത്തിൽ ക്രിസ്ത്യാനികൾക്കു തീർച്ചയായും ഭക്ത്യാദരവുകൾ അല്ല ഉണ്ടായിരുന്നത്. യഹൂദരും റോമാക്കാരും വിജാതീയരുമെല്ലാം കുരിശിനെ അവജ്ഞയോടും വെറുപ്പോടും കൂടിയാണ് വീക്ഷിച്ചിരുന്നത് എന്നു നമുക്കറിയാം. അവരിൽ ചിലരാണല്ലോ പിന്നീടു ക്രിസ്‌ത്യാനികളായത്. യേശുവിനെ കൊല്ലാനുപയോഗിച്ച കഴുമരമെന്ന നിലയിൽ കുരിശിനോടുള്ള ഈ അവജ്ഞയും വെറുപ്പും ക്രിസ്‌ത്യാനികൾക്കിടയിൽ ആരംഭത്തിൽ ഒന്നുകൂടെ കൂടാനല്ലാതെ കുറയാൻ ഇടയില്ലല്ലോ. നീതിമാനും ദൈവപുത്രനുമായ യേശുമിശിഹാ കുരിശിൽ മരിക്കേണ്ടിവന്നത് ആരംഭത്തിൽ ക്രൈസ്തവർക്കു പോലും മനസ്സിലാക്കാൻ വിഷമമുള്ള ഒരു കാര്യമായിരുന്നു. സമാന്തര സുവിശേഷങ്ങൾ എഴുതപ്പെട്ടത് ക്രി. വ. 70 മുതൽ 95 വരെയുള്ള കാലഘട്ടത്തിലായിരുന്നല്ലോ. ക്രൈസ്തവരെ യേശുവിൻ്റെ കുരിശു മരണവുമായി മാനസികമായി പൊരുത്തപ്പെടുത്തുവാനുള്ള പല പരിശ്രമങ്ങളും സമാന്തര സുവിശേഷങ്ങളിൽ നമുക്കു കാണുവാൻ കഴിയും.1 യേശു പീഡകൾ സഹിക്കേണ്ടിയിരുന്നു. കുരിശിൽ മരിക്കേണ്ടിയിരുന്നു. അങ്ങനെ മരിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിക്കേണ്ടിയിരുന്നുവെന്നെല്ലാം പറഞ്ഞ് യേശുവിൻ്റെ പീഡാസഹനവും മരണവും മനസ്സിലാക്കാനും അതുമായി രമ്യപ്പെടുവാനും സുവിശേഷകൻമാർ വിശ്വാസികളെ സഹായിക്കുന്നു.
കോറിന്തോസുകാർക്കിടയിലും ഉണ്ടായിരുന്ന, യേശുവിൻ്റെ എളിമയും പീഡാസഹനവും മരണവും മനസ്സിലാക്കാൻ വിഷമമുള്ളവർ. അവരോടാണ് "കുരിശിൻ്റെ ഭോഷത്ത"ത്തെപ്പറ്റി പൗലോസ് ശ്ലീഹ പറയുന്നത്: "ഞങ്ങളാകട്ടെ, യഹൂദർക്ക് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ പ്രസംഗിക്കുന്നു" (1 കോറി. 1. 23). യേശുക്രിസ്‌തുവിൻ്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റിയുള്ള ധ്യാനത്തിൻ്റെയും വിചിന്തനത്തിൻ്റെയും ഫലമായി കാലക്രമത്തിലാണ് ക്രിസ്‌തുവും കുരിശുമായുള്ള അഭേദ്യ ക്രൈസ്‌തവർ മനസ്സിലാക്കിയത്. ഈ ബന്ധം മനസ്സിലാക്കി കുരിശിൻെറ മഹത്വത്തെപ്പറ്റി ചില സഭാ പിതാക്കന്‌മാർ ആദ്യനൂറ്റാണ്ടുകളിൽ എഴുതിയിട്ടുണ്ട്. എന്നാൽ, "കുരിശെന്നു പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത് കുരിശെന്ന അമൂർത്തമായ ആശയമാണ്, അല്ലാതെ കുരിശിൻ്റെ ചിത്രമോ കുരിശെന്ന വസ്‌തുവോ അല്ല. കുരിശെന്ന അമൂർത്തമായ ആശയം സൂചിപ്പിക്കുന്നത് ക്രിസ്തു രഹസ്യം തന്നെയാണ്, അതായത്, യേശുവിൻ്റെ സ്വയം ശൂന്യവത്ക്കരണം, പീഡാസഹനം, മരണം, ഉയിർപ്പ്. മനുഷ്യനിലും ഈ ക്രിസ്‌തു രഹസ്യം സാക്ഷാത്ക്കരിക്കപ്പെടണമെന്ന അർത്‌ഥത്തിലാണ്, തന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ തൻ്റെ കുരിശുമെടുത്തു തൻ്റെ പിന്നാലെ വരട്ടെ എന്ന് യേശു പറഞ്ഞത്. (ലൂക്കാ 9. 23) കാലാന്തരത്തിലാണ് ഈ ആശയത്തെ സൂചിപ്പിക്കുവാൻ കുരിശിൻ്റെ ചിത്രവും സമൂർത്തമായ കുരിശും ഉപയോഗിച്ചു തുടങ്ങിയത്.
കുരിശിനോടുള്ള വണക്കത്തിൻ്റെ ആരംഭം
ക്രിസ്തീയമായി വ്യാഖ്യാനിക്കപ്പെടാവുന്ന കുരിശിൻ്റെ ചിത്രീകരണങ്ങൾ ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നാതായി യാതൊരു തെളിവുമില്ല.2 ആദ്യമായി മൂന്നാം നൂറ്റാണ്ടിലാണ് കൂരിശിൻ്റെ ചിത്രീകരണങ്ങൾ നാം കാണു ന്നത്. അത് റോമൻ അന്തർ ഭൗമികശവക്കുല്ലറകളിലാണ്.3 (ക്രിസ്തുവിനു മുമ്പ് ചില ജനതകൾ ഉപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള കുരിശുകളെപ്പറ്റി ഇവിടെ പ്രതിപാദിക്കേണ്ട ആവശ്യമില്ലല്ലോ).4 പീഡാസഹനത്തിൻ്റെയും മരണത്തിൻ്റെയും മേൽ യേശു കൈവരിച്ച വിജയത്തെയും അതിലൂടെ വിശ്വാസികൾ കൈവരിക്കുവാൻ പോകുന്ന വിജയത്തെയും സൂചിപ്പിക്കുകയെന്ന ദൈവശാസ്ത്രപരമായ ലക്ഷ്യത്തോടെയാണ് ഈ കുരിശുകൾ ചിത്രീകരിക്കപ്പെട്ടത്, അല്ലാതെ ഭക്ത്യാദരവുകൾ പ്രകടിപ്പിക്കാനും വണങ്ങാനും വേണ്ടിയല്ല.5 മൂന്നും നാലും നൂറ്റാണ്ടുകളിൽ മൂന്നു തരം കുരിശുകളാണ് പ്രധാനമായി ഈ ശവകുടീരങ്ങളിൽ ചിത്രീകരിക്കപ്പെട്ടത്. താവു കുരിശ് (crux commissa = T), ലത്തീൻ കുരിശ് (crux immissa = +), ആന്ത്രയാസ് കുരിശ് (crux decussata X).6
കുരിശിനോടുള്ള പരസ്യമായ വണക്കം സഭയിൽ തുടങ്ങിയത് നാലാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിൽ ക്രിസതുമതം പരസ്യമായി അംഗീകരിക്കപ്പെട്ടതിനു ശേഷമാണ്. ക്രി. വ. 312-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്കുണ്ടായതായി പറയപ്പെടുന്ന കുരിശിൻ്റെ ദർശനവും തുടർന്ന് റോമൻ സൈന്യത്തിൻ്റെ പതാകയിൽ കുരിശ് ചിത്രീകരിക്കപ്പെട്ടതും ഈ പരസ്യവണക്കത്തിനു പ്രേരകമായ ഒരു ഘടകമായി ചൂണ്ടി കാണിക്കപ്പെടുന്നു.7 അതിലും പ്രധാനമായ ഘടകം ക്രി. വ. 328-ൽ ഹെലേനാ രാജ്ഞി യേശു തൂങ്ങിമരിച്ച യഥാർത്ഥമായ കുരിശു കണ്ടടുത്ത സംഭവമാണ്. ഈ യഥാർത്ഥ കുരിശിനെ തിരുശേഷിപ്പായി കണ്ടു വണങ്ങുവാൻ തുടങ്ങിയതോടെയാണ് കുരിശിനോടു തന്നെയുള്ള പൊതുവായ വണക്കം സഭയിൽ നിലവിൽ വന്നതും എങ്ങും വ്യാപിച്ചതും.8
പാശ്ചാത്യസഭ ഇന്നും കുരിശിനെ വണങ്ങുന്നു
ലേഖകൻ്റെ രണ്ടാമത്തെ ഉദ്ധരണിയും ചരിത്ര വസ്തുതളോട് ഒട്ടും യോജിക്കാത്തതാണ്: "ഈശോയുടെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് പാശ്ചാത്യ സഭയിൽ ക്രൂശിത രൂപം (ഈശോയുടെ ശരീരത്തോടു കൂടിയ കുരിശ് ) നിലവിൽ വന്നപ്പോൾ പൗരസ്ത്യസഭകളിൽ പൗലോസ് ശ്ലീഹയുടെ ഉത്ഥാന ദൈവശാസ്ത്രത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ക്രൂശിതൻ ഇല്ലാത്ത കുരിശുകൾ നിലവിൽ വന്നൂ." പാശ്ചാത്യ സഭയിൽ ക്രൂശിതരൂപവും പൗരസ്‌ത്യസഭകളിൽ ക്രൂശിതനില്ലാത്ത കുരിശുകളുമാണ് ഉപയോഗിക്കുന്നതെന്നു വരുത്തി തീർക്കുകയും അങ്ങനെ രണ്ടും തമ്മിലുള്ള അന്തരം മുഴപ്പിച്ചു കാണിക്കുകയുമാണല്ലോ ഈ വാക്യത്തിൻ്റെ മുഖ്യ ലക്ഷ്യം. പാശ്ചാത്യസഭ ക്രൂശിത രൂപമുപയോഗിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ, കുരിശിനോടുള്ള പരസ്യമായ വണക്കം തുടങ്ങിയ നാലാം നൂറ്റാണ്ടു മുതൽ ഇന്നു വരെ ക്രൂശിതനില്ലാത്ത കുരിശും പാശ്ചാത്യ സഭ ഉപയോഗിക്കുകയും വണങ്ങുകയും ചെയ്യുന്നു.
ദൈവാലയങ്ങളിലും കപ്പേളകളിലും വീടുകളിലുമെല്ലാം പാശ്ചാത്യസഭാംഗങ്ങൾ കുരിശുകൾ ഉപയോഗിക്കുന്നുണ്ട്, അവ വണങ്ങുന്നുണ്ട്. പ്രദക്ഷിണങ്ങൾക്ക് അവർ കുരിശുകൾ വഹിക്കുന്നു. വിശ്വാസികൾ കഴുത്തിൽ അവ ധരിക്കുന്നു കുരിശിനോടും ക്രൂശിത രൂപത്തോടും അവർ ഭക്ത്യാദരവുകൾ കാണിക്കുന്നു. ഒന്നു പിഴുതു മാറ്റി മറ്റേതു സ്ഥാപിക്കുവാൻ അവർ പരിശ്രമിക്കുന്നില്ലെന്നു മാത്രം.
വെറും കുരിശിനെ മാത്രം വണങ്ങുന്ന പൗരസ്ത്യസഭാംഗങ്ങൾ 17 % മാത്രം
പൗരസ്ത്യസഭകളിൽ ക്രൂശിതനില്ലാത്ത കുരിശുകൾ നിലവിൽ വന്നെന്നു ലേ ഖകൻ പറയുന്നതും ചരിത്രപരമായി ഒട്ടും ശരിയല്ല. പൗരസ്‌ത്യസഭകൾ എന്നു പറയുന്നത്, റോമൻ സാമ്രാജ്യത്തിൻ കീഴക്കെ പകുതിയിൽ രൂപം കൊണ്ട സഭകളും അവയുടെ മിഷൻ പ്രവർത്തനത്തിൻ്റെ ഫലമായി സുവിശേഷം സ്വീകരിച്ച സഭകളുമാണ്. 9 (പണ്ഡിതൻമാർ നൽകുന്ന ഈ നിർവ്വചനമനുസരിച്ച് മാർത്തോമ്മാ ക്രിസ്‌ത്യാനികൾ പൗരസ്ത്യ സഭകളിൽപ്പെടുകയില്ലെന്നു വ്യക്തമാണല്ലോ). കോൺസ്‌റ്റാൻ്റിനോപ്പിൾ കേന്ദ്രമായിരുന്ന ബൈസൻ്റൈൻ സഭയുടെ നേതൃത്വത്തിൽ നിന്നു നെസ്തോറിയനിസത്തിൻ്റെയും ഏക സ്വഭാവ വാദത്തിൻ്റെയും പേരിൽ തെറ്റിപ്പിരിഞ്ഞത് റോമൻ സാമ്രാജ്യത്തിനു വെളിയിൽ സ്വതന്ത്ര സഭകളായി സ്വയം പ്രഖ്യാപിച്ച രണ്ടു കൊച്ചു സഭകളാണ് പൗരസ്ത്യ സുറിയാനിസഭയും പാശ്ചാത്യ സുറിയാനിസഭയും
ബൈസൻ്റൈൻ സഭ ഇന്ന് (മെയ്,1992) 15 സ്വതന്ത്രസഭാ സമൂഹങ്ങളിലായി (autokephalous churches) 102, 700,000 അംഗങ്ങളോളമുള്ള ഓർത്തഡോക്‌സ് സഭയായി അറിയപ്പെടുന്നു.10 അവർ ക്രൂശിതരൂപം ഉപയോഗിക്കുന്നവരാണ്. പൗരസ്ത്യ-സുറിയാനി സഭ റോമൻ സഭയുമായി പുനരൈക്യപ്പെട്ട 270,000 അംഗങ്ങളോടു കൂടിയ കൽദായ സഭയായും പുനരൈക്യപ്പെടാതെ നെസ്തോറിയനിസത്തിൽ തന്നെ നിലകൊള്ളുന്ന 145,000 അംഗങ്ങളുള്ള അസ്സീറിയൻ സഭയായും അറിയപ്പെടുന്നു. (അതിൽ 50,000 പേർ അമേരിക്കയിലും 15,000 പേർ ഇന്ത്യയിലുമത്രേ).11 ഏകസ്വഭാവവാദം സ്വീകരിച്ച പാശ്ചാത്യസുറിയാനി അഥവാ യാക്കോബായ സഭക്ക് 80,000 അംഗങ്ങളും അമേരിക്കയിലും മറ്റുമായി 150,000 ത്തോളം അംഗങ്ങളുമാണുള്ളത്. ഇവയെ കൂടാതെ 6,000, 000 അംഗങ് ങളുള്ള കോപ്റ്റിക് സഭയും 12,000,000 അംഗങ്ങളുള്ള എത്യോപ്യൻ ഓർത്തഡോക്സ് സഭയും പൗരസ്‌ത്യ സഭകളായി പരിഗണിക്കപ്പെടുന്നു. 3,000,000 അംഗങ്ങളുള്ള അർമേനിയൻ സഭ പൗരസ്ത്യസഭകളിൽ പെടുമോ എന്നതു വാദവിഷയമാണ്. എങ്കിലും അവരെയും നമുക്കു പൗരസ്ത്യസഭകളിൽ ഉൾപ്പെടുത്താം.12
ഈ പൗരസ്ത്യസഭകളിൽ, ഏകസ്വഭാവവാദികളായ യാക്കോബായ സഭയും കോപ്റ്റിക് സഭയും എത്യോപ്യൻ സഭയും അതുപോലെ അർമേനിയൻ സഭയും നെസ്തോറിയൻ സഭയും മാത്രമാണ് ക്രൂശിതനില്ലാത്ത വെറും കുരിശുമാത്രം ഉപയോഗിക്കുന്നത്.13
അതായത്, പൗരസ്ത്യസഭാംഗങ്ങളുടെ വെറും 17% !എന്നിട്ടും, ഫാ. ജോസഫ് വഴുതനപ്പള്ളിയും ഡോ. ജോസഫ് മലേപ്പറമ്പിലും എഴുതുകയാണ്. പൗരസ്ത്യ സഭകൾ ക്രൂശിതനില്ലാത്ത വെറും കുരിശിനെയാണ് വണങ്ങുന്നതെന്ന! ഇതു തന്നെയാണ് ചില രൂപതകളിൽ ഇന്ന് മതാദ്ധ്യാപന ക്ലാസ്സുകളിലെ കുട്ടികളെയും, സന്യാസിനീ സമൂഹങ്ങളിലെ അർത്ഥിനികളെയും സൺഡേസ്കൂൾ അദ്ധ്യാപകരെയും ഓതിയോതിക്കൊടുത്തു പഠിപ്പിക്കുന്നത്?
ക്രൂശിതരൂപം പൗരസ്ത്യസഭകളിൽ
ഇനി, ക്രൂശിതരൂപം സഭയിൽ നിലവിൽ വന്നതിനെപ്പറ്റി ചിന്തിക്കാം. കുരിശുവഹിക്കുന്ന യേശുവിൻ്റെയും കുരിശിൽ തറയ്ക്കപ്പെട്ട യേശുവിൻ്റെയും ചിത്രീകരണങ്ങൾ നാലാം നൂറ്റാണ്ടോ അഞ്ചാം നൂറ്റാണ്ടോ വരെ പഴക ്കമുള്ളവ നമുക്കു ലഭിച്ചിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള ദന്തത്തിലുള്ള ക്രൂശിതൻ്റെ ചിത്രീകരണവും റോമിലെ വി. സബീനാ ദൈവാലത്തിൻ്റെ വാതിലുകളിലുള്ള ക്രൂശിതൻ്റെ ചിത്രീകരണവും.14. എന്നാൽ യഥാർത്ഥമായ അർത്ഥത്തിലുള്ള ക്രൂശിതരൂപം ആദ്യം നിലവിൽ വന്നത് ആറാം നൂറ്റാണ്ടിൽ സിറിയയിലെ പൗരസ്ത്യസഭയിലാണ്. സിറിയൻ സന്യാസികളാണ് ഇത് ആരംഭിച്ചതും പ്രചരിപ്പിച്ചതും. 15. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് 586-ൽ വിരചിതമായതും സാഗ്‌ബാ (Zagha) ആശ്രമത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ റാബുലാസിൻ്റെ സുവിശേഷത്തിൻ മേൽ (Rabulas codex) കാണുന്ന ക്രൂശിതരൂപം.16 ആറാം നൂറ്റാണ്ടുവരെ പഴക്കമുള്ളതും പാലസ് തീനായിൽ തിരുശ്ശേഷിപ്പു പേടകത്തിൻമേൽ നിർമ്മിതവുമായ മറ്റൊരു ക്രൂശിതരൂപവും നമുക്കു ലഭിച്ചിട്ടുണ്ട്.17 പൗരസ്‌ത്യസഭകളിൽ നിന്നുള്ള വിശിഷ്യ, സിറിയയിൽ നിന്നുള്ള കലാകാരന്‌മാരും സന്യാസികളുമാണ് ക്രൂശിതരൂപത്തെ ക്രിസ്‌തീയ കലയിലേയ്ക്കും ആരാധനാ ക്രമത്തിലേയ്ക്കും കൊണ്ടുവന്നത്. ബൈസൻ്റൈൻ വൻസഭയിലും പാശ്ചാത്യസഭയിലും ക്രമേണ ക്രൂശിത രൂപങ്ങൾ വ്യാപകമായി. "ഏഴാം നൂറ്റാണ്ടിൻ്റെ അവസാനവും എട്ടാം നൂറ്റാണ്ടിൻ്റെ ആരംഭവുമായപ്പോഴേയ്ക്ക് കുരിശിൽ നിന്ന് ക്രൂശിത രൂപത്തിലേയ്ക്കുള്ള ഈ പരിണാമം ക്രിസ്‌തീയ കല മുഴുവനിലും പൂർണ്ണമായിക്കഴിഞ്ഞിരുന്നു.18
ഏകസ്വഭാവവാദികൾ കുരി ശിൽ നിന്നു ക്രൂശിതനെ അകറ്റുന്നു
എന്നാൽ ആദ്യം ഏകസ്വഭാവ വാദികളും പിന്നീട് നെസ്തോറിയൻ സഭക്കാരും കൂശിത രൂപത്തെ കുരിശിൽ നിന്ന് അകറ്റി വെറും കുരിശിനെ വണങ്ങുവാൻ തുടങ്ങി. ക്രിസ്‌തു കുരിശിൽ മരിക്കുന്നതായി കാണിച്ചാൽ അവിടുത്തെ ദൈവസ്വഭാവത്തിനു കോട്ടം തട്ടുമെന്ന് ഏകസ്വഭാവ വാദികൾ ഭയന്നു. ക്രിസ്‌തുവിൽ പീഡാസഹനവും ദൈവത്വവും ഒരുമിച്ചു പോകുകയില്ലെന്നു അവർ വിചാരിച്ചു. അതായിരുന്നു കുരിശിൽ നിന്നു ക്രൂശിതനെ അകറ്റുവാൻ കാരണം: 'സിറിയയിലും ഈജിപ്‌തിലും ഏകസ്വഭാവവാദികൾ കുരിശിൽ നിന്നു യേശുവിൻ്റെ രൂപം മാറ്റികൊണ്ട് തങ്ങളുടെ പ്രബോധനത്തെ സ്ഥിതീകരിച്ചു. വെറും കുരിശായോ അലങ്കാര കുരിശായോ കുരിശിനെ അവർ ചിത്രീകരിച്ചു. അങ്ങനെ ഒരിക്കൽ വിജാതീയരെയും നോസ്റ്റിക്കുകളെയും ഡോസെറ്റിക് പാഷാണ്ഡ വാദികളെയും ക്രിസ്തുവിൻ്റെ ദൈവത്വവും കുരിശുമരണവും തമ്മിൽ ബാഹ്യദൃഷ്‌ട്യാ ഉള്ള പൊരുത്തമില്ലായ്മ ഞെട്ടിപിന്തിരിപ്പിച്ചെങ്കിൽ, ഇപ്പോൾ കൂടുതൽ കൗശലമേറിയ രീതിയിൽ അതു പുനരവതരിപ്പിക്കപ്പെട്ടു. സിറിയയിലെ ചില സ്ക്‌കൂളുകളിൽ നിന്നുള്ള ശില്‌പവേലകളും കോപ്റ്റിക് ഉത്ഭവം വ്യക്തമാക്കുന്ന പല നെയ്ത്തു പണികളും ക്രൂശിത രൂപത്തിൽ നിന്നു ക്രൂശിതൻ്റെ രൂപം വേർപെടുത്തുവാൻ ഏകസ്വഭാവവാദികൾ കാണിച്ച വ്യഗ്രത വ്യക്തമാക്കുന്നു. ദൈവമനുഷ്യൻ്റെ കുരിശുമരണം അവിടത്തെ ഇരു സ്വഭാവങ്ങളുടെ ലയനത്തിൻ്റെ അംഗീകരണമാകുമെന്നതായിരുന്നു കാരണം" 19
നെസ്തോറിയൻ സഭ ക്രൂശിതനെ അകറ്റുന്നു
ഏകസ്വഭാവവാദികൾ കുരിശിൽ നിന്നു ക്രൂശിതനെ അകറ്റിയപ്പോൾ അവരെ എതിർക്കുവാൻ വേണ്ടി നെസ്തോറിയന്‌മാരും മറ്റു ക്രൈസ്‌തവരും ക്രൂശിതൻ്റെ ചിത്രങ്ങൾ കൂടുതൽ ഉപയോഗിക്കുവാൻ തുടങ്ങി. 20 ഏഴാം നൂറ്റാണ്ടിൽ നെസ്തോറിയൻ സഭക്കാർ വെറും ചിത്രങ്ങൾ മാത്രമല്ല, സ്‌ഥൂലമായ ക്രൂശിതരൂപങ്ങൾ തന്നെ (Massive Cucifixes in relief) ഉപയോഗിച്ചിരുന്നു. 21 എന്നാൽ, ചിത്രങ്ങളോടും രൂപങ്ങളോടും നിഷേധാത്മകമായ നിലപാട് സ്വീകരിച്ചിട്ടുള്ള മുസ്ലിമുകളുടെ ഇടയിൽ വസിച് ചിരുന്ന നെസ്തോറിയന്‌മാരെ കാലക്രമത്തിൽ അവരുടെ ഈ നിലപാടു സ്വാധീനിച്ചു.22
അതു പോലെ തന്നെ, ക്രിസ്തുവിൻ്റെ കുരിശിലെ അപമാനവും എളിമയും ഭോഷത്തമായിട്ടാണ് മുസ്ലിമുകൾക്ക് അനുഭവപ്പെട്ടത്. അപമാനത്തിൻ്റെയും എളിമയുടെയും ചിഹ്നമായ കുരിശിനു പകരം, ക്രിസ്തുവിൻ്റെ വിജയശ്രീലാളിതമായ ജറുസലേം പ്രവേശനത്തിൻ്റെ ചിഹ്നമായി കഴുതയെ വണങ്ങുന്നതാണ് കൂടുതൽ നല്ലതെന്ന് അവർ ക്രൈസ്‌തവരെ ഉപദേശിച്ചു.23 ഇതെല്ലാം ക്രൂശിത രൂപത്തോടുള്ള നെസ്തോറിയന്‌മാരുടെ നിലപാടിൽ മാറ്റമുളവാക്കി. അവരും ഏകസ്വഭാവ വാദികളെപ്പോലെ കാലക്രമത്തിൽ അപമാനത്തിൻ്റെയും സ്വയം ശൂന്യവത്ക്കരണത്തിൻ്റെയും പ്രതീകമായ ക്രൂശിത രൂപത്തെ കുരിശിൽ നിന്നു മാറ്റി. പകരം ഉത്ഥാനത്തിൻ്റെ മഹത്ത്വത്തിന് ഊന്നൽ നൽകുന്ന വെറും കുരിശു വണങ്ങുവാൻ തുടങ്ങി. ഈ ചരിത്രവസ്തുതകളെ നമ്മുടെ രണ്ടു ലേഖകന്മാരും പാടെ അവഗണിച്ചിരിക്കുകയാണ്.
പൗലോസ്ശ്ലീഹായുടെ ഉത്ഥാന ദൈവശാസ്ത്രം കുരിശിൻ്റെ ദൈവശാസ്ത്രം
ക്രൂശിതനില്ലാത്ത കുരിശ് പൗലോസ് ശ്ലീഹായുടെ ഉത്ഥാന ദൈവശാസ്ത്രത്തിന് ഊന്നൽ കൊടുക്കുന്നതാണെന്ന ജോസഫ് വഴുതനപ്പള്ളിയുടെ പ്രസ്‌താവന ഒരു വിരോധാഭാസം തന്നെ. പൗലോസ് ശ്ലീഹായുടെ ഉത്ഥാന ദൈവശാസ്ത്രം അദ്ദേഹത്തിൻ്റെ കുരിശിൻ്റെ ദൈവശാ സ്ത്രം തന്നെയാണ്. ഈ കുരിശിൻ്റെ ദൈവശാസ്ത്രമാകട്ടെ ഉത്ഥാനത്തിൻ്റെ മഹത്വത്തിൽ പങ്കുചേരാനുള്ള വ്യഗ്രതയിൽ ഉത്ഥിതനുമാത്രം പ്രാധാന്യം കൊടുത്തുകൊണ്ട് ക്രൂശിതനായ യേശുവിനെയും അവിടത്തെ അപമാനത്തെയും പീഡാനുഭവത്തെയും തള്ളിപ്പറഞ്ഞ കോറിന്തോസുകാർക്കിടയിലെ എൻത്യൂസിയാസ്റ്റ്സ്" (Enthusiasts) എന്നു പറയപ്പെടുന്ന പാഷണ്ഡവാദികൾക്കെതിരെ പൗലോസ് ശ്ലീഹ തൊടുത്തുവിട്ട അസ്ത്രമായിരുന്നു. ഉത്ഥാനത്തിൻ്റെ മഹത്വം ഇനിയും തങ്ങളുടേതായിട്ടില്ല. അതൊരു പ്രത്യാശ മാത്രമാണ്. കുരിശിൻ്റെയും എളിമയുടെയും സ്വയം ശൂന്യവത്ക്കരണത്തിൻ്റെയും പാതയിലൂടെ ചരിച്ചാൽ മാത്രമേ കുരിശിൻ്റെ മഹത്വത്തിൽ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ എന്ന് പൗലോസ് ശ്ലീഹ അവർക്കു നൽകുന്ന താക്കീതാണ് നാം ഇവിടെ കാണുന്നത്.24
മാർത്തോമ്മാ ക്രിസ്‌ത്യാനികളും കുരിശും ക്രൂശിത രൂപവും
മാർത്തോമ്മാ ക്രിസ്ത്യാനികൾ പതിനാറാം നൂറ്റാണ്ടുവരെ ഉപയോഗിച്ചിരുന്നത് ക്രൂശിതൻ്റെ രൂപമില്ലാത്ത കുരിശായിരുന്നു എന്നത് ശരിയായിരിക്കാം. കാരണം അക്കാലത്തു നമ്മൾ നെസ്തോറിയൻ പൗരസ്ത്യ സുറിയാനി സഭയുടെ മേൽക്കോയ്‌മയുടെ കീഴിലായിരുന്നല്ലോ. എന്നാൽ കുരിശിൽ നിന്ന് ക്രൂശിത രൂപം മാറ്റുവാൻ അന്ന് നെസ്തോറിയൻ സഭയ്ക്കും ഏകസ്വഭാവവാദികൾക്കും ഉണ്ടായിരുന്ന കാരണങ്ങൾ ഇന്നു നമുക്കു ബാധകമാണോ എന്നു നാം ആഴത്തിൽ ചി ന്തിക്കേണ്ടിയിരിക്കുന്നു. മൂന്നാലു നൂറ്റാണ്ടുകളായി നമ്മുടെ പൂർവ്വീകന്‌മാർ വണങ്ങിയിരുന്ന, അവരുടെ സ്നേഹബഹുമാനാദരവുകൾ നിർലോപം വാരിച്ചൊരിഞ്ഞ ക്രൂശിതരൂപത്തെ നമ്മുടെ പള്ളികളിൽ നിന്നു കൂടിയിറക്കേണ്ട ആവശ്യമുണ്ടോ?
പോർച്ചുഗീസുകാരുടെ ആഗമനത്തിനു മുമ്പ് മാർതോമാ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്നത് മാർതോമാ കുരിശായിരുന്നുവെന്ന് ഇന്നു ചിലർ ആവർത്തിച്ചാവർത്തിച്ചു പറയുകയും പഠിപ്പിക്കുകയും ചെയ്യാറുണ്ട്. ഇവിടത്തെ ദൈവജനത്തോട് നാലഞ്ചു ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കൂടി അവർക്കു കടമയുണ്ട്.
പോർച്ചുഗീസുകാരുടെ വരവിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ക്രൈസ്‌തവ ദൈവാലയങ്ങളിലെല്ലാം മാർത്തോമ്മാ
കുരിശാണ് ഭക്ത്യാദരവുകളോടെ വണങ്ങപ്പെട്ടിരുന്നതെങ്കിൽ മൈലാപ്പൂരിലെ പെരിയ മലയിൽ കുഴിച്ചപ്പോൾ ഒരു മാർതോമാ കുരിശ് കണ്ടുകിട്ടിയതിനെ എന്തുകൊണ്ട് പോർച്ചുഗീസ് മിഷനറിമാർ ഒരു വലിയ സംഭവമായി കരുതുകയും അതിൻെറ ഓർമ്മയ്ക്കായ് ഒരു തിരുനാൾ തന്നെ ആഘോഷിക്കണമെന്നു തീരുമാനി ക്കുകയും ചെയ്തു?
"മാർത്തോമ്മാ കുരിശിനോടുള്ള ഭക്തി പ്രചരിപ്പിക്കുവാൻ പോർച്ചുഗീസ് മിഷനറിമാർ അത്യധികം പരിശ്രമിച്ചു."25 എങ്കിലും എന്തുകൊണ്ട് മാർത്തോമ്മാ ക്രിസ്‌ത്യാനികൾ ഭക്ത്യാദരപൂർവ്വം വണങ്ങിയിരുന്ന ഈ കുരിശുകൾ എല്ലാം തന്നെ മൺമറഞ്ഞു? പോർച്ചുഗീസ് മിഷനറിമാർ അവയെ നശിപ്പിക്കുകയല്ല, പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ആണല്ലോ ചെയ്‌തത്. ഈ കുരിശുകൾ എല്ലാം തന്നെ മൺമറയാൻ തക്കവണ്ണമുള്ള ഭൂകമ്പമോ മണ്ണിടിച്ചിലോ പോർച്ചുഗീസുകാരുടെ വരവിനുശേഷം ഇവിടെ ഉണ്ടായിട്ടില്ലല്ലോ.
മാർത്തോമ്മാ ക്രിസ്‌ത്യാനികൾ അവരുടെ പള്ളികളിലെല്ലാം ഭക്ത്യാദരപൂർവ്വം വണങ്ങിയിരുന്ന മാർത്തോമ്മാ കുരിശിനെ അവരുടെ ഇടയിൽ പ്രചരിപ്പിക്കാൻ വേണ്ടി എന്തിനു പോർച്ചുഗീസ് മിഷനറിമാർ ബുദ്ധിമുട്ടി. കൊല്ലക്കുടിയിൽ സൂചി വില്ക്കുന്നതുപോ ലെ?
എന്തുകൊണ്ട് ക്രിസ്ത്യാനികൾ ഇത്രമാത്രം ഭക്ത്യാദരപൂർവ്വം വണങ്ങിയിരുന്ന മാർത്തോമ്മാ കുരിശുകളെ മൈൽക്കുറ്റികളായി ഉപയോഗിക്കുവാൻ 27 അവർ അനുവദിച്ചു.
എന്തുകൊണ്ട് പോർച്ചുഗീസുകാരുടെ വരവിനുമുമ്പുള്ളവയും ഇന്നും നിലനിൽക്കുന്നവയുമായ പള്ളികളുടെ മുഖവാരങ്ങളിലും കുരിശിൻതൊട്ടികളിലുമൊക്കെ മാർത്തോമ്മാ കുരിശുകൾക്കു
പകരം മറ്റു കുരിശുകൾ സ്ഥാപിക്കപ്പെട്ടു?
കുരിശും ക്രൂശിതരൂപവും പരിപാവനം
കുരിശും ക്രൂശിതരൂപവും നമുക്ക് പരിപാവനമാണ്. രണ്ടും ക്രിസ്‌തു രഹസ്യത്തിൻ്റെ അത്യുദാത്തമായ പ്രതീകങ്ങളും പ്രതിരൂപങ്ങളുമാണ്. കുരിശിനോടുള്ള ഭക്ത്യാദരവുകൾ ആരംഭിച്ച കാലം മുതൽ ഇന്നു വരെ പാശ്ചാത്യസഭകളിലും പൗരസ്ത്യസഭകളിലും അത് അഭംഗുരം നിലനിന്നു പോരുന്നു. ക്രൂശിത രൂപത്തോടുള്ള ഭക്ത്യാദരവുകൾ ആരംഭിച്ച കാലം മുതൽ ഇന്നു വരെ പാശ്ചാത്യസഭയിലും നെസ്തോറിയൻ, അർമേനിയൻ ഏകസ്വഭാവവാദി സഭകളൊഴിച്ചുള്ള പൗരസ ്ത്യ സഭകളിലും അത് അന്യൂനം നിലനിൽക്കുന്നു.
തിരുസ്സഭ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുള്ള എണ്ണമില്ലാത്ത ക്രിസ്‌തു അനുയായികൾക്കു നൂറ്റാണ്ടുകളായി ക്രൂശിതരൂപം പ്രചോദനമായിരുന്നു. അവരുടെ ഭക്തി സ്നേഹബഹുമാനാദികളുടെ വിഷയവുമായിരുന്നു. വി. ബർണാർദ്ദ് അസ്സീസിയിലെ വി. ഫ്രാൻസിസ്, വി . ബൊനവെഞ്ചർ, വി. ആൻജലാഫൊലിഞ്ഞോ, കുരിശിൻ്റെ വി യോഹന്നാൻ. ആവിലായിലെ വി. തേരേസാ, അൽക്കാന്ത്രായിലെ വി. പീറ്റർ തുടങ്ങി വി. കൊച്ചു ത്രേസ്യാ, വി . അൽഫോൻസാമ്മാ, വി . കുര്യാക്കോസ് ഏലിയാസ് ചാവറ വരെ എത്ര ആയിരം വിശുദ്ധാത്മാക്കളാണ് ക്രൂശിതരൂപത്തിൻ്റെ മുമ്പിലുള്ള ധ്യാനത്തിലൂടെ ഉദാത്തമായ ദൈവൈക്യത്തിലേയ്ക്കും മനുഷ്യ സ്നേഹത്തിലേയ്ക്കും അത്യുച്ചപടികളിലേയ്ക്കും ഉയർന്നത്. സിറിയൻ കലാകാരന്മാരാൽ വിരചിതമായ ക്രൂശിതൻ്റെ ചിത്രത്തിൽ നിന്നാണ് സാൻദാമിയാനോ ദൈവാലയത്തിൽ വെച്ച് യേശു വി. ഫ്രാൻസീസ് അസ്സീസിയോട് സംസാരിച്ചത്. തൻ്റെ വിജ്ഞാനം മുഴുവൻ തനിക്കു ലഭിച്ചത് മേശപ്പുറത്തിരിക്കുന്ന ക്രൂശിത രൂപത്തിൽ നിന്നാണെന്നാണ് അദ്വതീയദൈവശാസ്ത്രജ്ഞനും സഭാ പ്രബോധകനുമായ വി. തോമസ് അക്വീനാസ് പ്രസ്‌താവിക്കുകയുണ്ടായി. മുറിയിൽ ഒരു ക്രൂശിത രൂപമുണ്ടെങ്കിൽ ജീവിതത്തിലെ ത്യാഗങ്ങളൊന്നും തനിക്കു പ്രശ്നമേയല്ലെന്നു സഭാ പ്രബോധകനായ ബ്രിണ്ടിസിയിലെ ലോറൻസു പറഞ്ഞു.
വിശുദ്ധർക്കു മാത്രമല്ല സാധാരണ വിശ്വാസികൾക്കും ക്രൂശിതരൂപം പ്രചോദനവും പ്രത്യാശയുമാണ്. വിശിഷ്യ ദരിദ്രർക്കും അവശർക്കും പീഡിതർക്കും. തങ്ങളുടെ കഷ്ടപ്പാടുകളിലും പ്രയാസങ്ങളിലും വേദനകളിലുമെല്ലാം ആശ്വാസം തേടി ക്രൂശിതൻ്റെ അടുത്തേക്കാണ് അവർ പോകുന്നത്. ക്രൂശിത രൂപത്തെ ഒന്നു നോക്കുമ്പോൾ തന്നെ കുരിശിൻ്റെ ദൈവശാസ്ത്രവും ക്രിസ്തു രഹസ്യവും അവർക്കു മനസ്സിലാകുന്നു. അവരുടെ ജീവിതത്തിന് അത് പ്രചോദനമാകുന്നു. അതിന് ഒരാഴ്‌ചത്തെ സെമിനാറൊന്നും അവർക്കാവശ്യമില്ല. തങ്ങളുടെ വേദനകളിലും ആകുലതകളിലുമെല്ലാം ദരിദ്രർക്കും അവശർക്കുമുള്ള ഏകാശ്വാസമാണ് പലപ്പോഴും ക്രൂശിതരൂപം. അതും അവരിൽ നിന്ന് എടുത്തു കളയരുതേ എന്ന് എല്ലാവരോടും വിനീതമായ ഒപേക്ഷയുണ്ട്.
വെറും കുരിശിനോടു കൂടുതൽ സ്നേഹബഹുമാനാദികൾ തോന്നുന്നവർ അതു സ്വീകരിക്കട്ടെ. അതിനു മുമ്പിൽ തങ്ങളുടെ ഭക്ത്യാദരവുകൾ പ്രകടിപ്പിക്കട്ടെ. ക്രൂശിതരൂപത്തോടായിരിക്കാം മറ്റുചിലർക്ക് കൂടുതൽ താല്‌പര്യം അതവർക്കു കൂടുതൽ പ്രചോദനവും ആശ്വാസവും നൽകുന്നുണ്ടാകാം. അങ്ങനെ ക്രൂശിത രൂപത്തിനു മുമ്പിൽ കൂടുതൽ ഭക്തി തോന്നുകയും അതു വണങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെ അതിന് അനുവദിക്കുക. സ്വന്തം ഇഷ്ടവും താല്പര്യവും മറ്റുള്ളവരെയും അടിച്ചേൽപിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.
C. Illickamury, The Lordship of Jesus Christ over the World and the Church, Banglore 1980, 134-35; H Kess;er, Die Theologische Bedeutung des Todes Jesu, Duesseldorf 1920,244-45
Charles Murray, Kreuz III. in Theologische Realenzyklopaedie, Band XIX, Berlin- N. Y. 1990, 726-8. 732. 729.
Ibid. 728-29
Guenter Lanczkowski. Kreuz 1: Religionsgeschichtlich, Theologische in: Realenzyklopaedic, Band XIX, 712-13
Charles Murray, op cit. 729.
Ibid.
J. H. Miller, Cross, In: New Catholic Encyclopedia, IV, 473 479. 475; Konrad Onasch, Kunst und Liturgie der Ostkirche in Stichworten, Wien-Koeln- Graz 1981, 220
Charles Murray, op. cit. 728; J. H. Miller, op. cit. 475
Hans-Joachim Schulz, Die Ostkirchen: und Begriff
Ueberlieferungsgeschichtliche Bedeutung, in: Handbuch der Ostkirchenkunde, Band I, (ed. Wilhelm Nyssen, H. J. Schulz und P. Wiertz), Duesseldorf 1984, 3. 9. 3
H. J. Schulz P. Wiertz, Die Orthodoxe Kirche, in Handbuch der Ostkirchenkunde 1, 10-33
H. -J-Schulz P.Wiertz, Die Altorientalischen ibid.36-38 Kirchen,
Ibid. 38- 43
Charles Murray, op. cit. 731; Friedrich Hciler, Die Ostkirchen, Muenchen Basel 1971, 193. 368
Charles Murray, op. cit. 730; J. Н. Miller, op. cit. 473
Julien Ries, Cross:E ncyclopedia of Religion, IV, N. Y. 1987, 155-66. 15. 162; Charles Murray, op. cit. 731
Charles Murray, ibid.
Konrad Onasch, op. cit. 485 and illustration no. 71
Charles Murray, op. cit. 731 (tr: C 1)
Julien Ries, op. cit. 162 (tr. C. L.); Charles Murray op. cit. 731; Friedrich Heiler, op. cit. 193; J. H. Miller, op. cit. 473: "Though Monophysitism was condemned at Chalcedon, its adherents could see the crucifixion only as the crucifixion of God. Hence they refused to portray the body of the crucified, and limited themselves to displaying the bare cross".
Julien Ries, op. cit 162, Charles Murray, op.cit. 731
Peter Kawerau, Das Christentum des Ostens, Stuttgart 1972, 87 (cfr. footnote 338)
. E. Heiler, op. cit. 193
P. Kawerau, op. cit. 93
E. Kaesemann, Commentary on the Romans, Grand Rapids 1980, 339
ഫാ. ജോസഫ് വഴുതനപ്പള്ളി, സാർവ്വത്രിക സഭയിൽ നിലവിലിരിക്കുന്ന വിവിധ സ്ലീവാകൾ, മതദർശനം നവം 1991. 23-38. 24
ഡോ. ജോസഫ് മലേപ്പറമ്പിൽ, മാർത്തോമ്മാക്കുരിശ് മാണിക്യമാംകുരിശ്, ദീപനാളം 1992, മാർച്ച് 26 പേജ് 7
ഫാ. ജോസഫ് വഴുതനപ്പള്ളി, കുരിശുകൾ... കുരിശുകൾ, ദീപനാളം 1992 മാർച്ച് 19 പേജ് 5
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.























