റൂത്ത്
- പോൾ ഗ്രിഗറി

- 2 days ago
- 2 min read

വിശുദ്ധഗ്രന്ഥത്തിലെ ശക്തവും സ്നേഹസമ്പന്നയുമായ ഒരു സ്ത്രീ കഥാപാത്രം. നാല് അധ്യായങ്ങൾ മാത്രമുള്ള പുസ്തകത്തിലെ വരികൾക്കിടയിലൂടെ ആഴത്തിൽ ഇറങ്ങിയാൽ കുടുംബബന്ധങ്ങളുടെ മനോഹാരിതയും ദൃഢതയും ഇത്രമേൽ വിവരിച്ച വേറൊരു പുസ്തകം വിശുദ്ധഗ്രന്ഥത്തിൽ ഉണ്ടോ എന്ന് സംശയം തോന്നും. ചെപ്പിലൊതുക്കിയ ഒരു കമനീയ കലാസൃഷ്ടി എന്നാണ് വിശേഷണം.
പരസ്പര പൂരകങ്ങളായ രണ്ടു സ്ത്രീ രത്നങ്ങൾ. ദുരന്തം തകർത്തെറിഞ്ഞ ഒരു ജീവിതകഥയാണ് നവോമിക്കെങ്കിൽ,അവർക്കൊപ്പം വിധവയെങ്കിലും ഉറച്ചനിലപാടും അചഞ്ചലമായ സ്നേഹവും പ്രകടമാക്കിയ റൂത്ത് മറുവശത്തും. വൈധവ്യത്തിൽ രണ്ടുപേരും തുല്യ ദുഃഖിതർ. എങ്കിലും തന്റെ ഭർത്താവിന്റെ അമ്മയെ തനിച്ചാക്കി പോകാൻ കൂട്ടാക്കാത്ത ഒരു സ്ത്രീ. തന്റെ യവ്വനം ഇനിയും ബാക്കിയാണെന്നും വീണ്ടും വിവാഹം കഴിച്ചു സുഖമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്നുമൊക്കെ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയിട്ടും അമ്മയുടെ കരം പിടിച്ചു തന്റെ ഉള്ളിലുള്ള സ്നേഹം പ്രകടമാക്കുന്ന റൂത്തിന്റെ വാക്കുകൾ എത്ര സുന്ദരങ്ങൾ ആണ്.
“അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്‍റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്‍റെ ദൈവവുമായിരിക്കും. അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കപ്പെടും. മരണം തന്നെ എന്നെ അമ്മയില്‍നിന്നു വേര്‍പെടുത്തിയാല്‍, കര്‍ത്താവ് എന്തു ശിക്ഷയും എനിക്കു നല്‍കിക്കൊള്ളട്ടെ.“
താൻ നേരിട്ടുകൊണ്ടിരിക്കുന്ന തിക്തമായ ജീവിതാനുഭവങ്ങൾക്കു മുന്നിൽ പതറാതെ, തന്റെ അമ്മയെ സന്തോഷിപ്പിക്കാനും അവർക്കു വേണ്ടത് നൽകുവാനും സ്വന്തം ജീവിതം പോലും മറക്കുന്ന റൂത്തിന്റെ ചിത്രം നമ്മുടെ കുടുംബബന്ധങ്ങൾക്ക് എത്ര മുതൽക്കൂട്ടാണെന്നോ.!!! ദുഃഖങ്ങൾക്കു മാത്രം ഒരു ക്ഷാമവുമില്ലാത്ത ഈ ലോകത്ത് റൂത്തിന്റെ ആ സവിശേഷ ഗുണം എന്നത്തെക്കാളും നമുക്ക് ഇന്ന് ആവശ്യമാണ്. അചഞ്ചലസ്‌നേഹം! പറിച്ചെറിഞ്ഞാലും വിട്ടു മാറാൻ കൂട്ടാക്കാതെ അവസാനത്തോളം പറ്റിനിൽക്കുന്ന തരം സ്‌നേഹം! ഇരുൾമൂടിയ ഈ ലോകത്തിൽ നന്മ ചെയ്യാനുള്ള പ്രേരക ശക്തിയാണ് ഈ ഗുണം. ദാമ്പത്യത്തിൽ അത് ആവശ്യമാണ്, കുടുംബബന്ധങ്ങളിൽ അത് ആവശ്യമാണ്, സൗഹൃദങ്ങളിലും സഭയിലും അത് ആവശ്യമാണ്.
ഒപ്പം ചേർത്ത് വായിക്കേണ്ട ചില പ്രത്യേകതകൾ കൂടി റൂത്ത് നമ്മുടെ മുന്നിൽ വെയ്ക്കുന്നുണ്ട്. സ്വന്തം ജീവിതത്തിൽ എന്തു വന്നു ഭവിക്കും എന്ന് ചിന്തിക്കാതെ അമ്മയുടെ ഉപദേശം ശിരസ്സാ വഹിക്കുന്ന അനുസരണയുള്ള ഒരു സ്ത്രീ. ചെറുപ്പക്കാർക്ക് ചിലപ്പോഴൊക്കെ തങ്ങളെക്കാൾ പ്രായവും അനുഭവ പരിചയവും ഉള്ളവരുടെ ഉപദേശം അനുസരിക്കാൻ ബുദ്ധിമുട്ട് തോന്നാറുണ്ട്. ചെറുപ്പക്കാരുടെ വിഷമങ്ങളും പ്രശ്‌നങ്ങളും പ്രായമുള്ളവർക്ക് അത്ര മനസ്സിലാകില്ല എന്നു ചിന്തിക്കുന്നതായിരിക്കാം കാരണം. എന്നാൽ റൂത്തിന്റെ വിനയവും നല്ല മാതൃകയും നമ്മോട് എന്താണ് പറയുന്നത്? നമ്മളെ സ്‌നേഹിക്കുകയും നമ്മുടെ നന്മ മാത്രം മനസ്സിൽ കാണുകയും ചെയ്യുന്ന മുതിർന്നവരുടെ ഉപദേശങ്ങൾ കേട്ടനുസരിച്ചാൽ അത് നമ്മുടെ ജീവിതം നന്മയാൽ നിറയപ്പെടും. അത്തരം അനുസരണയും സ്നേഹവും വളർത്തിയെടുക്കുമ്പോൾ നമ്മൾ റൂത്തിന്റെ തിളക്കമാർന്ന മാതൃക അനുകരിക്കുകയാണ്.
ചേർത്തുവായിക്കേണ്ട മറ്റൊരേടാണ് നവോമിയുടെയും. മകളെ ഇത്രയും സ്നേഹമയിയും പ്രാപ്തയുമാക്കിയതും ആ അമ്മയുടെ സവിശേഷ ഗുണം തന്നെയാണ്. സ്വന്തം നാടും വീടും ബന്ധുജനങ്ങളെയും എല്ലാം വിട്ടു അമ്മയുടെ ദേശത്തേയ്ക്ക് വരുമ്പോൾ വിജാതീയരെ എന്നും അകറ്റി നിറുത്തിയിരുന്ന ഒരു ദേശത്തു ധീരമായി ജീവിതം കെട്ടിപ്പെടുക്കാനും അവർ വിശ്വസിക്കുന്ന യഹോവയെ സ്നേഹിക്കാനും സ്വന്തം കുടുംബാംഗമായി അവളെ ചേർത്ത് നിറുത്താനും ആ അമ്മ കാണിക്കുന്ന പക്വത നമുക്കു വലിയ ഒരു പാഠം നൽകുന്നു. ആ ചേർത്ത് നിറുത്തലിൽ ആ മകൾക്കു ലഭിച്ചത് എന്താണെന്നു നമുക്കറിയാം, വിജാതീയമായ ഒരിടത്തു നിന്ന് യേശുവിന്റെ വംശവലിയിൽ പേര് ചേർക്കപ്പെട്ട അഞ്ചു സ്ത്രീകളിൽ ഒരാൾ ആയി ഉയർത്തപ്പെട്ടു.
ഈ രണ്ടു മാതൃകകളും നമ്മുടെ ജീവിതത്തിൽ പകർത്താം അങ്ങനെ കുറവുള്ളിടങ്ങളിൽ നിറവുകളായി മാറാം. ആരും ചെറുതുമല്ല വലുതുമല്ല എന്ന തിരിച്ചറിവുണ്ടാകുമ്പോൾ തോളോട് തോൾ ചേർന്ന് ഒരുമിച്ചു നടക്കാൻ പഠിക്കും. അങ്ങനെ ഈ ഭൂമിയിൽ തന്നെ ഇവർ മാതൃക നൽകിയ സ്വർഗ്ഗീയ ഇടങ്ങൾ സൃഷ്ടിക്കാം. അതിനായി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.















































































































