top of page

സ്വപ്നം

Writer: പോൾ ഗ്രിഗറി
പോൾ ഗ്രിഗറി
18 hours ago
2 min read
image of Sleeping st Josph, and an angel

“സ്വസ്ഥമായൊന്നു ഉറങ്ങാൻ സമ്മതിക്കില്ലേ, നല്ലൊരു സ്വപ്നം കണ്ടു ഉറങ്ങുമ്പോൾ ആണ്”... തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി അയാൾ മുരണ്ടു.

അതെ നല്ലൊരു ഉറക്കം നഷ്ടപ്പെട്ടാൽ, നല്ലൊരു സ്വപ്നത്തിന് ഭംഗം വന്നാൽ പരിഭവിക്കാത്തവർ ചുരുക്കം. എത്രയെത്ര സ്വപ്‌നങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു ഈ ജീവിതത്തിൽ. മനസ്സിനെ സന്തോഷിപ്പിക്കുന്നതും,ദുഖിപ്പിക്കുന്നതും, ദിവസങ്ങളോളം ഭാരപ്പെടുത്തുന്നതുമായ എത്ര സ്വപ്‌നങ്ങൾ ആണ് നമ്മളൊക്കെ കണ്ടു കഴിഞ്ഞത്. എന്നാൽ ഈ സ്വപ്നങ്ങൾക്കൊക്കെ വലിയ ആയുസ്സില്ല. മിക്കവയും ഉണരുമ്പോൾ തീരും ചിലതു ഉണർന്നു കഴിഞ്ഞു കുറച്ചുനേരം കൂടി നിലനിൽക്കും മറ്റുചിലതു കുറച്ചു ദിവസങ്ങൾ നമ്മോടൊപ്പം സഞ്ചരിക്കും. ഇതൊക്കെയാണ് അനുഭവമെങ്കിലും ഉറക്കത്തിൽ സ്വപ്നം കാണുന്നതിനേക്കാൾ ഉറക്കം കെടുത്തുന്ന സ്വപ്നവും ഉണർന്നിരുന്നു സ്വപ്നം കാണുന്നതിനെയുമൊക്കെ കുറിച്ച് നമ്മോടു സംസാരിക്കുകയും ജീവിതാനുഭവം തെളിവായി നമ്മുടെ മുന്നിൽ നിരത്തുകയും ചെയ്ത പ്രഗത്ഭർ ഏറെയുണ്ട്. സ്വപ്നം കണ്ട് ഉറങ്ങുന്നവനല്ല വിജയി, സ്വപ്നം ഉറങ്ങാന്‍ സമ്മതിക്കാത്തവനാണ് എന്നു ജീവിതം കൊണ്ട് തെളിയിച്ചവർ.


എന്നാൽ, ഒരു ക്രൈസ്തവൻ എന്ന അടിസ്ഥാനത്തിന്മേൽ സ്വപ്നങ്ങളെ പഠിക്കാൻ ശ്രമിച്ചാൽ ദൈവമനുഷ്യ ബന്ധം കൂടുതൽ ഊഷ്‌മളമാക്കുന്നതിനും, കൃത്യമായ ബോധ്യം നൽകുകയും, തെളിമയുള്ള ദിശാബോധം നൽകി ചുവടുകൾ മാറ്റി ചവിട്ടുന്നതിനും സ്വപ്‌നങ്ങൾ വലിയൊരു പങ്കുവഹിച്ചു എന്നു വേണം മനസ്സിലാക്കാൻ. ദൈവം രാത്രി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു അബിമെലേക്കിനോട് പറഞ്ഞു എന്നു തുടങ്ങി (ഉൽപ്പത്തി 20/3-7), അവൻ മൂലം സ്വപ്നത്തിൽ ഞാൻ ഇന്ന് വളരെയേറെ ക്ലേശിച്ചു എന്ന പീലത്തോസിന്റെ ഭാര്യയുടെ ഉപദേശംവരെ (മത്തായി 27/-9) ഏകദേശം 21 സ്വപ്‌നങ്ങൾ ആണ് പഴയനിയമത്തിലും പുതിയനിയമത്തിലുമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സ്വപ്നങ്ങളിൽ വെച്ചു ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എന്നു വിശേഷിപ്പിക്കാവുന്നത് (മറ്റുള്ളവയ്ക്കൊന്നും പ്രാധാന്യമില്ല എന്നല്ല ) മത്തായി 1/20-24 ൽ ആണ്. കാരണം അന്നുവരെ കേട്ടുകേൾവി ഇല്ലാതിരുന്ന, മാനുഷീകമായ ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത ഒരു കാര്യം ബോധ്യപ്പെടുത്താൻ ലഭിച്ച ഒരു സ്വപ്നം. വിവാഹനിശ്ചയം കഴിഞ്ഞ പാവം ഒരു തച്ചൻ എന്നതിൽ നിന്ന് യേശുവിന്റെ ഈ ഭൂമിയിലെ വളർത്തു പിതാവ് എന്ന വലിയ ഒരു സ്ഥാനത്തേയ്ക്ക് ഉയർന്ന ഒരു സ്വപ്നം. ഏതൊരാളെയും പോലെ നാട് മുഴുവൻ വിളിച്ചറിയിച്ചു പരസ്യമായി അപമാനിക്കാൻ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താമായിരുന്ന ഇടത്തു നിന്ന്, മുഖത്ത് നോക്കി വായിൽ വരുന്നത് മുഴുവൻ വിളിച്ചുപറയാൻ അവസരമുള്ളടിത്തു നിന്ന് ധൈര്യപൂർവം അവളെ തന്റെ ഭാര്യയായി സ്വീകരിക്കാൻ തക്കവണ്ണം അയാളെ മാറ്റിമറിച്ചു ആ സ്വപ്നം. അങ്ങനെ അയാൾ സ്ത്രീകളുടെ കാവൽക്കാരനാവുകയായിരുന്നു. മറിയത്തെ അപമാനിതയാക്കാതെ സ്വീകരിക്കാൻ തയ്യാറായ ജോസഫല്ലാതെ ആരാണ് സ്ത്രീത്വത്തിൻ്റെ കാവൽക്കാരനാകാൻ യോഗ്യൻ.


വെറും നാല് സ്വപനങ്ങളുടെ പിൻബലത്താൽ സ്വന്ത വിവാഹം മുതൽ തന്റെ മകനെ യുവത്വത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയ വെറും സാധാരണയിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ. എന്നാൽ സ്വപ്‌നങ്ങൾ എവിടുന്നു നല്കപ്പെട്ടുവോ, അവിടുന്ന് അവനിൽ ഒരു പ്രത്യേകത കണ്ടെത്തിയിരുന്നു അതായിരുന്നു അവന്റെ യോഗ്യതയും, അവൻ നീതിമാനായിരുന്നു. ആ നീതിബോധത്തിൽ ആ പാവം തച്ചനു ലഭിച്ചത് സുഖകരമായ ഒരു ജീവിതമാണോ?? അല്ല എന്നല്ലേ ഉത്തരം. പകൽ സമയം മുഴുവനും മരപ്പണി ചെയ്തു ഒന്ന് ക്ഷീണം മാറ്റാൻ കിടക്കുമ്പോൾ സ്വപ്നം ഒരു വില്ലൻ ആയി കടന്നുവരുന്നു. പിന്നെ കയ്യിൽ കിട്ടുന്ന സാധനങ്ങളുമൊക്കെ പെറുക്കിയെടുത്തു സ്വപ്നത്തിന് പിന്നാലെ. പുതിയ ദേശം, പുതിയ ഭാഷ, പുതിയ ആളുകൾ, പുതിയ ജീവിതസാഹചര്യങ്ങൾ, പുതിയ പണിയിടങ്ങൾ അന്വേഷിച്ചും അങ്ങനെ നിരവധി പുതിയ അനുഭവങ്ങൾ.


പ്രവാസത്തിന്റെ പരുക്കൻ യഥാർഥ്യങ്ങൾ ആ ജീവിതത്തെ കലുഷിതപൂർണ്ണമാക്കിയിട്ടുണ്ടാകും തീർച്ച. എങ്കിലും കണ്ട ഒരു സ്വപ്നവും അയാൾ പിന്തുടരാതിരുന്നില്ല അതായിരുന്നു സ്വപനം അയാൾക്ക്‌. സ്വപ്നത്തെ ജീവിതത്തോട് ചേർത്ത് പിടിച്ചു ഒരു കുഞ്ഞിനെ വളർത്തി വലുതാക്കിയ ഒരാൾ. മരുഭൂമിയുടെ മുഴുവൻ പ്രതികൂലവസ്ഥയും തരണം ചെയ്തു വളർന്ന വടവൃക്ഷങ്ങളെ ചെത്തി മിനുക്കി ഏറ്റവും ഭംഗിയുള്ള ഉപകരണങ്ങൾ ആക്കിയ ഒരപ്പൻ തന്റെ മകനെയും പഠിപ്പിച്ച പാഠം ഒന്ന് തന്നെ ഇനി മകൻ ഇടപെടുന്ന പ്രതികൂലവസ്ഥകളിൽ നീ അതിനെ സ്‌നേഹത്തോടെ തൊടുന്നില്ലെങ്കില്‍, അതിനെ മൃദുവായി ചിന്തേരിടുകയും ചെത്തിമിനുക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതിന്റെ മുറിവുകള്‍ വലുതാവുകയേയുള്ളൂ.


അങ്ങനെ താൻ കണ്ട സ്വപ്നങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ചും അത് ചൊല്ലിക്കൊടുത്തും സ്വർഗ്ഗം ആഗ്രഹിച്ച പ്രകാരം മകനെ വളർത്തിയെടുത്തു. തന്റെ എളിയ ജീവിതത്തിൽ തന്റെ ആഗ്രഹങ്ങളെക്കാൾ ഉപരി സ്വർഗ്ഗീയ സ്വരത്തിനു കാതോർക്കുകയും ആ സ്വരത്തിന്റെ വഴിയേ പിന്തുടരുകയും ചെയ്യുന്ന നല്ലൊരു പിതാവും കാവൽക്കരനുമൊക്കെയായി ആ സാധുവായ മനുഷ്യൻ മൗനം പാലിച്ചു ജീവിതം മുന്നോട്ടു നയിച്ചു. വൈകാരീകമായി ഇടപെടേണ്ട സാഹചര്യങ്ങളിൽ പോലും സ്വർഗ്ഗീയ സ്വരം മാത്രമായിരുന്നു അയാൾക്ക്‌ മുഖ്യം. നമുക്കും ഇന്നിന്റെ ലോകത്തിൽ മൗനമാകാം. ജീവിതം സ്വർഗ്ഗീയ സ്വരത്തോടൊപ്പം ക്രമപ്പെടുത്താം. അങ്ങനെ നമ്മൾ ഉത്തമരായ മാതാപിതാക്കൾ ആകുകയും നമ്മേ ഭരമേൽപ്പിച്ച ദൈവീക ദാനമായ നമ്മുടെ മക്കളെ ഈ ലോകത്തിൽ ദൈവപുത്രന്മാരായി വളർത്തിയെടുക്കുകയും ചെയ്യാം. അങ്ങനെ ധാരാളം ദൈവമക്കൾ ഈ ലോകത്തിൽ ഉണ്ടാകട്ടെ അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.


Note : സ്വപ്‌നങ്ങൾ

1. ഉൽപ്പത്തി 20/3-7

2. ഉൽപ്പത്തി 28/12-16

3. ഉൽപ്പത്തി 31/10-13

4. ഉൽപ്പത്തി 31/24

5. ഉൽപ്പത്തി 37/5-8

6. ഉൽപ്പത്തി 37/9-10

7. ഉൽപ്പത്തി 40/5,9-13

8. ഉൽപ്പത്തി 40/16-19

9. ഉൽപ്പത്തി 41/1-4

10. ഉൽപ്പത്തി 41/5-7

11. ന്യായാധിപന്മാർ 7/13-15

12. 1രാജാ 3/5-15

13. ദാനി 2/1-3,31-45

14. ദാനി 4/5-18

15. ദാനി 7/1-14

16. മത്തായി 1/20-24

17. മത്തായി 2/12

18. മത്തായി 2/13-15

19. മത്തായി 2/19-21

20. മത്തായി 2/22-23

21. മത്തായി 27/19


bottom of page