top of page

'വന്ദേമാതരം' വിവാദമാകുന്ന ദേശഭക്തിഗാനം

Writer: Dr. Mathew Paikada Capuchin
Dr. Mathew Paikada Capuchin
Sep 2
3 min read

Updated: 2 hours ago


വിവാദ പശ്ചാത്തലം:


ഏതാനും ആഴ്ചകളായി ഡല്‍ഹിയിലെ ഭരണാധികാരികള്‍ പുതിയ വിവാദത്തിനു തിരികൊളുത്തി വളരെ പ്രസക്തമായ സമകാലിക രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തിരക്കിലാണ്. ഒരു ദശകത്തിലേറെയായി ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി.യുടെ അഴിമതിയും ചൂഷണവും സ്വജനപക്ഷപാതവും ചോദ്യം ചെയ്യപ്പെടുമ്പോള്‍, പ്രത്യേകിച്ച് പാര്‍ട്ടി ഭേദമന്യേ പ്രാദേശിക താല്പര്യങ്ങള്‍ക്കപ്പുറം യുവജനത തെരുവിലിറങ്ങി സമരം ചെയ്തപ്പോള്‍ എങ്ങനെയും ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മികതയില്ലാത്ത ചാണക്യബുദ്ധി ഉപദേശിക്കുന്ന അവരുടെ തന്ത്രമാണ് 'വന്ദേമാതരം' വിവാദം. പള്ളി പൊളിക്കലിന്‍റെയും അമ്പലം പണിയുടെയും രാഷ്ട്രീയ ശോഭ, അമ്പലത്തിന്‍റെയും ഭക്ത വിശ്വാസികളുടെയും സാമ്പത്തിക ചൂഷണത്തിലൂടെയും കളവിലുടെയും നഷ്ടമായപ്പോള്‍, കൊള്ളാനും തള്ളാനും മേലാത്ത ദേശഭക്തിയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമുള്ള വക്രബുദ്ധിയാണിവിടെ അരങ്ങേറുന്നത്. വന്ദേമാതരത്തിലെ ആദ്യ രണ്ടു പാദങ്ങള്‍ ദേശഭക്തി ഗാനമായി അംഗീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ അതിലെ ബാക്കി പാദങ്ങള്‍ ദേശീയ ഐക്യത്തിന് വിഘാതമാകുമെന്ന് 1937-ല്‍ത്തന്നെ മഹാത്മാഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടി സമ്മേളനവും വിലയിരുത്തിയതാണ്.


വന്ദേമാതരത്തിന്‍റെ രചയിതാവ്


19-ാം നൂറ്റാണ്ടിലെ ബംഗാളി സാഹിത്യത്തില്‍ തനതായ സംഭാവനകളിലൂടെ മഹാപ്രതിഭയായി രൂപംപ്രാപിച്ച ബങ്കിംചന്ദ്ര ചാറ്റര്‍ജി (ചതോപാദ്ധ്യായ) (1838-1894) യാണ് വന്ദേമാതരത്തിന്‍റെ രചയിതാവ്. ബ്രിട്ടീഷ് ഇന്ത്യ ഭരണസംവിധാനത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും ഭാരതത്തിന്‍റെ മത-സാംസ്കാരിക മഹത്വവും സ്വാതന്ത്ര്യവും ജീവിതലക്ഷ്യമാക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. 1875/6ല്‍ എഴുതപ്പെട്ട 'വന്ദേമാതരം' പ്രസിദ്ധിയാര്‍ജിച്ചത് 1882-ല്‍ പ്രസിദ്ധപ്പെടുത്തിയ 'ആനന്ദമഠം' എന്ന നോവലിലൂടെയാണ്.


19-ാം നൂറ്റാണ്ടില്‍ ബംഗാളില്‍ രൂപം കൊണ്ട നവോത്ഥാനത്തിന്‍റെയും ദേശീയബോധത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് അഭിമാനബോധം ജനിപ്പിക്കയും അധീനതയുടെ മാനസികാവസ്ഥയില്‍ നിന്ന് ജനങ്ങളെ ഉണര്‍ത്താനുമാണ് അദ്ദേഹം ശ്രമിച്ചത്. ഇക്കാര്യത്തില്‍ സവര്‍ക്കറുടെയും ഗോവല്‍ക്കറുടെയും നിലപാട് വ്യത്യസ്തമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നിട്ടും ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാന്‍, അവരുടെ പേരു പറയാതെയാണെങ്കിലും, അദ്ദേഹം ധൈര്യപ്പെട്ടു. നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഉണ്ടാകാവുന്ന മത- സാംസ്കാരിക-ഭാഷാ- പ്രത്യയശാസ്ത്ര വൈവിധ്യത്തെപ്പറ്റി സങ്കല്‍പ്പിക്കുക തീര്‍ച്ചയായും അദ്ദേഹത്തിന് അസാധ്യമായിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് ന്യായമായും ഏവരും ഊന്നല്‍ നല്‍കിയത് ഐക്യത്തിനാണ്; വൈവിധ്യത്തിനല്ലല്ലോ.


വന്ദേമാതരം


ഈ ഗാനത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത, ഇന്ത്യയെ ഭൂമിശാസ്ത്രപരമായ ഒരു പ്രദേശമായല്ല, 'മാതാവ്' എന്ന സജീവ പ്രതീകമായി കാണുന്നതാണ്. ആദ്യ രണ്ടു പാദങ്ങളില്‍ ഇന്ത്യയുടെ പ്രകൃതി സൗന്ദര്യമാണ് വര്‍ണ്ണിക്കപ്പെടുന്നത് - ജലസമൃദ്ധിയുടെ നാട്, ഫലസമൃദ്ധമായ നാട്, പച്ചപ്പാര്‍ന്ന വയലുകള്‍, പൂക്കള്‍ ചൂടിയ വൃക്ഷങ്ങള്‍, ചന്ദ്രപ്രകാശത്തില്‍ കുളിച്ചുനില്‍ക്കുന്ന രാത്രിയും! ഇവിടെ ദേശസ്നേഹം പ്രകൃതിയോടും മാതൃഭൂമിയോടുമുള്ള സ്നേഹവും ആദരവുമായാണ് അവതരിപ്പിക്കപ്പെടുന്നത്. നന്ദിയോടും അഭിമാനത്തോടും കൂടെ ജന്മഭൂമിയെ കവി മാതൃഭൂമിയായി കാണുകയാണിവിടെ. പ്രത്യേകിച്ചും ബംഗാള്‍ വിഭജനത്തിന്‍റെ പശ്ചാത്തലത്തിലാണ് വന്ദേമാതരം ശക്തമായ ദേശീയ പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യവും പ്രതീകവുമായി മാറുന്നത്.


ആദ്യ രണ്ടു പാദങ്ങള്‍ക്ക് ശേഷം ഈ ഗാനത്തിന്‍റെ ഭാഷയും അന്തസ്സത്തയും വ്യക്തമായി ഹൈന്ദവ മതാത്മക പ്രതീകങ്ങളിലേക്കാണ് നീങ്ങുന്നത്. ഭാരതമാതാവിനെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവി പ്രതീകങ്ങളുമായി ബന്ധിപ്പിക്കുന്ന വരികളാണിവ. ഉദാഹരണമായി, മാതൃഭൂമിയെ (ഇന്ത്യയെ) 'ദശായുധ ധാരിണിയായ ദുര്‍ഗ്ഗ'യായി കാണുന്നു. അതുപോലെ കമലത്തില്‍ വസിക്കുന്ന ലക്ഷ്മിയായും ജ്ഞാനം നല്‍കുന്ന സരസ്വതിയായും അവളെ അവതരിപ്പിക്കുന്നു.


Image from CJP protests in Delhi
Image from CJP protests in Delhi

വിവാദത്തിന്‍റെ കാരണം


ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ഈ വിവാദം ബോധപൂര്‍വ്വം തയ്യാറാക്കിയ ഒരു കെണിയാണ്. ഇവിടുത്തെ പ്രശ്നം ദേശസ്നേഹത്തോടുള്ള എതിര്‍പ്പല്ല, മറിച്ച് മാതൃഭൂമിയായ ഇന്ത്യയെ ഒരു ദേവതയായി ആരാധിക്കുന്ന പ്രതീകഭാഷ ഇന്ത്യയിലെ ഹൈന്ദവേതര മതവിശ്വാസികള്‍ക്ക് എങ്ങനെ സ്വീകാര്യമാകും എന്നതാണ്. പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് മതപരമായ പ്രതീകങ്ങള്‍ അവരുടെ മതവിശ്വാസവുമായി പൊരുത്തപ്പെടാത്തതിനാല്‍ അവര്‍ക്ക് സ്വീകാര്യമല്ല. ജാതിവിവേചനം മൂലം ഇന്നും അസമത്വത്തിന്‍റെ ദുരിതമനുഭവിക്കുന്ന ദളിത്-ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ച് ജാതി-മത മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള തന്ത്രമാണിത്. ശത്രുസംഹാര ദൈവ സങ്കല്പങ്ങള്‍ അസ്വീകാര്യമായ, സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമായ ക്രൈസ്തവ-ബുദ്ധ മതങ്ങള്‍ക്കും ഈ ദേവീ സങ്കല്പം അനുചിതവും അസ്വീകാര്യവുമാണ്. മത-ഭാഷാ-സാംസ്കാരിക മേഖലകളിലെ ബഹുസ്വരതയ്ക്ക് തുരങ്കംവെയ്ക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ കരുതലുള്ളവരാകണം. 1950 ജനുവരി 24-ന് ഭരണഘടനാ നിര്‍മ്മാണ സഭ 'ജനഗണമന' ദേശീയഗാനമായി ((National Anthem‑) അംഗീകരിക്കുകയും വന്ദേമാതരത്തിന്‍റെ ആദ്യ രണ്ടു പാദങ്ങള്‍ ദേശഭക്തിഗാനമായി അംഗീകരിക്കുകയും രണ്ടു ഗാനങ്ങളും തുല്യ ആദരവിന് അര്‍ഹമാണെന്ന് വ്യക്തമാക്കുകയും ചെയ്തതാണ്.


വന്ദേമാതരത്തിന്‍റെ പൂര്‍ണ്ണരൂപം പുനഃസ്ഥാപിക്കുന്നതിലൂടെ ബി.ജെ.പി. മതന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ക്കാനുമാണ് പരിശ്രമിക്കുന്നത്. മതനിരപേക്ഷത ഉപേക്ഷിച്ച് ഹൈന്ദവ സംസ്കാര പ്രതീകങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ ദേശസ്നേഹവും ഭക്തിയും (Patriotism) ഉറപ്പുവരുത്താനാകൂ എന്ന വാദം തികച്ചും അപലപനീയമാണ്. വ്യത്യസ്ത മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒരേ ദേശീയ ജീവിതത്തില്‍ സഹവര്‍ത്തിക്കുന്നതാണ് ഇന്ത്യന്‍ ദേശീയതയുടെ അഭിമാനവും മനോഹാരിതയും. ഭൂരിപക്ഷ വര്‍ഗ്ഗീയതയില്‍ അഭിരമിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ബി.ജെ.പി. എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ വന്ദേമാതരം നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയെന്ന് സമ്മതിക്കുമ്പോഴും നമുക്ക് ആധുനിക സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ ദര്‍ശനം - മതസ്വാതന്ത്ര്യം, സമത്വം, സാംസ്കാരിക ബഹുസ്വരത, പൗരത്വത്തിന്‍റെ ഐക്യം എന്നിവ - ബലികഴിക്കാനാവില്ല. ദേശസ്നേഹം ഐക്യത്തിന്‍റെ ഭാഷയാകണം. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്‍റെയും അന്തസ്സും ആത്മീയതയും മതവിശ്വാസവും പ്രത്യയശാസ്ത്രവും ഒരുപോലെ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും അവസര സമത്വം ഉറപ്പുവരുത്തുകയും ചെയ്തില്ലെങ്കില്‍ നമ്മുടെ മാതൃഭൂമി വെറും മരുഭൂമിയായിത്തീരും.


ജനഗണമനയും വന്ദേമാതരവും


ഇന്ത്യന്‍ ദേശീയഗാനമായ 'ജനഗണമന' രചിച്ചത് കവിയും ദാര്‍ശനികനും വിദ്യാഭ്യാസ ചിന്തകനുമായ രവീന്ദ്രനാഥ ടാഗോര്‍ (18611941) ബംഗാളി ഭാഷയില്‍ രചിച്ച 'ഭാരതഭാഗ്യവിധാത' എന്ന ഗാനത്തിന്‍റെ ആദ്യഭാഗമാണ്. ജനഗണമന ആദ്യമായി പൊതുവേദിയില്‍ ആലപിക്കപ്പെട്ടത് 1911-ല്‍ ഡിസംബര്‍ 27-ന് കല്‍ക്കത്തയില്‍വെച്ചു നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ്. ഈ ഗാനത്തിന്‍റെ കേന്ദ്രീയ ആശയവും പ്രാധാന്യവും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളും ജനവിഭാഗങ്ങളും ഏക ദേശീയബോധത്തില്‍ കൂട്ടിയിണക്കപ്പെടുന്നു എന്നതാണ് - പഞ്ചാബ്- സിന്ധ് - ഗുജറാത്ത് - മറാഠാ - ദ്രാവിഡ - ഉത്ക്കള്‍ - ബംഗാള്‍. അതോടൊപ്പം വിന്ധ്യയും ഹിമാലയവും യമുനയും ഗംഗയും ഇന്ത്യന്‍ സമുദ്രവും പരാമര്‍ശിക്കപ്പെടുന്നു.

സ്വതന്ത്രഭാരതത്തിനായി ഒരു ദേശീയഗാനം തെരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ വന്ദേമാതരവും ജനഗണമനയും ആണ് പരിഗണിക്കപ്പെട്ടത്.


വന്ദേമാതരത്തിന്‍റെ അവസാന പാദങ്ങള്‍ സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദു ദേവതകളുമായി ബന്ധിക്കപ്പെടാമെന്നതിനാലും, ജനഗണമന ഇന്ത്യന്‍ ദേശീയതയുടെ മതനിരപേക്ഷവും ബഹുസ്വരവുമായ സ്വഭാവം പ്രകടിപ്പിടിക്കുന്നതിനാലും, 'ജനഗണമന' ദേശീയഗാനമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1950 ജനുവരി 24-ന് ഭരണഘടനാ നിര്‍മ്മാണ സഭയുടെ അവസാന സമ്മേളനത്തില്‍ സഭാധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ഇങ്ങനെ പ്രഖ്യാപിച്ചു: 'ജനഗണമന' ആണ് ഇന്ത്യയുടെ ദേശീയഗാനം. അതോടൊപ്പം വന്ദേമാതരത്തിനും തുല്യമായ സ്ഥാനവും ബഹുമാനവും നല്‍കും. ഭരണഘടനാ നിര്‍മ്മാണസഭ ഇത് അംഗീകരിച്ചു. എന്നാല്‍ 1937 മുതല്‍ തന്നെ വന്ദേമാതരത്തിന്‍റെ ആദ്യ രണ്ടു പാദങ്ങള്‍ മാത്രമേ ദേശഭക്തിഗാനമായി ഔദ്യോഗികമായി പാടിയിരുന്നുള്ളൂ. ചരിത്രം ഇങ്ങനെയായിരിക്കെ ഈ സമയത്ത് ബി.ജെ.പി. ഒരു പൊളിച്ചെഴുത്തുമായി വരുന്നതിന്‍റെ ദുരുദ്ദേശം മനസ്സിലാക്കാവുന്നതേയുള്ളൂ!


'വന്ദേമാതരം' വിവാദമാകുന്ന ദേശഭക്തിഗാനം

മാത്യു പൈകട കപ്പൂച്ചിന്‍

അസ്സീസി മാസിക, സെപ്റ്റംബ‌ർ 2026

bottom of page