top of page

വ്യോമതന്തു

Writer: George Valiapadath Capuchin
George Valiapadath Capuchin
Sep 2
1 min read
Antenna on a roof top

ഞങ്ങളോടൊപ്പം കുറച്ചുകാലത്തേക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു. "നിങ്ങൾ മാനസാന്തരപ്പെട്ട് ഒരു ശിശുവിൻ്റെ ഹൃദയം സ്വന്തമാക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" എന്ന രീതിയിലാണ് മത്തായി 18:3 ൻ്റെ ഇംഗ്ലീഷിലുളള പരിഭാഷ വരുന്നത്. എത്ര ശ്രമിച്ചാലും അദ്ദേഹത്തിന് ഈ വചനം മനസ്സിലാക്കിയെടുക്കാൻ കഴിയുമായിരുന്നില്ല. ഈ വചനം കേൾക്കുമ്പോഴേക്കും 'ഒരു കുട്ടിയുടെ നെഞ്ച് തുരന്ന് ഹൃദയം എടുക്കുക' എന്ന രീതിയിലുള്ള അർത്ഥം മാത്രമേ അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് വരുമായിരുന്നുള്ളൂ. ഞാൻ മനസ്സിലാക്കിയിടത്തോളം കാവ്യഭാഷ അദ്ദേഹത്തിന് തീരെ വഴങ്ങിയിരുന്നില്ല. കാവ്യഭാഷ വഴങ്ങാത്ത ഒരാൾക്ക് ബൈബിൾ എത്ര അകലെയായിരിക്കും!


കവിത ഏറെ വഴങ്ങുന്നയാളല്ല ഞാനും. എന്നാൽ, കവിത നന്നായി വഴങ്ങുന്നവരും ധാരാളമുണ്ടല്ലോ. കവിത ഒരു അനുഭവമാണ്. സമാന്തര സിനിമയുടെ കാര്യവും അങ്ങനെ തന്നെയാണ്. അതാസ്വദിക്കുന്നവരും വെറുക്കുന്നവരും ഉണ്ട്. ഒരു കവിത ധ്വനിപ്പിക്കുന്ന അർത്ഥം തനിക്ക് മനസ്സിലായ രീതിയിൽ ഒരാൾക്ക് മറ്റൊരാളോട് പറഞ്ഞുകൊടുക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, സന്തോഷമുള്ള ദാമ്പത്യ ജീവിതം കഴിക്കുന്ന ജീവിതപങ്കാളികളുടെ കൂടെ ജീവിക്കുന്ന അവരുടെ കുഞ്ഞിന് താൻ അനുഭവിക്കുന്ന സുരക്ഷിതത്വബോധം, അങ്ങനെ യാതൊരു സുരക്ഷിതത്വവുമില്ലാതെ തെരുവിൻ്റെ അനുനിമിഷം മാറുന്ന പരിതസ്ഥിതികൾക്കനുസൃണമായി പമ്മിയും പതുങ്ങിയും ജീവിക്കുന്ന ഒരു കുരുന്നിനോട് എങ്ങനെയാണ് സംവേദിക്കാൻ കഴിയുക?

തിരിച്ചും!?


സുരക്ഷിതത്വവും അരക്ഷിതത്വവും രണ്ടും രണ്ടുതരം അനുഭവങ്ങളാണ്. അല്പമെങ്കിലും അതനുഭവിച്ചിട്ടില്ലാത്തവർക്ക് അത് പറഞ്ഞാൽ മനസ്സിലാവുന്നതല്ല.


ഒരു മരത്തോട്, ഒരു വന്യജീവിയോട് ഒക്കെ സംവേദിക്കാൻ കഴിയുന്നവരുണ്ട്. അതിനെ "വെറും ബഡായി" എന്നുപറഞ്ഞ് തളളിക്കളയുന്നവരുമുണ്ട്. സൃഷ്‌ടപ്രപഞ്ചവുമായും പ്രപഞ്ചനാഥനുമായും അദൃശ്യമെങ്കിലും ശക്തമായ ഒരു സാന്നിധ്യവബോധം സൂക്ഷിക്കുന്നവരുണ്ട്. ഒരു സ്ത്രീയുടെ ശരീരത്തിനകത്ത് ജീവിക്കാത്തിടത്തോളം സ്ത്രീയുടെ അനുഭവങ്ങൾ മനസ്സിലാക്കാൻ ഒരു പുരുഷന് കഴിയുമോ? അങ്ങനെയല്ലെങ്കിൽപ്പോലും ചില പുരുഷന്മാർക്ക് ഒരു സ്ത്രീയുടെ അവസ്ഥ കുറെയെങ്കിലും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എന്നാൽ, എല്ലാവർക്കും അതിനു കഴിയുന്നില്ലതാനും!


എങ്ങനെയാണ് ഒരാൾക്ക് അതിനു കഴിയുകയും മറ്റൊരാൾക്ക് അതിന് കഴിയാതിരിക്കുകയും ചെയ്യുന്നത്? അയാളുടെ മനസ്സിൽ എവിടെയോ ഒരു സെൻസർ അഥവാ ഒരു വ്യോമതന്തുവുണ്ട്. എല്ലാവർക്കും മനസ്സിൽ ആ സെൻസർ ഉണ്ടായെന്നുവരില്ല. ഉണ്ടെങ്കിൽപ്പോലും അതിനെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട് എന്നും വരില്ല. അതുകൊണ്ടാണ് വിശ്വാസം എന്നത് ഒരു 'ദാന'മാണ് എന്ന് വേദഗ്രന്ഥം പറയുന്നത്.

bottom of page