വിശുദ്ധി


എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ഉൾക്കാഴ്ച വിശുദ്ധ ഗ്രന്ഥം മുന്നോട്ടുവക്കുന്ന ഒന്നാണ്. എന്നാൽ, ആരാണ് വിശുദ്ധർ എന്നും എന്താണ് വിശുദ്ധി എന്നുമുള്ള ഉൾക്കാഴ്ചയ്ക്ക് ഒട്ടൊരു കാലത്തേക്ക് മങ്ങലേൽക്കുകയും വിശദീകരണങ്ങൾ വേണ്ടത്ര വ്യക്തതയില്ലാതെ പോവുകയും ചെയ്തിട്ടുണ്ട്. ഇന്നയിന്ന കാര്യങ്ങൾ ചെയ്യുകയും ഇന്നയിന്ന കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യുന്നത് വിശുദ്ധിയായി ഒട്ടൊരു കാലത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. അത് വളരെ നൈയ്യാമികമായ ഒരു കാഴ്ചപ്പാടായിരുന്നു. അതിന് വേണ്ടത്ര പാകത പോരാ എന്നാണ് ഇക്കാലത്ത് മാനവകുലം മനസ്സിലാക്കുന്നത്.
എന്താണ് അഥവാ എന്തിലാണ് നമ്മുടെ വിശുദ്ധി? ദൈവ- മർത്ത്യ-പ്രപഞ്ച ബന്ധങ്ങളിൽ സമന്വിതമായി, വ്യക്തിത്വത്തിന്റെ സമഗ്രതയിൽ വളർന്ന്, സമ്പൂർണ്ണ മാനവനാവുക എന്നതിനെയാണ് വിശുദ്ധി എന്ന് നാം ഇക്കാലത്ത് മനസ്സിലാക്കുന്നത്.
ഒരാൾ ചെയ്തുകൂട്ടുന്ന കാര്യങ്ങളോ, ചൊല്ലിക്കൂട്ടുന്ന പ്രാർത്ഥനകളോ അല്ല അയാളുടെ വിശുദ്ധിയെ നിർണയിക്കുന്ന ഘടകങ്ങൾ, എന്നർത്ഥം.
ഒരാൾക്ക് അത്ഭുത പ്രവർത്തന വരമോ ഭാഷാവരമോ ഉണ്ടോ എന്നതുമല്ല അയാളുടെ വിശുദ്ധിയുടെ നിദാനം.
ഒരാൾ ഏത് മരുഭൂമിയിലോ ഉൾവനത്തിലോ കഴിയുന്നു എന്നതുമല്ല വിശുദ്ധിയുടെ മാനദണ്ഡം.
അയാൾ എത്ര തപശ്ചര്യകൾ അനുഷ്ഠിക്കുന്നു എന്നതും വിശുദ്ധിയിലേക്കുള്ള കൈചൂണ്ടിയാവുന്നില്ല.
ഒരാൾ എങ്ങനെ സമൂഹവുമായി ഇടപെടുന്നു, സമൂഹത്തെ ഏതളവിൽ സ്‌നേഹിക്കുന്നു എന്നത് തീർച്ചയായും വിശുദ്ധിയുടെ മാനദണ്ഡമാണ്. തന്നിൽത്തന്നെ താൻ വെറും ജഡമാണെന്നും ദൈവകൃപയൊന്നു മാത്രമാണ് തന്നിലെ ജീവൽപ്രവാഹമെന്നും വിനയാന്വിതമാകുന്ന തിരിച്ചറിവിൻ്റെ പേരുമാണ് വിശുദ്ധി.

















































































































