top of page

പദവിശീർഷകം

  • Writer: Assisi Magazine
    Assisi Magazine
  • Aug 18
  • 2 min read
Davidic star

യേശുവിനെ ചിലരൊക്കെ "ദാവീദിന്റെ പുത്രാ" എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ആരൊക്കെയാണ് അങ്ങനെ ചെയ്യുന്നത് എന്ന് നോക്കിയാലോ!

ഒന്ന്: ജറീക്കോയുടെ പ്രാന്തപ്രദേശത്തെ ബാർതിമേയസ് എന്ന അന്ധയാചകനാണ് യേശുവിനെ അങ്ങനെ ആദ്യം അഭിസംബോധന ചെയ്യുന്നതായി കാണുന്നത് (മാർക്ക് 10:47). അയാൾ പലതവണ അങ്ങനെ വിളിച്ചുകരഞ്ഞതിനു ശേഷമാണ് യേശു അയാളെ വിളിപ്പിക്കുന്നത്.


രണ്ട്: ഗലീലിയിൽവച്ച് രണ്ട് അന്ധയാചകർ "ദാവീദിന്റെ പുത്രാ" എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കാരുണ്യത്തിനായി യാചിക്കുന്നു. അവൻ തിരിഞ്ഞു നോക്കുന്നില്ല. അവസാനം അവൻ ഭവനത്തിൽ പ്രവേശിച്ചപ്പോൾ അവരും അകത്തുവരുന്നു. അപ്പോഴാണ് യേശു അവരെ സൗഖ്യമാക്കുന്നത് (മത്താ. 9:27).

മൂന്ന്: മത്തായിയുടെ സുവിശേഷത്തിൽ കാനാൻകാരിയായ സ്ത്രീയാണ് ഇതേപോലെ "ദാവീദിന്റെ പുത്രാ" എന്ന് വിളിച്ച് കരയുന്നത്. ഇവിടെയും, യേശു ആദ്യം തിരിഞ്ഞുനോക്കാതെ പോകുന്നതായിട്ടാണ് കാണുന്നത് (മത്താ. 15: 21-28).

ഒന്നല്ല, രണ്ടല്ല, മൂന്ന് സന്ദർഭങ്ങൾ സുവിശേഷകർ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ടെങ്കിൽ, അതും സമാനമായ ഇതര സന്ദർഭങ്ങൾ കാണാനുമില്ലെങ്കിൽ, മേല്പറഞ്ഞ സൂചനകൾക്ക് ഏതെങ്കിലും തരത്തിലുള്ള സാംഗത്യം ഉണ്ടെന്ന് അനുമാനിക്കേണ്ടതല്ലേ?!


ക്രിസ്തു ദാവീദിന്റെ വംശപരമ്പരയിൽ വന്നുപിറക്കും എന്നത് ദൈവവചനത്തിൽ എഴുതപ്പെട്ടിരുന്നു. യേശു ദാവീദിന്റെ വംശപരമ്പരയിൽത്തന്നെയാണ് വന്നുപിറന്നതും. യേശുവിൻ്റെ കാലമാകുമ്പോഴേക്കും "ദാവീദിന്റെ പുത്രൻ" എന്നതിൽ ഒരു 'രാഷ്ട്രീയ രക്ഷകൻ' എന്ന ധ്വനി കൂടുതൽ ശക്തമായി കയറിവന്നിരുന്നു. ചുറ്റുപാടുമുള്ള രാഷ്ട്രീയ പ്രതിയോഗികളെ കീഴ്പ്പെടുത്തി, ദാവീദിന്റെ സിംഹാസനം പുനഃസ്ഥാപിക്കുന്നവൻ ആയിരിക്കും മിശിഹാ എന്ന് യഹൂദ ജനതയിൽ നല്ലൊരുപങ്കും അക്കാലത്ത് വിശ്വസിച്ചിരുന്നു. എന്നാൽ ഭൗതികമായ ഒരു രാഷ്ട്ര പുനർനിർമ്മിതിയല്ല യേശുവിൻ്റെ ലക്ഷ്യമായിരുന്നത്. ഒരുപക്ഷേ, ഇക്കാരണങ്ങളാൽത്തന്നെയാണ് "ദാവീദിൻ്റെ പുത്രൻ" എന്ന രക്ഷക-പദവി നാമത്തെക്കുറിച്ച് യേശുവിന് അസന്തുഷ്ടി തോന്നിയിരുന്നത് എന്നാണ് ഞാൻ കരുതുന്നത്.


ഒരവസരത്തിൽ യേശു ഫരിസേയരെ ഇങ്ങനെ വെല്ലുവിളിക്കുന്നുണ്ട്: ദാവീദ് ഇങ്ങനെ പറയുന്നുണ്ടല്ലോ: "കർത്താവ് എൻ്റെ കർത്താവിനോട് അരുൾച്ചെയ്തു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക് കീഴിലാക്കുവോളം നീ എൻ്റെ വലതുഭാഗത്ത് ഉപവിഷ്ടനാവുക." ഇവിടെ 'എൻ്റെ കർത്താവ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മിശിഹായെയാണ്. ദാവീദിന്റെ പുത്രനാണ് മിശിഹായെങ്കിൽ ദാവീദ് എങ്ങനെയാണ് അവന്റെ പിൻതലമുറയെ "കർത്താവ്" എന്ന് വിളിക്കുന്നത്" - എന്ന് ചോദിച്ചു കൊണ്ട് അത്തരം ഒരു അവകാശവാദത്തെ യേശു ഖണ്ഡിക്കുന്നുണ്ട്. അതുമാത്രമല്ല, ദാവീദ് യാഹൂദികത്വത്തിൻ്റെയും വംശീയ സ്വത്വത്തിൻ്റെയും ഗോത്രബിംബമായി നിലകൊണ്ടു. വംശീയമായ ഏകീകരണത്തിന്റെ ചിഹ്നം. അതുകൊണ്ടുതന്നെ, മതത്തെയും ദേശീയ സ്വത്വപരില്പനയെയും രാഷ്ട്രീയാധികാരവുമായി കൂട്ടിക്കെട്ടുന്നതിനോടും യേശുവിന് വിയോജിപ്പുണ്ടായിരുന്നു എന്ന് മനസ്സിലാക്കണം. പീലാത്തോസിനുമുമ്പിൽ വിചാരണ നേരിടുമ്പോൾ അക്കാര്യം യേശു കൂടുതൽ വ്യക്തമാക്കുന്നുണ്ട്.


എന്നാൽ, കഴുതപ്പുറത്തേറി ജറുസലേമിലേക്ക് രാജകീയ പ്രവേശനം ചെയ്യുന്ന ഘട്ടത്തിൽ "ദാവീദിന്റെ പുത്രന് ഹോസാനാ" എന്നാണ് ശിഷ്യരും ജനാവലിയും ആർത്തുവിളിക്കുന്നതും! അതുപക്ഷേ, യേശു അനുവദിക്കുന്നത് രണ്ട് കാരണങ്ങളാൽ ആവണം.

ഒന്നാമതായി, യഹൂദ നേതൃത്വത്തെ അത് പ്രകോപിപ്പിക്കും എന്ന് യേശുവിന് അറിയാമായിരുന്നു. അതുതന്നെയാണ് ആ ഘട്ടത്തിൽ യേശു ആഗ്രഹിച്ചതും.

രണ്ടാമതായി, ജറൂസലേമിലലക്ക് എത്തിച്ചേരുന്ന തീർത്ഥാടക സംഘമായിരുന്നു അവിടെ ആർപ്പുവിളിക്കുന്നത്. അവർ വിളിച്ചുപറയുന്നതാവട്ടെ, അവർ ചൊല്ലിക്കൊണ്ടുവന്ന 118-ാം സങ്കീർത്തനത്തിൻ്റെ ഒരു ഈരടിയും.


ഒരുകാര്യം വ്യക്തമാണ്: മതത്തെയും മതസാംസ്കാരിക സ്വത്വത്തെയും രാഷ്ട്രീയാധികാരവുമായി കൂട്ടിക്കെട്ടുന്നതിന് യേശു എതിരായിരുന്നു!

bottom of page