അഞ്ചു ചോദ്യങ്ങള്‍
- ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

- Aug 15
- 2 min read

ചോദ്യങ്ങള്‍ ചോദിക്കുവാനുളള കഴിവ് മനുഷ്യന് ദൈവം നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഉത്തരങ്ങള്‍ ഇല്ലാതാവും. ബുദ്ധിയുളള ഏതു മനുഷ്യനും ചോദ്യങ്ങള്‍ ചോദിക്കാം. ദൈവം ഉല്‍പ്പത്തി പുസ്തകത്തില്‍ ചോദിച്ച അഞ്ചു ചോദ്യങ്ങളെ നാം ധ്യാന വിഷയമാക്കുന്നു. എന്നും സകലമനുഷ്യരുടെ മനസ്സാക്ഷിയില്‍ ഉയരുന്ന ചോദ്യങ്ങളാണിത്. ദൈവവഴിയില്‍ നിന്നും മനുഷ്യന്‍ അകലുമ്പോഴാണ് ദൈവം ചോദ്യങ്ങളുയര്‍ത്തുന്നത്. "നീ എവിടെ"? എന്നതാണ് ഒന്നാമത്തെ ചോദ്യം ഓരോ നിമിഷവും ഈ ചോദ്യം മനസാക്ഷിയിലുയരണം. ദൈവം നല്‍കിയ ഈ നിമിഷത്തില്‍ ഞാനെവിടെയാണു നില്‍ക്കുന്നത്? ദൈവം എന്നെ ഏല്‍പ്പിച്ച ഒരു ദൗത്യമുണ്ട്, എന്നെക്കൊണ്ടുളള ദൈവനിയോഗം പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ തിരിച്ചു വിളിക്കപ്പെടും. കോഴിയെ വാങ്ങി വളര്‍ത്തി മുട്ട വിരിയിക്കുവാനുളള ദൗത്യമാണ് എന്‍റേതെങ്കില്‍ ഞാനതു ചെയ്യണം. അതിനു പകരം താറാവിനെ നയിച്ചു എന്നു പറയുന്നതിലര്‍ത്ഥമില്ല. തെങ്ങിന്‍ തോട്ടം കിളയ്ക്കുവാന്‍ വിധിക്കപ്പെട്ടവര്‍ ഓടക്കുഴലൂതി രസിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പാലു കിട്ടുവാന്‍ വേണ്ടി വളര്‍ത്തപ്പെടുന്ന പശു ചാണകം മാത്രം നല്‍കിയാല്‍ എന്തു ഫലം. നല്‍കപ്പെട്ട സമയത്ത് ഏല്പിക്കപ്പെട്ട ദൗത്യങ്ങള്‍ ഭംഗിയായി നിറവേറ്റുക.
നിന്‍റെ സഹോദരനെവിടെ എന്നതാണ് രണ്ടാമത്തെ ചോദ്യം. നമ്മുടെ പരസ്പരബന്ധങ്ങളെക്കുറിച്ച് നാം ധ്യാനിക്കണം. പിണക്കം, വെറുപ്പ്, വിദ്വേഷം, എന്നിവ എന്‍റെ ഉളളിലുണ്ടാകുമ്പോള്‍ പരസ്സ്പരബന്ധങ്ങളില്‍ വിളളലുണ്ടാകുമ്പോള്‍ ഈ ചോദ്യം ഉയരുന്നു. ഭാര്യാഭര്‍തൃബന്ധങ്ങളില്‍, മക്കള്‍ മാതാപിതാക്കള്‍ ബന്ധങ്ങളില്‍ അപസ്വരമുയരുന്നുണ്ടോ?. സഹോദരങ്ങള്‍ക്കിടയില്‍ അയല്‍ബന്ധങ്ങളില്‍ ഈ വിളളല്‍ വീഴുമ്പോള്‍ ഈ ചോദ്യം ഉയരുന്നു. കായേന്‍ ആബേലിനെ വധിച്ചപ്പോള്‍ ദൈവം ചോദിച്ച ചോദ്യമാണിത്. വിദ്വേഷത്തിന്‍റെ ഒരു ചെറിയ കണികയെങ്കിലും ഉളളിലുണ്ടെങ്കില്‍ ഈ ചോദ്യം ആവര്‍ത്തിക്കപ്പെടും. യുദ്ധവും കലഹവും നിറഞ്ഞു നില്‍ക്കുന്ന ആധുനികലോകത്തില്‍ ഈ ചോദ്യം ഏറ്റവും പ്രസക്തമാണ്. എന്‍റെയുളളില്‍ സ്വസ്ഥതയില്ലെങ്കില്‍ എന്‍റെ ചുറ്റുപാടുകളിലും ഇത് പ്രകടമാവും. ലോകമഹായുദ്ധങ്ങള്‍ തുടക്കം കുറിക്കുന്നത് ഒരു വ്യക്തിയുടെ മനസ്സിലാണ്. കലുഷിതമായ മനസ്സാണ് എനിക്കുളളതെങ്കില്‍ എന്‍റെ ചുറ്റുപാടുകളില്‍ അതു വളര്‍ന്നു തുടങ്ങും. സ്നേഹശൂന്യത ഇതിന്‍റെ ശാപമാണ്. സ്ഥാര്‍ത്ഥചിന്തകള്‍ ഇന്നിന്‍റെ അപകടമാണ്. ഓരോ രാത്രിയും കിടക്കാന്‍ പോകുന്നതിന് മുമ്പു ഒരു ആത്മശോധനക്ക് ഞാന്‍ വിധേയനാകണം. പരിശോധിക്കുക, കണ്ടുപിടിക്കുക, ചികിത്സിക്കുക എന്നപ്രക്രിയകളിലുടെ നാം കടന്നുപോകണം.
"നിന്‍റെ മുഖമെന്തിനാണ് വാടിയിരിക്കുന്നത്"? എന്നതാണ് മുന്നാമത്തെ ചോദ്യം. മുഖം മനസ്സിന്‍റെ കണ്ണാടിയാണ് മുഖം നോക്കി മനസ്സുവായിക്കുവാന്‍ നമുക്കു കഴിയും. മനസ്സില്‍ നിരാശയുണ്ടെങ്കില്‍ മുഖം വാടിയിരിക്കും. മനസ്സില്‍ കോപമുണ്ടെങ്കില്‍ മുഖം ഇരുണ്ടിരിക്കും. മനസ്സില്‍ പ്രാര്‍ത്ഥനയുണ്ടെങ്കില്‍ മുഖം പ്രകാശിച്ചിരിക്കും. ആരോടും പങ്കുവെക്കാത്ത നൊമ്പരമുണ്ടെങ്കില്‍ അതു മുഖത്തു കാണാന്‍ കഴിയും. നാളുകളായി ഹൃദയത്തില്‍ ദുഃഖം വഹിച്ചു നടന്നാല്‍ മുഖം ശോകാവൃതമാകും. ഉളളിലൊരു ചിന്തയുമായി മറ്റൊരു കാര്യം സംസാരിക്കുമ്പോള്‍ അതു കാണുന്ന വ്യക്തിക്ക് മനസ്സിലാവും, അപ്പോള്‍ ചോദിക്കുന്ന ചോദ്യമാണ്,"മനസ്സിലെന്താണ്?". ആരോടും ഒന്നും പറയാതെ ഒറ്റക്കിരിക്കുന്ന വ്യക്തിയുടെ മുഖം വാടിയിരിക്കും, ദൈവത്തോടു മാത്രം സംസാരിച്ചിരിക്കുന്ന, ബൈബിളിന്‍റെ മുമ്പിലിരുന്നു ധ്യാനിക്കുന്ന വ്യക്തിയുടെ മുഖം പ്രകാശിച്ചിരിക്കും. താബോര്‍മലയില്‍ പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന യേശുവിന്‍റെ മുഖം പ്രകാശിച്ചിരുന്നു. മുഖം വാടിയിരിക്കുന്നവരോടു സംസാരിക്കണം, അകത്തുളള വേദന പുറത്തു കൊണ്ടുവരണം. മഞ്ഞുതുളളികള്‍ ഉരുകുന്നതു പോലെ നമ്മുടെ നൊമ്പരങ്ങള്‍ അലിഞ്ഞുതീരണം. വാടിപ്പോയ മുഖങ്ങള്‍ പ്രകാശിക്കുന്ന മുഖങ്ങളായി മാറണം.
"നീ എന്തിനാണ് ഇങ്ങനെ കോപിക്കുന്നത്?". കായേനോടു ദൈവം ചോദിക്കുന്ന ചോദ്യത്തില്‍ ചില നല്ല മനുഷ്യരുടെ ബലഹീനതയാണ് മുന്‍കോപം. പൊട്ടിത്തെറിച്ചതിനു ശേഷം ദുഃഖിക്കുന്നവരുണ്ട് സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പു കോപം അസ്തമിക്കണമെന്ന് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കോപത്തോടെയുളള സംസാരം, നോട്ടം, പ്രതികരണം എന്നിവയെല്ലാം നിയന്ത്രിക്കപ്പെടണം. ശാന്തശീലനും വിനീതഹൃദയനുമായ ക്രിസ്തുവിന്‍റെ മാതൃകയില്‍ വളര്‍ന്നു വരണം. അമിതമായ കോപം നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കും. പല പല രോഗങ്ങള്‍ക്കും അതു കാരണമായിത്തീരും. കോപം വെറുപ്പിലേക്കും വെറുപ്പ് പ്രതികാരേച്ഛയിലേക്കും ഒരു വ്യക്തിയെ നയിക്കും. ആഗ്രഹിക്കാത്ത പ്രവര്‍ത്തികളിലേക്കും നാം ചെന്നെത്തും മനസ്സ് ശാന്തമാക്കുക. ആ ശാന്തതയില്‍ ഒരു പുതിയ മനുഷ്യനായി ഞാന്‍ മാറും.
അടിസ്ഥാനപരമായി ഒരു ചോദ്യം വീണ്ടും ഉയരുന്നുണ്ട്, "കഴിക്കരുതെന്ന് ഞാന്‍ കല്പിച്ച വ്യക്ഷത്തിന്‍റെ പഴം നീ തിന്നോ?" വിലക്കപ്പെട്ട കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചില്ലങ്കില്‍ എന്‍റെ ജീവിതം അധഃപതിക്കാം. പത്തുപ്രമാണങ്ങള്‍, ധാര്‍മിക പ്രബോധനങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം, "അരുതു" എന്ന് സഭയും സമൂഹവും പഠിപ്പിച്ചതെല്ലാം പരിഗണിക്കണം. ഈ ചോദ്യങ്ങള്‍ക്കെല്ലാം നന്മനിറഞ്ഞ ഉത്തരങ്ങള്‍ നമുക്കു നല്‍കുവാന്‍ കഴിയട്ടെ.
അഞ്ചു ചോദ്യങ്ങള്‍
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അസ്സീസി മാസിക, ആഗസ്റ്റ് 2026













































































































