top of page

എരിച്ചിൽ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Aug 9
  • 2 min read

ഭയാനകവും അഗ്രാഹ്യവും ആയ പ്രപഞ്ച യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ സ്വന്തം നിസ്സാരത വെളിപ്പെടുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന അനുഭവത്തിൽനിന്ന് ഉടലെടുത്തവയാണ് മനുഷ്യരുടെ ആദിമകാല മതാനുഭവങ്ങൾ ഒക്കെയും എന്നാണ് മതമീമാംസകർ പറഞ്ഞിട്ടുള്ളത്. മോശക്ക് ആദ്യം ദൈവം പ്രത്യക്ഷപ്പെടുന്നത് കത്തിയെരിയുന്ന മുൾച്ചെടിയുടെ രൂപത്തിലായിരുന്നു. പിന്നീട് സീനായ് മലയെയാകമാനം പ്രകമ്പനം കൊള്ളിക്കുകയും, മിന്നൽപ്പിണറുകളുടെയും ഇടിമുഴക്കങ്ങളുടെയും അകമ്പടി വാദ്യങ്ങളോടെയുമാണ് ദൈവം തന്നെത്തന്നെ കാട്ടുന്നത്.


എന്നാൽ പഴയ നിയമത്തിൽത്തന്നെ വളരെ വ്യത്യസ്തമായ ഒരു വെളിപാട് സാഹചര്യവും കാണാനുണ്ട്. "ദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണതയാൽ എരിഞ്ഞ" പ്രവാചകനായിരുന്നു ഏലിയാ. രാജാവായ ആഹാബും രാജ്ഞി ജെസബലും അനീതി പ്രവർത്തിക്കുന്നവരും വിഗ്രഹാരാധന നടത്തുന്നവരും ആയിരുന്നു. അവർ ആരാധിക്കുന്ന ബാൽ ദേവന്റെ പുരോഹിതരെ തന്നോടൊപ്പം ബലിയർപ്പിക്കാൻ ഏലിയാ വെല്ലുവിളിക്കുന്നു. കാളയെ കൊന്ന് ബലിപീഠത്തിൽ അടുക്കിവച്ച് ദിവസം മുഴുവൻ അവർ 450 പേർ ആർത്തുവിളിച്ചു കരഞ്ഞിട്ടും ബലി സ്വീകൃതമാകുന്നതിന്റെ ലക്ഷണം ഒന്നുമുണ്ടായില്ല. അതിനുശേഷം ഏലിയാ അവിടെ കാർമൽ മലയിൽ ഒരു ബലിപീഠം ഉണ്ടാക്കി അതിനുചുറ്റും തടംകോരി, ഒരു കാളയെ കൊന്ന് രണ്ടാക്കിപകുത്ത് പരസ്പരം അഭിമുഖമായി വച്ചശേഷം അതിന്മേലും ബലിപീഠത്തിന്മേലും ചുറ്റുമുള്ള തടംനിറയുവോളവും വെള്ളം കോരിഒഴിപ്പിച്ചശേഷം ദൈവത്തോട് പ്രാർത്ഥിക്കുകയും തൽക്ഷണം ആകാശത്തുനിന്ന് അഗ്നിയിറങ്ങി അത് മുഴുവൻ ദഹിപ്പിക്കുകയും ചെയ്തു. അങ്ങനെ "ബാൽ" കള്ള ദൈവമാണെന്ന് ഏലിയാ സ്ഥാപിക്കുന്നു. ഇത്രവരെ മിക്കവാറും വായനക്കാരൊക്കെ അദ്ദേഹത്തിന് കൈയ്യടിക്കും. എന്നാൽ ഈ കള്ള പ്രവാചകന്മാരെ ഒന്നിനെയും വെറുതെ വിട്ടുകൂടാ എന്ന് അദ്ദേഹം പറയുന്നതോടെ കണ്ടുനിന്ന ജനം അവരെ പിന്തുടർന്ന് ബാലിന്റെ പുരോഹിതരെ മൊത്തം വധിച്ചു കളയുന്നു. എന്നാൽ, ഇതൊന്നും ആഹാബിൻ്റെയും ജെസബലിന്റെയും അന്യ ദൈവവിശ്വാസത്തെ തകർക്കുന്നില്ല, എന്നുമാത്രമല്ല അതവരെ പ്രകോപിപ്പിക്കുകയുമാണ് ഉണ്ടായത്. താൻ ഉടൻ കൊല്ലപ്പെടും എന്ന് മനസ്സിലാക്കുന്ന ഏലിയാ ജീവനുംകൊണ്ട് ഓടുകയാണ്. അവസാനം ഹോറേബ് മലയിൽ ഒരു ഗുഹയിൽ അയാൾ ഒളിക്കുന്നു. അതേ, ഹോറേബ് മല എന്നാൽ പഴയ സിനായ് മല തന്നെ.


അവിടെ ഏലിയാക്ക് ദൈവം പ്രത്യക്ഷപ്പെടുന്നു. ആദ്യം മലകൾ പിളർന്നും പാറകൾ തകർത്തുംകൊണ്ട് കൊടുങ്കാറ്റ് ഉണ്ടാകുന്നു; എന്നാൽ, കൊടുങ്കാറ്റിൽ കർത്താവില്ലായിരുന്നു. അതിനുശേഷം ഒരു ഭൂകമ്പം ഉണ്ടായി; എന്നാൽ ഭൂകമ്പത്തിലും കർത്താവില്ലായിരുന്നു. അനന്തരം വലിയ അഗ്നി ഉണ്ടായി; അഗ്നിയിലും കർത്താവില്ലായിരുന്നു. അഗ്നി അടങ്ങിയപ്പോൾ ഒരു മൃദുമന്ത്രണം കേട്ടു. അപ്പോൾ ഏലിയാ മേലങ്കികൊണ്ട് മുഖംമറച്ചു! അയാളുടെ പ്രതീക്ഷിച്ചതിൽനിന്ന് വിഭിന്നമായ ദൈവത്തെയാണ് അയാൾ കണ്ടുമുട്ടുന്നത്!


പഴയ രീതിയിലാണെങ്കിൽ കൊടുങ്കാറ്റിൽ, ഭൂകമ്പത്തിൽ, അഗ്നിയിൽ ഒക്കെയാണ് കർത്താവ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ, "കർത്താവിനെക്കുറിച്ചുള്ള തീക്ഷ്ണതയാൽ" ഇത്രകണ്ട് മതഭ്രാന്ത് പിടിച്ച ഏലിയാക്ക് മുമ്പിൽ ദൈവം സ്വയം വെളിപ്പെടുത്തുന്നത് കൊടുങ്കാറ്റോ ഭൂകമ്പമോ അഗ്നിയോ ആയിട്ടല്ല, ഒരു 'മൃദുമന്ത്രണ'മായിട്ടാണ്!


സ്വയം വെളിപ്പെടുത്തുന്നതിന് മുമ്പും വെളിപ്പെടുത്തിയതിന് ശേഷവും ദൈവം ഒരേ ചോദ്യം ഏലിയായോട് ചോദിക്കുന്നുണ്ട്: "ഏലിയാ, നീ എന്താ ഇവിടെ?"

ദൈവം സ്വയം വെളിപ്പെടുത്തിയതിന് മുമ്പ് അയാൾ പറഞ്ഞതുതന്നെയാണ് മൃദുമന്ത്രണമായി ദൈവം സ്വയം വെളിപ്പെടുത്തിയതിനു ശേഷവും ഏലിയായുടെ ഉത്തരം: "സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുകയാണ്. ഇസ്രായേൽ ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവർ അങ്ങയുടെ ബലിപീഠങ്ങൾ തകർക്കുകയും അങ്ങയുടെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാൻ മാത്രമേ ശേഷിച്ചിട്ടുള്ളൂ."

സൈന്യങ്ങളുടെ ദൈവത്തോടുള്ള തീക്ഷ്ണത അന്ധതയും മോഹഭംഗവും നിരാശയും ഏകാകിത്തവും സ്വയം നീതീകരണവും ആയി പരിണമിച്ചിരുന്നു, അയാളിൽ.


ഒത്തിരി ബുദ്ധിമുട്ടിക്കാതെ ദൈവം പറയുന്നത് നീ ഉടനെ ഷഫാത്തിൻ്റെ മകൻ ഏലീഷായെ നിനക്കുപകരം പ്രവാചകനായി അഭിഷേകം ചെയ്യുക എന്നാണ്!

bottom of page