സന്ന്യാസികം


ഒരു സന്ന്യാസിക്ക് ആധുനിക നാഗരികതയുമായി എന്ത് ബന്ധമാണുള്ളത്?
ഒരുപാടുണ്ട്.
പൊതുവർഷം 480-ലാണ് ബെനഡിക്റ്റ് ജനിക്കുന്നത്. 547-ൽ മരിച്ചു.
അതെ. ഞാൻ പറയുന്നത് നുർസിയയിലെ വിശുദ്ധ ബെനഡിക്റ്റിനെക്കുറിച്ചാണ്. പാശ്ചാത്യ ആശ്രമ സന്ന്യാസത്തിന്റെ പിതാവ് എന്നുകൂടി അറിയപ്പെടുന്ന വി. ബെനഡിക്റ്റ്, ആശ്രമവാസികളായ സന്ന്യാസികൾക്കായി ഒരു നിയമാവലി എഴുതിയ ആളായിരുന്നു. ബെനഡിക്റ്റൈൻ ജീവിതം നയിക്കാനായി നിരവധി പേർ മൂന്നോട്ടുവന്നു. അങ്ങനെ യൂറോപ്പിന്റെ പല ഭാഗങ്ങളിലും വലിയ ബെനഡിക്റ്റൈൻ ആശ്രമങ്ങൾ ഉണ്ടായിവന്നു.
വി. ബെനഡിക്റ്റിനെയാണ് യൂറോപ്പിന്റെ സ്വർഗ്ഗീയ മധ്യസ്ഥനായി കണക്കാക്കുന്നത്. അത് എന്തുകൊണ്ടാണ്?
പല സാമൂഹികശാസ്ത്രജ്ഞരും വിശുദ്ധ ബെനഡിക്റ്റിനെയാണ് യൂറോപ്യൻ നാഗരികതയുടെ ആവിർഭാവത്തിന് നിദാനമായി പരിഗണിക്കുന്നത്. ഒന്നാമതായി, മധ്യകാലത്തിൻ്റെ പൂർവ്വഘട്ടത്തിൽ പുരാതന ഗ്രീക്ക്, റോമൻ, ക്രിസ്ത്യൻ ഗ്രന്ഥങ്ങളെ കൈകൊണ്ട് പകർത്തി രക്ഷിച്ചവരാണ് ആശ്രമസന്ന്യാസത്തിലെ 'സ്ക്രിപ്റ്റോറിയ' എന്നറിയപ്പെടുന്ന പകർപ്പെഴുത്തുകാർ. രണ്ടാമതായി, ഒരു ലിഖിതനിയമാവലി, നിയമവാഴ്ച, ആശ്രമസമൂഹജീവിതം പലയിടത്തായി വികേന്ദ്രീകൃതമായിരിക്കുമ്പോഴും ഘടനാപരമായ ഭരണം എന്നിവ പ്രാവർത്തികമാക്കിക്കൊണ്ട് അവർ യൂറോപ്പിന് ഒരു നാഗരിക മാതൃക പകർന്നുനല്കി.
സ്കൂൾ വിദ്യാഭ്യാസം, സാക്ഷരത, സമൂഹ സ്ഥിരത എന്നിവയ്ക്കുള്ള പ്രാദേശിക കേന്ദ്രങ്ങളായി മാറി, അങ്ങിങ്ങായി ഉണ്ടായിരുന്ന ആശ്രമങ്ങൾ. 'ഓറ എത് ലബോറ' (പ്രാർത്ഥനയും അധ്വാനവും) എന്നതായിരുന്നു വി. ബെനഡിക്ടിന്റെ ആപ്തവാക്യം. അറപ്പില്ലാതെ ഏത് തരം അധ്വാനവും ചെയ്യാനും, ചെയ്യുന്ന കാര്യങ്ങൾ ആത്മസമർപ്പണ ബുദ്ധിയോടെ ചെയ്യാനും യൂറോപ്പിലെ ജനങ്ങളെ അവർ വ്യാപകമായി പ്രചോദിപ്പിച്ചു. അവർ ആവിഷ്കരിച്ച കാർഷിക രീതികൾ ജനങ്ങൾ പകർത്തുകയും അവരവരുടെ കാർഷിക പരീക്ഷണങ്ങളിലൂടെ പുതിയ കാർഷിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്തു. തരിശുനിലങ്ങളും വറ്റിയ ചതുപ്പുനിലങ്ങളും കൃഷിക്ക് ഉപയുക്തമായി വീണ്ടെടുക്കാനും അങ്ങനെ നാട്ടിലുടനീളം പട്ടിണി ഇല്ലായ്മ ചെയ്യാനും അവർക്ക് സാധിച്ചു.
കൂടുതൽ ഹൃദ്യമായ ആരാധനകളിലും പ്രാർത്ഥനകളും പങ്കെടുക്കുന്നതിന് ക്രൈസ്തവർ സ്വാഭാവികമായും ആശ്രമങ്ങളിലേക്ക് ഒഴുകിയെത്തി. ആശ്രമസന്ന്യാസികൾ അവരുടെ ജീവിതത്തിൽ പുലർത്തിയ അച്ചടക്കമനോഭാവം ജനത്തെ ഏറെ സ്വാധീനിച്ചു. ചുരുക്കത്തിൽ, ക്രിസ്ത്യൻ യൂറോപ്പ് അതിന്റെ നാഗരികതയുടെ അടിസ്ഥാന ഘടകങ്ങൾക്കധികവും വി. ബെനഡിക്ടിനോടും ആദ്യകാല ബെനഡിക്റ്റൈൻസിനോടും കടപ്പെട്ടിരിക്കുന്നു.
ഒരു സന്ന്യാസിക്കുപോലും ഒരു ലോകത്തെ നിർമ്മിച്ചെടുക്കാൻ കഴിയും!

















































































































