ഫ്രാന്‍സിസ് എന്ന പുസ്തകം


ഫ്രാന്‍സിസ് ദൈവത്തിലേക്കുള്ള കുറുക്കുവഴി തേടിയ ലളിതനായ ഒരു മനുഷ്യനായിരുന്നു. ദൈവത്തെ തിരയുന്നവര്‍ക്കും തേടുന്നവര്‍ക്കും കൈപ്പുസ്തകമായിത്തീര്‍ന്ന മനുഷ്യന്‍. തന്‍റെ കാലത്ത് ക്രിസ്തുവിന്‍റെ പരിമളമായി മാറിയവന്‍. ക്രിസ്തുവിന്‍റെ മണമുള്ള ആ കുറിയ മനുഷ്യനെ ഒടുവില്‍ ദൈവം ക്രൂശിതനായ ക്രിസ്തുവിന്‍റെ സ്നേഹമുദ്രകളാല്‍ മുദ്രയിട്ടു.
നിസ്സാരമായ ഇടങ്ങളിലും നിസ്സാരരായ മനുഷ്യരിലും സ്വയം വെളിപ്പെടുത്തുന്ന, ലോകത്തിന്‍റെ കണക്കില്‍ തീരെ നിസ്സാരനായി ഈ ഭൂമിയിലൂടെ കടന്നുപോയ ക്രിസ്തുവിനെ ഫ്രാന്‍സിസ് കണ്ടെത്തി. ലളിതമായവയിലും ലോകദൃഷ്ടിയില്‍ വിലയില്ലാത്തവയിലും വസിക്കുന്നവനെ അഗാധമായി സ്നേഹിച്ച അസ്സീസിയിലെ ആ ചെറിയ സഹോദരന്‍ ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി മാറി. ദൈവത്തിലേക്കുള്ള ഒരു കുറുക്കുവഴിയായി.
ഫ്രാന്‍സിസ് ഒരു പുസ്തകമാണ്. സ്നേഹം തണുത്തുറയുന്നു എന്നു തോന്നുമ്പോള്‍, ക്രിസ്തീയ ജീവിതം അസാധ്യമെന്നോ അര്‍ത്ഥരഹിതമെന്നോ തോന്നുമ്പോള്‍ എടുത്തുവെച്ച് വായിക്കേണ്ട പുസ്തകം. ഓരോ കാലത്തേക്കും വേണ്ടിയുള്ള പാഠങ്ങള്‍ ആ പുസ്തകത്തിലുണ്ട്. പുറംതാളിന്‍റെ ഭംഗിയില്‍ മാത്രം രമിച്ചുനില്‍ക്കാതെ ഊളിയിട്ട് അതിന്‍റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ട പുസ്തകം. എങ്ങനെ സ്നേഹിക്കണമെന്ന്ദൈവത്തെയും മനുഷ്യരെയുംഅവിടെനിന്ന് നമുക്ക് പഠിക്കാം.
സ്നേഹത്തിന്‍റെ ആകാശത്തിലേക്ക് പറന്നുയരുമ്പോള്‍ അതിര്‍ത്തികള്‍ ഇല്ലാതാകുന്നു. മതമോ സംസ്കാരമോ ദേശമോ ഭാഷയോ ഒന്നും സ്നേഹത്തിന്‍റെ മുമ്പില്‍ തടസ്സങ്ങളാകുന്നില്ല എന്ന പ്രായോഗിക ജ്ഞാനം ഫ്രാന്‍സിസ് എന്ന പുസ്തകത്തില്‍നിന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാം.
ക്രിസ്തുവിനെ കണ്ടെത്തിയ മനുഷ്യന്‍
ഫ്രാന്‍സിസിന്‍റെ കാലത്ത് ദൈവത്തിലേക്കും പുണ്യപൂര്‍ണതയിലേക്കുമുള്ള വഴി അംബരചുംബികളായ ദൈവാലയങ്ങളുടെ മധ്യേകൂടിയും ഭണ്ഡാരങ്ങളില്‍ വീഴുന്ന പണക്കിലുക്കത്തിലൂടെയും റോമിനുവേണ്ടിയുള്ള യുദ്ധങ്ങളിലൂടെയും മറ്റുമാണെന്ന് വിശ്വസിച്ചിരുന്ന ഒരു ലോകമുണ്ടായിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് മറ്റൊരു വഴി കണ്ടു.
ഉപേക്ഷിക്കപ്പെട്ട പള്ളികളിലും ചുറ്റുമുള്ള പ്രകൃതിയിലും ദരിദ്രരായ മനുഷ്യരിലും സമൂഹത്തിന്‍റെ വിളുമ്പിലേക്കു തള്ളപ്പെട്ടവരിലും ലോകം വിലകുറച്ച് കണ്ട നിസ്സാരങ്ങളിലുമെല്ലാം ഫ്രാന്‍സിസ് ദൈവികചൈതന്യം ദര്‍ശിച്ചു. അവയെല്ലാം അദ്ദേഹത്തിന് ദൈവത്തിലേക്കുള്ള വഴികളായി.
ക്രിസ്തുവായിരുന്നു എല്ലാറ്റിലും ഫ്രാന്‍സിസിന്‍റെ മാതൃക. അവന്‍ നടന്ന വഴിയിലൂടെ നടക്കാന്‍ ഫ്രാന്‍സിസ് പരിശ്രമിച്ചു. "അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു" (1 യോഹ. 2:6) എന്ന വചനം ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ അതിശയകരമായി തെളിഞ്ഞുകാണാം.
ക്രിസ്തുവിനെക്കുറിച്ചുള്ള ധ്യാനത്തിലും അവിടുത്തോടുള്ള സ്നേഹത്തിലും ഫ്രാന്‍സിസ് ആഴപ്പെട്ടു. ക്രിസ്തുവിലൂടെ ഭൂമിക്കു ലഭിച്ച ദൈവികമായ സ്നേഹത്തെയും പ്രകാശത്തെയും കുറിച്ച് അദ്ദേഹം ധ്യാനിച്ചു. ദൈവസ്നേഹത്തിന്‍റെ പൂര്‍ണത ക്രിസ്തുവില്‍ അദ്ദേഹം ദര്‍ശിച്ചു. മനുഷ്യരോടുള്ള സ്നേഹത്തെപ്രതി അവിടുന്ന് സഹിച്ച പീഡകളും വേദനയും നിന്ദയും അപമാനവും ഫ്രാന്‍സിസിന്‍റെ ധ്യാനവിഷയങ്ങളായി.
ക്രിസ്തുവിനെപ്പോലെ ലാളിത്യത്തിലും ദാരിദ്ര്യത്തിലും ചെറുതായിത്തീരുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ദൈവം പിതാവാണെന്ന തിരിച്ചറിവോടെ പൂര്‍ണമായി ദൈവപരിപാലനയില്‍ അഭയം തേടി. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം ജീവിതംകൊണ്ട് പകര്‍ന്നുനല്‍കി.
വിളുമ്പിലുള്ള ക്രിസ്തു
ക്രിസ്തുവിനെ കണ്ടെത്തിയ ഫ്രാന്‍സിസ് ക്രിസ്തു സ്നേഹിച്ചവരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്നു. സമൂഹത്തിന്‍റെ വിളുമ്പിലേക്ക് ഇറങ്ങിച്ചെന്ന് കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനും പരിചരിക്കാനും ഫ്രാന്‍സിസും സഹോദരന്മാരും തുടങ്ങി.
ലോകം അകറ്റിനിര്‍ത്തിയ മനുഷ്യരില്‍ അവര്‍ ക്രിസ്തുവിനെ കണ്ടു. അവരോടൊപ്പം ആയിരിക്കുമ്പോള്‍ ലഭിച്ച ആനന്ദവും അവിടെനിന്ന് അനുഭവിച്ച ദൈവസ്നേഹവുമാണ് 'നിസാര സഹോദരസമൂഹ'ത്തിന്‍റെ ആദ്യത്തെ മൂലധനം. ദരിദ്രനും രോഗിയും ഉപേക്ഷിക്കപ്പെട്ടവനും അനാഥനും സമൂഹത്തിന്‍റെ കണ്ണില്‍ നിസ്സാരനുമായ മനുഷ്യന്‍ ഫ്രാന്‍സിസിന് ക്രിസ്തുവിലേക്കുള്ള ഒരു വാതിലായി.
സ്നേഹത്തിന്‍റെ വഴിയിലൂടെ കുരിശിലേക്ക്
സാന്‍ ഡാമിയാനോ പള്ളിയില്‍വെച്ചുണ്ടായ ആഴമായ സ്നേഹാനുഭവം എല്ലാം ഉപേക്ഷിച്ച് ക്രൂശിതനായ ക്രിസ്തുവിനെ സ്വന്തമാക്കാനും ദൈവത്തിന്‍റെ സ്വന്തമായി തീരാനും ഫ്രാന്‍സിസിനെ പ്രചോദിപ്പിച്ചു. ക്രൂശിതനായ ക്രിസ്തുവിനെ ഫ്രാന്‍സിസ് ആഴമായി സ്നേഹിച്ചു. ക്രൂശിതനില്‍ ദൈവസ്നേഹത്തിന്‍റെ ഔന്നത്യവും ആഴവും വ്യാപ്തിയും അദ്ദേഹം ദര്‍ശിച്ചു.
ആ സ്നേഹത്തിന്‍റെ ഒരു പൊരിയെങ്കിലും തന്‍റെ ഉള്ളിലും കത്തിജ്വലിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. യേശു കുരിശില്‍ സഹിച്ച വേദന തനിക്കും അനുഭവിച്ചറിയണമെന്നും മനുഷ്യവംശത്തോടു അവിടുത്തേക്കുണ്ടായിരുന്ന അഗാധമായ സ്നേഹം താനും അറിയണമെന്നും ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയുടെ ഉത്തരമായി 1224 സെപ്റ്റംബര്‍ 14-ന്, വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളില്‍, ലാ വേര്‍ണ മലയില്‍വെച്ചു, ഒരു സെറാഫിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ക്രൂശിതന്‍ തന്‍റെ സ്നേഹമുദ്രകള്‍ ഫ്രാന്‍സിസിനു സമ്മാനിച്ചു. ക്രിസ്തുവിനെപ്പോലെയാകാനുള്ള അദ്ദേഹത്തിന്‍റെ അധമ്യമായ ആഗ്രഹത്തിന് ലഭിച്ച അത്ഭുതകരമായ മുദ്രയായിരുന്നു പഞ്ചക്ഷതങ്ങള്‍.
ഫ്രാന്‍സിസ് തന്‍റെ ജീവിതംകൊണ്ട് യേശുവിന്‍റെ സുവിശേഷം പ്രസംഗിച്ചു. വാക്കുകളേക്കാള്‍ ശക്തമായി അദ്ദേഹത്തിന്‍റെ ജീവിതം സുവിശേഷമായി മാറി. ക്രിസ്തുവിനെപ്രതി ലാളിത്യത്തിലും ദാരിദ്ര്യത്തിലും കഷ്ടതകളിലും സ്നേഹത്തോടെ ജീവിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. ഒടുവില്‍ ക്രൂശിതനായ ക്രിസ്തുവിന്‍റെ സ്നേഹമുദ്രകള്‍ തന്നെ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പതിഞ്ഞു.
എട്ട് നൂറ്റാണ്ടുകള്‍ക്കിപ്പുറം
ഫ്രാന്‍സിസ് എന്ന പുസ്തകം ഇന്നും തുറന്നിരിക്കുന്നു. അതിന്‍റെ ഓരോ താളിലും സുവിശേഷത്തിന്‍റെ ഗന്ധമുണ്ട്. ദാരിദ്ര്യത്തില്‍, ഉപേക്ഷിക്കപ്പെട്ടവരില്‍ ക്രിസ്തുവിനെ കണ്ടെത്തിയ മനുഷ്യന്‍റെ കഥ. ക്രൂശിതനായ ക്രിസ്തുവിന്‍റെ സ്നേഹമുദ്രകള്‍ ശരീരത്തില്‍ വഹിച്ച മനുഷ്യന്‍റെ കഥ.
എന്നാല്‍ ഫ്രാന്‍സിസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആഘോഷിക്കുന്നതില്‍ മാത്രം അദ്ദേഹത്തിന്‍റെ പ്രസക്തി അവസാനിക്കുന്നില്ല. ഫ്രാന്‍സിസിന്‍റെ ജീവിതം നമ്മെ ചോദ്യം ചെയ്യുന്നുണ്ട്:
"നമ്മുടെ കാലത്ത് ക്രിസ്തുവിനെ എവിടെയാണ് നാം അന്വേഷിക്കുന്നത്?"
"സുവിശേഷത്തെ കേള്‍ക്കുന്നതില്‍നിന്ന് അതു ജീവിക്കുന്നതിലേക്കുള്ള യാത്രയില്‍ നാം എവിടെയെത്തി നില്‍ക്കുന്നു?"
എട്ടു നൂറ്റാണ്ടുകള്‍ക്കു പിന്നില്‍നിന്നും ഫ്രാന്‍സിസ് എന്ന ദൈവത്തിന്‍റെ സ്വന്തം ഉപമ നമ്മെ വിളിക്കുന്നു. പുറംതാളിന്‍റെ ഭംഗിയില്‍ മാത്രം രമിച്ചുനില്‍ക്കാതെ ആ പുസ്തകത്തിന്‍റെ ഉള്ളിലേക്ക് ഊളിയിടാന്‍. ക്രിസ്തുവിനെ വീണ്ടും കണ്ടെത്താന്‍. സ്നേഹിക്കാന്‍ വീണ്ടും പഠിക്കാന്‍. സുവിശേഷത്തെ വീണ്ടും ജീവിക്കാന്‍.
ഫ്രാന്‍സിസ് നമ്മെ ക്ഷണിക്കുന്നത് സുവിശേഷത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്കിലേക്കാണ്.
ഫ്രാന്‍സിസ് എന്ന പുസ്തകം
റോണി കിഴക്കേടത്ത്
അസ്സീസി മാസിക, സെപ്റ്റംബർ 2026

















































































































