തോണിക്കാരൻ
- George Valiapadath Capuchin

- 2 days ago
- 1 min read

ഒരു പൊടിമീൻപോലും വലയിൽ കുടുങ്ങാതെപോയ ആ രാത്രി ഒരു ആകസ്‌മികതയായിരുന്നു എന്ന് തോന്നുന്നുണ്ടോ? ആ പ്രഭാതത്തിൽ ആ തടാകക്കരയിൽ അയാൾ അവിടെത്തന്നെ വന്നതും ഒരു ആകസ്മികത യായിരുന്നു എന്ന് തോന്നുന്നുണ്ടോ? രാവിലെത്തന്നെ അത്രയും ജനം അവിടെ വന്നുചേർന്നതും ഒരു യാദൃച്ഛികതയായിരുന്നു എന്ന് തോന്നുന്നുണ്ടോ? രണ്ടു തോണികൾ അവിടെ ഉണ്ടായിരുന്നിട്ടും, ഭഗ്നാശരായ മീൻപിടുത്തക്കാർ രണ്ടിലും ഉണ്ടായിരുന്നിട്ടും, അവൻ ശിമയോൻ്റെ തോണിയിലേക്ക് കയറിയതും യാദൃച്‌ഛികതയായിരുന്നോ?
ഒന്നും അല്ല കേട്ടോ.
വൃഥാധ്വാനത്തിൻ്റെ ഈ രാവിലേക്കാണ് ശിമയോൻ അവൻ്റെ അമ്മയുടെ ഉദരത്തിൽ ഉരുവായതുതന്നെ!
ശിമയോൻ്റെ വള്ളം ശിമയോൻ്റെ ജീവിതമാണ്. അവൻ വന്നു കയറുംമുമ്പുള്ള ശിമയോനായിരുന്നു ഒരു പരൽമീൻതിളക്കം പോലുമില്ലാതിരുന്ന ആ രാവ്. ആ രാവിലും വിദൂരതയിൽനിന്ന് അവൻ്റെ കണ്ണുകൾ ശിമയോനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
തോണിയിലേക്ക് അവൻ വന്നുകയറിയതിനുശേഷം കരയിൽനിന്ന് തോണിയല്പം മാറ്റിയിടേണ്ടിവന്നുവെങ്കിലും, അവൻ പ്രസംഗിച്ചുനടന്ന കാലമത്രയും ശിമയോൻ അവൻ്റെ വല വൃത്തിയാക്കിയെടുക്കുകയായിരുന്നു. വല മുഴുവൻ വൃത്തിയാക്കിയില്ല എന്ന് തിരിച്ചറിയുമ്പോഴാണ് ശേഷിച്ച ഭാഗം കൂടി വൃത്തിയാക്കാനായി മൂന്നുവർഷത്തിനുശേഷം അയാൾ കടലിലേക്ക് എടുത്തുചാടിയത്!
തൻ്റെ വല വൃത്തിയാക്കിയ ശിമയോനെയും കൂട്ടിക്കൊണ്ടാണ് ആദ്യം ജറൂസലേമിലേക്കും അന്ത്യോക്യയിലേക്കും റോമിലേക്കും കൂടുതൽ കൂടുതൽ ആഴത്തിലേക്ക് അവൻ പോകുന്നത്!
വള്ളം നിറച്ചുകഴിയുമ്പോൾ അയാൾ വള്ളമുപേക്ഷിക്കും; വലയുപേക്ഷിക്കും: മീനെ ഉപേക്ഷിക്കും. പിന്നെ, മനുഷ്യരെ പിടിക്കാനായി അവൻ്റെ പിന്നാലെ പോകും!
















































































































