top of page

പിച്ചവെപ്പ്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Aug 12
  • 1 min read
A child learning to walk

ദൈവാന്വേഷണം ആരംഭിക്കുന്നത് ദൈവവിളിയിൽ നിന്നാണ്. ദൈവവിളി നമ്മിൽ വിശ്വാസം പകരും. ആ ആദിമ വിശ്വാസം നമ്മെ കുറേദൂരം മുന്നോട്ടു നടത്തും. കാര്യകാരണ ബന്ധത്തിൻ്റെ ഉറപ്പുള്ള ഭൂമിയിലായിരിക്കില്ല അപ്പോൾ നമ്മുടെ സഞ്ചാരം. കുഴഞ്ഞുമറിച്ചിൽ നമ്മുടെ ലോകത്തിന്റെയും നമ്മുടെ അവസ്ഥയുടെയും അവിഭാജ്യതയാണ്. പക്ഷേ, ഒരു ഘട്ടത്തിൽ ചുറ്റുപാടുമുള്ള കുഴഞ്ഞുമറിച്ചിലും നമ്മിലെ യുക്തിചിന്തയും കാര്യങ്ങളുടെ ഉറപ്പില്ലായ്മയും നമ്മുടെ വിശ്വാസത്തെ പിടിച്ചുകുലുക്കുകതന്നെ ചെയ്യും. അപ്പോൾ യാതൊരു പിടിവള്ളിയുമില്ലാതെ നാം നിലയില്ലാക്കയത്തിലേക്ക് ആണ്ടുപോകും.


ഒന്നുകിൽ അവിടെവച്ച് നമുക്ക് ദൈവാന്വേഷണം അവസാനിപ്പിക്കാം. അല്ലെങ്കിൽ വർദ്ധിതമായ ദാഹത്തോടെ ദൈവത്തെ വിളിച്ച് കരയാം. ദൈവമാണോ നമ്മെ ചാടിപ്പിടിക്കുന്നത് നാമാണോ ദൈവത്തെ ചാടിപ്പിടിക്കുന്നത് എന്നത് തീർത്തും അപ്രധാനമാണ്. വിശ്വാസത്തിൽ അവിശ്വസനീയമാംവിധം ചുവടുവെപ്പിച്ച ശേഷം ദൈവം നമ്മെ വിശ്വാസപൂർണ്ണമായലൗകിക ജീവിതത്തിൻ്റെ തോണിയിലേക്ക് തിരിച്ചെത്തിക്കും. പിന്നീടുള്ള നമ്മുടെ പ്രയാണം തെളിമയുള്ളതായിരിക്കും. ഇങ്ങനെ വിശ്വാസാധിഷ്ഠിതമായ ആത്മീയ ജീവിതത്തിന്റെ ഒരു അന്യാപദേശമായി പത്രോസിന്റെ കടലിന്മേൽനടപ്പിനെ കാണാം എന്നുതോന്നുന്നു.

bottom of page