ചിരി മാഞ്ഞ ലാഫിംഗ് വില്ലയും ചിരിക്കാന്‍ മറന്ന അമ്മമാരും
- വിനീത് ജോണ്‍

- 6 days ago
- 3 min read

1969ല്‍ ഗംഗാധരന്‍റേയും, കൗസല്യയുടേയും മകനായി ജനനം. അവിശ്വാസിയായിരുന്ന ഗംഗാധരന്‍ മകന് സലിം എന്ന് പേരിട്ടു. മകന്‍റെ മതം പേരില്‍ നിന്നും മനസ്സിലാക്കരുത് എന്ന ഉദ്ദേശത്തോടെയായിരുന്നു ആ ഉദ്യമം. സലിമിനെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ഒരു സര്‍നെയിം വേണമെന്ന സ്കൂളിന്‍റെ ആവശ്യത്താലാണ് പിന്നീട് കുമാര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കപ്പെടുന്നത്. ചിറ്റാട്ടുകരയിലുള്ള ഗവണ്‍മെന്‍റ് എല്‍. പി. സ്കൂളില്‍ നിന്നും ആരംഭിച്ച ആ വിദ്യാഭ്യാസ ജീവിതം ഒടുവില്‍ മഹാരാജാസ് കോളേജില്‍ മലയാളം ബിരുദ വിഭാഗത്തിലെത്തി. അക്കാലയളവില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ യുവജനോത്സവ വേദിയില്‍ നിന്നും മിമിക്രി മത്സരങ്ങളുടെ അമരക്കാരനായി കുറിക്കപ്പെട്ടത് സലിം കുമാര്‍ എന്ന് പേര് മാത്രമായിരുന്നു. ശേഷം മഹാരാജാസില്‍ നിന്നും കലാഭവനിലേയ്ക്ക് ചേക്കേറി. പിന്നീട് കലാഭവന്‍ വിട്ടു കൊച്ചിന്‍ സാഗര്‍. അക്കാലത്തുതന്നെ കൊച്ചിന്‍ ആരതി തിയേറ്റേഴ്സിനൊപ്പം നാടകത്തിലും പ്രവര്‍ത്തിച്ചു തുടങ്ങി. തൊണ്ണൂറുകളുടെ അന്ത്യപാദത്തിലാണ് കേരളത്തില്‍ ഏഷ്യാനെറ്റ് എന്ന സ്വകാര്യ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതില്‍ കോമിക്കോള എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി അയാള്‍ ടി. വി. ക്യാമറയ്ക്ക് മുന്നിലെത്തി.
സാദ്ദിഖ് ഷമീര്‍ സംവിധാനം ചെയ്ത് 1996ല്‍ റിലീസ് ചെയ്ത സിനിമയിലൂടെ ആദ്യമായി അയാള്‍ സിനിമ ക്യാമറയ്ക്ക് മുന്നിലുമെത്തി. പിന്നീട് മുപ്പതോളം സിനിമകളില്‍ ചെറിയ, ചെറിയ വേഷങ്ങള്‍. ഒടുവില്‍ 2000ല്‍ റിലീസ് ചെയ്ത റാഫി മെക്കാര്‍ട്ടിന്‍റെ 'തെങ്കാശിപട്ടണം' സെല്ലുലേയിഡ് ലോകത്ത് അയാള്‍ക്ക് ബ്രേക്ക് കൊടുത്തു. തെങ്കാശിപട്ടണം ഹിറ്റ്, പിന്നാലെ വന്ന 'ഈ പറക്കും തളിക'യും സൂപ്പര്‍ ഹിറ്റ്. പിന്നാലെ 'വണ്‍മാന്‍ ഷോ'യിലെ ഭാസ്ക്കരന്‍, സൂത്രധാരനിലെ 'ലീലാ കൃഷ്ണന്‍', 'മീശ മാധവനി'ലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി, 'മഴത്തുള്ളികിലുക്ക'ത്തിലെ മായാണ്ടി, 'കുഞ്ഞിക്കൂന'നിലെ ചന്ദ്രന്‍, 'കല്യാണ രാമനി'ലെ പ്യാരി, 'ഗ്രാമഫോണി'ലെ തബല ഭാസ്ക്കരന്‍, 'സി.ഐ.ഡി. മൂസ'യിലെ പേരില്ലാത്ത കഥാപാത്രം, 'തിളക്ക'ത്തിലെ ഓമനക്കുട്ടന്‍, 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലെ ഉസ്മാന്‍, 'പുലിവാല്‍ കല്യാണ'ത്തിലെ മണവാളന്‍, 'ചതിക്കാത്ത ചന്തു'വിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, 'പാണ്ടിപ്പട'യിലെ ഉമാകാന്ദന്‍, 'തൊമ്മനും മക്കളി'ലെ രാജാക്കണ്ണന്‍, തുടങ്ങി ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍. 2005ല്‍ 'അച്ഛനുറങ്ങാത്ത വീട്' എന്ന സിനിമയില്‍ ഹാസ്യം വിട്ട് അത്യന്ത്യം നാടകീയവും, ഗൗരവസ്വഭാവ പ്രധാനവുമായ വേഷം. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്ക്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആ വേഷത്തെ എതിരേറ്റു. സംസ്ഥാന പുരസ്ക്കാരത്തില്‍ മതിമറക്കാതെ ചെറുതും, ഹാസ്യപ്രധാനവുമായ വേഷങ്ങള്‍ അദ്ദേഹം തുടര്‍ന്നും ചെയ്തു.
2010ല്‍ 'ആദാമിന്‍റെ മകന്‍ അബു'വിലൂടെ വീണ്ടും മറ്റൊരു അഭിനയ പ്രാധാന്യമുള്ള വേഷം. 'ആദാമിന്‍റെ മകന്‍ അബു'വിലെ പ്രകടനം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിന് വാങ്ങിക്കൊടുത്തു. സംസ്ഥാന പുരസ്ക്കാരത്തോടു കാണിച്ച അതേ നിലപാടുതന്നെ ദേശീയ അവാര്‍ഡിനോടും അദ്ദേഹം കാണിച്ചു. വീണ്ടും ഹാസ്യരസ പ്രധാനമായ വേഷങ്ങള്‍ അദ്ദേഹം തുടര്‍ന്നും ചെയ്തു. 2013ല്‍ മികച്ച കൊമേഡിയനുള്ള സംസ്ഥാന പുരസ്കാരവും, 2016ല്‍ കറുത്ത ജൂതന്‍ എന്ന അദ്ദേഹം സംവിധാനം ചെയ്ത സിനിമ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. 1996ല്‍ ആദ്യത്തെ ആക്ഷനില്‍ തുടങ്ങിയ അഭിനയ ജീവിതം 2025ല്‍ റിലീസ് ചെയ്ത 'ഭഭഭ' യിലെ ചെറിയവേഷത്തിലെ കട്ടോടെ അവസാനിച്ചു. വലുതും, ചെറുതുമായ ഇരുനൂറ്റിയമ്പതോളം മലയാള ചലചിത്രങ്ങള്‍, അഞ്ചോളം അന്യഭാഷാ സിനിമകള്‍, കൂടാതെ മൂന്നു സിനിമകളുടെ സംവിധാകനായും പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സെല്ലുലോയിഡ് ലോകത്തോട് വിട പറഞ്ഞത്.
സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്ന ട്രോള്‍ വീഡിയോകളില്‍ അദ്ദേഹം ജീവന്‍ കൊടുത്ത കഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. അദ്ദേഹത്തിന്‍റെ പ്രശസ്തമായ സംഭാഷണ ശകലങ്ങള്‍ ഒരുതവണയെങ്കിലും പറയാതെ ഒരു സാധാരണ മലയാളിയുടെ ഒരാഴ്ച കടന്നുപോകാറില്ല. ഹാസ്യത്തിനപ്പുറം ഗൗരവമേറിയ കാഥാപാത്രങ്ങളുടെ ആവിഷ്ക്കാരത്തിലും അദ്ദേഹം ഒട്ടും പിന്നിലല്ലായിരുന്നു. ഹാസ്യ കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നവര്‍ തങ്ങള്‍ സിനിമയിലുള്ള കാലത്തോളം വെറും 'വളിപ്പ'നായി തുടരണം എന്ന അലിഖിത നിയമം അദ്ദേഹം സ്വന്തം അഭിനയ ജീവിതം കൊണ്ട് പൊളിച്ചെഴുതി.
ക്യാമറയ്ക്ക് പിന്നിലെ സലിം കുമാറിനെ എടുത്താലും ക്യത്യമായ രാഷ്ട്രീയ, മതേതര നിലപാടുകളുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍റെ അത്തരം നിലപാടുകളോടു നമുക്ക് യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യാം, എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ, മത, സാമൂദായിക നിലപാടുകള്‍ സ്വീകരിച്ചാല്‍ മുഴുവന്‍ സിനിമ വ്യവസായത്തില്‍നിന്നും പുറന്തള്ളപ്പടാനുള്ള സാധ്യതയെ ധൈര്യപൂര്‍വ്വം അഭിമുഖീകരിച്ച വ്യക്തിയാണയാള്‍ എന്നത് ചെറിയകാര്യമല്ല. 2026 ജൂണ്‍ ആറാം തിയതി സ്വഭവനമായ ലാഫിംങ്ങ് വില്ലയോടും, സിനിമയോടും, ആസ്വാദകരായ നമ്മളോടും എന്നന്നേയ്ക്കുമായി വിടപറഞ്ഞുകൊണ്ട് ചിരിയുടെ മറ്റൊരു ലോകത്തേയ്ക്ക് അയാള്‍ യാത്രയായി.

സലിം കുമാര്‍ എന്ന കലാകാരന്‍റെ വേര്‍പാടോടെയാണ് ലാഫിംങ് വില്ല മൂകമായതെങ്കില്‍ അംഗങ്ങളുടെ ആഭ്യന്തര കലഹം മൂലം വാപൊത്തേണ്ടി വന്ന അവസ്ഥയാണ് എ.എം.എം.എ. എന്ന താരസംഘടനയ്ക്കുണ്ടായത്. മലയാള സിനിമ അഭിനേതാക്കളുടെ ഉന്നമനത്തിനായി 1994ല്‍ രൂപീകൃതമായ സംഘടനയാണ് അമ്മ എന്ന് വിളിക്കപ്പെടുന്ന എ.എം.എം.എ. 2010ലാണ് ആദ്യമായി ഈ സംഘടയിലെ അംഗങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ പുറംലോകത്തേയ്ക്കെത്തുന്നത്. 2017ല്‍ ഡബ്ല്യൂ സി. സി. യുടെ രൂപീകരിച്ചതോടെ കേവലം അഭ്യന്തര കലഹത്തിനപ്പുറം വന്‍ പൊട്ടിത്തെറികള്‍ എ.എം.എം.എ. യിലുണ്ടായിരുന്നു എന്ന് പുറം ലോകത്തിന് ബോധ്യമായി. ഹേമാക്കമ്മറ്റി റിപ്പോര്‍ട്ടിനുശേഷം എ.എം.എം.എ. യുടെ നേതൃത്വത്തിലേക്ക് പ്രശ്ന പരിഹാരത്തിനായി സ്ത്രീകള്‍ തന്നെ അധികാരമേറ്റു. ആണത്വത്തിന്‍റെ ഗര്‍വ്വുകളിലേക്ക് വിരല്‍ ചൂണ്ടുന്ന സ്ത്രീ ശബ്ദങ്ങളെ തങ്ങള്‍ക്ക് സ്വാധീനിക്കാന്‍ സാധിക്കുന്ന സ്ത്രീകളെക്കൊണ്ട് തന്നെ എതിര്‍ക്കുന്ന കാഴ്ച ചരിത്രത്തിലുടനീളം ലഭ്യമാണ്. അത്തരം ചരിത്ര സംഭവങ്ങളിലേക്കൊരു മുതല്‍ക്കൂട്ടായിരുന്നു എ.എം.എം.എ. യില്‍ പിന്നീട് നടന്ന സംഭവങ്ങള്‍. ഏതാനും സമാന്തര സിനിമകളെ മാറ്റിനിറുത്തിയാല്‍ 1930 മുതല്‍ 2026 വരെയുള്ള 96 വര്‍ഷങ്ങള്‍കൊണ്ട് മലയാള സിനിമ അച്ചിലിട്ട് നിര്‍മ്മിച്ചെടുത്ത സ്ത്രീ വിരുദ്ധതയുടേയും, വംശവെറിയുടേയും, പുരുഷ മേധാവിത്വത്തിന്‍റേയും ഏറ്റവും മികച്ച ഗുണഭോക്താക്കളായി അവര്‍തന്നെ മാറിയെന്നതില്‍ അവര്‍ക്കഭിമാനിക്കാം.
അമ്മ എന്ന് വിളിക്കപ്പെടുന്ന എ.എം.എം.എ. അഭ്യന്തര കലഹത്താല്‍ തിളച്ച് മറിയുമ്പോള്‍ 2026 ജൂണ്‍ 19 ന് റിലീസ് ചെയ്ത "ബാലന്‍ ദി ബോയി" ഒരു അമ്മ മകന്‍ ബന്ധത്തിന്‍റെ ഒരു പുത്തന്‍ ചുവരെഴുത്തായിരുന്നു. മകനെ തന്‍റെ ചിറകിനടിയില്‍ പൊതിഞ്ഞു പിടിക്കാന്‍ ഒരമ്മ നടത്തുന്ന പോരാട്ടം ഇന്നു വരെ മലയാള സിനിമ കണ്ടിട്ടാല്ലാത വന്യവും വൈകാരികവുമായിരുന്നു. പൊളിറ്റിക്കല്‍ കറക്ടനെസ്സിന്‍റെയോ, നൈതികതയോ ഒക്കെ കണ്ണട വച്ചുനോക്കിയാല്‍ എതിര്‍ക്കപ്പെടേണ്ട ഒരുപാട് പ്രവണതകള്‍ സിനിമയില്‍ ഉടനീളമുണ്ട്. എന്നാല്‍ സിനിമ രാഷ്ട്രീയമായി എത്രത്തോളം ശരിയാകണമെന്ന ചോദ്യം അസ്സീസിമാസികയുടെ 'കഥപറയുന്ന അഭ്രപാളി' എന്ന പംക്തിയില്‍ ഇതിനോടകം നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് വായിച്ചാല്‍ ഈ സിനമ കാണുന്നതിന് ആ കണ്ണട വയ്ക്കണോ, വേണ്ടയോ എന്ന് ചോദ്യത്തിനുത്തരം ലഭിക്കും. സൗന്ദര്യാനുഭൂതിയെടുത്താലും, കലാമികവിനെ അധാരമാക്കിയാലും 'ബാലന്‍ ദി ബോയി' വളരെ മികച്ച ഒരു സിനിമാനുഭൂതിതന്നെയാണ്. സംവിധായകന്‍ ചിദംബരത്തിന്‍റെ നാലാം സംരഭം. അദ്ദേഹത്തിന്‍റെ തന്നെ 'മഞ്ഞുമ്മല്‍ ബോയിസ്' പോലെയോ, അല്ലെങ്കില്‍ ദിന്‍ചിത്ത് അയ്യത്താന്‍റെ 'എക്കോ' പോലെയോ ഒരു മുഴുനീള 'സീറ്റ് എഡ്ജ്' ഒന്നും ബാലന്‍ നമുക്ക് വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ അമ്മയും മകനും അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങള്‍ ആസ്വാദകനെ തികച്ചും ഉദ്വേഗജനകമായ ഒരനുഭൂതിയിലെത്തിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തന്‍റെ ചിറകിനടില്‍ മകനെ സംരക്ഷിക്കാനുള്ള വ്യഗ്രതയ്ക്കിടയില്‍ ആ അമ്മ ചെയ്തു കൂട്ടുന്ന നീച കര്‍മ്മങ്ങള്‍ ആ മകന് സുരക്ഷിതത്തിന്‍റെ ഒരു ഉറപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. വാഗ്ദാനം പൂര്‍ണ്ണതയിലെത്തുന്ന 147 മിനിറ്റുകള്‍ കൊണ്ട് മലയാള സിനിമയ്ക്ക് സുപരിചിതമല്ലാത്ത ഒരു അമ്മ മകന്‍ ബന്ധം നമ്മള്‍ അനുഭവിച്ചുതീര്‍ക്കും.
ആദിശേഷന്‍, ഫര്‍സാന, മുഹമ്മദ് സിനാന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ മികച്ച കയ്യടക്കത്തോടെ കഥാപാത്രങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കി. ജിത്തു മാധവന്‍റെ തിരക്കഥയും, ഷൈജു ഖാലിദിന്‍റെ ക്യാമറയും, സുഷീന്‍ ശ്യാംമിന്‍റെ സംഗിതവും കൂടിച്ചേര്‍ന്നപ്പോള്‍ സിനിമ ബോക്സോഫീസില്‍ വന്‍ വിജയം നേടി.
സലിം കുമാറിന്‍റെ വേര്‍പാടും, എ.എം.എം.എ. യിലെ അഭ്യന്തര കലഹങ്ങളും തുടര്‍ന്ന് പൊതുജനമദ്ധ്യത്തില്‍ നടന്ന വാക്പോരും, വിഴുപ്പലക്കും എല്ലാം കൊണ്ടും ഒരേ സമയം മൂകവും, ശബ്ദമുഖരിതവുമായിരുന്നു ജൂണ്‍മാസത്തിലെ മലയാള സിനിമ മേഖല. പരസ്പരം ഒന്നിപ്പിക്കാന്‍ ചരിത്രത്തിന്‍റെ ഏടുകളില്‍ അവതരിച്ച കല എന്ന 'വരദാനം' മനുഷ്യനെ ഭിന്നിപ്പിക്കാന്‍ ഉപയോഗിക്കുന്നു എങ്കില്‍ ഭാവികാലത്തിന്‍റെ കണക്കുപുസ്തകത്തില്‍ ഒരുപാട് സങ്കടങ്ങള്‍ക്ക് നമ്മള്‍ കണക്കു പറയേണ്ടിവരും. ചിലപ്പോള്‍ കണ്ണുനീര്‍കൊണ്ടുതന്നെ...
ചിരി മാഞ്ഞ ലാഫിംഗ് വില്ലയും ചിരിക്കാന്‍ മറന്ന അമ്മമാരും
വിനീത് ജോണ്‍
അസ്സീസി മാസിക, ആഗസ്റ്റ് 2026




























































