ഇടം
- റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍

- 7 days ago
- 2 min read

ഇത്തിരി ഇടം ലഭിക്കുക എന്നത് എത്ര വലിയ അനുഗ്രഹമാണ്. ആ ഇടത്ത് കൃതജ്ഞതയോടെ ജീവിക്കാന്‍ കഴിയുന്നത് അതിലും കൃപാപൂര്‍ണം. എല്ലാ ജീവജാലങ്ങളും അവയുടെ ഇടം തിരയുന്നുണ്ട്. ചേക്കേറാന്‍ ഒരു ചില്ലയില്ലാത്ത പക്ഷിയുടെ വേദന എത്ര വലുതാണ്. ഏതെങ്കിലുമൊക്കെ കാലത്ത് ചെറിയ അളവിലെങ്കിലും ഇത്തരം വേദനയിലൂടെ എല്ലാ മനുഷ്യരും കടന്നുപോകുന്നുണ്ട്. സ്വന്തമിടങ്ങള്‍ സംരക്ഷിക്കാനായി മനുഷ്യര്‍ എത്രയേറെ സമരങ്ങളില്‍ ഏര്‍പ്പെട്ടതിന് ഈ ഭൂമി സാക്ഷിയാണ്. വ്യക്തികള്‍, സമൂഹങ്ങള്‍ നടത്തിയിട്ടുള്ള വ്യവഹാരങ്ങള്‍, രാഷ്ട്രങ്ങള്‍ നടത്തിയിട്ടുള്ള യുദ്ധങ്ങള്‍ എത്രയധികമാണ്. ഇപ്പോഴും അപരന്‍റെ ഇടങ്ങളെ കൈയേറുന്ന പരിപാടികള്‍ ചെറുകിട, വന്‍കിട രീതിയില്‍ ഭൂമിയില്‍ നടക്കുന്നുണ്ട്.
ഈ വര്‍ഷം ഇറങ്ങിയ പ്രൊജക്ട് ഹെയില്‍ മേരി (Project Hail Mary) എന്ന സിനിമ, സൂര്യന് സംഭവിക്കുന്ന നാശത്തിന് കാരണവും പരിഹാരവും തേടി ബഹിരാകാശ പേടകത്തില്‍ യാത്ര ചെയ്യുന്ന ഒരു സയന്‍സ് അധ്യാപകന്‍റെ കഥയാണ്. തന്‍റെ സ്വന്തമിടം വിട്ടുപോകാന്‍ ഒട്ടും താത്പരമില്ലാത്ത അയാള്‍ ഈ പ്രൊജക്ടിന് വേണ്ടി നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതു ചെയ്തില്ലെങ്കില്‍ എല്ലാവരുടെയും വാസഗൃഹമായ ഈ ഭൂമിതന്നെ നഷ്ടപ്പെടുമെന്നുള്ള കഠിനമായ വാക്കുകളോടെ ബലം പ്രയോഗിച്ചാണ് ഈ പേടകത്തില്‍ മറ്റുള്ള രണ്ടുപേരോടൊപ്പം നായകനായ റെയ്ലന്‍റ് ഗ്രേസ് എന്ന സ്കൂള്‍ അധ്യാപകനെ അധികാരികള്‍ അയയ്ക്കുന്നത്. ആ യാത്രയില്‍ അയാള്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നും ഇതേ കാര്യത്തിനായി പുറപ്പെട്ട ഒരു അനുഗ്രഹജീവിയുമായി പരിചയത്തിലാകുന്നു. രണ്ടുപേര്‍ക്കും തങ്ങളുടെ കൂടെയുണ്ടായിരുന്നവരെ നേരത്തെതന്നെ നഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയപ്പട്ടവര്‍ വസിക്കുന്ന ഇടത്തെ സംരക്ഷിക്കാനായി ജീവിതം തന്നെ സാഹസികമായി സമര്‍പ്പിച്ചവരുടെ സിനിമയാണ്. ഇതൊരു സാങ്കല്പിക കഥയാണെങ്കിലും ഇടങ്ങള്‍ സംരക്ഷിക്കാനായി പ്രപഞ്ചത്തിന്‍റെ ഒരറ്റത്തേക്കു പോകാന്‍ വരെ തയ്യാറാകുന്ന മനുഷ്യര്‍ ഒരു വശത്ത്. മറ്റുള്ളവരുടെ ഇടങ്ങളില്‍ ആധിപത്യമുറപ്പിക്കാന്‍ ഭൂമിയുടെ അതിരുകളിലേക്കു യുദ്ധങ്ങള്‍ ചെയ്യുന്ന മറ്റൊരു കൂട്ടര്‍. രണ്ടും ഒരേ മനുഷ്യവര്‍ഗം തന്നെ.
വലിയ വലിയ കാര്യങ്ങളൊക്കെ നില്ക്കട്ടെ. നമ്മുടെ 'ഇടം' എവിടെയാണ്. ഇടം കണ്ടെത്തുക ചിലരെ സംബന്ധിച്ച് വളരെ പ്രയാസകരമാണ്. ജീവിക്കാന്‍ കൂടുതല്‍ സുരക്ഷിതമായ ഇടം തേടി യൂറോപിലേക്കുള്ള ശക്തമായ കുടിയേറ്റങ്ങള്‍ നമ്മള്‍ കാണുകയായിരുന്നു. മാറുന്ന സാഹചര്യത്തില്‍ അവിടെ എത്ര പേര്‍ക്ക് അതിന് കഴിഞ്ഞു എന്നത് ഒരു ചോദ്യം തന്നെയാണ്. സ്വന്ത ദേശത്ത് മികച്ച ജീവിതവും ഇടങ്ങളുമൊക്കെ സ്വന്തമാക്കാനായി അധ്വാനിക്കേണ്ട പ്രായത്തില്‍ കുട്ടികള്‍ രാജ്യതലസ്ഥാനത്ത് സമരത്തിലാണ്. വളരെ വളരെ അടിസ്ഥാനമായ ഒരു നീതിമാത്രമാണ് അവരുടെ ആവശ്യം. പരീക്ഷകള്‍ നിഷ്പക്ഷമായും ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്ലാതെയും നടത്തണം. അതൊന്നു കേള്‍ക്കാനോ സമരം ചെയ്ത കുട്ടികളെ മര്‍ദ്ദിച്ചത് ചൂണ്ടികാണിക്കുമ്പോള്‍ അത് ശ്രദ്ധിക്കാനോ സര്‍ക്കാരിനോ കോടതിക്കോ സമയവുമില്ല. ഒരു ന്യായാധിപന്‍റെ പരിഹാസത്തില്‍ നിന്നുമാരംഭിച്ച ക്രോക്രോച്ച് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സമരം അടിസ്ഥാന നീതിക്കു വേണ്ടിയാണ് എന്നതും ശ്രദ്ധേയമാണ്. അവരും തങ്ങളുടെ ഇടത്തിനായുള്ള സമരത്തില്‍ തന്നെ. ആദിവാസികളുടെ ഭൂസമരങ്ങളും മത്സ്യതൊഴിലാളികളുടെ സമരങ്ങളുമൊക്കെ തങ്ങളുടെ ഇടം സംരക്ഷിക്കാനുള്ളതായിരുന്നു. സ്വന്ത ഇടങ്ങളില്‍ സുരക്ഷിതരായി കഴിയുന്നവര്‍ക്ക് ഇടമില്ലാത്തവന്‍റെ അഭയാര്‍ത്ഥിയുടെ വേദന മനസ്സിലാകില്ല.
ഇതു വായിക്കുന്നവര്‍ നിശ്ചയമായും സ്വന്തമായ ഇടങ്ങള്‍ ഉള്ളവരായിരിക്കും. നമ്മുടേതെന്ന് പറയാവുന്ന ഇത്തിരി ഇടമുള്ളവര്‍ കൃതജ്ഞതയോടെ അതിനെ ആസ്വദിക്കട്ടെ. ഒരു കൊച്ചു മുറി, ഒരു കട്ടില്‍, ഒരു കസേര, ഒരു ജാലകം ഒക്കെ എത്ര വലിയ കാര്യമാണ്. വിശാലമായ ഈ ആകാശത്തിനു കീഴെ ആരെയും പേടിക്കാനില്ലാതെ നക്ഷത്രങ്ങള്‍ നോക്കിയിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു ഇടമുണ്ട്, തീര്‍ച്ച. സ്വന്തമിടങ്ങളില്‍ രമിക്കുമ്പോഴും മറ്റുള്ളവരുടെ ഇടങ്ങളെ ആദരവോടെ കാണാനും കഴിയണം.
ഒരു സൈക്കോളജി സെമിനാറില്‍ ആവശ്യപ്പട്ട ഒരു കാര്യം, ഓരോരുത്തര്‍ക്കും അവരവരുടെ ഒരു പ്രത്യേക ഇടം വേണമെന്നാണ് (Me space). അവിടെ നിങ്ങള്‍ക്ക് നിങ്ങളായി, മൂടുപടങ്ങളില്ലാതെ, വേഷപകര്‍ച്ചകളില്ലാതെ നിങ്ങളെ തന്നെ അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒരിടം. മറ്റുള്ളവരുടെ മുമ്പില്‍ വച്ച് ചെയ്യാന്‍ ധൈര്യമില്ലാത്ത കാര്യങ്ങളും അവിടെ ചെയ്യാം - പാട്ടുപാടുകയോ, പടം വരയ്ക്കുകയോ, നൃത്തം ചെയ്യുകയോ, ഒക്കെ. അവിടെ കളിയാക്കലുകള്‍ക്ക് ഇടമില്ലല്ലോ. പക്വതയുള്ളവര്‍ക്ക് മാത്രമേ അത്തരം ഇടങ്ങളെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാന്‍ കഴിയൂ.
നമ്മുടെ എല്ലാ സ്വകാര്യ ഇടങ്ങളും കൈയേറിയ ഡിജിറ്റല്‍ യുഗമാണല്ലോ ഇത്. ഒരുതരം ഡിജിറ്റല്‍ കടന്നുകയറ്റത്തിന് (Digital Encrochment) നമ്മളൊക്കെ വിധേയരാണ്. വളരെ കുറച്ച് മാത്രം അതിനെപ്പറ്റി അവബോധമുണ്ടാകുന്നു എന്നുമാത്രം. വിചിത്രമായ ഒരു കാര്യം, നമ്മുടെ പ്രിയപ്പെവരെപ്പോലും കയറ്റാത്ത ശുചിമുറികളിലേക്കു പോലും ഫോണിന് പ്രവേശനമുണ്ട്. വിരസതയകറ്റാനായി നമ്മുടെ ഇടവേളകളിലേക്ക് കടന്നുവന്ന നവമാധ്യമം എല്ലാ ഇടവും സ്വകാര്യതയും അധീനപ്പെടുത്തിയിരിക്കുന്നു. സ്വകാര്യ ഇടങ്ങളും ഇടവേളകളും മറ്റാരോ അധീനപ്പെടുത്തുകയാണ്. പുറത്തുകടക്കാന്‍ തോന്നാത്ത രീതിയില്‍ അല്‍ഗോരിതങ്ങളിലുടെ ചെറിയ ഡോപമിന്‍ ഹൈക്കുകളിലുടെ കാഴ്ചകളുടെ മായിക ലോകത്ത് (virtual world) തളയ്ക്കപ്പെടുന്നു. ബോധപൂര്‍വ്വം സ്വന്തമിടങ്ങളെ വീണ്ടെടുക്കേണ്ടതുണ്ട്. ഭൗതീകമായ ഇടങ്ങളിലെ വാസം, കൊണ്ടും കൊടുത്തും അഞ്ച് ഇന്ദ്രിയങ്ങളും ഉപയോഗിച്ച് അറിഞ്ഞ് അനുഭവിച്ച് ജീവിക്കാം. ഇടങ്ങളിലേക്കും ഇടവേളകളിലേക്കുമുള്ള എല്ലാ കടന്നുകയറ്റങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കണം.
ഇടം
റോണി കിഴക്കേടത്ത്
അസ്സീസി മാസിക, ആഗസ്റ്റ് 2026

























































