top of page

പ്രകാശിതർ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • 3 days ago
  • 1 min read
transfiguration

തന്റെയോ മറ്റൊരാളുടെയോ ശരീരത്തെ സംബന്ധിക്കുന്ന രൂപാന്തരീകരണത്തിന്റെ മൂന്ന് സാഹചര്യങ്ങളിലാണ് യേശു തൻ്റെ മൂന്ന് ശിഷ്യരെ മാത്രം കൂടെകൂട്ടുന്നതായി സമാന്തര സുവിശേഷങ്ങളിൽ ഉള്ളത്. ജായ്റൂസിൻ്റെ മരിച്ചുകിടക്കുന്ന മകളുടെ മുറിയിലേക്ക് കയറുമ്പോഴാണ് ആദ്യം യേശു പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ മൂന്ന് ശിഷ്യരെ മാത്രം തന്നോടൊപ്പം അകത്ത് കൊണ്ടുപോകുന്നത്. അവിടെ അവർ നോക്കിനിൽക്കേ മരിച്ച പെൺകുഞ്ഞിന്റെ ശരീരം ജീവനുള്ളതായി കൺതുറന്നുവന്നു.


യേശുവിൻ്റെ ജീവിതത്തിലെ ഏറ്റവും സവിശേഷതയാർന്ന മുഹൂർത്തങ്ങളിലൊന്നായ താബോർ മലയിലെ രൂപാന്തരീകരണ വേളയിലാണ് അടുത്തതായി മൂന്നുപേർക്കുമാത്രം അഡ്മിഷൻ കിട്ടിയത്. അവിടെ യേശുവിൻ്റെ ശരീരം തേജസ്സോടെ രൂപാന്തരപ്പെട്ടു. അന്ത്യഅത്താഴത്തിനുശേഷം ഗത്‌സമേൻ തോട്ടത്തിൽ പ്രാർത്ഥിക്കാനായി മാറിയിരുന്നപ്പോഴാണ് മൂന്ന് ശിഷ്യരെ മാത്രം തൻ്റെ കൺവെട്ടത്തിൽ ഇരിക്കാനായി കൊണ്ടുപോയത്. യേശുവിൻ്റെ ശരീരം രക്തംവിയർത്ത അവസരമായിരുന്നു അത്. മേല്പറഞ്ഞ മൂന്ന് അവസരത്തിലും പത്രോസും യാക്കോബും യോഹന്നാനും തന്നെയാണ് അവനോടൊപ്പം പോകാനുള്ള അവസരം ലഭിച്ചത്. അസാധാരണം എന്നുപറയട്ടെ, യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ ഈ മൂന്ന് അവസരങ്ങളും മനഃപൂർവ്വം വിട്ടുകളയുകയാണ്. ഒരുപക്ഷേ, ബാക്കി ഒമ്പതുപേരെ മാറ്റിനിർത്തി, തങ്ങൾ മൂന്നുപേരെ മാത്രം അവൻ കൊണ്ടുപോകാനുണ്ടായ പശ്ചാത്തലം അയാളെ ഏറെ ലജ്ജിപ്പിക്കുന്നുണ്ടാവണം!


പത്രോസ് പക്ഷേ താബോറിലെ തൻ്റെ അനുഭവത്തെക്കുറിച്ച് തൻ്റെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കണ്ടകാര്യം വിവരിച്ചതിനുശേഷം അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്: "പ്രഭാതം പൊട്ടി വിടരുകയും പ്രഭാത നക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിൽ ഉദിക്കുകയും ചെയ്യുന്നതുവരെ ഇരുളിൽ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചക വചനത്തെ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്" (2 പത്രോ. 1: 19). എന്തൊരു നിഗൂഢതയാണ് ആ വാക്കുകളിൽ! "പ്രഭാതം പൊട്ടി വിടരുകയും പ്രഭാത നക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിൽ ഉദിക്കുകയും ചെയ്യുന്നതുവരെ" എന്നതുകൊണ്ട് ക്രിസ്തു ബാഹ്യമായും ആന്തരികമായും നമ്മിൽ പ്രകാശിതമാകുന്ന

ദിവസത്തെക്കുറിച്ചല്ലേ അയാൾ സൂചിപ്പിക്കുന്നത്? അതായത്, നാം നമ്മുടെ ഈ ശരീരത്തിൽ ആയിരിക്കുവോളം ദൈവജന്യമായ വചനത്തെ ശ്രദ്ധിക്കണം എന്ന്!


ആന്തരികമായും ബാഹ്യമായും നാം പ്രകാശിതമാകുന്ന അവസ്ഥയെക്കുറിച്ച് വെളിപാട് പുസ്തകം 21-ൽ പറയുന്നുണ്ട്:

"ദൈവസന്നിധിയിൽ നിന്ന് ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജെറുസലേമിനെ എനിക്ക് കാണിച്ചു തന്നു. അതിന് ദൈവത്തിൻ്റെ തേജസ്സ് ഉണ്ടായിരുന്നു" (11) ഇവിടെ 'വിശുദ്ധനഗരിയായ ജെറുസലേം' എന്ന് പറയുന്നത് ആന്തരികമായും ബാഹ്യമായും പ്രകാശിതരായ മനുഷ്യരെക്കുറിച്ചാണ്. അതേ കാര്യം വീണ്ടും അതേ അധ്യായത്തിൽ ആവർത്തിക്കുന്നതും കാണാം. "നഗരത്തിന് പ്രകാശം നൽകാൻ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു." (23)


നാമെല്ലാം പ്രകാശിതരാകാനുള്ളവരാണ്!!

bottom of page