top of page

കിനാവ്

Writer: ബോബി ജോസ് കട്ടിക്കാട്
ബോബി ജോസ് കട്ടിക്കാട്
7 hours ago
3 min read

Learn to obey. Only he who obeys a rhythm superior to his own is free.

- Nikos Kazantzakis

പാതിമയക്കത്തില്‍ ഫ്രാന്‍സീസ് ദൈവത്തെ കിനാവ് കണ്ടു. യുദ്ധഭൂമിയിലേക്കുള്ള യാത്രയില്‍ സ്പൊളേറ്റോ അടിവാരത്തില്‍ വെച്ചാണ്. ആരെയാണ് നീ സേവിക്കുന്നത്. യജമാനനേയോ ദാസനെയോ? ഉത്തരം ആവശ്യമില്ലാത്ത വിധത്തില്‍ അത്രയും തെളിച്ചമുള്ള ചോദ്യമാണ്. ആദ്യം ചെയ്തത് കുതിരയെ വിറ്റു കളയുകയാണ്. പണം പൊടിഞ്ഞു തുടങ്ങിയ ഒരു ചാപ്പലിന്‍റെ ജാലകപ്പടിയില്‍ വെച്ചു. ശിഷ്ടകാലം പാദരക്ഷകളില്ലാത്ത സഞ്ചാരമാരംഭിച്ചു. barefooted എന്ന് അയാളെ വിശേഷിപ്പിക്കാന്‍ ആദ്യകാല ജീവചരിത്രങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.


അലഞ്ഞു നടന്ന അയാളെ ഒരിക്കല്‍ കുറച്ചു പേര്‍ തടഞ്ഞ് ബുദ്ധിമുട്ടിലാക്കി. ആരാണെന്ന ചോദ്യത്തിന് അത്യുന്നതന്‍റെ കുഴലൂത്തുകാരനെന്ന് മറുപടി.

സ്വാതന്ത്ര്യത്തിലേക്കുള്ള കുറുക്കുവഴി അത്യുന്നതന്‍റെ അടിമയാവുകയെന്നതാണ്. അത്തരമൊരു സങ്കല്പത്തിലായിരിക്കണം പഴയ ദേവാലയങ്ങളില്‍ കുഞ്ഞുങ്ങളെ അടിമ ഇരുത്തുക എന്നൊരു രീതിയുണ്ടായിരുന്നത്. മിക്കവാറും എല്ലാ തീര്‍ത്ഥാടന ദേവാലയങ്ങളിലും ഇപ്പോഴും അങ്ങനെയൊരു പഴയ ബോര്‍ഡ് കാണാം. സ്വാതന്ത്ര്യം എന്നൊരു പദത്തിന് വല്യ മൂല്യം കല്പിച്ചുകൊടുക്കുന്ന ഒരു കാലത്തില്‍ വിധേയത്വം, അര്‍പ്പണം തുടങ്ങിയ പദങ്ങള്‍ ഒരുപക്ഷേ ചെടിപ്പിക്കുന്നുണ്ടെങ്കില്‍പ്പോലും.


ബൈബിളിലെ ഏറ്റവും നടുക്കത്തെ വരിയായി കരുതപ്പെടുന്നത് സങ്കീര്‍ത്തനം 118: 8 ആണ്. It is better to take refuge in the Lord than to trust in humans. ഇത്തിരിപ്പോന്ന മനുഷ്യരുടെ അടിമയാകരുതെന്നാണ് മതം പറയാന്‍ ശ്രമിക്കുന്ന രഹസ്യം. ഇന്ന് പൊളിറ്റിക്കലായ എതിര്‍വാദങ്ങളുണ്ടെങ്കിലും, ഒരുകാലത്ത് ഈ ദേശത്തിന്‍റെ രാജാവ് സ്വയം 'പത്മനാഭദാസന്‍' എന്നു വിശേഷിപ്പിച്ചുതുടങ്ങിയ ഒരു രീതിയുണ്ടായിരുന്നു. തൃപ്പടിദാനത്തിലൂടെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവായിരുന്നത്. അടുത്ത കാലം വരെ തെക്കന്‍ കേരളത്തില്‍ പത്മനാഭന്‍റെ രണ്ടു ചക്രം സര്‍ക്കാര്‍ ശമ്പളത്തിനുള്ള സെക്യുലറായ പദം തന്നെയായിരുന്നു.


പല കാലങ്ങളില്‍ പല രീതിയില്‍ മനുഷ്യര്‍ അതിനെ അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഭാരതകവി എന്ന വിശേഷണം അര്‍ഹിക്കുന്ന കാളിദാസന്‍ സ്വാഭാവികമായും അയാള്‍ സ്വയം കണ്ടെത്തിയ എഴുത്തുനാമം തന്നെയായിരിക്കണം.‑"I am a little pencil in God’s hands‑‑' എന്നെഴുതുന്ന മദര്‍ തെരേസയെ ഇതിനോടു ചേര്‍ത്തുവായിക്കണമോയെന്ന് അറിഞ്ഞുകൂടാ. മല്ലികാര്‍ജുനനെ പ്രേമസ്വരൂപനായി സ്വീകരിച്ച്, 'ഭൂമി അവന്‍റെ മണവറയായതുകൊണ്ട് നഗ്നയായി ജീവിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല' എന്ന് തന്‍റെ പുരുഷനായ കൗശികരാജാവിനോട് കലമ്പുന്ന അക്ക മഹാദേവിയും പറയാന്‍ ശ്രമിക്കുന്നത് പരിചിതമല്ലാത്ത ലോകത്തോടുള്ള രഹസ്യ ഉടമ്പടിയാണ്. സമരിയായിലെ കിണറ്റുവക്കിലിരുന്ന് അഞ്ചു പുരുഷന്മാര്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞ് അനുതപിക്കുന്ന സ്ത്രീയെ ആ അസാധാരണ വഴിയാത്രക്കാരന്‍ കുറ്റപ്പെടുത്താത്തത് എന്തുകൊണ്ടാവണം? ശരാശരി മനുഷ്യരെയല്ല അവളുടെ ഹൃദയം തിരയുന്നത് എന്നയാള്‍ക്ക് അറിയാം.


ബംഗാളിയിലും നമ്മുടെ ഭാഷയിലും സര്‍വസാധാരണമായ 'ദാസ്' എന്ന നാമത്തിന്‍റെ സൂചനയും മറ്റെന്താണ്! അഗസ്റ്റിന്‍ ജോസഫ് എന്ന ഒരുകാലത്തെ നാടക നടന്‍ മകന് യേശുദാസ് എന്നു പേരിടുമ്പോഴും അതു ശ്രദ്ധിച്ചിട്ടുണ്ടാവണം. 'ഞാന്‍ ക്രിസ്തുവിന്‍റെ അടിമ'യെന്ന സെന്‍റ് പോള്‍ ആവര്‍ത്തിച്ചുപറയുന്ന വാക്കുകള്‍ നിശ്ചയമായും പണ്ഡിതനായ ആ മനുഷ്യന്‍ കേട്ടിട്ടുണ്ടാവും. പുതിയ നിയമത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന പദമായിട്ട് എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നത് ഇതാണ് Lord: പ്രഭോ!


ഈശ്വരവിശ്വാസിയാകുന്നതിന്‍റെ ഒരു ആനുകൂല്യം അതാണെന്നു തോന്നുന്നു. ചെറിയ മനുഷ്യരുടെ ഗുരുത്വങ്ങളില്‍ പെടാതെ കുതറി മാറാനുള്ള ഒരു ആവേഗം ലഭിക്കുന്നു എന്നുള്ളത്. അവരുടെ ചെറിയ സംതൃപ്തികള്‍ ഉത്സവമായി ഗണിക്കുകയും അവരുടെ പരാതികള്‍ മഹാദുരന്തങ്ങളായി എണ്ണുകയും ചെയ്യുന്നതില്‍ നിന്നുള്ള മുക്തിയാണ് അതുറപ്പു തരുന്നത്.


ഗുരു നാനാക്കിന്‍റെ ആന്തരികസഞ്ചാരങ്ങളില്‍ നിമിത്തമായി മാറിയ ഒരു ഗാര്‍ഹികാനുഭവമുണ്ട്. അച്ഛന് പലചരക്കുവ്യാപാരമുണ്ടായിരുന്നു. എന്തോ ഒന്ന് അളക്കുമ്പോള്‍ എണ്ണിത്തുടങ്ങി എക്, ദൊ, തീന്‍... പന്ത്രണ്ടു വരെ എണ്ണി; ബാരഹ്. പതിമൂന്ന് ഇത്തിരി പ്രശ്നമാണ് തേര(ഹ്), അതിന് 'നിന്‍റേത്' എന്നൊരു അര്‍ത്ഥവുമുണ്ടെന്ന് എണ്ണം പഠിക്കുമ്പോള്‍ ലോകത്ത് ഒരാളും ധരിച്ചിട്ടുണ്ടാവില്ല.

ആ വാക്ക് വല്ലാതെ മുഴങ്ങി: ഞാന്‍ ആര്, നിന്റേതല്ലാതെ? അപമാനങ്ങളേയും അവഗണനകളേയും അഭിമുഖീകരിക്കാനും അതിജീവിക്കാനും ആ ഒരു ബോധത്തിന്‍റെ മിന്നല്‍ മതിയായിരുന്നു.


അന്നവസ്ത്രാദി മുട്ടാതെ

തന്നു രക്ഷിച്ചു ഞങ്ങളെ

ധന്യരാക്കുന്ന നീയൊന്നു

തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍

എന്നു പ്രാര്‍ത്ഥിക്കാന്‍ അഭ്യസിപ്പിച്ച ദേശത്തിന്‍റെ ഗുരുവിനേയും ഇതോടു ചേര്‍ത്തു വായിക്കാവുന്നതാണ്. നീയൊന്നു തന്നെ തമ്പുരാന്‍ അതിലാണ് താക്കോല്‍. ചെറിയ അനിഷ്ടങ്ങളില്‍പ്പോലും അന്നം മുടക്കിയിരുന്ന ചീള് തമ്പുരാക്കന്മാരുടെ നിഷേധം കൂടിയാണത്. അടിമുടി Political ആയ ഒരു വിചാരം കൂടിയാണിത്.


യേശുമൊഴികളില്‍ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് 'സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്.' അനുദിനജീവിതത്തിന്‍റെ ഉത്കണ്ഠകളില്‍ നിന്നും പാര്‍ക്കുന്ന ദേശത്തിന്‍റെ വ്യാകുലങ്ങളില്‍ നിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്‍റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോള്‍ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും.

റോമാ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്‍റെ അനവധിയായ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയേക്കുറിച്ചുള്ള സംവാദങ്ങള്‍ക്കു പിന്നില്‍. ഇതിനകം നിരവധി നികുതിപ്രക്ഷോഭങ്ങള്‍ ആ ദേശത്തു നടന്നിട്ടുണ്ട്.‑ "Taxation was no better than introduction to slavery-‑' എന്നാണ് 'ജൂഡസ് ദ് ഗലീലിയന്‍' എന്നു കേള്‍വി കേട്ട വിപ്ലവകാരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത്.


യേശു ചോദിച്ചു, 'നിങ്ങള്‍ കപ്പം കൊടുക്കുന്ന നാണയം കാണിച്ചുതരിക. അതില്‍ ആരുടെ മുദ്രയാണുള്ളത്?'

'സീസറുടേത്.' അവര്‍ ഉത്തരം നല്‍കി.

'അങ്ങനെയെങ്കില്‍, സീസറിന് അവകാശപ്പെട്ടത് സീസറിനു നല്‍കുക. ഈശ്വരന് അര്‍ഹതപ്പെട്ടത് ഈശ്വരനും.'


എന്താണ് ഇതിന്‍റെ അര്‍ത്ഥം? നാണയത്തിനു മീതെ അതു കമ്മട്ടത്തില്‍ അടിച്ച സീസറിന്‍റെ മുദ്രയുണ്ട്. എന്നാല്‍, നാണയം കൈവെള്ളയിലെടുത്തു നില്‍ക്കുന്ന നിങ്ങളില്‍ ആരുടെ മുദ്രയാണുള്ളത്? യഹൂദര്‍ക്ക് ഏറ്റവും പരിചിതമായ വേദഭാഗത്തിന്‍റെ ഓര്‍മപ്പെടുത്തലായിരുന്നു അത്; നരനെ ദൈവികഛായയിലും സാദൃശ്യത്തിലുമാണ് അവിടുന്ന് സൃഷ്ടിച്ചതെന്ന്. നാണയത്തില്‍ അതു കമ്മട്ടത്തില്‍ അടിച്ച സീസറിന്റേതെന്നതുപോലെ, നിങ്ങളുടെ നെഞ്ചില്‍ പതിഞ്ഞുകിടക്കുന്ന ആ ഒരേയൊരാളുടെ മുദ്രയ്ക്കു നിരക്കുന്നവരായി, അയാള്‍ക്കു മാത്രം വിധേയപ്പെട്ടവനായി ജീവിക്കുക. വലിയ സ്വാതന്ത്ര്യത്തിലേക്കുള്ള ആ ശംഖനാദമാണ് മതരാഷ്ട്രീയങ്ങള്‍ക്കിടയിലെ അവിശുദ്ധബാന്ധവങ്ങളെ നീതീകരിക്കാന്‍ പല ദേശങ്ങളിലും പല കാലങ്ങളായി ഉപയോഗിക്കപ്പെട്ടത്.


ഞാന്‍ നിന്‍റേതാണ്, Totus tuus, ജോണ്‍ പോളിന്‍റെ ഒപ്പുപോലെ!


കിനാവ്

ബോബി ജോസ് കട്ടികാട്

അസ്സീസി മാസിക, സെപ്റ്റംബ‌ർ 2026

bottom of page