top of page

ഹിതം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • 14 hours ago
  • 2 min read

വഴിതെറ്റിപ്പോയി എന്ന് കരുതിയ ഒരു മകനുവേണ്ടി അയാളുടെ അമ്മ പതിറ്റാണ്ടുകളോളം കണ്ണീരോടെ പ്രാർത്ഥിച്ചുവെന്നും, ദൈവം അവളുടെ പ്രാർത്ഥന കേട്ടു എന്നും പാരമ്പര്യം പറയുന്നുണ്ട്. മോനിക്ക എന്നായിരുന്നു ആ അമ്മയുടെ പേര്. അഗസ്റ്റിൻ എന്ന് മകന്റെയും.


കുറേക്കാലം മുമ്പ് ഒരു വ്യക്തിയുടെ മാനസാന്തരത്തിനു വേണ്ടി ആഴ്ചകളോളം പ്രാർത്ഥിച്ചത് ഓർമ്മയുണ്ട്. അയാളിൽ മാറ്റമൊന്നും ഉണ്ടായതായി തോന്നിയില്ല! (ഇപ്പോഴും പ്രാർത്ഥിക്കാറുണ്ട്). എന്നുകരുതി, പ്രാർത്ഥന നിഷ്ഫലമായിപ്പോയി എന്നും വിശ്വസിക്കുന്നില്ല. നമ്മളൊക്കെ ലോകസമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നവരാണ്. എന്നിട്ട് ലോകസമാധാനം ഉണ്ടായോ എന്ന് ചോദിച്ചാൽ, നാം ഉദ്ദേശിക്കുന്നതുപോലെ ഉണ്ടായിട്ടില്ല എന്നുതന്നെയാവുമല്ലോ ഉത്തരവും.

എന്നാൽ ആ പ്രാർത്ഥനകളെല്ലാം നിഷ്ഫലമായോ എന്നുചോദിച്ചാൽ നിഷ്ഫലമായിട്ടില്ല എന്നുതന്നെയാവണം ഉത്തരം.


പലപ്പോഴും ദൈവത്തിന് ഉപദേശം നൽകുന്നവയാണ് പലരുടെയും പ്രാർത്ഥനകൾ എന്ന് തോന്നിയിട്ടുണ്ട്. ഇന്നഇന്നതുപോലെ ചെയ്ത് ഇന്നഇന്നതുപോലെ കാര്യങ്ങൾ ആക്കിത്തീർക്കണമേ... ഇന്നപാർട്ടിക്കാരെ തോല്പിച്ച് ഇന്നവർക്ക് ആധിപത്യം നല്കി ഇന്നതുപോലെ കാര്യങ്ങളെ ആക്കിത്തീർക്കണമേ... എന്നും മട്ടിലുമുള്ള പ്രാർത്ഥനകൾ !! ദൈവം ഒരു മണ്ടനും പൊട്ടനും ആണെന്ന് പലരും കരുതുന്നതുപോലെ!


"അവിടത്തേക്ക് ഉപദേഷ്ടാവായതാര്?" എന്ന് ഒരു ചോദ്യം കാണുന്നുണ്ട് റോമർക്കുള്ള ലേഖനത്തിൽ (11:34). ഇതേ ചോദ്യം പഴയ നിയമത്തിൽ പലയിടങ്ങളിലും കാണാൻ കഴിയും. ലോകനന്മയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നല്ലതുതന്നെയാണ്. പക്ഷേ, "ലോകത്തിന്റെ നന്മ എന്ന് നാം കരുതുന്ന നന്മ"ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ എത്രത്തോളം ഉപകാരപ്രദമാകും എന്ന് സംശയമുണ്ട്! പാറമേക്കാവും തിരുവമ്പാടിയും തമ്മിൽ നടത്തുന്ന പൂരവെടിക്കെട്ട് പോലെ പരസ്പരം പ്രദർശിപ്പിക്കുന്ന ഒന്നായിരുന്നു റഷ്യയും യുക്രെയ്നും തമ്മിൽ നടന്നിരുന്നതെങ്കിൽ, ഏതെങ്കിലും ഒരു പക്ഷത്തുചേർന്ന് തൻ്റെ കൂട്ടരെ പ്രോത്സാഹിപ്പിക്കുകയും മറുകൂട്ടരുടേത് അത്ര നന്നായില്ല എന്ന് കുറ്റം പറയുകയും ചെയ്താൽ മതിയായിരുന്നു.


എന്നാൽ അവിടെ നടക്കുന്നത് പൂരവെടിക്കെട്ട് അല്ലാത്തതിനാലും, ധാരാളം മനുഷ്യർ വേദനിക്കുകയും കൊല്ലപ്പെടുകയും ദരിദ്രരാക്കപ്പെടുകയും ചെയ്യുന്ന ആക്രമണം ആയതിനാലുമാണ് അവർക്കിടയിൽ സമാധാനം ഉണ്ടാകണമേയെന്ന് വിദൂര കാഴ്ചക്കാരായ നാം പ്രാർത്ഥിക്കുന്നത്. എന്നാൽ, 'യുദ്ധക്കുറ്റവാളിയായ പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമേ' എന്ന് പ്രാർത്ഥിക്കുമ്പോൾ നാം ദൈവത്തിന് ഉപായം പറഞ്ഞുകൊടുക്കുകയാണ് എന്ന് തോന്നുന്നില്ലേ? അപ്പോൾ നാം ദൈവത്തിന് ഉപദേഷ്ടാവാകുകയാണ്. അഥവാ, ദൈവത്തെ പൊട്ടനാക്കുകയാണ്! അത്തരം ഒരു നിയോഗത്തിനു വേണ്ടി ഒരു ലക്ഷം ജപമാല യജ്ഞം നടത്തുക; പതിനായിരം മണിക്കൂർ റിലേ ആരാധന നടത്തുക എന്നൊക്കെ പറയുന്നതും സമാനമായ കാര്യം തന്നെയാണ് എന്നാണ് തോന്നുന്നത്.


വാ. സൊളാനസിൻ്റെ ഏറ്റവും പ്രസിദ്ധമായ അഭിവാദനവും ഉപദേശവും "തൻ്റെ എല്ലാ പദ്ധതികളിലും ദൈവം വാഴ്ത്തപ്പെടട്ടെ" (Blessed be God in all his designs) എന്നായിരുന്നു. "അവിടത്തെ വിധികൾ എത്ര ദുർജജ്ഞേയം! അവിടത്തെ മാർഗ്ഗങ്ങൾ എത്ര ദുർഗ്രഹം" എന്ന് പൗലോസിനെപ്പോലെ സോളാനസും തിരിച്ചറിഞ്ഞിരുന്നിരിക്കണം! ദൈവത്തിന് ഒരു പദ്ധതിയും അതിലേക്ക് ഒരു വഴിയും ഉണ്ട്. നിശ്ചലമായിരുന്ന് അത് കണ്ട് വിസ്മയിക്കുക എന്നതിലേക്കാണ് നമ്മുടെ ക്ഷണം, പ്രാഥമികമായും എന്ന് തിരിച്ചറിയണം.


യേശു പഠിപ്പിച്ച "സ്വർഗ്ഗസ്‌ഥനായ പിതാവേ" എന്നുതുടങ്ങുന്ന പ്രാർത്ഥന എത്രവട്ടം നാം ചൊല്ലുന്നുണ്ടാവും! അതിൽ ആദ്യപാദത്തിലെ മൂന്നാമത്തെ യാചന "അങ്ങയുടെ തിരുഹിതം സംഭവിക്കേണമേ" എന്നാണെന്ന കാര്യം നാം ശ്രദ്ധിക്കാതെ പോകുന്നുണ്ടോ?!

bottom of page