ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ
- പോൾ ഗ്രഗറി

- 11 hours ago
- 2 min read

"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ; വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിശാലവും വഴി വീതിയുള്ളതുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാകുന്നു. ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതുമാകുന്നു; അതു കണ്ടെത്തുന്നവരോ ചുരുക്കം." – മത്തായി 7:13–14
മനുഷ്യജീവിതം ഒരു യാത്രയാണ്. ഓരോ ദിവസവും നാം ഒരു ലക്ഷ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരു യാത്രയുടെ വിജയത്തെ നിർണയിക്കുന്നത് യാത്രയുടെ ദൈർഘ്യമല്ല, തിരഞ്ഞെടുക്കുന്ന വഴിയാണ്.
ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ പല വഴികളുണ്ടാകാം. എന്നാൽ എല്ലാ വഴികളും ലക്ഷ്യത്തിലെത്തിക്കണമെന്നില്ല. ചില വഴികൾ മനോഹരമായി തോന്നും; വിശാലമായിരിക്കും; യാത്ര സുഖകരമാക്കും. എന്നാൽ അവ നമ്മെ ലക്ഷ്യത്തിൽ നിന്ന് അകറ്റിക്കൊണ്ടുപോകും. ചില വഴികൾ ഇടുങ്ങിയതായിരിക്കും; പ്രയാസങ്ങൾ നിറഞ്ഞതായിരിക്കും; എങ്കിലും അവയാണ് സുരക്ഷിതമായും ഉറപ്പായും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.
അതുകൊണ്ട്, യാത്രയിൽ വഴികളേക്കാൾ പ്രധാനപ്പെട്ടത് തിരഞ്ഞെടുപ്പാണ്. എന്നാൽ ആ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം എന്തായിരിക്കണം? വ്യക്തമായ ലക്ഷ്യബോധം, ശരിയായ ദിശാബോധം, സത്യത്തെ തിരിച്ചറിയുന്ന കാഴ്ച. ഇവ ഇല്ലെങ്കിൽ വഴികൾ എത്രയുണ്ടെങ്കിലും മനുഷ്യൻ വഴിതെറ്റും.
ഇന്ന് നാം ജീവിക്കുന്നത് സാങ്കേതികവിദ്യയുടെ യുഗത്തിലാണ്. ഒരു പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ മിക്കവരും GPS-നെ ആശ്രയിക്കുന്നു. ഒരു വിലാസം നൽകിയാൽ അത് വഴി കാണിച്ചുതരുന്നു; എവിടെ തിരിയണമെന്ന് മുന്നറിയിപ്പ് നൽകുന്നു; തെറ്റായ വഴി തിരഞ്ഞെടുത്താൽ വീണ്ടും ശരിയായ വഴിയിലേക്ക് നയിക്കാനും ശ്രമിക്കുന്നു. എന്നിരുന്നാലും GPS ഉപയോഗിച്ചിട്ടും വഴിതെറ്റിയവരുടെ അനുഭവങ്ങൾ നമുക്കെല്ലാവർക്കും പരിചിതമാണ്. ചിലപ്പോൾ തെറ്റായ ലൊക്കേഷൻ നൽകിയതുകൊണ്ടും, ചിലപ്പോൾ നിർദ്ദേശങ്ങൾ അവഗണിച്ചതുകൊണ്ടും, ചിലപ്പോൾ സിഗ്നൽ നഷ്ടപ്പെട്ടതുകൊണ്ടും യാത്ര ലക്ഷ്യത്തിലെത്താതെ പോയിട്ടുണ്ട്.
ഭൗതിക യാത്രകളിൽ വഴിതെറ്റുന്നത് സമയം മാത്രമല്ല നഷ്ടപ്പെടുത്തുന്നത്; ചിലപ്പോൾ അപകടങ്ങളിലും എത്തിച്ചേരാൻ ഇടയാക്കും. എന്നാൽ ആത്മീയ യാത്രയിൽ വഴിതെറ്റുന്നത് അതിലും ഗുരുതരമാണ്. അത് നിത്യതയെ തന്നെ നഷ്ടപ്പെടുത്താൻ ഇടയാക്കും.
അതുകൊണ്ടാണ് ഗിരിപ്രഭാഷണത്തിന്റെ അവസാനഭാഗത്ത് കർത്താവായ യേശുക്രിസ്തു രണ്ട് ജീവിതരീതികളെ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്:
രണ്ട് വാതിലുകൾ... രണ്ട് വഴികൾ... രണ്ട് ജനക്കൂട്ടങ്ങൾ... രണ്ട് ലക്ഷ്യങ്ങൾ...
ഒരു വാതിൽ വിശാലമാണ്. അതിലേക്ക് പ്രവേശിക്കാൻ പ്രത്യേക പരിശ്രമമൊന്നും വേണ്ട. ലോകത്തിന്റെ ഒഴുക്കിനൊപ്പം ഒഴുകിയാൽ മതി. അവിടെ സ്വയംനിഷേധമില്ല; അനുസരണമില്ല; വിശുദ്ധിയുടെ വിലയില്ല. ആ വഴി എളുപ്പമാണ്, ജനപ്രിയമാണ്, ആകർഷകമാണ്. അതുകൊണ്ടാണ് അതിലൂടെ നടക്കുന്നത് അനേകർ.
എന്നാൽ മറ്റൊരു വാതിൽ ഇടുങ്ങിയതാണ്. അവിടെ അഹങ്കാരത്തിനും സ്വാർത്ഥതയ്ക്കും പാപത്തിനും പ്രവേശനമില്ല. അവിടെ കടക്കണമെങ്കിൽ പഴയ മനുഷ്യനെ ഉപേക്ഷിക്കണം. സ്വന്തം ക്രൂശ് ഏറ്റെടുക്കണം. സത്യത്തിനുവേണ്ടി നിലകൊള്ളണം. ക്രിസ്തുവിനെ അനുഗമിക്കണം. അതുകൊണ്ടാണ് ആ വഴി തിരഞ്ഞെടുക്കുന്നവർ ചുരുക്കമായിരിക്കുന്നത്.
നമ്മൾ അറിയാതെയോ അറിഞ്ഞുകൊണ്ടോ പലപ്പോഴും തിരഞ്ഞെടുക്കുന്നത് വിശാലമായ വാതിലാണ്. കാരണം അത് നമ്മുടെ ഇഷ്ടങ്ങളോട് യോജിക്കുന്നു; നമ്മുടെ ആഗ്രഹങ്ങളെ ചോദ്യം ചെയ്യുന്നില്ല; നമ്മുടെ പാപത്തെ വെല്ലുവിളിക്കുന്നില്ല. അത് സുഖലോലുപതയുടെയും സ്വാർത്ഥതയുടെയും വിട്ടുവീഴ്ചകളുടെയും വഴിയാണ്.
എന്നാൽ യേശുവിന്റെ ക്ഷണം വ്യത്യസ്തമാണ്:
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ."
ഇത് ഒരു നിർദ്ദേശം മാത്രമല്ല; നിത്യതയെ ലക്ഷ്യമാക്കിയുള്ള സ്നേഹപൂർവമായ ഒരു ആഹ്വാനമാണ്. കാരണം വിശാലമായ വഴി വിനാശത്തിലേക്കാണ് നയിക്കുന്നത്; ഇടുങ്ങിയ വഴി ജീവനിലേക്കാണ് നയിക്കുന്നത്.
ഈ ലോകയാത്രയിൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ നാം എത്രമാത്രം ശ്രദ്ധ പുലർത്തുന്നു! നിർത്തേണ്ടിടത്ത് നിർത്തുന്നു; വേഗത കുറയ്ക്കേണ്ടിടത്ത് കുറയ്ക്കുന്നു; മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കുന്നു; വഴി തെറ്റിയാൽ തിരുത്തുന്നു; ആവശ്യമെങ്കിൽ വഴി മാറുകയും ചെയ്യുന്നു.
എന്നാൽ നമ്മുടെ ആത്മീയ യാത്രയിൽ ഇതേ ജാഗ്രത പുലർത്തുന്നുണ്ടോ?
പാപത്തിന്റെ വഴിയിൽ നിന്ന് നിർത്തേണ്ടിടത്ത് നാം നിർത്തുന്നുണ്ടോ? തെറ്റായ ദിശയിൽ പോകുമ്പോൾ മാനസാന്തരത്തിലൂടെ വഴി മാറുന്നുണ്ടോ? ലോകത്തിന്റെ തിരക്കിലും ആകർഷണങ്ങളിലും ആത്മീയ വേഗത നഷ്ടപ്പെടുമ്പോൾ ദൈവസന്നിധിയിൽ സമയം ചെലവഴിച്ച് നമ്മുടെ ജീവിതത്തെ വീണ്ടും ക്രമപ്പെടുത്തുന്നുണ്ടോ?
നിത്യതയിലേക്കുള്ള ഈ യാത്രയിൽ നാം ഓരോ ചുവടും വിവേകത്തോടെയും പ്രാർത്ഥനയോടെയും വചനത്തിന്റെ വെളിച്ചത്തിലും വെക്കാം. നിറുത്തേണ്ടിടത്ത് നിർത്തുകയും, വഴി മാറേണ്ടിടത്ത് വഴി മാറുകയും, വേഗത കുറയ്ക്കേണ്ടിടത്ത് വേഗത കുറയ്ക്കുകയും ചെയ്ത്, ദൈവം കാണിച്ചുതരുന്ന ഇടുങ്ങിയ വഴിയിലൂടെ വിശ്വസ്തരായി സഞ്ചരിക്കാം.
അപ്പോൾ അവൻ ആഗ്രഹിക്കുന്നതുപോലെ നിത്യതയിൽ പ്രവേശിക്കാൻ നമുക്കാകും. ആ യാത്രയിൽ നാം ഒറ്റയ്ക്കല്ല, നമ്മോടൊപ്പം യാത്ര ചെയ്യുന്നവരെയും കൈപിടിച്ചുയർത്തി, സത്യത്തിന്റെ വഴിയിലേക്ക് നയിക്കാം. ഇടുങ്ങിയ വാതിൽ തിരഞ്ഞെടുക്കാം. ജീവനിലേക്കുള്ള വഴി തിരഞ്ഞെടുക്കാം. നിത്യതയെ ലക്ഷ്യമാക്കി വിശ്വസ്തരായി സഞ്ചരിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
















































































































