top of page

പകർപ്പ്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Aug 13
  • 1 min read
Elijah and Elisha

രണ്ടുനാൾ മുമ്പ് ഏലിയായെക്കുറിച്ച് എഴുതിയിരുന്നു. ദൈവത്തിൻ്റെ നിർദ്ദേശമനുസരിച്ച് അദ്ദേഹം ഏലീഷായെ തൻ്റെ പിൻഗാമിയായി വിളിക്കുകയും പരിശീലനം നൽകുകയും ചെയ്തു. ഏലിയാ എടുക്കപ്പെടുന്നതിനുമുമ്പ് ഏലീഷാ അദ്ദേഹത്തോട് ഒരു വരം ആവശ്യപ്പെട്ടു. ഏലിയായുടെ ഇരട്ടി ചൈതന്യമാണ് ഏലീഷാ ആവശ്യപ്പെട്ടത്.


താപസൻ്റേതായ രോമം കൊണ്ടുള്ള ഉടുപ്പും തോൽവാറും ആയിരുന്നു തിഷ്ബ്യനായ ഏലിയായുടെ വസ്ത്രം.

മരുഭൂമികളിലും വിജനതകളിലും ആയിരുന്നു മിക്കവാറും വാസം.

രാഷ്ട്രീയമായ വിഗ്രഹാരാധനക്കും രാജാവിൻ്റെ അനീതികൾക്കും എതിരേയാണ് അദ്ദേഹം പൊരുതിയത്.

നേരിട്ടുള്ള ഏറ്റുമുട്ടലിൻ്റെ രീതിയായിരുന്നു മിക്കവാറും അദ്ദേഹത്തിൻ്റേത്.

ഒറ്റക്കായിരുന്നു അദ്ദേഹത്തിൻ്റെ യാത്രകളും പ്രവർത്തനങ്ങളും.


എന്നാൽ, ഇതിനെല്ലാം വിപരീതമായിരുന്നു ഏലീഷായുടെ രീതികൾ. ഏലിയാ പ്രതീകാത്മകമായി അയാളെ വിളിച്ച ഉടനെ താൻ പൂട്ടിക്കൊണ്ടിരുന്ന ഒരേർ കാളകളെ കൊന്ന് കലപ്പയും വെട്ടിനുറുക്കി ഒരു വിരുന്ന് നല്കിയശേഷം ഏലിയായെ അനുഗമിക്കുകയാണ് ചെയ്തത്.

താപസൻ്റേതായ മട്ടും രൂപവും വസ്ത്രധാരണത്തിൽ ഏലീഷാ പുലർത്തിയില്ല.

പട്ടണങ്ങളിലാണ് അദ്ദേഹം കഴിഞ്ഞത്.

സാധാരണ മനുഷ്യരെ സഹായിച്ചുകൊണ്ട് നയപരമായ നീക്കങ്ങൾ നടത്തുകയായിരുന്നു ഏലീഷായുടെ രീതി.

തൻ്റെ അനുചരനായ ഭൃത്യനോടൊപ്പവും താൻ പരിശീലനം നല്കിയ മറ്റ് പ്രവാചകന്മാരോടൊപ്പവുമായിരുന്നു ഏലീഷായുടെ പ്രവർത്തനങ്ങൾ.


ഏലിയായുടെ ഇരട്ടിക്കാലം, ഇരട്ടി അത്‌ഭുതങ്ങൾ പ്രവർത്തിച്ച്, നിരവധി രാജാക്കന്മാർക്ക് അദ്ദേഹം ഉപദേശം നല്കി.


"പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടി കര്‍ത്താവിന്‍റെ മുമ്പേ അവൻ പോകും." എന്നാണ് സ്‌നാപകയോഹന്നാനെക്കുറിച്ച് ഗബ്രിയേൽ ദൂതൻ സഖറിയായോട് പറയുന്നത്.

താപസജീവിതം, രോമക്കുപ്പായം, മരുഭൂമി വാസം, ഏറ്റുമുട്ടൽ രീതി, രാജാവിൻ്റെ നെറികേടിനെതിരേ കൈചൂണ്ടൽ എന്നീ കാര്യങ്ങളിലെല്ലാം ഏലിയായുടെ പകർപ്പായിരുന്നു സ്നാപകൻ എന്നും നമുക്ക് കാണാമല്ലോ.

bottom of page