top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു- 19

  • Writer: പ്രൊഫ. ജോര്‍ജ് ജോസഫ്
    പ്രൊഫ. ജോര്‍ജ് ജോസഫ്
  • 7 days ago
  • 4 min read

19

കയറ്റത്തിന് ഇറക്കവുമുണ്ട്

 A village house. a woman cleaning the courtyard

നാരായണന്‍കുട്ടിയില്‍ നിന്ന് വാങ്ങിയ പുരയിടത്തില്‍ നട്ട പ്ലാവും മാവും പതിയെ പതിയെ വളര്‍ന്നുകൊണ്ടിരുന്നു. അതേ കാലയളവില്‍ കൊച്ചുതോമയുടെ കുടുംബം ക്ഷയിച്ചുകൊണ്ടുമിരുന്നു. നാരായണന്‍കുട്ടിക്കെന്നതുപോലെ കൊച്ചുതോമയ്ക്കും പ്രായവും ദീനവും കൂടിക്കൊണ്ടിരുന്നു. ഭര്‍ത്താക്കന്മാര്‍ക്ക് ദിനം കൂടുന്തോറും ഭാര്യമാര്‍ക്ക് ശക്തിയും യുക്തിയും കൂടിക്കൊണ്ടിരുന്നു


നട്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാവും മാവും പൂവിട്ടു. പ്ലാവില്‍ അഞ്ചാറ് പൂവുകള്‍ തിരിയിട്ട് ചക്കയായി തിരിഞ്ഞെങ്കിലും രണ്ടെണ്ണം മാത്രമേ മൂത്ത് പഴുത്തൊള്ളു. അതിലൊന്ന് പുണ്യവാന്. മാവ് പൂത്ത് പത്തറുപത് മാങ്ങായുണ്ടായെങ്കിലും കാക്കയും വാവലും കൊണ്ടുപോകാതെ പറിച്ചെടുത്ത് പഴുപ്പിക്കാനായത് പത്തിരുപത് മാങ്ങകള്‍ മാത്രമായിരുന്നു. അതിലും ഒരു പങ്ക് പുണ്യവാളച്ചന്. കന്നി ഫലങ്ങള്‍ പള്ളിക്ക്. മറ്റൊരു ചക്ക മുറിച്ച് കാല്‍ ചക്കയും നല്ല നാല് മാങ്ങയും നാരായണന്‍കുട്ടിയുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു, "നിങ്ങളുടെ പറമ്പിലെ ആദ്യ ഫലങ്ങളാണ്. ഇതേ പോലെ എല്ലാ ആണ്ടും വീതം തരും." നാരായണന്‍കുട്ടിക്ക് സന്തോഷം കൊണ്ട് ഒന്നും സംസാരിക്കാനായില്ല.


കഷ്ടകാലം ഒന്നായി വരത്തില്ല. വരുമ്പോള്‍ ഒരു പടയായി വരും. ശത്രുക്കളും അങ്ങനെ തന്നെ. കൊച്ചുതോമയുടെ കഷ്ടകാലം വീട്ടില്‍ നിന്നാണ് ആരംഭിച്ചത്. ശത്രുക്കളും വീട്ടില്‍ തന്നെയായിരുന്നു. മക്കള്‍ ഒന്നായി സ്നേഹത്തോടെ പരസ്പരം സഹായിച്ച് ജീവിക്കണം എന്ന് കൊച്ചുതോമയും കൊച്ചുത്രേസ്യാക്കുട്ടിയും ആഗ്രഹിച്ചു. എന്നാല്‍ അവര്‍ ശത്രുക്കളെപ്പോലെ ജീവിച്ചില്ലെങ്കിലും മിത്രങ്ങളായി ജീവിക്കുവാന്‍ സാധിച്ചില്ല. കൂട്ടുകുടുംബവും കൂട്ടുകച്ചവടവും മാപ്പിളമാര്‍ക്ക് പറ്റിയതല്ലെന്ന കണക്കന്‍ ഭാസ്കരന്‍റെ ആപ്തവാക്യം കൊച്ചുതോമ വീണ്ടും വീണ്ടും ഓര്‍ത്തു. ഒരു വഴിയും കാണാതെ കൊച്ചുതോമ ശൗര്യാര് പുണ്യാളന്‍റെ അടുക്കല്‍ ശരണപ്പെട്ടു. പക്ഷേ പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. കാരണം, കാര്യങ്ങള്‍ പുണ്യവാന്‍റെ പരിധിക്കും പുറത്തേക്ക് പടര്‍ന്ന് പന്തലിച്ചിരുന്നു. എല്ലാം സ്വന്തം തീരുമാനമനുസരിച്ചേ ചെയ്യൂ എന്ന് വാശി പിടിക്കുന്നവര്‍ പുണ്യവാനല്ല ദൈവം തമ്പുരാന്‍ പറഞ്ഞാലും കേള്‍ക്കില്ലല്ലോ?


എങ്ങനെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ കൊച്ചുതോമയെ പടിപടിയായി ഉയര്‍ത്തിയോ, അതേപോലെ മാറി വന്ന സാഹചര്യങ്ങള്‍ കൊച്ചുതോമയെ പടിപടിയായി തളര്‍ത്തിക്കൊണ്ടിരുന്നു. മാറിക്കൊണ്ടിരുന്ന സാഹചര്യങ്ങളെ ശരിയായി സമീപിക്കാതിരുന്നതാണ് അധഃപതനത്തിനുള്ള പ്രധാന കാരണം. കച്ചവടത്തില്‍ കൂടുതല്‍ ശ്രദ്ധയും നിപുണതയും പുതിയ രീതികളും ആവശ്യമായിരുന്ന ആ സാഹചര്യത്തില്‍ അശ്രദ്ധയും അസൂയയും കൃത്യവിലോപവും കടന്നു കയറി. കച്ചവട ബന്ധങ്ങള്‍ കുറേച്ചയായി അകലുന്നത് കൊച്ചുതോമയെ നിരാശപ്പെടുത്തി. പുതിയ മേഖലകള്‍ കണ്ടെത്തണമെന്ന് പലരും ഉപദേശിച്ചെങ്കിലും മക്കള്‍ അതിനൊന്നും ഒത്തു വരുന്നില്ലെന്ന തോന്നല്‍ അങ്ങേര്‍ക്കുണ്ടായി. പുതിയ മേഖലകളിലുള്ള പരിചയക്കുറവ് അതിലേക്ക് തുനിഞ്ഞിറങ്ങുന്നതില്‍ നിന്ന് വിലക്കി. പുതുമേഖലകളില്‍ കൈ വെയ്ക്കുന്നതിന് ചുറുചുറുക്കും ധൈര്യവും അത്യാവശ്യമായിരുന്നു. ചെറുപ്പക്കാര്‍ക്ക് അതില്ലെങ്കില്‍ വയസ്സായ തനിക്കാണോ അതുണ്ടാകേണ്ടതെന്ന് കൊച്ചുതോമ വിചാരിച്ചു.


ഓനച്ചന്‍ ചേട്ടന്‍റെ മൂത്ത മകന്‍ വര്‍ഗീസിന് ചേര്‍ത്തല ഭാഗത്തെ തേങ്ങ നിറയ്ക്കുന്നതിന്‍റെ മേല്‍നോട്ടം ആയിരുന്നു. തണ്ണീര്‍മുക്കത്ത് കളത്തിലും പള്ളിപ്പുറത്ത് എരിശ്ശേരി കടവിലും തേങ്ങാ പൊതിച്ച് അവിടെ നിന്നു തന്നെ വള്ളത്തില്‍ കയറ്റി കൊച്ചിയിലേക്ക് അയച്ചുകൊണ്ടിരുന്നു. വര്‍ഗീസിന്‍റെ മേല്‍നോട്ടം അത്ര സാമര്‍ത്ഥ്യമുള്ളതല്ലെന്ന് പാപ്പിക്ക് പലതവണ തോന്നിയിട്ടുണ്ട്. ഉരുളന്‍ തേങ്ങ കയറ്റുമ്പോള്‍ തിരിവു തേങ്ങയുടെ എണ്ണം ചാക്കില്‍ കൂടുന്നതും വാശിയുടെ എണ്ണം കുറയുന്നതും പാപ്പി വര്‍ഗീസിന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചുതോമയുടെ ഏറ്റവും അടുത്ത ബന്ധു എന്ന മുറയില്‍ കാര്‍ക്കശ്യത്തോടെ സംസാരിക്കുവാന്‍ പാപ്പിക്ക് സാധിച്ചിരുന്നില്ല. പക്ഷേ കൊച്ചുതോമയെ വിവരം അറിയിക്കാതെയുമിരുന്നില്ല. ഈ പിശക് വര്‍ഗീസ് മനപ്പൂര്‍വ്വം ചെയ്യുന്നതല്ലായിരുന്നു. തേങ്ങാ തരുന്നവരില്‍ പലരും പണിക്കാരുടെ ബന്ധുക്കളായിരുന്നതു കൊണ്ട് തേങ്ങാ തിരിയുമ്പോള്‍ അവരുടെ മനസ്സ് തേങ്ങ തരുന്ന കൃഷിക്കാരുടെ കൂടെ നിന്നതാണ് കാരണം. അവരുടെ കൂറെവിടെയാണെങ്കിലും, വര്‍ഗീസ് നില്‍ക്കേണ്ടടുത്ത് നില്‍ക്കേണ്ടത് പോലെ നിന്നിരുന്നേല്‍ നടക്കേണ്ടത് നടക്കേണ്ടതു പോലെ നടന്നേനെ. കൊച്ചുതോമ പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞിരുന്നേല്‍, വര്‍ഗീസ് ചെയ്യേണ്ടത് ചെയ്യേണ്ടതു പോലെ ചെയ്തേനെ. കൊച്ചുതോമയ്ക്ക് ഒരു കാര്യം കൃത്യമായി പറയണമെങ്കില്‍ അല്പം അരിശം വരണം. പണിക്കാരോട് കോപപ്പെടാം മക്കളോടും കോപിക്കാം. പക്ഷേ ചേട്ടന്‍റെ മക്കളോടും ചിറ്റപ്പന്‍മാരോടും എങ്ങനെയാണ് അരിശപ്പെടുക.


സേവ്യറിന്‍റെ കാര്യപ്പിടിപ്പില്‍ ഈ തെറ്റ് കണ്ടുപിടിക്കുകയും ചേട്ടനാണെന്ന് നോക്കാതെ പണിക്കാരുടെ മുമ്പില്‍ വെച്ച് ചേട്ടന്‍റെ പിടിപ്പുകേട് ചൂണ്ടിക്കാണിച്ച് വായില്‍ കൊള്ളുന്നതും മനസ്സില്‍ കൊള്ളാത്തതുമായ കുറെ വര്‍ത്തമാനം പറയുകയും ചെയ്തു. വര്‍ഗീസിന് മനഃസ്താപമല്ല മാനഹാനിയും മനക്ലേശവുമാണ് ഉണ്ടായത്. അത് പുറത്തു കാണിക്കാതെ കൂടുതല്‍ ശ്രദ്ധയോടെ ജോലി ചെയ്തു കൊണ്ടിരുന്നു. തിരിവ് തേങ്ങ തള്ളുന്നതിന്‍റെ എണ്ണം കൂടി, വാശിത്തേങ്ങയുടെ എണ്ണവും കൂടി. സേവ്യര്‍ തന്‍റെ നടപടിയില്‍ വിജയം കണ്ടതില്‍ സന്തോഷിച്ചു. എന്നാല്‍ വര്‍ഗീസിന് ഒരു കുപ്പിക്കള്ള് മുഴുവനായി അകത്ത് ചെന്നാല്‍ മനസ്സ് വിമ്മിഷ്ടം കൊണ്ട് തികട്ടി വരും. കൂടുതല്‍ കൂടുതല്‍ ചിന്തിക്കുംതോറും മനസ്സ് തിളച്ചു മറിയും. പക്ഷേ ഒന്നും ആരോടും പറയില്ല.


കൊച്ചുതോമയുടെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്നവനും അങ്ങേര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവനുമായ നാട്ടുപ്രമാണിയായിരുന്നു  ചേരുപറമ്പില്‍ മത്തായിച്ചന്‍. കൊച്ചുതോമയ്ക്ക് ചേരുപറമ്പില്‍ മത്തായിച്ചനെ വലിയ വിശ്വാസമായിരുന്നു. എന്നാല്‍ മത്തായിച്ചന് തന്‍റെ സ്നേഹപ്രകടനങ്ങള്‍ക്കനുസരിച്ച് കൊച്ചുതോമയോടുള്ള അസൂയയും കൂടിക്കൊണ്ടിരുന്നു. കൊച്ചുതോമ തളരണമെന്ന് ഒരു കാര്യവുമില്ലാതെ അയാള്‍ ആഗ്രഹിച്ചു പക്ഷേ, കൊച്ചുതോമ സ്നേഹപ്രകടനങ്ങള്‍ മാത്രമേ കണ്ടുള്ളൂ.


അന്ന് പള്ളിപ്പെരുന്നാളായിരുന്നു കള്ളുകുടിയന്‍മാരുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ അളവ് കൂട്ടാന്‍ കള്ളില്‍ അല്പം കഞ്ചാവ് ചേര്‍ത്തിരുന്നു. ഒരു കുപ്പി അകത്താക്കിയപ്പോഴേ വര്‍ഗീസിന്‍റെ ചിന്തയുടെ വേഗം കൂടി. വിമ്മിഷ്ടങ്ങള്‍ തിളച്ചു മറിഞ്ഞ് പുറത്തേക്കൊഴുകി. അതിന്‍റെ തലയും വാലും പുഴുക്കരി ശശി കര പ്രമാണിയായ ചേരുപ്പറമ്പില്‍ മത്തായിച്ചന് കൊടുത്തു. കൊട്ടുവാന്‍ നല്ലൊരു വടി നോക്കിയിരുന്ന ചേരുപ്പറമ്പില്‍ പ്രമാണിക്ക് അത് കിട്ടിയതിന്‍റെ സുഖം അപ്പോളുണ്ടായി. അന്നുമുതല്‍ അവസരം കിട്ടുമ്പോഴെല്ലാം കരിക്കിന്‍ വെള്ളത്തില്‍ പട്ടച്ചാരായം ചേര്‍ത്ത് കഴിക്കുവാന്‍ കൂട്ടിന് വര്‍ഗീസിനെയും മത്തായിച്ചന്‍ ചേര്‍ത്തു.


വര്‍ഗീസ് ആകട്ടെ മത്തായിച്ചന്‍റെ കൂടെ മദ്യം കഴിക്കുന്ന ഓരോ അവസരങ്ങളിലും കൊച്ചുതോമയില്‍ നിന്ന് മാനസികമായി അകലുകയും മത്തായിച്ചനോട് ശാരീരികവും മാനസികവുമായി കൂടുതല്‍ കൂടുതല്‍ അടുക്കുകയും ചെയ്തു. ഈ മാറ്റം വര്‍ഗീസിന് കൊച്ചുതോമയില്‍ നിന്ന് ഒളിപ്പിക്കുവാന്‍ കഴിഞ്ഞില്ല. അവന് വീട്ടില്‍ കൂടുതല്‍ ബുദ്ധിമുട്ടെന്തങ്കിലും ഉണ്ടായിരിക്കും എന്ന് കരുതി കൊച്ചുതോമ വര്‍ഗീസിന്‍റെ വീട്ടിലേക്ക് കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൊടുത്തു. പല വ്യഞ്ജനത്തിന് മദ്യത്തിന്‍റെ ഗുണമില്ലല്ലോ? സേവ്യറിനോട് പക പോക്കുവാനുള്ള അവസരം ഒത്തു വന്നു. തേങ്ങ നിറയ്ക്കുന്നതിനിടയില്‍ ചാക്കുകളില്‍ ഇളവന്‍ തേങ്ങയും  ചേര്‍ത്തു നിറയ്ക്കാന്‍ വര്‍ഗീസ് പ്രത്യേകം ശ്രദ്ധിച്ചു പോന്നു. തുടര്‍ച്ചയായി ലോഡുകളില്‍ ചീഞ്ഞ തേങ്ങയുടെ എണ്ണം കൂടിയതോടെ വ്യാപാരികളില്‍ പലരും കൊച്ചുതോമയുടെ തേങ്ങ വേണ്ടെന്ന തീരുമാനത്തിലെത്തി.


പല ഇടങ്ങളിലായി വാങ്ങിക്കൂട്ടിയിരുന്ന പതിനായിരക്കണക്കിന് തേങ്ങ അതാത് പ്രദേശങ്ങളിലെ ചെറുകിട തേങ്ങാക്കച്ചവടക്കാരുമായി സഹകരിച്ച് വെട്ടിപ്പിരിവിന് കൊച്ചുതോമ ഏര്‍പ്പാടാക്കി. അങ്ങനെ കൊച്ചുതോമ എന്ന ചക്രവര്‍ത്തി ആയുധങ്ങള്‍ ഉപേക്ഷിച്ച് അതിവേഗം തന്‍റെ കൂടാരത്തിലേക്ക് മടങ്ങി. അത്രയും നാള്‍ കൂടെയുണ്ടായിരുന്ന പട്ടാളക്കാര്‍ കൊച്ചുതോമയെ വിട്ട് പുതിയ പാളയങ്ങളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായി.


സര്‍വ്വസൈന്യാധിപനായിരുന്ന പാപ്പി കൊപ്രാക്കളത്തിലെ പണി നായകനായി. പറമ്പും കൃഷിയും നോക്കി നടത്തിയിരുന്ന നാരായണന്‍കുട്ടിക്ക് സ്ഥാനചലനമുണ്ടായില്ലെങ്കിലും പഴയ കേമം ഇല്ലായിരുന്നു. വ്യാപാര കാര്യങ്ങള്‍ക്കായി കൊച്ചുതോമ ഒരു രൂപ പോലും കടമെടുത്തിട്ടില്ലായിരുന്നു. അതിനാല്‍ ഭൂസ്വത്തിന്മേലോ മരുമക്കളുടെ സ്വര്‍ണാഭരണങ്ങളിന്മേലോ ആരും അവകാശമുന്നയിച്ചില്ല. കച്ചവടം പൊട്ടിയെങ്കിലും കൃഷി കാര്യങ്ങളില്‍ തൃപ്തനായിരുന്ന ജോസഫ് സംതൃപ്തിയൊട്ടും കുറയാതെ ജീവിതം തുടര്‍ന്നു. സേവ്യര്‍ തേങ്ങാവെട്ട് തുടര്‍ന്നു. വന്‍ ലാഭങ്ങള്‍ ഒന്നുമില്ലായിരുന്നെങ്കിലും കൊച്ചുമുതലാളിയായി തുടരുവാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നു. ജോര്‍ജുകുട്ടി പുതിയ പുതിയ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് അലഞ്ഞു നടന്നു. തോമസ് നോട്ടു കെട്ടുകള്‍ വീണ്ടും വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി. കൊച്ചുതോമ കയ്യില്‍ കരുതിയിരുന്ന പണം ശിഷ്ടകാല ജീവിതത്തിനായി വളരെ കരുതലോടെ സൂക്ഷിച്ചു വച്ചു. പള്ളിയും പട്ടക്കാരനും അടുക്കളയും മരുമക്കളും കൊച്ചുമക്കളുമായി കഴിഞ്ഞിരുന്ന കൊച്ചുത്രേസ്യാക്കുട്ടി ഒന്നിനും ഒരു കുറവും വരുത്താതെ അതേപോലെ തന്നെ ജീവിച്ചു. ഒഴിഞ്ഞ വീടും പുരയിടവും വീണ്ടും വീണ്ടും നടന്ന് കണ്ടുകൊണ്ടിരുന്ന കൊച്ചുതോമ സംഭാവന പിരിക്കുവാന്‍ ആരും വരരുതേ എന്ന് വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന ദൈവം കേട്ടു. വല്ലപ്പോഴും യാദൃശ്ചികമായി കേറിവരുന്ന പാര്‍ട്ടിക്കാര്‍ അല്ലാതെ ആരും സംഭാവന ചോദിച്ച് എത്തിയില്ല. അവര്‍ക്കും തോമസ് കൊടുക്കുന്ന ഒരു ചെറിയ വിഹിതം മതിയായിരുന്നു. ആരും കൊച്ചുതോമയെ തിരക്കിയില്ല.


ചേരുപറമ്പില്‍ മത്തായിയുടെ സല്‍ക്കാരം വര്‍ഗീസിന് ആദ്യമാദ്യം മധുരിച്ചെങ്കിലും കാലപ്പഴക്കത്തില്‍ അത് വേദനയും നിന്ദയും ആയി തോന്നി. ആഴ്ചതോറും വന്നുകൊണ്ടിരുന്ന അരിയും സാമാനങ്ങളും നിന്നതോടുകൂടി ദാരിദ്ര്യം എന്താണെന്ന് വര്‍ഗീസ്  അറിഞ്ഞു. സേവ്യറിന്‍റെ കളത്തില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വേലക്കൂലി അഷ്ടിക്കു വകയായി. മുന്നോട്ടു പോകുവാന്‍ വഴിയൊന്നും ഇല്ലെന്നായപ്പോള്‍ ഉള്ള വീടും സ്ഥലവും വിറ്റ് കാടു കയറുവാന്‍ തീരുമാനിച്ചു. പുരയിടം വാങ്ങുവാന്‍ ഒരു കൊച്ചുതോമ ഇല്ലാതിരുന്നതിനാല്‍ പെടു വിലക്ക് വില്‍ക്കേണ്ടിവന്നു. പോകുന്നതിനു മുമ്പായി ചേരുപറമ്പില്‍ മത്തായിച്ചന്‍റെ ചതിയെ വിശദമായി പറഞ്ഞ് വര്‍ഗീസ് ചിറ്റപ്പന്‍റെ കാലില്‍ വീണു മാപ്പിരന്നു. കാലു പൊക്കി തൊഴിയ്ക്കാനാണ് തോന്നിയതെങ്കിലും ഏതു വേദനയും സഹിക്കുവാനുള്ള സഹന ശക്തി കൈവരിച്ചിരുന്നതിനാല്‍ രണ്ടുതുള്ളി കണ്ണുനീരുകൊണ്ട് കൊച്ചുതോമ വര്‍ഗീസിനെ അനുഗ്രഹിച്ച് യാത്രയാക്കി. അതിനുശേഷം കൊച്ചുതോമ ചേരുപറമ്പില്‍ മത്തായിച്ചന്‍റെ നേരെ നോക്കുകയോ അയാളോട് സംസാരിക്കുകയോ ചെയ്തിട്ടില്ല.

     (തുടരും)

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു- 19

പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക, ആഗസ്റ്റ് 2026

bottom of page