നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്
- ഡോ. റോയി തോമസ്

- 4 days ago
- 3 min read

കെ. ജെ. ബേബിയുടെ മകളും പ്രശസ്ത ബവൂള്‍ ഗായികയുമായ ശാന്തിപ്രിയ ഒരഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു: 'എല്ലാവര്‍ക്കും നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്'. ഈ ചിന്തയ്ക്ക് രണ്ടു തലങ്ങളുണ്ട്. ഒന്ന്: ഓരോ വ്യക്തിക്കും നിശ്ശബ്ദരായിരിക്കാന്‍ അവകാശമുണ്ട്. രണ്ട്: ചുറ്റുപാടുകളില്‍ നിന്ന് നിശ്ശബ്ദത ലഭിക്കാനും അവകാശമുണ്ട്. നിശ്ശബ്ദത ഇവിടെ നിഷേധാത്മകശക്തി അല്ല; സര്‍ഗാത്മകമായ ഊര്‍ജമാണ് എന്നാണ് നാം ഓര്‍ക്കേണ്ടത്. ആവശ്യത്തിലധികം ശബ്ദമെടുക്കുകയും ശബ്ദപ്പെരുക്കങ്ങള്‍ക്കിടയില്‍ ജീവിക്കുകയും ചെയ്യുന്ന നമുക്ക് നിശ്ശബ്ദതയുടെ സാധ്യതകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
വലിയ ശബ്ദത്തില്‍ സംസാരിക്കുന്നവര്‍, മിണ്ടാതിരിക്കാന്‍ കഴിയാത്തവര്‍ സ്വന്തം സാന്നിധ്യം ഒച്ചയിലൂടെ വിളിച്ചുപറയാന്‍ ശ്രമിക്കുന്നു. താന്‍ നിശ്ശബ്ദനായിരുന്നാല്‍ തന്‍റെ നിലനില്പ് മറ്റുള്ളവര്‍ അറിയാതിരിക്കുമോ എന്ന ഭയം നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കാന്‍ .... പ്രേരിപ്പിക്കുന്നു. രാഷ്ട്രീയത്തില്‍, സാമൂഹ്യജീവിതത്തില്‍, മതത്തില്‍, മനുഷ്യന്‍റെ എല്ലാ വ്യവഹാരസ്ഥലങ്ങളിലും ശബ്ദസമുദ്രം ഇരമ്പിയാര്‍ക്കുന്നു. സര്‍വ മാധ്യമങ്ങളിലും ഒച്ചപ്പെരുക്കമാണ്. ചാനല്‍ ചര്‍ച്ചകളില്‍ ആരെല്ലാമോ ഒച്ചയെടുക്കുകയും പരസ്പരം വെല്ലുവിളിക്കുകയും ചെയ്യുന്നു. സംവാദമല്ല, ഏകപക്ഷീയമായ അലറിവിളികളാണ് നാം നിരന്തരം കേള്‍ക്കുന്നത്. ധ്യാനമെന്ന പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ ദൈവത്തെപ്പോലും ഭയപ്പെടുത്തും വിധം അലറിവിളിക്കുന്നു. ഇങ്ങനെ ശബ്ദസമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന നമുക്ക് 'മൗന'ത്തിന്‍റെ അര്‍ഥസാന്ദ്രത ഉള്‍ക്കൊള്ളാനാവുന്നില്ല. അതുകൊണ്ടുതന്നെ 'അകം' ഇല്ലാതെ തൊണ്ടുകളായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്നു.
നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഒച്ചകള്‍ നമ്മിലേക്ക് പാഞ്ഞുവരുന്നു. ജീവിതത്തിന്‍റെ എല്ലാ വഴിത്താരകളിലും ശബ്ദങ്ങളുടെ ആക്രമണത്തില്‍ നാം അകപ്പെട്ടിരിക്കുന്നു. 'ഒന്നു ശല്യപ്പെടുത്താതിരിക്കൂ' എന്നു വിളിച്ചുപറയാന്‍ നാം പലപ്പോഴും ആഗ്രഹിക്കുന്നു. ഓരോ സംഘവും ഓരോരോ ഭീകരശബ്ദങ്ങള്‍ പുറത്തേക്കു വിടുന്നു. രാഷ്ട്രീയത്തിന്‍റെയും മതത്തിന്‍റെയും, സംഘടനകളുടെയും എല്ലാം പേരില്‍ ശബ്ദങ്ങള്‍ പെരുകിപ്പെരുകി വരുന്നു. നഗരങ്ങള്‍ ഹിംസാത്മകമായ ശബ്ദങ്ങളുടെ കേന്ദ്രമാകുന്നു. പരസ്യങ്ങള്‍ മനുഷ്യനെ മോഹവലയത്തിലാക്കാനുള്ള ഒച്ചകള്‍ പുറപ്പെടുവിക്കുന്നു. സ്വയം തിരിച്ചറിയാനുള്ള ഇടവേള നല്‍കാതെ നമ്മെ ശബ്ദാസുരന്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

പ്രകൃതിയെ ഒന്നു ശ്രദ്ധിച്ചാല്‍ ഒരു കാര്യം നമുക്കു മനസ്സിലാകും. മനുഷ്യരുണ്ടാക്കുന്ന ഒച്ചകള്‍ കുറച്ചുസമയം നിര്‍ത്തിയാല്‍ പ്രകൃതിയുടെ നേര്‍ത്ത ശബ്ദങ്ങള്‍, സംഗീതം നമുക്കു കേള്‍ക്കാം. കര്‍ണകഠോരമായ ശബ്ദങ്ങള്‍ അവയില്‍ ഇല്ല. നേര്‍ത്ത ശബ്ദങ്ങള്‍ സംഗീതാത്മകമായി ഒഴുകിപ്പരക്കുന്നത് നാം അറിയുന്നു. സ്വാസ്ഥ്യത്തിന്‍റെ നേര്‍ത്ത നാദം. ഒച്ചകള്‍ക്കിടയില്‍ ജീവിച്ച് ഈ നേര്‍ത്ത ശബ്ദങ്ങള്‍ കേള്‍ക്കാനാവാത്ത വിധം നമ്മുടെ കര്‍ണ്ണങ്ങള്‍ ബധിരമായിക്കൊണ്ടിരിക്കുന്നു. വലിയ ഒച്ചകളെ മറികടക്കാന്‍ അതിലും വലിയ ഒച്ചകള്‍ ഓരോരുത്തരും പുറത്തേക്കു വിടുന്നു. ഒച്ചകളുടെ മഹാസാഗരത്തില്‍ ഒരു ശബ്ദവും വേര്‍തിരിച്ചറിയാതെ നാം സന്ത്രാസത്തില്‍ അകപ്പെടുന്നു. വലിയ ഒച്ചകള്‍ നമ്മുടെ മനസ്സിന്‍റെ സ്വാഭാവികഗതിയെ മാറ്റിമറിക്കുന്നു. മറ്റൊരു വേഗത്തിലേക്ക് നാമറിയാതെ കടക്കുന്നു. സ്വയം നഷ്ടപ്പെട്ട്, ഓട്ടപ്പന്തയത്തിലെന്നതു പോലെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നിശ്ശബ്ദത, മൗനം നമുക്ക് ചിലപ്പോള്‍ സാന്ത്വനമാകും. ലോകത്തില്‍ നിന്ന് മാറിനില്‍ക്കലായ ഈ നിശ്ശബ്ദത, ലോകത്തെ, ചുറ്റുപാടുകളെ, സര്‍വചരാചരങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാനുള്ള ഒരു ഉള്‍സഞ്ചാരമാണത്. സ്വന്തം ഉള്ളിലേക്ക് ശാന്തമായി പ്രവേശിക്കാന്‍ സാധിക്കുന്നത് അപ്പോഴാണ്. വേഗം കുറയ്ക്കൂ, ചുറ്റും നോക്കൂ, കാറ്റിന്‍റെയും കിളികളുടെയും ശബ്ദം കേള്‍ക്കൂ. ഇവയെല്ലാം വാക്കുകളില്ലാത്ത സംഭാഷണങ്ങളാണ്. ഇവിടെ ആത്മാന്വേഷണത്തിന്‍റെ പാത തുറക്കുന്നു. പുതിയ പാതകള്‍ തുറന്നുവരുന്നു.
'ഓരോ ദിവസവും കുറച്ചുസമയം നിശ്ശബ്ദതയ്ക്ക് നല്‍കൂ, എന്ന് ചില അന്വേഷകര്‍ ആഹ്വാനം ചെയ്യുന്നു. ചില ഉത്തരങ്ങള്‍ സംസാരിച്ചു കിട്ടുന്നതല്ല, നിശ്ശബ്ദതയില്‍ തെളിഞ്ഞുവരുന്നതാണ്'. ചിലപ്പോള്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണം മറ്റൊരാളുമായിട്ടല്ല, സ്വന്തം മനസ്സുമായിട്ടാണ്. നിശ്ശബ്ദതയിലാണ് ഇത് സാധ്യമാകുക. നിശ്ശബ്ദതയെ ഭയക്കാതിരിക്കുക. അതിനുള്ളില്‍ ചില സത്യങ്ങള്‍ ലയിച്ചിരിക്കുന്നു. അഗാധമായതു ചിലത് വിടര്‍ന്നുവരുന്നത് നിശ്ശബ്ദതയിലാണ്. പ്രകൃതി കൂടുതലും സംസാരിക്കുന്നത് നിശ്ശബ്ദമായാണ്. ബഹളങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നമുക്ക് മൗനത്തിന്‍റെ ആ ഭാഷ നഷ്ടമായിരിക്കുന്നു.
'ശരത്കാലം' പ്രകൃതിയുടെ മൗനകാലമാണെന്ന് ചില കവികള്‍ സൂചിപ്പിച്ചിട്ടുണ്ട്. നിശ്ശബ്ദമായി സ്വയം തിരിച്ചറിയുന്ന സമയം. ആ നിശ്ശബ്ദതയില്‍ നിന്ന് പുതിയ വസന്തം ഉദിക്കാം. അങ്ങനെ വരുമ്പോള്‍ നിശ്ശബ്ദത ഉര്‍വരമായ ജൈവചൈതന്യമായി മാറുന്നു. ചില നിശ്ശബ്ദതകള്‍ പുതിയ തുടക്കത്തിന്‍റെ തയ്യാറെടുപ്പുമാവാം. 'യഥാര്‍ഥ മനുഷ്യനാകാന്‍ ചിലപ്പോള്‍ മനുഷ്യക്കൂട്ടത്തില്‍ നിന്ന്, ബഹളങ്ങളില്‍ നിന്ന് അകന്ന് സ്വന്തം ഉള്ളിലേക്ക് യാത്ര ചെയ്യണം'. എല്ലാ മഹത്തുക്കളുടെയും ജീവിതം ഇതിനു സാക്ഷ്യം നല്‍കുന്നു. 'ഇത് മനുഷ്യനെ വെറുക്കുക എന്നതല്ല; സ്വന്തം ശബ്ദം കേള്‍ക്കാന്‍ ലോകത്തിന്‍റെ ശബ്ദം കുറച്ചുസമയം നിശ്ശബ്ദമാക്കുക എന്നാണ്.' ഏകാന്തതയും നിശ്ശബ്ദതയും ചിലപ്പോള്‍ ഒരു തിരഞ്ഞെടുപ്പായി മാറുന്നു. സ്വന്തം ആത്മാവിനൊപ്പം സമാധാനത്തോടെ ഇരിക്കാന്‍ കഴിയുന്ന അവസ്ഥയാണിത്. 'ആത്മാവിന്‍റെ ഏറ്റവും വലിയ സംഭാഷണം പുറംലോകത്തോടല്ല; സ്വന്തം ഉള്ളിലാണ്' എന്ന് ഹെര്‍മ്മന്‍ ഹെസ്സെ സൂചിപ്പിക്കുന്നത് ശ്രദ്ധിക്കുക.
'ഭാഷയും നിശ്ശബ്ദതയും' എന്ന ഗ്രന്ഥമെഴുതിയ ജോര്‍ജ് സ്കെയ്നര്‍ നിശ്ശബ്ദതയുടെ ചരിത്രപരവും രാഷ്ട്രീയവുമായ വിവക്ഷകള്‍ അനാവരണം ചെയ്യുന്നുണ്ട്. അധികാരം അടിച്ചേല്പിക്കുന്ന നിശ്ശബ്ദത ചിലരുടെ മൗനത്തിനു കാരണമാകാം. ഭയത്തിലൂടെയുണ്ടാകുന്ന നിശ്ശബ്ദതയെ ഏകാധിപതികള്‍ ഇഷ്ടപ്പെടുന്നു. അടിമത്തത്തിന്‍റെ നിശ്ശബ്ദതയാണത്. ചരിത്രത്തിന്‍റെ പല ഘട്ടങ്ങളിലും ഭാഷയ്ക്കു പകരം നിശ്ശബ്ദത കടന്നുവന്നിട്ടുണ്ട്. അധികാരം അടിച്ചേല്പിക്കുന്ന നിശ്ശബ്ദത സര്‍ഗാത്മകമല്ല; മരണത്തിനു സമാനമാണ്. ഏകാധിപത്യത്തിന്‍റെ കാലത്ത് നാം നിശ്ശബ്ദരാകാന്‍ വിധിക്കപ്പെടുന്നു. 'നിശ്ശബ്ദതയുടെ രാഷ്ട്രീയം' ഇവിടെ പ്രധാനമാണ്.
'നിശ്ശബ്ദതയുടെ സൗന്ദര്യശാസ്ത്രം' എന്ന പ്രബന്ധത്തില്‍ സൂസന്‍ സൊന്‍ടാഗ് മൗനത്തിന്‍റെ സര്‍ഗാത്മക സാധ്യതകള്‍ അന്വേഷിക്കുന്നു. കവിതയില്‍, കഥയില്‍, നോവലില്‍, സംഗീതത്തില്‍, സിനിമയില്‍ എല്ലാം മൗനത്തിന്‍റെ അടരുകള്‍ അര്‍ഥസാന്ദ്രമായി പ്രഭാവലയം തീര്‍ക്കുന്നത് അവര്‍ സൂക്ഷ്മമായി കണ്ടെത്തുന്നു. നമ്മുടെ സിനിമകള്‍, സംഭാഷണങ്ങള്‍ കുത്തിനിറച്ചതാണ്. എന്നാല്‍ സിനിമ യഥാര്‍ഥത്തില്‍ ചിത്രങ്ങളുടെ ഭാഷയാണ്. തര്‍ക്കോവ്സ്കിയുടെയോ, ബര്‍ഗ്മാന്‍റെയോ സിനിമകള്‍ കാണുമ്പോള്‍ നിശ്ശബ്ദതയുടെ അനന്തസാധ്യതകള്‍ നാം തിരിച്ചറിയുന്നു. അരവിന്ദന്‍റെ സിനിമകള്‍ ഏറെ ആക്രമിക്കപ്പെട്ടത് അതിലെ നീണ്ട നിശ്ശബ്ദത മൂലമാണ്. നിശ്ശബ്ദതയുടെ സൗന്ദര്യശാസ്ത്രം തിരിച്ചറിയുന്നവര്‍ക്ക് ഈ മൗനം അര്‍ഥപൂര്‍ണമാണ്. സാര്‍ഥകമായ മൗനത്തിന്‍റെ സാധ്യതകള്‍ സാഹിത്യസൃഷ്ടികളും കലാസൃഷ്ടികളും സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തുമ്പോള്‍ അവ ഹൃദയത്തോടു നേരിട്ടു സംവദിക്കുന്നു.
'പ്രകൃതിയിലെ നിശ്ശബ്ദതയാണ്' മനുഷ്യന്‍ പഠിക്കേണ്ട ഏറ്റവും വലിയ ജ്ഞാനം' എന്ന് ഹെര്‍മന്‍ ഹെസെ പറയുമ്പോള്‍ നിശ്ശബ്ദതയുടെ ആഴം വ്യക്തമാകുന്നു. 'ഏറ്റവും അഗാധമായത് കൈമാറുന്നത് വാക്കുകളിലൂടെയല്ല, മൗനത്തിലൂടെയാണ്' എന്ന് ഖലില്‍ ജിബ്രാന്‍ പറയുന്നതും നിശ്ശബ്ദതയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. 'നിശ്ശബ്ദതയിലാണ്, ശാന്തതയിലാണ് ആത്മാവ് സ്വന്തം ശബ്ദം കേള്‍ക്കാന്‍ തുടങ്ങുന്നത്'. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്നവന്‍റെ ആന്തരലോകം പൊള്ളയായ ശബ്ദങ്ങളാല്‍ നിറയും. കുറച്ചുസമയം നിശ്ശബ്ദമായിരുന്ന്, സ്വന്തം ആത്മാവിന്‍റെ സ്വരം ശ്രവിച്ച് ചില ജീവിതസാരങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിക്കണം.
നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്
ഡോ. റോയി തോമസ്
അസ്സീസി മാസിക, ആഗസ്റ്റ് 2026

























































