top of page

അന്നം

  • Writer: ബോബി ജോസ് കട്ടിക്കാട്
    ബോബി ജോസ് കട്ടിക്കാട്
  • 4 days ago
  • 3 min read

Updated: 6 hours ago

Francis shares bread with the poor

പൊടിഞ്ഞു തുടങ്ങിയ ഒരു ചണസഞ്ചി കുറച്ച് കാലം മുമ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് വാര്‍ത്ത സൃഷ്ടിച്ചു, ഇറ്റലിയിലെ ഒരു ഫ്രാന്‍സ്സിക്കന്‍ സമൂഹം. മോണ്ടേല്യ (Montella) എന്ന ഇടത്തില്‍ നിന്നുള്ളവരാണ് അവര്‍.


എട്ട് നൂറ്റാണ്ട് പഴക്കമുള്ള കഥയാണത്. 1240ലെ ഒരു കൊടിയ ശൈത്യം. മഞ്ഞില്‍ മറഞ്ഞു പോയ ആശ്രമത്തില്‍ വിശന്നു മരിച്ചേക്കുമെന്ന് തന്നെയാണ് അവര്‍ കരുതിയത്. അങ്ങനെ ഒരു രാത്രിയില്‍ ഒരു ചാക്ക് നിറയെ അപ്പോള്‍ മൊരിച്ച ബ്രെഡ് വാതില്‍ പടിയില്‍ വെച്ചിട്ട് ആരോ മാഞ്ഞു പോവുകയാണ്. ആ പഞ്ഞ മാസത്തെ കുറുകെ കടക്കാന്‍ അത് ധാരാളം മതിയായിരുന്നു. മൈലുകള്‍ക്കപ്പുറം സഞ്ചാരത്തിലായിരുന്ന ഫ്രാന്‍സിസ് എന്തോ തെളിച്ചത്തില്‍ തങ്ങളുടെ ദുര്യോഗമറിഞ്ഞെന്നും സ്വന്തം കാവല്‍മാലാഖയെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചയച്ചതാണെന്നും സഹോദരര്‍ കരുതി.


അതോടുകൂടി ആ അപ്പ സഞ്ചി തിരുശേഷിപ്പായി. ഊഹിക്കാവുന്നത് പോലെ അത് കാണാനായി തീര്‍ത്ഥാടകരെത്തി. ഏതാനും നൂറ്റാണ്ടുകള്‍ അത് തുടര്‍ന്നു. 1732 തൊട്ട് പൊതു ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കി.


അന്നോളം പറഞ്ഞു വരുന്ന ഒരു വര്‍ത്തമാനത്തിന്‍റെ സാധുത അറിയാനായിരുന്നു ഈ പരിശോധന. കാര്‍ബണ്‍ ഡേറ്റിംഗില്‍ കാലമൊക്കെ അത് തന്നെ. അപ്പത്തരികളുമുണ്ട്. പിന്നെ മാലാഖ, തണുപ്പത്തു കൂനി പിടിച്ചിരിക്കുമ്പോള്‍ അന്നം വെച്ചിട്ട് പോകുന്നത് ആരായാലും അതിനെ വിളിക്കേണ്ട വാക്ക് മാലാഖ എന്ന് തന്നെ.


അപ്പമായിരുന്നു ശരിക്കുമുള്ള അത്ഭുതം.


പുതിയ നിയമത്തില്‍ 'അപ്പം' എന്നൊരു പദം എവിടെ നിന്നു വേണമെങ്കിലും നിങ്ങള്‍ പരതിയെടുത്തോളൂ, അതിനു മുന്‍നിരയായി കൃതജ്ഞതയോടെ' എന്നൊരു വിശേഷണം കാണാം. ലോകത്തിന്‍റെ ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനകളൊക്കെ ഭക്ഷണത്തിനുള്ള നന്ദിയായിരുന്നു.


ഒരപ്പത്തുണ്ട് എടുക്കുമ്പോള്‍ അവന്‍റെ ഹൃദയം കൃതജ്ഞതാപരമായി. ചെറിയ കാര്യമല്ല അന്നമുണ്ടായിരിക്കുക എന്നത്. അതും ഇഷ്ടഭക്ഷണമുണ്ടായിരുക്കുക. പഴയ ഒരു ഓര്‍മയാണ്, ഭേദപ്പെട്ട ജീവിതസാഹജര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുള്ള കുറച്ചുപേര്‍ പാര്‍ക്കുന്ന തെരുവിന്‍റെ അങ്ങേ തലക്കലാണ് ആശ്രമം. വല്ലപ്പോഴും പുറത്തു പോകുമ്പോള്‍ വലിയ ചില ഉത്തരവാദിത്വങ്ങളില്‍ നിന്നും റിട്ടയര്‍ഡ് ചെയ്ത ഒരാള്‍ എന്നും ഒരേ കുശലം ചോദിക്കുന്നു, 'ഇന്നെന്തായിരുന്നു അകത്തെ കൂട്ടാന്‍?' വളരെ വിയേര്‍ഡ് ആയി അത് അതനുഭവപ്പെട്ടിരുന്നു.


വിഭാര്യനായ ഒരാള്‍ തന്‍റെ അവശേഷിക്കുന്ന ചില കൗതുകങ്ങളെ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായിട്ടായിരിക്കണം അത്തരം ആരായലുകള്‍ എന്ന അനുഭാവത്തോടു മാത്രമേ ഇപ്പോള്‍ അത് ഓര്‍മ്മിച്ചെടുക്കാനാവുന്നുള്ളു. അവള്‍ അയാള്‍ക്ക് എന്തൊക്കെയായിരിക്കും വിളമ്പിയിട്ടുണ്ടാവുക!


അലഞ്ഞു നടന്ന ഒരു തച്ചനും കൂട്ടുകാര്‍ക്കും നേരത്ത് ഭക്ഷണം കിട്ടുക എന്നതിനേക്കാള്‍ വലിയ ഒരു ആഡംബരമില്ല. ഒരു നാണയം പോയാല്‍ അത് തിരഞ്ഞു കിട്ടുവോളം സമാധാനമില്ലാത്ത സ്ത്രീകളുടെ നാടാണ്. ഒരു ചങ്ങാതി വീട്ടില്‍ വന്നാല്‍ അടുത്ത വീട്ടില്‍ നിന്നും അപ്പം ഇരക്കുന്ന കാലം. ആ കാലത്തിലും ദേശത്തിലും അവനും കൂട്ടരും വിശന്നു മരിച്ചില്ല എന്നതാണ് സുവിശേഷം അടയാളപ്പെടുത്താതെ പോകുന്ന അത്ഭുതം. അതിനര്‍ത്ഥം പാവപ്പെട്ട മനുഷ്യര്‍ അവരുടെ വിയര്‍പ്പിന്‍റെ ഒരു ഓഹരി ഈ ദരിദ്രമനുഷ്യര്‍ക്കു വേണ്ടി കരുതിവച്ചിരുന്നു. എന്‍റേതല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ നിലനില്‍ക്കുന്നത് എന്ന ബോധത്തിന്‍റെ പേരാണ് കൃതജ്ഞത.


പഴയനിയമത്തിന്‍റെ ഹുങ്ക് തിരുത്തപ്പെടുകയാണ്; സ്വന്തം നെറ്റിയിലെ വിയര്‍പ്പു കൊണ്ട് അപ്പം ഭക്ഷിക്കാനാകും എന്ന മിത്ത് ആണത്. മേശയിലേക്ക് ഉറ്റുനോക്കൂ. അയാള്‍ക്ക് തൊഴിലുണ്ട്, അടുക്കളയില്‍ നില്‍ക്കുന്ന സ്ത്രീക്ക് ആരോഗ്യമുണ്ട്, മേശയ്ക്കരികില്‍ ഇരിക്കുന്ന കുഞ്ഞുങ്ങള്‍ സമാധാനപ്രിയരാണ്. ഇങ്ങനെ എന്തൊക്കെ കോമ്പോണന്‍സ് ചേര്‍ന്നിട്ടാണ് നിങ്ങള്‍ വാഴ്ത്തി ഭക്ഷിക്കുന്ന തളികയിലെ അപ്പത്തുണ്ട് മൊരിഞ്ഞത്!


എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ അവനെ തിരിച്ചറിഞ്ഞതു പോലും അങ്ങനെയാണ്. പകല്‍ മുഴുവന്‍ കുടെ നടന്നിട്ടും അത് യേശുവാണെന്ന് അവര്‍ക്ക് പിടുത്തം കിട്ടിയതേയില്ല. എന്നാല്‍ അന്തിയില്‍ അവന്‍ അപ്പമെടുത്ത് വാഴ്ത്തിയപ്പോള്‍ അവര്‍ മന്ത്രിച്ചു, 'ഇത് കര്‍ത്താവാണ്'. നിങ്ങള്‍ എത്ര കൃതജ്ഞതയോടെ ജീവിതത്തെ തൊടുന്നു എന്ന നിരീക്ഷണത്തില്‍ നിന്നു കണ്ടെത്താവുന്നതേയുള്ളു നിങ്ങളിലെ ക്രിസ്തുബോധത്തിന്‍റെ അനുപാതം.


ഭിക്ഷാടനത്തില്‍ ജീവിച്ചിരുന്ന മനുഷ്യരെന്ന നിലയില്‍ അപ്പത്തിന്‍റെ മൂലൃത്തെക്കുറിച്ച് ഒരാളും ഫ്രാന്‍സിനെ പഠിപ്പിക്കേണ്ടതില്ല. ദേശത്തിന്‍റെ കഥകളില്‍ അയാള്‍ എങ്ങനെയാണ് തളിര്‍ക്കുന്നതെന്ന് നോക്കു.


ഫ്രാന്‍സിസ് തന്‍റെ യാത്രയിലായിരുന്നു. വല്ലാതെ മുഷിഞ്ഞൊരു ചേരി. തകര്‍ന്നൊരു കല്‍ബഞ്ചില്‍ ഒരു വൃദ്ധ ഇരിപ്പുണ്ട്. അരികിലിരുന്ന് ആ അമ്മയോട് അഭ്യര്‍ത്ഥിച്ചു: 'അമ്മാ, എന്നോട് ദൈവത്തേക്കുറിച്ച് പറയുക.' ഒന്നും മിണ്ടാതെ തന്‍റെ സഞ്ചിയില്‍ നിന്ന് ഒരു അപ്പമെടുത്ത് ചേറില്‍ കളിക്കുന്ന കുഞ്ഞുങ്ങളിലൊരാള്‍ക്ക് വച്ചുനീട്ടി. അവന്‍ അതു മറ്റൊരു കൂട്ടുകാരന്. അവനില്‍ നിന്ന് ഒരു റിലേയുടെ ബാറ്റണ്‍ പോലെ ആ അപ്പം കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. തങ്ങളേക്കാള്‍ ഈ അപ്പത്തിന് അര്‍ഹതയുള്ള ആരോ ഉണ്ടാവുമെന്ന് ഓരോരുത്തരും വിശ്വസിച്ചു. സൂര്യസ്നാനം ചെയ്യുന്ന വയോധികര്‍, ചാമ്പുപൈപ്പില്‍ നിന്ന് വെള്ളം നിറക്കുന്ന സ്ത്രീകള്‍. കടശിയില്‍ അപ്പം ശയ്യാവലംബിയായ ഒരു മനുഷ്യന്‍റെ കിടക്കയിലെത്തി. നിറമിഴികളോടെ ഫ്രാന്‍സിസ് അപ്പത്തിന്‍റെ തീര്‍ത്ഥയാത്ര നോക്കിനിന്നു. പിന്നെ, വൃദ്ധയുടെ കരങ്ങള്‍ കോര്‍ത്തുപിടിച്ച് ആകാശത്തോടു നിലവിളിച്ചു: 'ഞങ്ങളുടെ അപ്പാ, ഞങ്ങളുടെ അപ്പം'.


വിശപ്പ് ശരിക്കും വല്യ പ്രശ്നമാണ്. കഠിന ഉപവാസത്തിന്‍റെ ഒരു നോമ്പ് കാലത്ത് ഉറക്കത്തില്‍ നിന്ന് ഞെട്ടി എണീറ്റ് ഒരു ചെറുപ്പക്കാരന്‍ സന്യാസി വിശന്ന് കരഞ്ഞു. അയാളെ ശകാരിക്കാനോ പരിഹസിക്കാനേ അല്ല ഫ്രാന്‍സിസ് തുനിഞ്ഞത്. പാതിരാവില്‍ എല്ലാവര്‍ക്കും വേണ്ടി മേശ ഒരുക്കി. അവരെ വിളിച്ചുണര്‍ത്തി. ഒരാളെയും ബുദ്ധിമുട്ടില്‍ ആക്കാതിരിക്കാന്‍ ഫ്രാന്‍സിസ് ആദ്യം തന്നെ ഭക്ഷിച്ചു. നോമ്പ് മുറിച്ചു.


ഏറ്റവും ഒടുവിലായി ചെയ്തതും അതാണ്. കടന്ന് പോകുന്നതിന് തൊട്ട് മുന്നേയായിരുന്നു. അപ്പം ആവശ്യപ്പെട്ടു. യേശുവിന്‍റെ തിരുവത്താഴത്തിനെന്ന പോലെ അതിനെ വാഴ്ത്തി വിഭജിച്ചു ഉറ്റവര്‍ക്കു കൊടുത്തു. അന്നം പോലെ അഗാധമായ മറ്റെന്തോര്‍മ്മയാണുള്ളത്.


വിശക്കുന്നവരോട് സദാ അനുഭാവം പുലര്‍ത്തിയ ഇടങ്ങളായിരുന്നു സഹോദരന്മാരുടേത്. സൂപ്പ് കിച്ചന്‍ എന്നൊരു രീതി ഏതാണ്ട് എല്ലാ ആശ്രമങ്ങളുടെയും ഭാഗമായി തീര്‍ന്നു. ഒരു കോപ്പ കഞ്ഞി അവിടെ ഏതൊരാളുടെയും അവകാശമായി. നമ്മുടെ കപ്പുച്ചിന്‍ മെസ്സൊക്കെ ആ പാരമ്പര്യത്തിന്‍റെ തളിര്‍പ്പാണ്.


രുചികരമായ ഒരപ്പം ഇറ്റലിയില്‍ ഇപ്പോഴും ഫ്രാന്‍സിസിന്‍റെ പേരിലാണ് അറിയപ്പെടുന്നത് (ജമഴിീമേേ എൃമിരലരെമിമ). ധാരാളമായി ഉണക്കമുന്തിരിയും അല്‍മണ്ടും തേനും ചേര്‍ത്ത് ചുട്ടെടുക്കുന്ന ഒന്നാണത്. മതപരമായ ആഘോഷങ്ങളില്‍ ഫ്രാന്‍സിസിന്‍റെ ലളിത ജീവിതത്തിന്‍റെ ഓര്‍മ്മയായി ഇപ്പോഴും വിളമ്പുന്നു.


അതേ നേരത്ത് ക്ലാരയുടെ മഠത്തില്‍ സംഭവിക്കുന്നത്. പോപ്പ് സഹോദരിമാരെ കാണുവാനെത്തി. അത്താഴത്തെ ആശീര്‍വദിക്കാന്‍ പോപ്പ് ക്ലാരയോട് ആവശ്യപ്പെട്ടു. അനുസരണത്തിന് വിധേയപ്പെട്ട് അവളൊരു അപ്പമെടുത്തു കുരിശ് വരച്ചു വാഴ്ത്തി. ഇപ്പോള്‍ എല്ലാ അപ്പത്തിന് മുകളിലും ഒരു കുരിശ് മുദ്ര താനെ പതിയുകയാണ്.


ഓരോ കതിര്‍ മണിയിലും അത് ഭക്ഷിക്കേണ്ട ആളുടെ പേരുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിലെത്ര നേരുണ്ടെന്ന് അറിഞ്ഞു കൂടാ. എന്നാലിത് നേരാണ്. സൂക്ഷിച്ചു നോക്കിയാല്‍ ഓരോ അപ്പത്തിലും കുരിശ് മുദ്ര കാണാം.

അന്നം

ബോബി ജോസ് കട്ടികാട്

അസ്സീസി മാസിക, ആഗസ്റ്റ് 2026

bottom of page