എന്നെ കണ്ടെത്താനാകുമ്പോൾ…ജീവിതം ഒരു ഭാഗ്യമാണെന്ന് തിരിച്ചറിയുമ്പോൾ…
- ബിനു ജോൺ ഡിക്രൂസ്
- 2 days ago
- 2 min read

“എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” ലൂക്കാ 1:43
എന്റെ ജീവിതത്തിന്റെ മരൂഭൂമി മൗനങ്ങളിൽ പലപ്പോഴും ആത്മാവിൽ മുഴങ്ങി കേൾക്കുന്ന ഒരു വചനമാണിത്. പുലരി ഉറക്കത്തിൽ ഉണർന്ന് അരികിലെവിടെയോ പരിശുദ്ധ അമ്മയുടെ സാന്നിധ്യം അനുഭവിക്കുന്ന നിമിഷങ്ങൾ.
തന്റെ ഭവനത്തിന്റ വാതിലുകൾ തുറന്നു കടന്നുവരുന്ന മറിയത്തെ കാണുമ്പോൾ മിഴികളിൽ നിറഞ്ഞ അത്ഭുതത്തിൽ എലിസബത്ത് ആദ്യം പറഞ്ഞ വാക്കുകൾ — “എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്" എന്നായിരുന്നു. അറിയാതെ പറഞ്ഞു പോകുന്ന വെറും വാക്കുകളായിരുന്നില്ല അത്. സ്വന്തം ജീവിതത്തിൽ രക്ഷകന്റെ സാന്നിധ്യം തിരിച്ചറിയുന്ന ഹൃദയത്തിന്റെ വാക്കുകളാണ്. തന്റെ മുമ്പിൽ നിൽക്കുന്നത് ഒരു സാധാരണ സ്ത്രീ അല്ലെന്നു ദൈവിക പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട കൃപനിറഞ്ഞവളാണ് എന്ന് തിരിച്ചറയുന്ന നിമിഷങ്ങളാണത് .
മറിയം കടന്നു വന്നപ്പോൾ എലിസബത്തിന്റെ ഭവനം ദൈവസാന്നിധ്യം അനുഭവിക്കുന്ന ഭവനമായി മാറുകയായിരുന്നു. നമ്മുടെ ഒരോരുത്തരുടെയും കുടുംബങ്ങളിലും ഈ വചനം മാംസം ധരിക്കണം.നമ്മുടെ കുടുംബത്തിൽ ദൈവസാന്നിധ്യമുണ്ടോ എന്ന ചോദ്യം ഉയരണം ?
കുടുംബങ്ങൾ ഒന്നിച്ചു വസിക്കുന്നു എന്ന് അഭിമാനിക്കുന്ന ഒരോ ഇടങ്ങളിലും ഇന്ന് ഹൃദയങ്ങൾ എത്ര അകലങ്ങളിലാണ്. തീൻമേശയ്ക്കു മുന്നിൽ ഇരിക്കുമ്പോഴും സ്വന്തം മൊബൈൽ ഫോണിന്റെ ലോകത്തിൽ മൗനികളാകുന്നവർ, പരസ്പരം സംസാരിക്കാൻ സമയമില്ലാത്തവർ, സ്വന്തം മക്കളെ പോലും കേൾക്കാൻ ക്ഷമയില്ലാത്തവർ, പരസ്പരം മനസ്സിലാകാതെ കുറ്റപ്പെടുത്തുന്ന ദമ്പതിമാർ. ഭവനങ്ങൾ വലുതാകും തോറും ഹൃദയങ്ങൾ ചെറുതായി പോകുന്നവർ, ജീവിതത്തിൽ തുറവി നഷ്ടപ്പെടുന്നവർ .
അതിമനോഹരമായ വീടു നിർമ്മിച്ച് അതിന്റെ അകത്തളങ്ങൾ മോടി പിടിപ്പിച്ചതുകൊണ്ട് ആ കുടുംബത്തിനു വിശുദ്ധി കൈവരുന്നില്ല. പരസ്പരം ക്ഷമിക്കുകയും സ്നേഹിക്കുകയും ദൈവത്തിന് പ്രഥമ സ്ഥാനം നൽകുകയും ചെയ്യുമ്പോയാണ് വീടൊരു ഭാഗ്യമുള്ള ഭവനമായി രൂപാന്തരപ്പെടുക .
ഓരോ കുടുംബവും ആത്മശോധന ചെയ്യണം: “കർത്താവേ, നീ ഞങ്ങളുടെ വീട്ടിലേക്ക് വന്നാൽ, അങ്ങയേ സ്വീകരിക്കാൻ സ്വീകരിക്കാൻ തക്ക സ്നേഹം ഇവിടെയുണ്ടോ?”
മാതാപിതാക്കളുടെ സ്നേഹത്യാഗങ്ങളിലൂടെ അനുസരണയും വിശുദ്ധിയും പ്രാർത്ഥനയും നിറഞ്ഞ മക്കളിലൂടെ ഭാര്യഭർത്താക്കൻമാർ പരസ്പരം ക്ഷമിച്ചുള്ള സ്നേഹത്തിലൂടെ, ഒരുമിച്ചുള്ള പ്രാർത്ഥനയിൽ ക്രിസ്തുസാന്നിധ്യം നമ്മുടെ വീടുകളിൽ നിറയണം .
ആത്മീയതയിൽ നിന്നും അകന്ന് ഭൗതിക സുഖങ്ങൾ തേടി അലയുന്ന ഈ ഡിജിറ്റൽ യുഗത്തിലെ യുവത്വം ആശയ കുഴപ്പങ്ങളിലുടെയുള്ള യാത്രയിലാണ്. എന്നെ കണ്ടെത്തുക എന്നതിൽ ഉപരി മറ്റാരെയോ പോലെയാകാനുള്ള ത്വരയിലാണവർ. കൂടുതൽ ഫോളേവേഴ്സ്, ഉയർന്ന സമ്പത്ത്, സൗന്ദര്യം എന്നിങ്ങനെ അവരുടെ
മനസ്സ് പറന്നു നടക്കുകയാണ് .
ഈ തിരക്കേറിയ യുഗത്തിൽ, യേശു പറയുന്നത് ശ്രവിക്കാൻ യുവത്വത്തിനു കഴിയണം. “നീ എനിക്കു പ്രിയപ്പെട്ടവനാണ്.” എന്ന് നിരന്തരം പറഞ്ഞ് ഒപ്പം നടക്കുന്നവൻ. ദൈവത്തിന്റെ കണ്ണിൽ നമുക്കുള്ള വിലയിലാണ് നമ്മുടെ യഥാർത്ഥ മൂല്യം അവിടെയാണ് നമ്മുക്ക് സ്വയം തിരിച്ചറിയാനാകുക. മറിയവും ഒരു സാധാരണ യുവതിയായിരുന്നു. പക്ഷേ ദൈവം അവളെ തന്റെ വലിയ പദ്ധതിയുടെ ഭാഗമാക്കിമാറ്റി.
നമ്മുടെ ജീവിതത്തെ ഒരിക്കലും സ്വയം ചെറുതായി കാണരുത്. “എനിക്ക് എന്ത് ചെയ്യാൻ കഴിയും?” എന്നതല്ല “ദൈവത്തിന് എന്നിലൂടെ എന്ത് ചെയ്യാൻ കഴിയും?” എന്നായിരിക്കണം എൻ്റെ ചോദ്യം. മറിയം തന്റെ ജീവിതം താഴ്മയായി ദൈവത്തിന് സമർപ്പിച്ചപ്പോൾ, ദൈവ വചനം മാംസമായി രക്ഷകനായ യേശൂവിനെ ഉദരത്തിൽ വഹിക്കാനായി. യുവജനങ്ങളും ദൈവത്തിന് തങ്ങളുടെ ജീവിതം സമർപ്പിക്കുമ്പോൾ, അവരുടെ കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കും ലോകത്തിനും അനുഗ്രഹമായി മാറാൻ കഴിയും.
പരിഭവങ്ങളുടെയും പരാതികളുടെയും കുറ്റപ്പെടുത്തലുകളുടെയും ഈ ലോകത്ത് എലിസബത്ത് നമ്മെ പഠിപ്പിക്കുന്ന മനോഭാവത്തിനു വലിയ പ്രസക്തിയുണ്ട്. തനിക്ക് ലഭിച്ചതൊന്നും തന്റെ അവകാശമല്ല മറിച്ച്, ദൈവ കൃപയാണ് എന്നതിരിച്ചറിവ്. മറിയത്തിലൂടെ ദൈവികസാന്നിധ്യം തിരിച്ചറിയുന്നവൾ അവളുടെ കടന്നുവരവിനെയാണ് എറ്റവും വലിയ ഭാഗ്യമായി കരുതുന്നത്.
പലപ്പോഴും ദൈവം വലിയ അത്ഭുതങ്ങളിലൂടെയല്ല നമ്മളിലേക്ക് വരുന്നത്. നമ്മൾ പ്രതീക്ഷിക്കാത്ത നിസ്സാര മനുഷ്യരിലൂടെയാവാം. ഒരു സൗഹൃദത്തിന്റെ ആശ്വാസ വാക്കുകളിൽ, അപരിചിതനായ ഒരുവന്റെ കരുണയിൽ, അമ്മയുടെ പ്രാർത്ഥനയിൽ, ഭാര്യയുടെ സഹനത്തിൽ, ക്ഷമിക്കുന്ന ഹൃദയത്തിൽ, പ്രത്യാശയും പ്രതീക്ഷയും നഷ്ടപ്പെട്ട സമയങ്ങളിലെ ചെറിയ വെളിച്ചങ്ങളിൽ ഒക്കെ കർത്താവിന്റെ സാന്നിധ്യമുണ്ട് .
മറിയം എലിസബത്തിന്റെ വീട്ടിലേക്ക് കടന്നു വന്നപ്പോൾ, ആ വീട് സന്തോഷത്താലും സമാധാനത്താലും നിറഞ്ഞതുപോലെ ക്രിസ്തുവിനെ ഹൃദയത്തിൽ വഹിക്കുന്ന ഒരാൾ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവിടെയും സമാധാനവും പ്രത്യാശയും ജനിക്കണം.
നമുക്കും ചോദിക്കാനാകണം എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്ന് എന്ന് ? ഇത്രമേൽ കൃപ എനിക്ക് എവിടെ നിന്ന് എന്ന്. ഒന്നും നമ്മുടെ യോഗ്യതയോ കഴിവോ അതിനു തക്ക അർഹത ഉള്ളതിനാലോ അല്ലലോ? ഒക്കയും ദൈവത്തിന്റ കരുണയും കൃപയും മാത്രം.
ഇന്ന് ദൈവം നമ്മെ ഒരോരുത്തരെയും മറ്റൊരാളുടെ ജീവിതത്തിലേക്ക് അയയ്ക്കുന്നുണ്ടോ എന്നും ചിന്തിക്കണം. ഒരാളുടെ കണ്ണീരൊപ്പാൻ, അപരന് സാന്ത്വനമാകാൻ, ജീവിത വഴിയിൽ ഒറ്റപ്പെട്ടുപോയവന് ഒപ്പമാകുവാൻ, നിരാശയുടെ ഗർത്തങ്ങളിൽ വീണുപോയവന് പ്രത്യാശനൽകാൻ, ദൈവം നമ്മെ ഉപയോഗിച്ചേക്കാം.
പരിശുദ്ധ മറിയത്തെപോലെ ക്രിസ്തുവിനെ വഹിക്കുന്നവരാകാനും, എലിസബത്തെപ്പോലെ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നവരാകാനും നമുക്ക് ഒരോരുത്തർക്കും സാധിക്കട്ടെ. ഈ ആധുനിക യുഗത്തിൽ ഉപദേശങ്ങളല്ല കരുണയുള്ള ഹൃദയങ്ങളെയാണ് വേണ്ടത്. കൂറ്റപ്പെടുത്തലുകളെക്കാൾ
ആശ്വാസ വാക്കുകളാണ് ആവശ്യം ,
നമ്മുടെ ജീവിതത്തിലേക്ക് ദൈവം അയച്ച ഓരോ വ്യക്തിയെയും ഒരു ഭാരമായി കാണാതെ ഒരു അനുഗ്രഹമായി കാണാൻ സാധിക്കട്ടെ.
നമ്മുടെ ഹൃദയത്തിലും ഈ പ്രാർത്ഥന ഉയരട്ടെ
“കർത്താവേ, പരിശുദ്ധ അമ്മ എന്റെ അടുക്കൽ വരുവാനും അങ്ങയുടെ സാന്നിധ്യം എന്റെ ജീവിതത്തിൽ അനുഭവിക്കാനും എനിക്ക് ലഭിച്ച ഈ ഭാഗ്യം എത്രയോ വലുതാണ്".
















































































































