അക്ഷരത്തെറ്റ്
- ഫാ. ലിജോ തൂക്കനാല്‍
- Aug 7
- 2 min read

എന്താണ് അക്ഷരത്തെറ്റ്? അത് തപ്പി അങ്ങ് ദൂരേക്കൊന്നും പോകേണ്ട. കണ്‍മുമ്പില്‍ തന്നെ ധാരാളമുണ്ട്. അതിപ്പോള്‍ എഴുതിയാലും വായിച്ചാലും പറഞ്ഞാലും അത് നമ്മെ വിടാതെ കൂടിയിരിക്കുന്നു. സ്കൂളില്‍ കേട്ടെഴുത്തു കഴിഞ്ഞ് പേപ്പര്‍ തരുമ്പോള്‍ ചില വാക്കുകളില്‍ ചുവന്ന മഷിക്ക് വട്ടം വരയ്ക്കാറില്ലേ അധ്യാപകര്‍. അക്ഷരത്തെറ്റുണ്ട് ശ്രദ്ധിക്കണം എന്ന ഉപദേശവും കാണും. 'ചെറിയൊരു അക്ഷരമല്ലേ തെറ്റിയുള്ളൂ അതിലിപ്പോ എന്താ കുഴപ്പം', 'കാര്യങ്ങള്‍ മനസ്സിലായാല്‍ പോരേ' എന്ന് വാദിക്കുന്നവരും ഉണ്ട്. അക്ഷരത്തെറ്റു കൊണ്ട് ഫുള്‍ മാര്‍ക്ക് പോകുമ്പോഴുള്ള വിഷമങ്ങളൊക്കെ പലരും അനുഭവിച്ചിട്ടുണ്ടാവും. ഷെര്‍ലക് ടോംസ് എന്ന മലയാള സിനിമയില്‍ വിജയരാഘവനോട് പോലീസുകാരന്‍ ചോദിക്കുന്നുണ്ട്: 'തലകുത്തനെയാണ് പത്രം വായിക്കുന്നത്.' അയാളുടെ മറുപടി 'എങ്ങനെ വായിച്ചാലെന്താ കാര്യം മനസ്സിലായാല്‍ പോരേ' എന്ന പോലെയാണ് നമ്മുടെ കാര്യങ്ങള്‍.
പറയുന്ന കാര്യങ്ങള്‍ വ്യക്തമാവാത്ത സാഹചര്യത്തിനാണ് അക്ഷരത്തെറ്റ് എന്ന് പറയുക. കമ്പ്യൂട്ടറിലൊക്കെ പ്രോഗ്രാമിങ് ചെയ്യുമ്പോള്‍ കോഡിങ് തെറ്റിയാല്‍ Errorകാണിക്കാറുണ്ട്. പാസ്സ്വേര്‍ഡ് തെറ്റിയാലും കാണിക്കാറില്ലേ. ഒരു ശ്രദ്ധക്കുറവ് ആണല്ലോ ഈ തെറ്റുകള്‍ക്കൊക്കെ കാരണം.. ജീവിതത്തിന്‍റെ പൊരുത്തക്കേടുകളെ വ്യാഖ്യാനിക്കാന്‍ ഈ പദം ഉപയോഗിക്കുന്നുണ്ട്. ഒരേ സാഹചര്യത്തിലും വീട്ടിലുമൊക്കെ വളര്‍ന്നവര്‍ തമ്മില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതെ വരുന്നു, തമ്മില്‍ കലഹിക്കുന്നു തുടങ്ങിയ കാര്യങ്ങളിലേക്ക് ഒക്കെ പോകുന്നത് പോലും ജീവിതത്തിന്‍റെ Syntax തെറ്റിയത് കൊണ്ടാണ്.
തമ്മില്‍ പൊരുത്തപ്പെടാന്‍ ആവാത്ത സാഹചര്യങ്ങള്‍ ഒക്കെ അക്ഷരത്തെറ്റ് എന്ന് വിളിക്കുന്നുണ്ട്. അങ്ങനെ തെറ്റിപ്പോകുന്ന അക്ഷരങ്ങളെ തുടച്ചു മാറ്റാന്‍ ഒക്കെ സഹായിക്കുന്ന ഒരു Eraser കണക്കെയാണ് Sorry എന്ന വാക്കൊക്കെ രൂപപ്പെട്ടത് പോലും. കൊച്ചുകുട്ടികള്‍ പോക്കറ്റില്‍ സൂക്ഷിക്കുന്ന ആ Eraser പോലെ വളരെ ചെറിയ ഒരു വാക്ക്. തെറ്റിപ്പോകുന്നിടത്തൊക്കെ ആ വാക്കുകൊണ്ട് ഒന്ന് തൊട്ടാല്‍ മാഞ്ഞു പോകാവുന്ന കാര്യങ്ങളൊക്കെയുള്ളൂ ജീവിതത്തിലും. ഉടഞ്ഞുപോയ പല ബന്ധങ്ങളെയും ഈ വാക്കുകൊണ്ടൊക്കെ ഒട്ടിച്ചു വെക്കാവുന്നതാണ് .
എന്നാല്‍ മുതിര്‍ന്നു എന്ന് തോന്നലിലാണ് നമ്മള്‍ പേന കൊണ്ട് എഴുതി തുടങ്ങുന്നത്. തെറ്റിയാല്‍ വെട്ടികളയുക അല്ലെങ്കില്‍ കീറികളയുക എന്ന സിദ്ധാന്തം മാത്രമാണ് അതില്‍ പ്രവര്‍ത്തിക്കുന്നത്. ജീവിതത്തെ പിന്നീട് ഒരു Rereading നടത്തുമ്പോള്‍ ഈ വെട്ടിക്കളഞ്ഞതൊക്കെ മായാതെ നില്‍ക്കും എന്നതാണ് കുഴപ്പം. അങ്ങനെ വച്ചു കെട്ടിവെച്ചതൊക്കെ എപ്പോളും മുഴച്ചു തന്നെ നില്‍ക്കുന്നുണ്ട്. മുതിര്‍ന്ന കഴിഞ്ഞാല്‍ പെന്‍സിലിനു മുകളില്‍ ഒരു ചെറിയ റബ്ബര്‍ ഉണ്ടെന്ന വിചാരം പോലും നമുക്കില്ല. അവിടെയും നമ്മള്‍ എഴുതുന്നത് വെട്ടികളയുകയാണ് പതിവ്. സോറി എന്ന ആ കുഞ്ഞന്‍ Eraser മനപ്പൂര്‍വ്വം നമ്മള്‍ എടുക്കാന്‍ മറക്കുന്നു. അത്തരത്തിലുള്ള അവഗണനകള്‍ ചെന്നെത്തുന്നത് വെട്ടിമാറ്റലിലേക്കാണ്. ശരിക്കും ഒരു ഭാരമില്ലാത്ത പദമാണ് സോറി. ഭാരപ്പെട്ടിരിക്കുന്നവരെ കൂടുതല്‍ ഭാരപ്പെടുത്താതിരിക്കാനും കൂടിയുള്ളതാണ്. കുഞ്ഞുങ്ങളൊക്കെ കടലാസില്‍ വരച്ചിട്ട് ഇടയ്ക്കിടെ തുടച്ചുനീക്കുന്ന പോലെ പരിക്കുപറ്റിയെന്ന് തോന്നുന്ന ഇടങ്ങളില്‍ ഒക്കെ അത് ഉപയോഗിച്ചാല്‍ ജീവിതം കുറേക്കൂടെ നിറമുള്ളതാകും..
ജീവിതം എന്ന മഹാകാവ്യത്തിന്‍റെ ഭാഷയും ഭാവവും വിവരിച്ചുകൊണ്ട് ശ്രീകുമാരന്‍തമ്പി സാര്‍ എഴുതിയ മനോഹരമായ ഗാനമുണ്ട് അക്ഷരത്തെറ്റ് എന്ന സിനിമയില്‍. പ്രണയമാണ് ജീവിതത്തിന്‍റെ ഭാഷ എന്നാണ് വിവരണം. തെറ്റുന്ന രാഗവും പിഴയ്ക്കുന്ന താളവുമൊക്കെ തിരുത്തിയെഴുതിയാല്‍ ജീവിതം സുന്ദരഗാനമാകുമെന്ന് വിവക്ഷ. അര്‍ത്ഥങ്ങളെ അനര്‍ത്ഥങ്ങളായി കാണരുത് എന്ന ശക്തമായ ഉദ്ബോധനവും ഉണ്ട്. പറ്റുമെങ്കില്‍ ആ ഗാനം തപ്പിയെടുത്തു കേള്‍ക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ജീവിതത്തില്‍ നിന്നൊക്കെ നമ്മള്‍ Sign off പറഞ്ഞ് പോകുമ്പോള്‍ ആരുടെയെങ്കിലും മനസ്സില്‍ ഒരു ചെറിയ പാടായിട്ട് അവശേഷിക്കാന്‍ ഈ പദം ഉപകരിക്കട്ടെ.
അക്ഷരത്തെറ്റ്
ഫാ. ലിജോ തൂക്കനാല്‍
അസ്സീസി മാസിക, ആഗസ്റ്റ് 2026





























































