ഡെമോസ് + ക്രാതോസ്
- George Valiapadath Capuchin

- Aug 15
- 1 min read

ദൈവം മനുഷ്യരെ "സ്വന്തം ഛായയിലും സാദൃശ്യത്തിലും" സൃഷ്ടിച്ചതിന്റെ കഥയോടെയാണ് ബൈബിൾ ആരംഭിക്കുന്നത്. അവരെ ഏദൻ തോട്ടത്തിൽ പാർപ്പിക്കുന്നതാണ് പിന്നീടുവരുന്ന ഉപകഥ. ഏദൻ തോട്ടത്തിൽ അവർക്ക് സ്വാതന്ത്ര്യം നൽകിയിരുന്നുവെന്ന് പറയുന്നു, അതിൽ കടമയും ഉത്തരവാദിത്തവും ഉൾപ്പെട്ടിരുന്നു. അവിടെ അവർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. അതിനാൽ അവർ വഞ്ചിതരാകുകയും അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. അത്തരം ഒരു അനുമാനത്തിൽ നിന്നാണ് "ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നത് നിതാന്ത ജാഗ്രത എന്ന വ്യവസ്ഥയിന്മേലാണ്" എന്നൊരു ചൊല്ല് ഉണ്ടായിവരുന്നത്.
ധാർമ്മികവും ആത്മീയവുമായ മേഖലയിലായാലും രാഷ്ട്രീയത്തിന്റെ സ്ഥൂലതലത്തിലായാലും പ്രസ്തുത തത്ത്വം ശരിയാണ്.
ലോകമെമ്പാടും ജനാധിപത്യ സംവിധാനങ്ങൾ പ്രായപൂർത്തിയാകുന്നതേയുള്ളൂ. അതിനാൽ, ലോകത്ത് എവിടെയും കുറ്റമറ്റ ജനാധിപത്യ സംവിധാനങ്ങൾ ഉണ്ടായിട്ടില്ല എന്നുപറയണം. മനുഷ്യ സമത്വം, വ്യക്തിസ്വാതന്ത്ര്യം ഭരിക്കപ്പെടുന്നവരുടെ സമ്മതം എന്നീ തത്ത്വങ്ങളാണ് ജനാധിപത്യ യുക്തിയുടെ അടിസ്ഥാനം . ആളുകൾ അധികാരം പങ്കിടുകയും, എല്ലാവരും ഉൾച്ചേരുന്ന പൊതുചർച്ചയിലൂടെ ഒരുമിച്ച് ചിന്തിക്കുകയും, സമൂഹത്തിലെ സ്വതന്ത്രരും തുല്യരുമായ അംഗങ്ങളായി പരസ്പരം ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് ഏറ്റവും ഉദാത്തവും സാധുവുമായ രാഷ്ട്രീയ തീരുമാനങ്ങൾ സാധ്യമാകുന്നത് എന്നാണ് അതിന് ആധാരമായ അനുമാനം. ഈ വക ആധാര സങ്കല്പനങ്ങളെ നാം ഒരാവർത്തികൂടി ഓർമ്മിക്കുന്നത് തീർച്ചയായും നല്ലതായിരിക്കുമല്ലോ.
ഈ അടുത്തിടെയാണ് അതുമായി ബന്ധപ്പെടുത്താവുന്ന ചില പദങ്ങളെ ഞാൻ ശരിക്കും മനസ്സിലാക്കാനിടവന്നത്. ഒരു പദം പരിചയപ്പെടുന്നതുതന്നെ നാം അതേക്കുറിച്ച് അവബോധപ്പെടുന്നതിന് കാരണമാകുന്നുണ്ടല്ലോ.
ജനാധിപത്യ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ ക്രമേണ അതിൻ്റെ നിയന്ത്രണങ്ങളെയും സന്തുലനങ്ങളെയും മാനദണ്ഡങ്ങളെയും സ്ഥാപനങ്ങളെയും നേതാക്കൾതന്നെ ആന്തരികമായി ദുർബലപ്പെടുത്തുന്നതിനെ 'ജനാധിപത്യത്തിൻ്റെ പിന്നോട്ടടി' (Democratic Backsliding/ Erosion') എന്നാണ് വിളിക്കുന്നത്.
പതിവ് തിരഞ്ഞെടുപ്പുകളും പാർലമെന്റുകളും പോലുള്ള കാര്യങ്ങളെല്ലാം പ്രവർത്തനക്ഷമമായി തുടരുകയും, പൊതുജനങ്ങളുടെ ഇടപെടലിന്റെയും ഉത്തരവാദിത്തത്തിന്റെയും സാധ്യതകൾ ഗണ്യമായ രീതിയിൽ എടുത്തുമാറ്റുകയും ചെയ്തുകൊണ്ട് ജനാധിപത്യത്തിന്റെ പൊള്ളയായ കോലങ്ങൾ അവശേഷിപ്പിക്കുന്ന ഒരു സംവിധാനത്തെ 'കെട്ടുകാഴ്ച ജനാധിപത്യം' എന്നാണ് വിളിക്കുന്നത്.
കാതറിൻ ചക്രവർത്തിനിയെ കബളിപ്പിക്കാൻ റഷ്യയിലെ ഗ്രിഗറി പോട്ടെംകിൻ എന്ന മന്ത്രി 1787-ൽ പൊള്ളയായ, നീക്കം ചെയ്യാവുന്ന പട്ടണമുഖപ്പുകൾ സ്ഥാപിച്ചതായി പറയപ്പെടുന്ന ഒരു ഐതിഹ്യമുണ്ട്. "പൊട്ടെംകിൻ ഗ്രാമങ്ങൾ" എന്ന ശൈലി അങ്ങനെയാണ് ഉണ്ടാകുന്നത്. നിരീക്ഷകരെ കബളിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് അധികാരം സ്വേച്ഛാധിപത്യരീതിയിൽ കേന്ദ്രീകരിച്ചുകൊണ്ട് വ്യാജമായ അഥവാ മിഥ്യയായ ഒരു ജനാധിപത്യ ഉപകരണത്തിൻ്റെ ബാഹ്യസ്വരൂപത്തെ നിലനിർത്തുകയും ചെയ്യുന്നതിനെയാണ് 'പൊട്ടെംകിൻ ജനാധിപത്യം' എന്ന് പറയുന്നത്.


















































































































