'കണ്‍ഫ്യൂഷന്‍ ഡിഫ്യൂസ്ഡ് '
- ഫാ. ജോസ് വെട്ടിക്കാട്ട്

- 4 days ago
- 3 min read

നാട്ടിലും വിദേശത്തുമായി ദീര്‍ഘനാളായി സേവനംചെയ്തശേഷം റിട്ടയര്‍ചെയ്ത് ഒറ്റയ്ക്കു താമസിക്കുന്ന ഒരച്ചന്‍ ഒരുദിവസം ഫോണ്‍വിളിച്ചു. ഒരു ധ്യാനത്തിനുവന്നപ്പോള്‍ പരിചയപ്പെടാന്‍ ഇടയായ അദ്ദേഹം ഒത്തിരിപ്പേരെ സാമ്പത്തികമായി സഹായിച്ചിരുന്നത് അറിയാമായിരുന്നതുകൊണ്ട് ഞാനും ചില കേസുകള്‍ അദ്ദേഹത്തിന്‍റെയടുത്ത് റെക്കമന്‍റുചെയ്തു. അവരെയൊക്കെ അദ്ദേഹം രക്ഷപെടുത്തുകയുംചെയ്തു. അദ്ദേഹമായിരുന്നു വിളിച്ചത്.
"നമ്മുടെ പല അനുഷ്ഠാനങ്ങളോടും അച്ചനുള്ള നിലപാട് എനിക്കറിയാവുന്നതുകൊണ്ട് ഞാനീ പറയാന്‍പോകുന്നതു കേള്‍ക്കുമ്പോള്‍തന്നെ അച്ചന്‍ പറയാന്‍പോകുന്നത് എന്തായിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് ദയവായി ഞാന്‍ പറയുന്നതു മുഴുവന്‍ കേട്ടിട്ടേ അച്ചന്‍ മറുപടി പറയാവൂ."
ഒരുപാടു കാര്യങ്ങളില്‍ സമാനചിന്താഗതിയും ആശയപ്പൊരുത്തവുമുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ പലപ്പോഴും പലകാര്യങ്ങളെപ്പറ്റിയും സംസാരിക്കാറുണ്ടായിരുന്നതുകൊണ്ടാണ് അച്ചന്‍ അങ്ങനെയൊരു ആമുഖത്തോടെ തുടങ്ങിയത് എന്നെനിക്കറിയാമായിരുന്നു.
"ശീലമായിപ്പോയതു പലതും ശരിയല്ലെന്നു നമുക്കറിയാമെങ്കിലും അത് എല്ലാവരെയും ബോദ്ധ്യപ്പെടുത്താന്‍ നമുക്കു സാധിച്ചെന്നു വരത്തില്ലല്ലോ. ഇതങ്ങനൊരു കേസാണ്. ഗ്രിഗോറിയന്‍ കുര്‍ബ്ബാനയാണ് വിഷയം. ആളെ ഞാന്‍ അങ്ങോട്ടു പറഞ്ഞുവിടും. റിട്ടയേര്‍ഡ് അദ്ധ്യാപകനാണ്. സമൂഹത്തില്‍ നല്ല നിലയും വിലയുമുള്ള മനുഷ്യന്‍. വിവരമുണ്ട്, പക്ഷെ ഇങ്ങനെയുള്ളവരുടെ തലയില്‍ അന്ധവിശ്വാസം കയറിക്കൂടിയാല്‍പിന്നെ നേരെയാക്കാന്‍ പാടാണല്ലൊ. റിട്ടയര്‍ ചെയ്തുകഴിഞ്ഞ് ഒരു ധ്യാനംകൂടാന്‍ പോയി. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇങ്ങേരെപ്പോലെയൊരു ധ്യാനഗുരുതന്നെയാണ് ഇയാളുടെ തലയില്‍ ഇതെല്ലാം അടിച്ചുകയറ്റിയത്."
തുടര്‍ന്ന് അദ്ദേഹം ആളിന്‍റെ പ്രശ്നം ചുരുക്കമായി അവതരിപ്പിച്ചു. അയാളും ഭാര്യയും പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. നാലുമക്കളുണ്ട്, രണ്ടാണും രണ്ടു പെണ്ണും. മന്ദബുദ്ധികളല്ലെങ്കിലും നാലുപേരും പഠനത്തില്‍ തീരെ മോശമായിരുന്നു. ഇളയ മകള്‍ മാത്രമാണ് കഷ്ടിച്ച് പ്രീഡിഗ്രിയെങ്കിലും പാസ്സായത്. ഭൂസ്വത്തും, ആവശ്യത്തിനു സാമ്പത്തികവുമുണ്ടായിരുന്നതുകൊണ്ട് അന്നതൊന്നും അവരത്ര കാര്യമാക്കിയില്ല. നാലുപേരെയും കല്യാണം കഴിപ്പിക്കുകയും ചെയ്തു. അവര്‍ക്കു മക്കളും പ്രാരാബ്ധവുമായപ്പോഴേക്കും കൃഷിപ്പണിക്കു പണിക്കാരെ കിട്ടാതെയായി, കൃഷി ചെയ്താല്‍ കിട്ടുന്നതിനു വിലയില്ലാതെയായി. ഒരു മകന്‍റെ കുട്ടിക്ക് ഓട്ടിസം ബാധിച്ചു, മറ്റേ മകന്‍റെ ഭാര്യയ്ക്ക് ഹാര്‍ട്ടിന് അസുഖം പിടിപെട്ടു. ഒരു മകള്‍ക്കാണെങ്കില്‍ കുട്ടികളുമില്ല. ഇങ്ങനെ ആകെ വിഷമസന്ധിയിലായിരിക്കുമ്പോളായിരുന്നു സാറും ടീച്ചറുംകൂടെ ധ്യാനം കൂടാന്‍പോയത്. ബാക്കി അവരു വരുമ്പോള്‍ നേരിട്ടു പറയും എന്നുപറഞ്ഞ് അവസാനിപ്പിച്ചു.
ഏതായാലും അച്ചന്‍ അറിയിച്ചിരുന്നതുപോലെ സാറും ഭാര്യയും വന്നു. അച്ചന്‍ നേരത്തെ സൂചിപ്പിച്ചിരുന്ന കാര്യങ്ങളെല്ലാം അവരില്‍നിന്നുതന്നെ കേട്ടു. ധ്യാനത്തില്‍ കൗണ്‍സലിങ്ങു നടത്തിയവരോടും അവസാനം ധ്യാനഗുരുവിനോടും ഇവര്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചിട്ടുണ്ടായിരുന്നു. അവരെല്ലാം ഏകസ്വരത്തില്‍ പറഞ്ഞു, സാറിന്‍റെ കുടുംബത്തില്‍ എന്തോ പ്രശ്നമുണ്ടെന്ന്. അതെന്താണെന്ന് അവര്‍ക്കും വ്യക്തമല്ല. മോക്ഷംകിട്ടാതെ അലയുന്ന ഏതോ പൂര്‍വ്വികരുടെ ആത്മാവ് കുടുംബത്തിലുണ്ട് എന്നതായിരുന്നു അവരുടെ ശക്തമായ നിഗമനം. അതുകാരണം ദൈവത്തിന്‍റെ കൃപ വഴിമാറിപ്പോകുന്നു. ഇത്തരം കേസുകളില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്കു ചെയ്യാനാവുന്ന ഏറ്റവും ശക്തമായ പ്രതിവിധി കുര്‍ബ്ബാന ചൊല്ലിക്കയാണ്. ഒന്നല്ല, ആഴ്ചയില്‍ ഒന്നുവീതം കുറെനാളത്തേക്ക്. ഈ ആവശ്യവുമായിട്ടായിരുന്നു അവര്‍ക്കു മുന്‍പരിചയമുണ്ടായിരുന്ന ഈ അച്ചന്‍റെയടുത്ത് അവരെത്തിയത്. ഒരുവര്‍ഷം മുടങ്ങാതെ അവരതുചെയ്തിട്ടും ഫലം കാണായ്കയാല്‍ വീണ്ടും ധ്യാനഗുരുവിനെ സമീപിച്ചപ്പോളാണ് ഒത്തിരി പഴകിയതായതുകൊണ്ട് ഇനി 'ഗ്രിഗോറിയന്‍ കുര്‍ബ്ബാന'തന്നെ ചൊല്ലിക്കണം എന്ന നിര്‍ദ്ദേശം കിട്ടിയത്. അതും മൂന്നെണ്ണം ചൊല്ലിക്കഴിഞ്ഞിട്ടും ഒരു മാറ്റവുമുണ്ടാകാതിരുന്നതുകൊണ്ട്, ഏതെങ്കിലും സന്യാസാശ്രമത്തില്‍, പറ്റുമെങ്കില്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ത്തന്നെപോയി ചൊല്ലിക്കണമെന്ന ധ്യാനഗുരുവിന്‍റെ ഉപദേശം സാധിക്കാനാണ് അച്ചന്‍ ഇവരെ എന്‍റെ അടുത്തേക്കു പറഞ്ഞയച്ചിരിക്കുന്നത്.
"ഒന്നരക്കൊല്ലമായി ഞങ്ങളീ പറഞ്ഞതെല്ലാം ചെയ്തിട്ടും പരിഹാരമാകാത്ത എന്തു തെറ്റായിരിക്കുമച്ചാ, ഞങ്ങളുടെ പൂര്‍വ്വീകരാരോ ചെയ്തത്? അതോ, ഇനീം എത്ര ഗ്രിഗോറിയന്‍ കുര്‍ബ്ബാന ചൊല്ലിച്ചാലും മോചനമൊന്നും കിട്ടാത്ത കേസുവല്ലതുമായിരിക്കുമോ?"
"നിങ്ങളുടെ പറച്ചിലില്‍നിന്നും, നമ്മുടെ ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാനെതിരെ പ്രയോഗിച്ച ബ്രഹ്മോസ് മിസൈല്‍പോലെ, മറ്റൊന്നും ഫലിക്കാതെവരുമ്പോള്‍ പ്രയോഗിക്കുന്ന നമ്മുടെ അവസാനത്തെ ആയുധമാണ് ഗ്രിഗോറിയന്‍ കുര്‍ബ്ബാന എന്നു തോന്നിപ്പോകുമല്ലോ. നിങ്ങള്‍ അദ്ധ്യാപകരായതുകൊണ്ട് എല്ലാമറിയാം എന്നു ചിന്തിക്കാനുള്ള പ്രവണതയുണ്ടാകാം. അതുമാറ്റിവച്ച് ഞാന്‍ പറയുന്നതു ശ്രദ്ധിക്ക്. സാധാരണകുര്‍ബ്ബാനയായാലും, പാട്ടുകുര്‍ബ്ബാനയായാലും, റാസക്കുര്‍ബ്ബാനയായാലും ഇനി ഗ്രിഗോറിയന്‍ കുര്‍ബ്ബാനയായാലും, അത് അച്ചന്‍ അര്‍പ്പിച്ചാലും മെത്രാനല്ല, മാര്‍പ്പാപ്പാ അര്‍പ്പിച്ചാലും എന്നെപ്പോലെ ഒരു സന്യാസി അര്‍പ്പിച്ചാലും; അതു വത്തിക്കാനിലോ, വേളാങ്കണ്ണിയിലോ, ഇടവകപ്പള്ളിയിലോ അര്‍പ്പിച്ചാലും, അതിന്‍റെ മൂല്യത്തിനോ, ശക്തിക്കോ അതിലൂടെ ലഭിക്കുന്ന കൃപയ്ക്കോ ഒരു വ്യത്യാസവും വരുത്തുന്നില്ല. അര്‍പ്പിക്കുന്ന ആളിന്‍റെ പദവിയോ യോഗ്യതയോ അല്ല വിശുദ്ധബലിയുടെ വില നിര്‍ണ്ണയിക്കുന്നത്. അത് ആര് അര്‍പ്പിച്ചാലും എവിടെ അര്‍പ്പിച്ചാലും ഒരുപോലെ അമൂല്യമാണ്."
"എങ്കില്‍പിന്നെ എന്തിനാണ് ഗ്രിഗോറിയന്‍കുര്‍ബ്ബാന ചൊല്ലാന്‍ സഭതന്നെ പഠിപ്പിക്കുന്നത്?"
"സഭ അങ്ങനെ പഠിപ്പിക്കുന്നുമൊന്നുമില്ല, അനുവദിക്കുന്നതെയുള്ളു."
"ഒന്നുകൂടെ കണ്‍ഫ്യൂഷനായല്ലൊ അച്ചാ."
"വേളാങ്കണ്ണീലോ, അരുവിത്തുറയോ, അര്‍ത്തുങ്കലോ എവിടെയെങ്കിലും കുര്‍ബ്ബാനചൊല്ലിച്ചാല്‍ കൂടുതല്‍ ഫലമുണ്ടെന്നു സഭ പഠിപ്പിക്കുന്നുണ്ടോ? അതു സാധാരണ വിശ്വാസികളുടെ ഒരു വെറും ധാരണ. സഭ അതിനെ തടയുന്നില്ല എന്നു മാത്രം. അതുപോലെതന്നെയാണു ഗ്രിഗോറിയന്‍ കുര്‍ബ്ബാനയുടെയും കാര്യം. അതെന്തോ 'അറ്റകൈ പ്രയോഗം' ആണെന്നു നമ്മളങ്ങു വിശ്വസിച്ചു വച്ചിരിക്കന്നു എന്നതാണു സത്യം. ഗ്രിഗോറിയന്‍കുര്‍ബ്ബാന എന്താണെന്നു സാറിനറിയാമോ?"
"മുപ്പതു ദിവസങ്ങള്‍ തുടര്‍ച്ചയായി, ഒരച്ചന്‍തന്നെ ചൊല്ലുന്നതാണെന്നു കേട്ടിട്ടുണ്ട്."
"നിങ്ങടെ വികാരിയച്ചന്‍ തുടര്‍ച്ചയായി മുപ്പതുദിവസമല്ല, സ്ഥലം മാറുന്നതുവരെ ഇടവകപ്പള്ളിയില്‍ തുടര്‍ച്ചയായി ചൊല്ലുന്നില്ലേ, അപ്പോള്‍ അതോ?"
"പിന്നെയും കണ്‍ഫ്യൂഷനായല്ലോ അച്ചാ."
"കാര്യം മനസ്സിലാക്കിയാല്‍ ഒരു കണ്‍ഫ്യൂഷനുമില്ല. നമ്മളെന്തെങ്കിലും പ്രതിസന്ധികളിലാകുമ്പോള്‍ ആരെങ്കിലും പുലമ്പുന്ന വിവരക്കേടുകള്‍പോലും തമ്പുരാന്‍റെ വെളിപാടാണെന്നു തോന്നും. പ്രത്യേകിച്ചും ചില ധ്യാനങ്ങളില്‍. നിങ്ങള്‍ക്കു സംഭവിച്ചതതാണ്. ധ്യാനംകൂടുന്നതുവരെ നിങ്ങളുപോലും ചിന്തിച്ചിരുന്നില്ലല്ലോ, നിങ്ങളുടെ പൂര്‍വ്വീകരുടെ എന്തോ വീഴ്ചയാണ് നിങ്ങളുടെ കുടുംബത്തിലെ അവതാളങ്ങളുടെ കാരണമെന്ന്. ധ്യാനംകഴിഞ്ഞപ്പോള്‍മുതല്‍ മറ്റെല്ലാറ്റിനെക്കാളുമുപരി നിങ്ങളെ ഇപ്പോള്‍ വേട്ടയാടുന്നത് പൂര്‍വ്വികരു പിഴച്ചതിനെപ്പറ്റിയല്ലേ?"
"വല്ലാത്ത കണ്‍ഫ്യൂഷനായല്ലോ അച്ചാ."
"ഏതായാലും കൊളമായി, എന്നാപ്പിന്നെ അങ്ങോട്ടു കലങ്ങട്ടെ, ബാക്കികൂടെ പറയാം. ഗ്രിഗോറിയന്‍ കുര്‍ബ്ബാന എന്ന പേരുവന്നത് ആ പേരുകാരനായിരുന്ന മാര്‍പ്പാപ്പാ തുടങ്ങിവച്ച ഒന്നായതുകൊണ്ടാണ്. തിരുസഭയിലെ 64-ാമത്തെ മാര്‍പ്പാപ്പാ ആയിരുന്ന, 590 മുതല്‍ 604 വരെ സഭയെ ഭരിച്ച അതിപ്രഗത്ഭനും വിശുദ്ധനുമായിരുന്നു മഹാനായ ഗ്രിഗറിപാപ്പാ. 570-ല്‍ റോമാനഗരത്തിലുണ്ടായിരുന്ന സ്വന്തം ഭവനംതന്നെ സന്യാസഭവനമാക്കി അനുയായികളെയും ചേര്‍ത്ത് പരിത്യാഗജീവിതം നയിച്ച അദ്ദേഹത്തെ 590-ല്‍ മാര്‍പ്പാപ്പായായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ സന്യാസഭവനത്തിലെ ഒരു സന്യാസിയായിരുന്ന ജസ്റ്റസ് ഗുരുതരരോഗം ബാധിച്ച് മരണാസന്നനായപ്പോള്‍ സന്യാസവ്രതത്തിനു വിരുദ്ധമായി താന്‍ അത്രയുംകാലവും മൂന്നു സ്വര്‍ണ്ണനാണയങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു എന്ന് ഏറ്റുപറയുകയും മറ്റുള്ളവര്‍ അതു കണ്ടെത്തുകയും ചെയ്തു. ഇതു ഗ്രിഗറി പാപ്പായുടെ ചെവിയിലെത്തിയപ്പോള്‍ ഉടന്‍തന്നെ അയാളെ സമൂഹത്തില്‍നിന്നും ഒഴിവാക്കി ഏകാന്തതയില്‍ മരിക്കാന്‍ ശിക്ഷിച്ചു.
മരണശേഷം അയാളെ ആശ്രമത്തിന്‍റെ കുപ്പത്തൊട്ടിയിലാണ് ജസ്റ്റസിനെ സംസ്ക്കരിച്ചതും. എങ്കിലും പിന്നീടു ദയതോന്നി ഗ്രിഗറിപാപ്പാ ആശ്രമാധിപനോട്, അന്ത്യവിധിക്കുമുമ്പ് ജസ്റ്റസിനോട് ദൈവം കരുണകാണിക്കുന്നതിനുവേണ്ടി മുപ്പതുദിവസം തുടര്‍ച്ചയായി ബലിയര്‍പ്പിക്കാനും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാനും ആവശ്യപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ മുപ്പതാം ദിവസത്തെ ബലിയര്‍പ്പണം കഴിഞ്ഞപ്പോള്‍ ജസ്റ്റസ് രണ്ടു സഹസന്യാസികള്‍ക്കു പ്രത്യക്ഷനായി താന്‍ അന്ന് പാപമോചിതനായി സ്വര്‍ഗ്ഗം പ്രാപിച്ചു എന്നറിയിച്ചു. ഇതറിഞ്ഞ ഗ്രിഗറിമാര്‍പ്പാപ്പാ, തുടര്‍ന്നും മറ്റ് മരിച്ചവര്‍ക്കുവേണ്ടിയും അതുപോലെ മുപ്പതുദിവസം തുടര്‍ച്ചയായി ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ ആശ്രമാധിപന് അനുമതി നല്‍കി. തുടക്കത്തില്‍ ആ സന്യാസഭവനത്തിലും ആ ആശ്രമാധിപനും മാത്രമായി നല്‍കപ്പെട്ടിരുന്ന ഈ അനുവാദം റോമിലെ മറ്റ് സന്യാസഭവനങ്ങള്‍ക്കും ഗ്രിഗറിപാപ്പാ പിന്നീട് അനുവദിക്കുകയും ചെയ്തു.
ഇതാണ് ഗ്രിഗോറിയന്‍ കുര്‍ബ്ബാനയുടെ തുടക്കവും ആ പേരിനുള്ള കാരണവും. ഇതൊരു നല്ല കീഴ്വഴക്കമായി തോന്നിയതു കൊണ്ട് പില്‍ക്കാലത്ത് സന്യാസഭവനങ്ങളില്‍ മാത്രമല്ല, എല്ലാ ദൈവാലയങ്ങളിലും ആഗോളസഭയിലും ഗ്രിഗോറിയന്‍ കുര്‍ബ്ബാന അനുവദിക്കുകയും ചെയ്തു. തുടക്കത്തില്‍ ഒരു വൈദികന്‍തന്നെ ഒരേ അള്‍ത്താരയില്‍ മുടങ്ങാതെ മുപ്പതുദിവസങ്ങള്‍ തുടര്‍ച്ചയായി ചൊല്ലണം എന്നതായിരുന്നു നിബന്ധന എങ്കിലും 1888-ല്‍ ഒരേ വൈദികന്‍തന്നെ ഗുരതരമായ കാരണങ്ങളാല്‍ ഇടയ്ക്കു മുറിഞ്ഞാലും തുടര്‍ന്നു പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന ഇളവനുവദിച്ചു. 1987-ല്‍ വി. പോള്‍ ആറാമന്‍പാപ്പാ, ഒരു വൈദികനോ അത്യാവശ്യസാഹചര്യങ്ങളില്‍ മറ്റുവൈദികരോ ചേര്‍ന്നു മുപ്പതു കുര്‍ബ്ബാന അര്‍പ്പിക്കുവാനുള്ള അനുവാദവും നല്‍കി.
ഇങ്ങനെ ഒരു പ്രത്യേകസാഹചര്യത്തില്‍, പാപത്തില്‍ മരിച്ചു എന്നു കരുതിയ ഒരാളുടെ ആത്മശാന്തിക്കുവേണ്ടി ചെയ്ത ഒരു അനുഷ്ഠാനം ഇന്നും 'ഗ്രിഗോറിയന്‍ കുര്‍ബ്ബാന' എന്നപേരില്‍ പ്രചാരത്തിലുണ്ടെങ്കിലും, മറ്റൊന്നുകൊണ്ടും ഫലിക്കാതെവരുമ്പോള്‍ പ്രയോഗിക്കേണ്ട 'ബ്രഹ്മോസ് മിസൈല്‍' ആയി അതിനെ കാണുന്നതാണ് ദയനീയം!"
"പിന്നെ എന്തുകൊണ്ടാണ് ഇടവകപ്പള്ളിയില്‍ ഗ്രിഗോറിയന്‍ കുര്‍ബ്ബാന ചൊല്ലാത്തത്?"
"ഇടവകപ്പള്ളിയില്‍ അച്ചന്മാര്‍ക്ക് എന്നുംതന്നെ ഇടവകക്കാരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി കുര്‍ബ്ബാന ചൊല്ലേണ്ടിവരും. ആശ്രമങ്ങളില്‍ ആ ബാദ്ധ്യതയില്ലാത്തതുകൊണ്ടാണ്, അല്ലാതെ സന്യാസിയച്ചന്മാര്‍ക്കു പ്രത്യേക വരമുള്ളതുകൊണ്ടല്ല ഗ്രിഗോറിയന്‍ കുര്‍ബ്ബാന ആശ്രമങ്ങളില്‍ ചൊല്ലാന്‍ പറയുന്നത്."
"അച്ചന്‍ മുമ്പേപറഞ്ഞ ഇളവുകളൊക്കെയുണ്ടെങ്കില്‍പിന്നെ ഇടവകപ്പള്ളിയില്‍ മുപ്പതുകുര്‍ബ്ബാന ചൊല്ലിച്ചാലും പോരെ?"
"എന്തിനാ മുപ്പത്, ഒരു കുര്‍ബ്ബാന ചൊല്ലിച്ചാലും മതിയല്ലോ."
"പിന്നെയും കണ്‍ഫ്യൂഷന്‍. ഒന്നുകൊണ്ടു ഫലിക്കാത്തതുകൊണ്ടല്ലേ, മുപ്പതുചൊല്ലിക്കേണ്ടിവരുന്നത്."
"ഒടിഞ്ഞകാലു ശരിയാകാന്‍ മാര്‍പ്പാപ്പായുടെയടുത്തു കുമ്പസാരിച്ചിട്ടും വല്ല കാര്യവുമുണ്ടോ? അതിനു പ്ലാസ്റ്ററിട്ടല്ലേ പറ്റൂ? കുടുംബത്തിലെ പ്രശ്നങ്ങള്‍ക്കു, കുര്‍ബ്ബാന ചൊല്ലിക്കലല്ല പ്രതിവിധി. സിദ്ധന്മാരു പറയുന്നകേട്ട് പൂര്‍വ്വികരുടെ കേസുകെട്ടു കുത്തിപ്പൊക്കാനും പോകണ്ടാ. സ്വന്തം നെഞ്ചത്തുകൈവച്ച് ഓരോരുത്തരും തനിക്കെവിടെയാണു തെറ്റുപറ്റിയതെന്നു പരിശോധിക്ക്, ദമ്പതികള്‍ ഒന്നിച്ചിരുന്ന് തങ്ങള്‍ക്ക് എവിടെയാണു തെറ്റുപറ്റിയതെന്നു ചികഞ്ഞു പെറുക്ക്. എന്നിട്ടു പരസ്പരം പഴിചാരാതെ സ്വയം തിരുത്താന്‍ തയ്യാറാക്. എന്നിട്ടു വല്ലപ്പോഴുമൊക്കെ ഇടവകപ്പള്ളീല്‍ കുര്‍ബ്ബാനേം ചൊല്ലിച്ചു പൂര്‍വ്വികര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്ക്."
"അതു കറക്റ്റ്, കണ്‍ഫ്യൂഷന്‍ ഡിഫ്യൂസ്ഡ്."
'കണ്‍ഫ്യൂഷന്‍ ഡിഫ്യൂസ്ഡ് '
ഫാ. ജോസ് വെട്ടിക്കാട്ട്
അസ്സീസി മാസിക, ആഗസ്റ്റ് 2026




























































