പ്രണയം
- റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ

- Aug 6
- 1 min read
Updated: 10 hours ago

അയാള്‍ ബ്രദര്‍ ജൂണിപ്പറിനോട് പറഞ്ഞു: 'ഞാനും എന്‍റെ ഭാര്യയും ഒന്നാ. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും ഒരു രാത്രിക്കപ്പുറം നീളില്ല.'
ബ്രദര്‍ ജൂണിപ്പര്‍: 'ഭാര്യാഭര്‍ത്താക്കന്മാരെല്ലാം ഇങ്ങനെ ആരുന്നേല്‍...'
അയാള്‍: 'എല്ലാരും ഒരു തരി പ്രണയം ഉള്ളില്‍ സൂക്ഷിച്ചാല്‍ മതി.'
ബ്രദര്‍ ജൂണിപ്പര്‍: 'ആദ്യകാലത്തെല്ലാര്‍ക്കും ഉണ്ടാവും. പിന്നെ പിന്നെയായിരിക്കും...'
അയാള്‍: 'കാലവും പ്രായവും ഒക്കെ അകല്‍ച്ചകളെ സൃഷ്ടിക്കും. പക്ഷെ, പരസ്പരം കരുതലുണ്ടേല്‍ വിടവ് വരില്ല.'
ബ്രദര്‍ ജൂണിപ്പര്‍: 'കരുതലുണ്ടാവാന്‍ എന്ത് ചെയ്യണം?'
അയാള്‍: 'ചേര്‍ന്നിരിക്കണം. ഒന്നിച്ചുണ്ണണം. ഒരുമിച്ചുറങ്ങണം.'
ബ്രദര്‍ ജൂണിപ്പര്‍ മന്ത്രിച്ചു: 'പ്രണയം പ്രണയം... സുന്ദര പ്രണയം...'
മെനയല്‍
'നമ്മുടെ തൊമ്മിച്ചേട്ടനെ പാമ്പ് കടിച്ചു.'
ബ്രദര്‍ ജൂണിപ്പറിനോട് ആശ്രമത്തിനടുത്തുള്ള ജോയിച്ചേട്ടന്‍ പറഞ്ഞു. ഭാര്യയും കൂടെയുണ്ട്.
ബ്രദര്‍ ശ്രദ്ധിച്ചു.
'തവിട്ടയല്ല, രക്താണലിയാ.' ആദ്യഭാഗം ജോയിച്ചേട്ടന്‍റെ ഭാര്യ പറഞ്ഞു. രക്താണലിയെന്ന് ജോയിച്ചേട്ടനും.
'ഉറപ്പാണോ?' ബ്രദര്‍ ജൂണിപ്പ ചോദിച്ചു.
ജോയിച്ചേട്ടന്‍: 'ഞാന്‍ കേട്ടിടത്തോളം കറക്റ്റാ.'
ബ്രദര്‍ ജൂണിപ്പര്‍: 'ഞാനിപ്പോള്‍ കണ്ടിട്ടാ വരുന്നെ. രാവിലെ തൊമ്മിച്ചേട്ടന്‍ റബ്ബര്‍വെട്ടാന്‍ പോയപ്പൊ കാലില്‍ എന്തോ ഒന്ന് ചുറ്റി. കാലു കുടഞ്ഞു. ചേരയാരുന്നു. കടിച്ചപോലെ തോന്നി. പക്ഷെ, മുറിവൊന്നുമില്ല.'
ജോയിച്ചേട്ടന്‍റെ ഭാര്യ വലിഞ്ഞു.
ജോയിച്ചേട്ടന്‍: 'ഓരോത്തന്മാര്... കാണാതെ ചുമ്മാ പറഞ്ഞു പരത്തുന്നത് കണ്ടോ...'
ബ്രദര്‍ ജൂണിപ്പര്‍: 'ജോയിച്ചേട്ടനും കാണാതെയല്ലെ...?'
ജോയിച്ചേട്ടന്‍: 'സോറി.'
ബ്രദര്‍ ജൂണിപ്പര്‍: 'വാസ്തവത്തേക്കാളും ആള്‍ക്കാര്‍ക്ക് സുഖം അവതരണത്തിലാ.'
മുക്തി
നിര്‍ബന്ധം മൂലം യുവാവ് ലഹരി മുക്തിക്കുള്ള ചികിത്സയില്‍.
അവന്‍ ഡോക്ടര്‍ പറയുന്നത് അനുസരിക്കുന്നില്ല. മരുന്ന് കഴിക്കുന്നില്ല. ഭക്ഷണവും കഴിക്കുന്നില്ല.
അങ്ങനെയിരിക്കെ കുഞ്ഞുപെങ്ങള്‍ അവനെ വിളിച്ചു.
അന്നു മുതല്‍ അവന്‍റെ പ്രതികരണം നന്നായി.
ചികിത്സ വിജയകരമായി പൂര്‍ത്തിയായി.
ഡോക്ടര്‍ അവന്‍റെ പെങ്ങളോട് ചോദിച്ചു: 'നീ എങ്ങനെയാണ് അവനെ നേരെ കൊണ്ടുവന്നത്?'
അവള്‍: 'ഞാന്‍ ഇത്രേം പറഞ്ഞു
ചേട്ടായി... ചേട്ടായി എനിക്ക് നഷ്ടപ്പെടല്ല്.
ചേട്ടായിയെ എനിക്ക് വേണം.
അസ്സീസി മാസിക, ആഗസ്റ്റ് 2026





























































