top of page

കാലാവസ്ഥാവ്യതിയാനവും ജീവലോകവും

Writer: ഡോ. റോയി തോമസ്
ഡോ. റോയി തോമസ്
Sep 4
4 min read
Illustration of natural calamities

മഴയെക്കുറിച്ചുള്ള കാല്പനികവികാരങ്ങള്‍ മാഞ്ഞുകൊണ്ടിരിക്കുന്നു. വെയിലിനെക്കുറിച്ചുള്ള മൃദുലചിന്തകള്‍ അസ്തമിക്കുന്നു. മഴയെയും വെയിലിനെയും ഭയപ്പെടുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. മഴയുടെയും വെയിലിന്‍റെയും സ്വാഭാവികരീതികള്‍, സ്വഭാവം തന്നെ മാറിപ്പോയിരിക്കുന്നു. വലിയ പ്രളയവും വരള്‍ച്ചയുമെല്ലാം പ്രതീക്ഷിക്കാവുന്നവിധത്തില്‍ കാലാവസ്ഥയും പ്രകൃതിയും മാറിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം ജീവലോകത്തെ (മനുഷ്യലോകത്തെ മാത്രമല്ല) എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന ചിന്ത അത്യന്തം പ്രസക്തമാണ്. കാലാകാലങ്ങളായി ചില വിവേകികള്‍ ഈ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അടുത്തകാലംവരെ അതൊന്നും പൊതുസമൂഹം ഗൗനിച്ചിരുന്നില്ല. എന്നാല്‍ ആപത്ത് അടുത്തെത്തിക്കഴിഞ്ഞപ്പോള്‍ പ്രവചനങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ തെളിഞ്ഞുവരുന്നത് ഏവരും തിരിച്ചറിയുന്നു. വികസനത്തിന്‍റെ വായ്ത്താരികളെ സംശയദൃഷ്ടിയോടെ നോക്കിക്കാണേണ്ട ചരിത്രസന്ദര്‍ഭമായി ഈ പ്രതിസന്ധികള്‍ മാറിയിരിക്കുന്നു.


ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും സൃഷ്ടിക്കാന്‍പോകുന്ന വിപത്തുകളെക്കുറിച്ച് ശാസ്ത്രലോകം വിശകലനം ചെയ്തുതുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ ഭരണകൂടങ്ങള്‍ അതൊന്നും അത്ര ഗൗരവമായി എടുത്തിരുന്നില്ല. രാഷ്ട്രീയത്തില്‍ ഇത്തരം വിഷയങ്ങള്‍ പരിഗണിച്ചു തുടങ്ങിയിട്ട് വളരെക്കാലമായെങ്കിലും പ്രസ്താവനകള്‍ക്കപ്പുറം പ്രവര്‍ത്തനങ്ങളായി അതൊന്നും വിവര്‍ത്തനം ചെയ്യപ്പെടുന്നില്ല. വികസനത്തെക്കുറിച്ചുള്ള പതിവുപല്ലവികളില്‍ ഭൂമിയും മറ്റു ജീവജാലങ്ങളും പ്രധാന്യത്തോടെ കടന്നുവരുന്നില്ല. മനുഷ്യകേന്ദ്രീതമായ വികസന സങ്കല്പനങ്ങള്‍ ഭൂമിയെ മുച്ചൂടും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നിലവിലുള്ള രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവുമൊന്നും പ്രതിസന്ധികള്‍ മറികടക്കാന്‍ സഹായകമല്ല. രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും വികസന സങ്കല്പനങ്ങളും മനുഷ്യജീവിതവുമെല്ലാം പുനര്‍നിര്‍വചിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ മനുഷ്യന്‍റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്പ് അസാധ്യമാകും.


ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും പാരിസ്ഥിക വിനാശവുമെല്ലാം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ആര്‍ക്കും അറിയാത്തതല്ല. വികസിതരാജ്യങ്ങള്‍ മുതല്‍ അവികസിതരാഷ്ട്രങ്ങള്‍വരെ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം എല്ലാ രാജ്യങ്ങളുടെയും അതിര്‍ത്തികളെ ഭേദിക്കുന്നു. സാധാരണ മനുഷ്യരും മറ്റുജീവജാലങ്ങളുമാണ് ഇതിന്‍റെ ഭവിഷ്യത്ത് കൂടുതല്‍ അനുഭവിക്കുന്നത്. വലിയ സാമ്പത്തികശക്തികളും കോര്‍പ്പറേറ്റുകളുമാണ് പ്രതിസന്ധികള്‍ കൂടുതലായി സൃഷ്ടിക്കുന്നതെങ്കിലും അതിന്‍റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് സാധാരണക്കാരാണ് എന്നതാണ് വാസ്തവം.


കാലാവസ്ഥാവ്യതിയാനം മൂലം ആഗോളതാപനം വര്‍ധിക്കുന്നു. ജീവജാതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഇത് വെറും താപനില ഉയരുന്നതിന്‍റെ പ്രശ്നമല്ല. ഭൂമിയിലെ ജീവന്‍റെ മുഴുവന്‍ ഘടനയെയും മനുഷ്യന്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, സമുദ്രജീവികള്‍, സൂക്ഷ്മജീവികള്‍ - ബാധിക്കുന്ന ആഗോളപ്രതിസന്ധിയാണ്.


ഭൂമിയിലെ ജൈവവൈവിധ്യത്തിന് വലിയ ആഘാതമാണ് കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ഉണ്ടാക്കിയിരിക്കുന്നത്. താപനില ഉയരുമ്പോല്‍ പല ജീവജാലങ്ങള്‍ക്കും സ്വാഭാവികമായ ആവാസവ്യവസ്ഥിയില്‍ ജീവിക്കാന്‍ കഴിയാതെ വരുന്നു. ചില ജീവികള്‍ ഉയര്‍ന്ന പ്രദേശങ്ങളിലെക്കോ തണുപ്പുള്ള പ്രദേശങ്ങളിലേക്കോ കൂടിയേറുന്നു. വേഗത്തില്‍ മാറുന്ന കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവികള്‍ വംശനാശത്തിന്‍റെ വക്കിലെത്തുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുമ്പോള്‍ ധ്രുവക്കരടികള്‍പോലുള്ള ജീവികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നത് ഉദാഹരണമാണ്. സമുദ്രതാപനില ഉയരുമ്പോഴും മഴയുടെ രീതികളില്‍ മാറ്റമുണ്ടാകുമ്പോഴും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ജീവിതചക്രം മാറുന്നു.


കേരളത്തില്‍ ചൂടുകൂടുന്നതിന് കാരണം അറബിക്കടലില്‍ ഉണ്ടാകുന്ന താപവര്‍ധനയാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. നാം പുറത്തുവിടുന്ന അധിക ചൂടിന്‍റെ വലിയൊരു ഭാഗം സമുദ്രങ്ങള്‍ ആഗീരണം ചെയ്യുന്നുണ്ട്. അന്തരീക്ഷത്തിലെ അധിക കാര്‍ബണ്‍ഡൈഓക്സൈഡ് സമുദ്രം ആഗീരണം ചെയ്യുന്നതിനാല്‍ സമുദ്രത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇത് പവിഴപ്പുറ്റുകള്‍, ചിപ്പികള്‍, മറ്റു സൂക്ഷ്മജീവികള്‍ എന്നിവയ്ക്ക് വലിയ ഭീഷണിയാണ്. സമുദ്രത്തിലെ ചെറിയ ജീവികളിലുണ്ടാകുന്ന മാറ്റം മത്സ്യങ്ങളെയും തുടര്‍ന്ന് മനുഷ്യനെയും ബാധിക്കും.


കാലാവസ്ഥാവ്യതിയാനം മനുഷ്യജീവിതത്തെ പലവിധത്തിലാണ് ബാധിക്കുന്നത്. അതിതീവ്രമായ ചൂട്, വെള്ളപ്പൊക്കം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കാട്ടുതീ, കുടിവെള്ളക്ഷാമം, ഭക്ഷ്യോല്‍പ്പാദനത്തിലെ കുറവ്, കാലാവസ്ഥയുമായി ബന്ധപ്പെട്ട കുടിയേറ്റം എന്നിവ പ്രധാനമാണ്. ദരിദ്രസമൂഹങ്ങള്‍ക്കും തീരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കും കൃഷിക്കാര്‍ക്കും ആഘാതം കൂടുതലായി അനുഭവപ്പെടും. താപനിലയും മഴയും മാറുന്നതോടെ കൃഷിയുടെ പരമ്പരാഗതരീതികള്‍ തകരാം. ചില പ്രദേശങ്ങളില്‍ വിളവെടുപ്പ് കുറയുകയും പുതിയ കീടങ്ങളും രോഗങ്ങളും വ്യാപിക്കുകയും ചെയ്യാം.


ചൂട് കൂടുമ്പോള്‍ ജലത്തിന്‍റെ ബാഷ്പീകരണം വര്‍ധിക്കുന്നു. ഇതിന്‍റെ ഫലമായി ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോള്‍ മറ്റിടങ്ങളില്‍ ദീര്‍ഘകാല വരള്‍ച്ച അനുഭവപ്പെടാം. കാലാവസ്ഥാവ്യതിയാനം ഭൂമിയിലെ ജലത്തിന്‍റെ സ്വാഭാവിക വിതരണം താളം തെറ്റിക്കുന്നു.


ഭൂമിയിലെ ജീവന്‍ ഒരു വലിയ വലപോലെയാണ് (‑web of life‑) സസ്യങ്ങള്‍, സൂക്ഷ്മജീവികള്‍, പക്ഷികള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എല്ലാം ചങ്ങലയിലെ കണ്ണികളാണ്. ഈ ശൃംഖലയിലെ ഒരു കണ്ണിയില്‍ വലിയ മാറ്റമുണ്ടായാല്‍ അതിന്‍റെ ആഘാതം മറ്റുള്ളവരിലേക്കും വ്യാപിക്കും. അതുകൊണ്ട് മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് വേറിട്ട ജീവിയല്ല എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. മനുഷ്യന്‍റെ നിലനില്‍പ്പ് മറ്റു ജീവജാലങ്ങളുടെയും പരിസ്ഥിതിവ്യവസ്ഥയുടെയും നിലനില്‍പ്പുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.


'ഭൂമി മനുഷ്യര്‍ക്കുവേണ്ടി മാത്രമുള്ളതാണോ, അതോ മനുഷ്യന്‍ ഭൂമിയിലെ അനേകം ജീവജാലങ്ങളില്‍ ഒന്നുമാത്രമാണോ?' എന്ന ചോദ്യം പ്രധാനമായി കടന്നുവരുന്നു. ഇതിനു ശരിയായ ഉത്തരം കണ്ടെത്തുക പ്രധാനമാണ്. ആ ഉത്തരം നമ്മുടെ സാമ്പത്തിക നയങ്ങളെയും കൃഷിയെയും നഗരവികസനത്തെയും ഊര്‍ജ്ജോപയോഗത്തെയും ജീവിതത്തെയും നിര്‍ണ്ണയിക്കും.


കാലാവസ്ഥാവ്യതിയാനം ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പ് മാത്രമല്ല. അത് മനുഷ്യന്‍ പ്രകൃതിയുമായുള്ള ബന്ധം എങ്ങനെ പുനര്‍നിര്‍വ്വചിക്കണം എന്നുള്ള നൈതികമായ ഒരു ചോദ്യവുമാണ്. ഭൂമിയെ സംരക്ഷിക്കുന്നത് മനുഷ്യനെ മാത്രം സംരക്ഷിക്കലല്ല; ഭൂമിയിലെ സമ്പൂര്‍ണ്ണ ജീവജാലവ്യവസ്ഥയെ സംരക്ഷിക്കലാണ് എന്ന തിരിച്ചറിവ് പ്രധാനമാണ്. ശാസ്ത്രം, മനുഷ്യജീവിതം, സമ്പദ്വ്യവസ്ഥ, രാഷ്ട്രീയം, നൈതികത, ഭാവിതലമുറകള്‍ എന്നിവയെയെല്ലാം ബന്ധിപ്പിക്കുന്ന പുതിയൊരു കാഴ്ചപ്പാട് വികസിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.


കാലാവസ്ഥാവ്യതിയാനം അനേകം മനുഷ്യരെ അഭയാര്‍ത്ഥികളാക്കുന്നുണ്ട്. കടല്‍നിരപ്പ് ഉയരുന്നത്, വരള്‍ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയവ ചില സമൂഹങ്ങളെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് മാറിപ്പോകാന്‍ നിര്‍ബന്ധിതരാക്കാം. 'കാലാവസ്ഥാ അഭയാര്‍ത്ഥികള്‍' എന്ന പ്രശ്നം അങ്ങനെ ഉയര്‍ന്നുവരുന്നു. ഇത് ഒരു പരിസ്ഥിതിപ്രശ്നം മാത്രമല്ല, മനുഷ്യാവകാശ പ്രശ്നവും സാമ്പത്തികപ്രശ്നവും രാഷ്ട്രീയപ്രശ്നവും സാമൂഹികനീതിയുടെ പ്രശ്നവുമായി മാറുന്നു.


നൈതികമായ ചില ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുന്നു. 'കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുള്ളവര്‍ ആരാണ്! അതിന്‍റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതാരാണ്!' വലിയതോതില്‍ 'ഗ്രീന്‍ഹൗസ്' വാതകങ്ങള്‍ പുറന്തള്ളിയ സമ്പദ്വ്യവസ്ഥകളും കാലാവസ്ഥാവ്യതിയാനം മൂലം കഷ്ടത അനുഭവിക്കുന്ന ദരിദ്രരാജ്യങ്ങളെയും ഒരേ നിലയില്‍ കാണാനാവില്ല. അതിനാല്‍ കാലാവസ്ഥാവ്യതിയാനം എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ 'കാലാവസ്ഥാനീതി' എന്ന ആശയവും പ്രധാനമാകുന്നു. ഉത്തരവാദികളല്ല വലിയ വിപത്തുകള്‍ നേരിടുന്നത് എന്നത് നൈതികമായ പ്രശ്നമായി നിലനില്‍ക്കുന്നു.


മറ്റൊരു ചോദ്യവും വളരെ പ്രധാനമാണ്: "ഇന്നത്തെ തലമുറയ്ക്ക് വരുംതലമുറകളുടെ ഭൂമിയില്‍ എത്രമാത്രം അവകാശമുണ്ട്!" നാം ഇന്ന് ഫോസില്‍ ഇന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുകയും കാടുകള്‍ നശിപ്പിക്കുകയും ചെയ്താല്‍ അതിന്‍റെ വില നല്‍കേണ്ടി വരുന്നത് ഭാവിയിലെ കുട്ടികളായിരിക്കും. വരുംതലമുറകളോടും നീതി ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്.


കാലാവസ്ഥാവ്യതിയാനം എന്ന പ്രതിഭാസം മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തെ ചോദ്യം ചെയ്യുകയാണ്. 'പ്രകൃതി മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭവമാണ്' എന്ന ചിന്ത അപ്രസക്തമാകുന്നു. 'ജൈവകേന്ദ്രിതമായ' ദര്‍ശനം 'മനുഷ്യനും മറ്റു ജീവജലങ്ങളും ഒരു 'ജൈവസമൂഹത്തിന്‍റെ' ഭാഗമാണെന്നു തിരിച്ചറിയുന്നു. ഈ ദര്‍ശനം മനുഷ്യജീവിതത്തെ പുനര്‍നിര്‍വചിക്കാന്‍ ആവശ്യപ്പെടുന്നു.


കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം എന്നിവ നമ്മെ ചില പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. 'മനുഷ്യന്‍റെ ഭാവിയും ഭൂമിയുടെ ഭാവിയും വേര്‍തിരിക്കാനാവില്ല' എന്നതാണ് ഏറ്റവും വലിയ പാഠം. പരിഹാരം വ്യക്തിപരമായ ജീവിതശൈലി മാറ്റങ്ങളില്‍ മാത്രം ഒതുക്കിയാല്‍പോരാ. വലിയ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളും ആവശ്യമാണ് എന്ന പാഠവും ഉള്‍ക്കൊള്ളേണ്ടതാണ്. എല്ലാ മാനുഷികവ്യാപാരങ്ങളിലും സുസ്ഥിരതയുടെ ദര്‍ശനം ആവശ്യമായി വരുന്നു.


കേരളത്തില്‍ കാലാവസ്ഥാവ്യതിയാനം ഭാവിയില്‍ സംഭവിക്കാവുന്ന പ്രശ്നമല്ല. പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, തീരശോഷണം, വരള്‍ച്ച, അതിതീവ്രമഴ, വര്‍ധിക്കുന്ന ചൂട് എന്നിവയെല്ലാം ഇപ്പോള്‍ത്തന്നെ നാം അനുഭവിക്കുകയാണ്. കൃഷി, മത്സ്യബന്ധനം, വനങ്ങള്‍, ആരോഗ്യം, ജലം, ടൂറിസം എന്നീ മേഖലകളെ സവിശേഷമായി ബാധിക്കുന്ന തരത്തില്‍ കാലാവസ്ഥാവ്യതിയാനം മാറിയിരിക്കുന്നു.


കേരളത്തിന്‍റെ ഭൂമിശാസ്ത്രം കുന്നിന്‍പ്രദേശം, നദികള്‍, തീഴ്ന്നപ്രദേശങ്ങള്‍, തീരപ്രദേശം, കായലുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. പശ്ചിമഘട്ടത്തിന്‍റെ നിലനില്പ് കേരളത്തിന് സുപ്രധാനമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് കാലാവസ്ഥാവ്യതിയാനത്തിന്‍റെ പല അപകടങ്ങളും ഒരേസമയം ഇവിടെ പ്രത്യക്ഷപ്പെടാം. 2018-ലെ പ്രളയം നമ്മുടെ പൊതുബോധത്തില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഒരു പ്രത്യേക പ്രളയത്തിന് കാലാവസ്ഥാവ്യതിയാനം മാത്രമാണ് കാരണം എന്ന് പറയാനാവില്ല. മഴയുടെ തീവ്രതയോടൊപ്പം ഭൂവിനിയോഗത്തിലെ മാറ്റങ്ങള്‍, തണ്ണീര്‍ത്തടങ്ങളുടെ നഷ്ടം, നദീതടങ്ങളിലെ സമ്മര്‍ദ്ദം, നഗരവല്‍ക്കരണം, മലഞ്ചെരുവികളിലെ നിര്‍മ്മാണം, ഡ്രയിനേജ് പ്രശ്നങ്ങള്‍ എന്നിവ പ്രതിസന്ധി രൂക്ഷമാക്കാം.


പശ്ചിമഘട്ട മലനിരകള്‍ കാലാവസ്ഥാവ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേകപ്രാധാന്യം കൈവരിക്കുന്നു. മഴയുടെ വര്‍ധന മലനിരകളെ എങ്ങനെ ബാധിക്കുന്നുണ്ടെന്ന് നാം അനുഭവിച്ചറിയുന്നു. മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിരൂക്ഷമാക്കിയോ എന്ന് നാം വിലയിരുത്തേണ്ടതാണ്. മണ്ണിന്‍റെ സ്വഭാവം, ഭൂവിനിയോഗം, വനനശീകരണം, റോഡ്/കെട്ടിട നിര്‍മ്മാണം, പാറമടകള്‍ തുടങ്ങിയ ഘടകങ്ങള്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.


കേരളത്തിന്‍റെ തീരപ്രദേശങ്ങളിലും കാലാവസ്ഥാവ്യതിയാനം പലരൂപത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ബാധിക്കുന്ന പ്രശ്നമായി വളര്‍ന്നിരിക്കുന്നു. കുട്ടനാട് കാലാവസ്ഥാവ്യതിയാനത്തിന്‍റെ രൂക്ഷത ഏറ്റുവാങ്ങുന്ന പ്രദേശമാണ്. പരിഹാരം കാണാന്‍ കഴിയാത്ത ഒട്ടേറെ പ്രതിസന്ധികളെ തദ്ദേശവാസികള്‍ അഭിമുഖീകരിക്കുന്നത് നാം കാണുന്നു.


കാലാവസ്ഥ വ്യതിയാനം കേരളത്തിലെ കൃഷിയെ വളരെയധികം സ്വാധീനിക്കുന്നു. കുരുമുളക്, നെല്ല്, റബര്‍, തെങ്ങ്, ഏലം, കാപ്പി തുടങ്ങിയ കൃഷികള്‍ കാലാവസ്ഥയിലെ മാറ്റങ്ങളോട് പ്രതികരിക്കുന്നു. മഴയുടെ സമയക്രമം മാറുകയും ചൂട് കൂടുകയും ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് പഴയ കൃഷിരീതികളെ മാത്രം ആശ്രയിക്കാന്‍ കഴിയാതാകുന്നു.


പശ്ചിമഘട്ട മലനിരകള്‍ ജൈവവൈവിധ്യസമ്പന്നമാണ്. ഈ ഗിരിനിരകളുടെ ശോഷണം നമ്മുടെ നിലനില്പിനെത്തന്നെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്ന തരത്തില്‍ വെല്ലുവിളി വര്‍ധിച്ചിരിക്കുന്നു. കാടുകളും ജൈവവൈവിധ്യവും ഗിരിനിരകളും സംരക്ഷിക്കുമ്പോള്‍ വലിയ പ്രതിസന്ധികളെയാണ് നാം തടഞ്ഞുനിര്‍ത്തുന്നതെന്നോര്‍ക്കണം.


കേരളത്തിലെ കാലാവസ്ഥാവ്യതിയാനം എല്ലാവരെയും ബാധിക്കുന്നതാണ്. എന്നാല്‍ ഏറ്റവും സാധാരണക്കാരെയാണ് അത് കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. വേട്ടക്കാരല്ല കാലാവസ്ഥാവ്യതിയാനത്തിന് ഇരയാകുന്നത്. ദരിദ്രജനവിഭാഗങ്ങളും മറ്റു ജീവജാലങ്ങളുമാണ്.


കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാവ്യതിയാനം 'പ്രകൃതിയുടെ പ്രശ്നം' മാത്രമല്ല. 'നാം എങ്ങനെയാണ് വികസിക്കുന്നത്? എവിടെയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്? നദികളെയും കാടിനെയും മലകളെയും നാം എങ്ങനെ കാണുന്നു? ഭാവിതലമുറയ്ക്ക് എങ്ങനെയുള്ള കേരളമാണ് നാം കൈമാറുന്നത്?' എന്നീ ചോദ്യങ്ങള്‍ സുപ്രധാനമാകുന്നു. 'പ്രകൃതിയുമായി പൊരുത്തപ്പെടുന്ന വികസനം' എന്നത് പ്രധാനമായി വരുന്നു. വലിയൊരു പാരസ്പര്യത്തിന്‍റെ ദര്‍ശനം പ്രതിസന്ധികളെ കുറയ്ക്കാന്‍ സഹായിക്കും.


ശ്രീ. എ. പ്രതാപന്‍ എന്ന എഴുത്തുകാരന്‍ ഓഗസ്റ്റ് 19 ന് മുഖപുസ്തകത്തില്‍(fb) കുറിച്ചത് നമ്മുടെ മനസ്സിലുണ്ടാവട്ടെ:


"മനുഷ്യര്‍ ഭൂമിയില്‍ ജനിക്കും മുമ്പ്

ഇവിടെ തലയുയര്‍ത്തി നിന്ന

മലകളും മരങ്ങളുമുണ്ട്,

മനുഷ്യസിരകളില്‍ ചോരയോടും മുമ്പ്

ഒഴുകാന്‍ തുടങ്ങിയ നദികളുണ്ട്,

നീന്താന്‍ തുടങ്ങിയ മീനുകളുണ്ട്,

പറക്കാന്‍ തുടങ്ങിയ പറവകളുണ്ട്,

വിരിയാന്‍ തുടങ്ങിയ പൂക്കളുണ്ട്, ശലഭങ്ങളുണ്ട്.

അതിന്‍റെയൊക്കെ ബലത്തിലാണ്

മനുഷ്യരിവിടെ ജനിച്ചതും ജീവിച്ചതും.

അവയില്‍ പലതും നശിച്ചു കഴിഞ്ഞു.

ശേഷിക്കുന്ന ഇടങ്ങളോടും ജീവജാലങ്ങളോടും

അല്‍പം സ്നേഹം, നന്ദി, ആദരവ് പുലര്‍ത്തണം.

പൊള്ളുന്ന കാലമാണ്

നിങ്ങള്‍ക്ക് എതിരല്ല,

നിങ്ങളുടെ ഒപ്പമുണ്ട്

എന്നു പറയാന്‍ സമയമായി".


കാലാവസ്ഥാവ്യതിയാനവും ജീവലോകവും

ഡോ. റോയി തോമസ്

അസ്സീസി മാസിക, സെപ്റ്റംബ‌ർ 2026

bottom of page