top of page

പ്രാണപ്രിയന്‍റെ സ്നേഹക്ഷതങ്ങള്‍ ഏറ്റവള്‍

Writer: George Valiapadath Capuchin
George Valiapadath Capuchin
12 hours ago
3 min read
St Francis of Assisi with stigmata


വെറും ഇരുപതുവര്‍ഷം! അത്രയുമേ ഉണ്ടായിരുന്നുള്ളൂ അസ്സീസിയിലെ സഹോദരന്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ദൈവഹൃദയത്തോട് ശിരസ്സ് ചേര്‍ത്തുള്ള ജീവിതം! അദ്ദേഹത്തിന്‍റെ മാനസാന്തര ജീവിതത്തിന്‍റെ പതിനെട്ടാം വര്‍ഷത്തില്‍, സമൂഹത്തിന്‍റെ നേതൃത്വം അപ്പോള്‍ കൈയ്യാളിയിരുന്ന സഹോദരന്‍ ഏലിയാസിന് ക്രിസ്തുവില്‍നിന്ന് ഒരു ദര്‍ശനവെളിപാട് ലഭിച്ചിരുന്നു. ഇരുപതുവര്‍ഷം. അത്രയേ ഫ്രാന്‍സിസ് ജീവിച്ചിരിക്കൂ. ഇരുപതാം വര്‍ഷം എല്ലാ ജഡവും പോകുന്ന വഴിയേ അവനും പോകണം.


ഫ്രാന്‍സിസിനും അനുചരര്‍ക്കുമായി ഓര്‍ളാണ്ടോ പ്രഭു ഏതാണ്ട് നാലായിരത്തോളം അടി ഉയരമുള്ള ലവേര്‍ണ മല ഉപയോഗത്തിനായി നല്‍കിയിരുന്നു. 1224 -ല്‍ സഹോദരന്‍ ഏലിയാസിന് ദര്‍ശനമുണ്ടായ ഏതാണ്ട് അതേ സമയത്താവണം സഹോദരന്‍ ഫ്രാന്‍സിസ് തന്‍റെ സന്തതസഹചാരിയായ സഹോദരന്‍ ലിയോയോടൊപ്പം ല-വേര്‍ണാ മലയിലെ  കൊച്ചുപര്‍ണ്ണശാലയിലേക്ക് ഉപവാസ പ്രാര്‍ത്ഥനക്കായി പോകുന്നത്. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളായ ആഗസ്റ്റ് പതിനഞ്ചാം തീയതി മുതല്‍ മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്‍റെ തിരുനാളായ സെപ്റ്റംബര്‍ ഇരുപത്തൊമ്പതുവരെ നാല്പതുനാള്‍ ഉപവാസപ്രാര്‍ത്ഥന നടത്തുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം.


പലയാഴ്ചകള്‍ കടന്നുപോയി. അതിനിടെയാണ് സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍. ജീവചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ സെപ്റ്റംബര്‍ 14-ന് അല്ലെങ്കില്‍ അതിന് തൊട്ടടുത്തായി, ഫ്രാന്‍സിസിന് വിചിത്രമായ ഒരു ദര്‍ശനം ഉണ്ടായി. അതീവ സുന്ദരനായ ഒരു സെറാഫിക് ആഗ്നേയ മാലാഖായെയാണ് തനിക്ക് മുകളില്‍ പറന്നുനില്ക്കുന്നതായി അദ്ദേഹം കണ്ടത്. ആറ് ചിറകുകളുള്ള അവന്‍റെ രണ്ടു ചിറകുകള്‍ മുകളില്‍ സ്വര്‍ഗ്ഗത്തിലേക്ക് ചൂണ്ടിനിന്നു. രണ്ടു ചിറകുകള്‍ വിരിച്ച് അവന്‍ പറന്നുനിന്നു. രണ്ടു ചിറകുകള്‍ കൊണ്ട് അവന്‍ തന്‍റെ ശരീരം മറച്ചുപിടിച്ചു. അവന്‍റെ കൈ കാലുകള്‍ ഒരു കുരിശിന്മേല്‍ ചേര്‍ത്തെന്നപോലെ ആണികളാല്‍ തറയ്ക്കപ്പെട്ടിരുന്നു. ജീവിതത്തില്‍ നിരവധി ദര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഫ്രാന്‍സിസ് അങ്ങനെയൊരു ദര്‍ശനം കാണുന്നത്! ആ സെറാഫാകട്ടെ, യാതൊന്നും സംസാരിച്ചില്ല. മറിച്ച്, വലിയ കാരുണ്യത്തോടെ ഫ്രാന്‍സിസിനെ കടാക്ഷിക്കുക മാത്രമേ ചെയ്തുള്ളൂ.


ഈ ദര്‍ശനം വലുതായ ഭയഭക്തിവിസ്മയങ്ങള്‍ അവനില്‍ നിറച്ചുവെങ്കിലും, എന്തുസന്ദേശമാണ് തനിക്കത് നല്കുന്നത് എന്നുമാത്രം അവന് മനസ്സിലായില്ല. അതെന്തുതന്നെയായിരുന്നാലും, ആ ദര്‍ശനം അവനില്‍ വലിയ ആനന്ദം നിറച്ചു. അതേസമയം, അവന്‍റെ കൈകാലുകള്‍ തറയ്ക്കപ്പെട്ടിരുന്നു എന്നത് ഫ്രാന്‍സിസിനെ വിഷമിപ്പിക്കുകയും ചെയ്തു. എന്തെങ്കിലും ഒരു സന്ദേശം മെനഞ്ഞെടുക്കാന്‍ മനസ്സ് തത്രപ്പെടുകയും അതേസമയം അതിന്‍റെ പുതുമ അവന്‍റെ ഹൃദയത്തെ ത്രസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കേ, അല്പം നേരത്തേ അവന്‍ കണ്ടതുപോലെ, അവന്‍റെ കൈകാലുകളില്‍ ഓരോ ആണിപ്പാടുകളും അവന്‍റെ വലത്തേ വിലാവില്‍ ഒരു കുന്തപ്പാടും മെല്ലെ തെളിഞ്ഞുവന്നു.


കൈവെള്ളകളിലും പാദങ്ങള്‍ക്കുമുകളിലും ക്ഷതങ്ങള്‍ വൃത്താകൃതിയില്‍ ആയിരുന്നു. ഒരു ഇരുമ്പാണിയുടെ കുട കണക്കേ മാംസം ചുറ്റുപാടിനെക്കാള്‍ അല്പം ഉയര്‍ന്ന് കറുപ്പുനിറം പ്രാപിച്ചിരുന്നു. എന്നാല്‍ കൈപ്പത്തികള്‍ക്ക് പിന്നിലും കാല്‍വെള്ളകളിലും ക്ഷതങ്ങള്‍ ദീര്‍ഘ വൃത്താകൃതിയില്‍ ആയിരുന്നു. ക്ഷതങ്ങള്‍ക്കുനടുവില്‍ കറുപ്പുനിറത്തില്‍ ഓരോ ഇരുമ്പാണിയുടെ അഗ്രം മടക്കിവച്ചതു പോലെ മാംസം രൂപംകൊണ്ടുനിന്നു. വലതുവക്ഷസ്സില്‍ ഒരു കുന്തം തറഞ്ഞിറങ്ങിയാലെന്നവണ്ണം കാണപ്പെട്ട ക്ഷതം കൈകാലുകളിലെ ക്ഷതങ്ങളെക്കാള്‍ വലിപ്പമുള്ളതും ദീര്‍ഘവൃത്താകൃതിയിലുള്ളതും ആയിരുന്നു. അതില്‍നിന്ന് പലപ്പോഴും രക്തം കിനിഞ്ഞൊഴുകി, അദ്ദേഹത്തിന്‍റെ ഉള്‍വസ്ത്രവും കുപ്പായവും നനച്ചിരുന്നു.


തന്‍റെ പ്രിയന്‍തന്നെ സ്വന്തം സ്നേഹക്ഷതങ്ങള്‍തന്നില്‍ പതിപ്പിച്ചുറപ്പിച്ചുവെങ്കിലും, അയാള്‍ ഒരിക്കലും അതിനെക്കുറിച്ച് ഏതെങ്കിലും തരത്തില്‍ വമ്പുപറയുകയോ പൊങ്ങച്ചം കാട്ടുകയോ ചെയ്തില്ല. എന്നു മാത്രമല്ല, ആത്മീയമായി താന്‍ കൂടുതല്‍ അരക്ഷിതാവസ്ഥയിലായി എന്നദ്ദേഹം സ്വയം കരുതുകയും ചെയ്തു. എപ്പോഴും എന്നപോലെ ലവേര്‍ണയിലെ കുഞ്ഞുപര്‍ണ്ണശാലയിലും ഫ്രാന്‍സിനോടൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ ലിയോയും, സമൂഹത്തിന്‍റെ ജനറല്‍ മിനിസ്റ്റര്‍ ആയിരുന്ന സഹോദരന്‍ ഏലിയാസും ഫ്രാന്‍സിസിനെ ശുശ്രൂഷിച്ചിരുന്ന സഹോദരന്‍ റുഫീനോയുമല്ലാതെ നാലാമതൊരാള്‍ വിസ്മയകരമായ ഈ സമ്മാനങ്ങള്‍ ഒരിക്കലും കാണുകയുണ്ടായില്ല.


ഇത്രകാലവും നഗ്നപാദനായി നടന്നിരുന്ന സഹോദരന്‍ ഫ്രാന്‍സിസ് ഇപ്പോള്‍ പാദംമൂടുന്ന ഒരു തോല്‍ച്ചെരിപ്പ് ഇടുന്നുണ്ട്. ആവശ്യത്തിലേറെ കൈനീളമുള്ള ഉടുപ്പാണ് അദ്ദേഹം ഇപ്പോള്‍ ധരിക്കുന്നത്. എന്നാല്‍ അത് എന്തുകൊണ്ടാണ് എന്ന് മിക്കവരും തിരിച്ചറിഞ്ഞില്ല. ചിലപ്പോഴൊക്കെ അപരിചിതരായ നാട്ടുകാര്‍ കൂട്ടമായി ഫ്രാന്‍സിസിനെ കാണാനെത്തും. 'നിനക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിന് നിന്‍റെ വചനങ്ങള്‍ ഞാനെന്‍റെ ഹൃദയത്തില്‍ ഒളിപ്പിച്ചു' എന്നൊരു പ്രവാചകവചനം അപ്പോള്‍ ഫ്രാന്‍സിസ് ഉരുവിടും. അവരില്‍നിന്ന് തന്നെ ഒഴിവാക്കിത്തരണമേ എന്നൊരു യാചനയാണത് എന്നപ്പോള്‍ സഹോദരന്മാര്‍ക്ക് മനസ്സിലാവും. സൗമ്യമായി ഏതെങ്കിലും വിധേന അവര്‍ ആഗതരെ പിന്തിരിപ്പിക്കും. അങ്ങനെയൊക്കെ, സഹോദരന്മാരില്‍നിന്ന് തന്‍റെ വിശുദ്ധക്ഷതങ്ങള്‍ ഒളിപ്പിച്ചും, തന്നെ കാണാനെത്തിയ നാട്ടുകാരില്‍നിന്ന് പരമാവധി ഒഴിഞ്ഞുമാറിയും, പലപ്പോഴും ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനകള്‍ക്കായി ഏകാന്തതകളിലേക്ക് പിന്‍വലിഞ്ഞും രണ്ടുകൊല്ലത്തോളം അദ്ദേഹം കഴിച്ചുകൂട്ടി.


സഹോദരന്‍ ഫ്രാന്‍സിസിന്‍റെ രോഗാവസ്ഥയില്‍, അദ്ദേഹം കൂടുതല്‍ ക്ഷീണിതനാകുന്നതറിഞ്ഞ് ക്ലാരയും സഹോദരിമാരും ഏറെ ദുഃഖിച്ചു. തങ്ങളുടെ ആത്മീയ പിതാവിനെ ഒരുവട്ടംകൂടി കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ത്താണ് അവര്‍ ദുഃഖിതരായത്. അവര്‍ക്കായി ഫ്രാന്‍സിസ് ഒരു സന്ദേശം പറഞ്ഞയച്ചു. 'വിശുദ്ധ ദാരിദ്ര്യത്തോടുള്ള നിങ്ങളുടെ പ്രതിജ്ഞാബദ്ധതയില്‍ ഞാന്‍ അഭിമാനിക്കുന്നു. ദാരിദ്ര്യത്തിന്‍റെ വിശുദ്ധ വഴിയേ നടക്കാന്‍ തുടര്‍ന്നും പരിശ്രമിക്കുക. താമസിയാതെ നിങ്ങള്‍ എന്നെ കാണുകതന്നെ ചെയ്യും' എന്നായിരുന്നു അദ്ദേഹം പറഞ്ഞയച്ച സന്ദേശം. അതവരില്‍ ആനന്ദവും പ്രത്യാശയും നിറച്ചു.


റോമാ നഗരത്തില്‍ നിന്ന് ഫ്രാന്‍സിസിന്‍റെ പ്രിയ സുഹൃത്തായ യാക്കോബാ എന്ന വനിതയും അദ്ദേഹത്തിന്‍റെ അന്ത്യനാളുകളില്‍ അസ്സീസിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒക്ടോബര്‍ 4 ഒരു ഞായറാഴ്ചയായിരുന്നു. തലേന്ന് ശനിയാഴ്ച വൈകുന്നേരം ഞായറാഴ്ചസായാഹ്നത്തിന്‍റെ പ്രാര്‍ത്ഥന കഴിഞ്ഞ വേളയിലാണ് ഫ്രാന്‍സിസ് കടന്നുപോകുന്നത്. കരിവാളിച്ചിരുന്ന ഫ്രാന്‍സിസിന്‍റെ ശരീരം മരണത്തോടെ വെളുത്ത് സുന്ദരമായി പ്രശോഭിച്ചു. ഉറങ്ങുന്ന ഒരു കൊച്ചുകുഞ്ഞിന്‍റെ കൈകാലുകളെന്നപോലെ അദ്ദേഹത്തിന്‍റെ കൈകാലുകള്‍ മരണാനന്തരം ഇളതാവുകയും, ജീവനുള്ളൊരു ശരീരം പോലെ ചലനസാധ്യത നേടുകയും ചെയ്തു. ഓടിയെത്തിയ സഹോദരന്മാരെല്ലാം ഫ്രാന്‍സിസിന്‍റെ കൈകാലുകളെ ഓമനിച്ചു. അവര്‍ വിങ്ങിക്കരയുകയും ചരിത്രത്തില്‍ അന്നോളം കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍കണ്ട്   ആനന്ദസ്മിതം പൊഴിക്കുകയും ചെയ്തു.


സഹോദരന്‍ ഏലിയാസിന്‍റെ നിര്‍ദ്ദേശപ്രകാരം സഹോദരന്മാര്‍ നാലുപാടും സന്ദേശവുമായി പാഞ്ഞു. സന്ദേശം കേട്ട് ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ യാക്കോബാ ആയിരുന്നു. ഫ്രാന്‍സിസിന്‍റെ കൈകാലുകളിലെ വിസ്മയക്കാഴ്ചകള്‍ കണ്ട യാക്കോബായാണ്, 'ഈ വിസ്മയം തീര്‍ച്ചയായും ജനങ്ങള്‍ കാണണം' എന്ന് സഹോദരന്‍ ഏലിയാസിനോട് നിര്‍ദ്ദേശിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധനെ അവസാനമായി ഒരു നോക്കുകാണാന്‍ അസ്സീസിപട്ടണവും സമീപ പട്ടണങ്ങളും ഒഴുകിയെത്തി. ഒരു മാലാഖയുടെ മുഖംപോലെ ശോഭയുള്ള മുഖവുമായി കിടക്കുന്ന അദ്ദേഹത്തിന്‍റെ കൈകാലുകളിലെ അതിശയകരമായ മുദ്രകള്‍കണ്ട് അവരെല്ലാം ആനന്ദബാഷ്പം പൊഴിച്ചു.


പിറ്റേന്ന് ഞായറാഴ്ച അദ്ദേഹത്തിന്‍റെ പൂജ്യശരീരവും വഹിച്ചുകൊണ്ടുള്ള മൃതസംസ്കാരയാത്ര പതിവിന്‍പടി ഒരു വിലാപയാത്രയായിരുന്നില്ല. നിരവധി കാഹളങ്ങള്‍ മുഴക്കിക്കൊണ്ടുള്ള ഒരു വന്‍ ഘോഷയാത്രതന്നെയായിരുന്നുവത്. ആവൃതിവിട്ട് പുറത്തുവരാന്‍ നിര്‍വ്വാഹമില്ലായിരുന്ന ക്ലാരയുടെയും സഹോദരിമാരുടെയും ദര്‍ശനത്തിനായിട്ടാണ് പോര്‍സ്യുങ്കുളായില്‍ നിന്ന് അവരാദ്യം അദ്ദേഹത്തെ കൊണ്ടുപോയത്. സാന്‍ ദാമിയാനോ ദേവാലയത്തിലെ അള്‍ത്താരക്കു സമീപം ഫ്രാന്‍സിസിന്‍റെ തിരുശ്ശരീരം അവര്‍ കിടത്തി. പരിശുദ്ധ കുര്‍ബാനമദ്ധ്യേ കുര്‍ബാനസ്വീകരണത്തിനായി മാത്രം തുറക്കപ്പെടുന്ന ജാലകം പെട്ടന്ന് അകത്തുനിന്ന് തുറക്കപ്പെട്ടു. ജാലകത്തിനപ്പുറം വിലാപത്തോടെ ക്ലാരയും സഹോദരിമാരും! അതേറെനേരം നീണ്ടുനിന്നില്ല. വളരെ പെട്ടെന്ന് അവരിലെ വിലാപമൊഴിഞ്ഞു. നനവുള്ള കണ്ണുകളോടെ, ആത്മീയാനന്ദത്തോടെ, നിര്‍ന്നിമേഷരായി അവര്‍ തങ്ങളുടെ ആത്മീയപിതാവിനെ  നോക്കിനിന്നു. നിമിഷങ്ങള്‍ അതിദ്രുതം കടന്നുപോയി. സഹോദരന്മാര്‍ മൃതപേടകം അടച്ചു. അപ്പോള്‍ അള്‍ത്താരവക്കിലെ ആ ജാലകവും അടയ്ക്കപ്പെട്ടു.


ഇപ്പോള്‍ എങ്ങും ആനന്ദമാണ്!

പ്രാണപ്രിയന്‍റെ സ്നേഹക്ഷതങ്ങള്‍ ഏറ്റവള്‍

ജോര്‍ജ് വലിയപാടത്ത്

അസ്സീസി മാസിക, സെപ്റ്റംബ‌ർ 2026

bottom of page