top of page

ഇടവും ഇടവേളകളും

  • Writer: TREASA MARY SUNU
    TREASA MARY SUNU
  • 6 days ago
  • 6 min read

Updated: 8 hours ago

ടാറ്റാമി മുറിയിൽ ജാപ്പനീസ് സ്കൂൾപെൺകുട്ടികൾ വട്ടത്തിൽ മുട്ടുകുത്തി ഇരിക്കുന്നു; ചുമരിൽ കാൽലിഗ്രഫി ബോർഡ്.
'മനുഷ്യന് തിരികെ നടക്കാന്‍ ചില വഴികളും, ഇരിക്കാന്‍ ചില തണലുകളും എപ്പോഴും ബാക്കിയുണ്ടാവണം.' - എം.ടി. വാസുദേവന്‍ നായര്‍

2050-ഓടെ ഭൂമിയിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗവും നഗരവാസികളായി മാറും; ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക ക്ഷേമ വകുപ്പ് ((UN DESA) യുടെ ഞെട്ടിക്കുന്ന ഒരു കണക്കാണിത്. എന്നാല്‍ ഇതൊരു വെറും സ്ഥിതിവിവരക്കണക്കല്ല. നമ്മുടെ ജീവിത വിടവുകളുടെയും അതിജീവന രീതികളുടെയും പുനര്‍നിര്‍വചനമാണത്. ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു സത്യമുണ്ട്. ഇന്ന് ശരാശരി ഒരു മനുഷ്യന്‍ ദിവസവും ചുരുങ്ങിയത് നാലര മണിക്കൂറെങ്കിലും സ്ക്രീനുകള്‍ക്ക് മുന്നില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. എവിടേക്കും എത്താന്‍ കഴിയുന്ന വാതില്‍ നമ്മുടെ പോക്കറ്റില്‍ തന്നെ ഉണ്ട് എങ്കിലും നമ്മള്‍ എവിടെയും എത്തുന്നുമില്ല. ശരീരം നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുമ്പോള്‍ മനസ്സ് അതിരുകളില്ലാതെ അലയുന്നു. ഒരേസമയം അനുഭവപ്പെടുന്ന ഈ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍, ഒരിടത്തും വേരുറപ്പിക്കാനാവാത്ത ഒരു തലമുറ രൂപപ്പെടുകയാണ്.


ഒരുമിച്ചിരിക്കുമ്പോഴും തനിച്ചാകുന്ന മനുഷ്യര്‍


ഇടം (Authentic space) എന്നത് കേവലം അര്‍ത്ഥശൂന്യമായ ഒരു വാക്കാണോ, അതോ ഭൂതകാല സ്മരണകളുടെ ഒരു ഗൃഹാതുരത്വം നിറഞ്ഞ ഒരു ഓര്‍മ്മ മാത്രമാണോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഫ്രഞ്ച് ആന്ത്രോപോളജിസ്റ്റ് മാര്‍ക് ഓഷെ (Mark Augé) രൂപം നല്‍കിയ ആശയമാണ് 'നോണ്‍-പ്ലേസ്' (Non-place). ഒരു വീട്ടുമുറ്റം, അല്ലെങ്കില്‍ ഒരു കളിസ്ഥലം, ഇവയെല്ലാം ഒരു 'സ്ഥല'മാണ്. അവിടെ ചരിത്രമുണ്ട്, ബന്ധങ്ങളുടെ ഓര്‍മ്മകളുണ്ട്. അതിനാല്‍ ആ സ്ഥലം ഇടമാകുന്നു. ആ ഇടവും നിങ്ങളും തമ്മില്‍ ഒരു പരസ്പര ധാരണയുണ്ട്. എന്നാല്‍ വിമാനത്താവളത്തിലെ ലോഞ്ച് ഒരു 'നോണ്‍-പ്ലേസ്' ആണ്. ലോകത്തെവിടെയും ഒരേ കാപ്പിക്കപ്പും ഒരേ പ്രകാശവും മാത്രം. ആരും ആരെയും ശ്രദ്ധിക്കാത്ത, ആര്‍ക്കും ആരുമായും വൈകാരിക ബന്ധമില്ലാത്ത ഒരു സ്ഥലം.


അന്ന് ഈ ആശയം പങ്കുവെക്കുമ്പോള്‍, മാര്‍ക് ഓഷെ പോലുമറിഞ്ഞിരിക്കില്ല, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ 'നോണ്‍-പ്ലേസ്' വരാനിരിക്കുന്നത് നമ്മുടെ കരങ്ങള്‍ക്കുള്ളിലാണെന്ന്! ഒടുങ്ങാത്ത സ്ക്രോളിംഗുകള്‍ക്കിടയില്‍ പലപ്പോഴും നമ്മെത്തന്നെ അന്യവത്കരിക്കുന്ന സോഷ്യല്‍ മീഡിയ ഫീഡുകള്‍, ഈ കാലഘട്ടത്തിന്‍റെ ഡിജിറ്റല്‍ 'നോണ്‍-പ്ലേസുകള്‍' (Non-places) ആയി മാറാറുണ്ട്. അടിയന്തര വിവരങ്ങളും പ്രതിരോധ ശബ്ദങ്ങളും സ്വതന്ത്രമായി പുറത്തുകൊണ്ടുവരുന്നതില്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന സംഭാവന ചെറുതല്ല. എങ്കിലും, അനിയന്ത്രിതമായ സോഷ്യല്‍ മീഡിയ ഉപയോഗവും ആധുനിക നഗരവല്‍ക്കരണവും നമ്മുടെ ജൈവികമായ സംഭാഷണ ഇടങ്ങളെ ഇല്ലാതാക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.


പതിഞ്ഞ ഇടവഴികളും, കര്‍ഷകന്‍റെ അധ്വാനഫലത്തിനായി കാത്തിരുന്ന ഗ്രാമീണ ചന്തകളും, സാവകാശമെന്ന ജീവിതതാളവും ഇന്ന് അപൂര്‍വ്വമായ ആഡംബരങ്ങളായി നാം കാണുന്നു. യന്ത്രവല്‍ക്കരിക്കപ്പെട്ട വിപണിയും ഡിജിറ്റല്‍ ലോകവും ചെലവുകുറഞ്ഞ 'ഒരേ മാതൃകകളെ' വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ചു തള്ളുമ്പോള്‍, അപൂര്‍വ്വവും തനതുഭാവമുള്ളതുമായ മനുഷ്യാനുഭവങ്ങള്‍ വിലയേറിയ ആഡംബരങ്ങളായി മാറുന്നു.


സ്ക്രീനുകളുടെ നീലവെളിച്ചത്തില്‍ നമ്മുടെ വീടുകളിലെ അത്താഴമേശകള്‍ പോലും ജീവനറ്റ ഡിജിറ്റല്‍ 'നോണ്‍-പ്ലേസുകളായി' മാറുകയാണ്. ശരീരങ്ങള്‍ അടുത്തടുത്തിരിക്കുമ്പോഴും മനസ്സുകള്‍ അന്യമായ ലോകങ്ങളിലേക്ക് ചേക്കേറുന്നു. ഭൗതികമായ ഈ അടുത്തുള്ള ഒറ്റപ്പെടലിനെയാണ് ഷെറി ടര്‍ക്കിള്‍ (Sherry Turkle) തന്‍റെ പ്രശസ്തമായ ഗ്രന്ഥത്തിലൂടെ 'എലോണ്‍ ടുഗെദര്‍' (Alone Together) എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നത്. നിരന്തരമായ ഡിജിറ്റല്‍ ബന്ധങ്ങള്‍, ആരും ആഗ്രഹിക്കാത്തതും എന്നാല്‍ പലരും തിരിച്ചറിയാത്തതുമായ ഒരുതരം ഏകാന്തതയ്ക്ക് വഴിവെയ്ക്കുന്നു. ഒരേസമയം തങ്ങള്‍ക്ക് മുന്നില്‍ സന്നിഹിതരായവരുടെയും, സാങ്കേതികവിദ്യ വഴി മറ്റിടങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്ന വിരല്‍ത്തുമ്പിലെ ലോകത്തിന്‍റെയും മധ്യേ വിഭജിക്കപ്പെട്ടുപോകുന്ന മനസ്സിന്‍റെ അവസ്ഥ. ഒരു ഇടത്തിന് അര്‍ത്ഥം നല്കുന്നത് അവിടെയുള്ള ബന്ധങ്ങളാണ്. ഒരു വീട്ടില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള മാനസിക അടുപ്പമാണ് ആ ഇടത്തിന് ജീവന്‍ നല്കുന്നത്. പക്ഷേ പലപ്പോഴും അതേ ആളുകള്‍ പല കോണുകളിലിരുന്ന് ആയിരം കിലോമീറ്റര്‍ അകലെയുള്ള ആരുടെയോ പോസ്റ്റിന് ലൈക്ക് കൊടുക്കുന്നു. ആരുടെയോ സന്ദേശങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു. വൈകാരികമായി ആഴപ്പെടേണ്ട അരികിലുള്ള ബന്ധം ദുര്‍ബലമാവുകയും വെര്‍ച്ചല്‍ ബന്ധം (Virtual relationship) ആഴമില്ലാതെയും വളരുന്നു. രണ്ടും പൂര്‍ണ്ണമല്ല. അതായത്, ഒരുമിച്ചിരിക്കുമ്പോഴും തനിച്ചാകുന്ന മനുഷ്യര്‍!


'പി.എന്‍.എ.എസ് നെക്സസ്' (PNAS Nexus) ജേണലില്‍ 2025-ല്‍ പ്രസിദ്ധീകരിച്ച, ഒരു പഠനത്തില്‍, ഫോണ്‍ കോളുകളും സന്ദേശങ്ങളും(SMS) തടസ്സപ്പെടുത്താതെ തന്നെ, അവരുടെ ഫോണുകളിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ രണ്ടു ആഴ്ചത്തേക്ക് ഒരു ആപ്പ് വഴി പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്തു. മൊബൈല്‍ ഇന്‍റര്‍നെറ്റ് വിലക്കിയപ്പോള്‍ പങ്കെടുത്തവരുടെ ശാരീരിക സുസ്ഥിതി, മാനസികാരോഗ്യം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്നിവയില്‍ പ്രകടമായ പുരോഗതിയുണ്ടായി കണ്ടെത്തി. ഇതില്‍ വളരെ ശ്രദ്ധേയമായ കാര്യം, ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിലുണ്ടായ മാറ്റം, പ്രായമാകുമ്പോള്‍ പത്തു വര്‍ഷം കൊണ്ട് തലച്ചോറിനുണ്ടാകുന്ന സ്വാഭാവിക ക്ഷയത്തെ തിരിച്ചുപിടിക്കുന്നതിന് തുല്യമായിരുന്നു. മാനസികാരോഗ്യത്തിലുണ്ടായ പുരോഗതിയാകട്ടെ, വിഷാദരോഗത്തിനുള്ള മരുന്നുകള്‍ നല്‍കുന്ന ശരാശരി ഫലത്തേക്കാള്‍ വലുതായിരുന്നു.


ഈ മാറ്റങ്ങളുടെ കാരണം ഗവേഷകര്‍ വിശകലനം ചെയ്തപ്പോള്‍ മനസ്സിലായത്, ലഭിച്ച അധിക സമയം ആളുകള്‍ എങ്ങനെ ഉപയോഗിച്ചു എന്നതിലൂടെയാണ് ഇത് സാധ്യമായത് എന്നാണ്: നേരിട്ടുള്ള കൂടുതല്‍ സമ്പര്‍ക്കങ്ങള്‍, കായിക അഭ്യാസങ്ങള്‍, തുറസ്സായ ഇടങ്ങളില്‍ ചെലവഴിച്ച സമയം എന്നിവ അതില്‍ പ്രധാനമായിരുന്നു. പതിവായുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഒരേസമയം ഒന്നിലധികം മാധ്യമങ്ങളുടെ ഉപയോഗം (Media Multitasking), നോട്ടിഫിക്കേഷനുകള്‍ നല്‍കുന്ന തടസ്സങ്ങള്‍ എന്നിവ മനുഷ്യന്‍റെ ശ്രദ്ധയും ഏകാഗ്രതയും കുറയ്ക്കുന്നു എന്ന് സ്ഥാപിക്കുന്ന നിരവധി പഠനങ്ങളുടെ മുകളിലാണ് ഈ ഗവേഷണം നിലനില്‍ക്കുന്നത്. ഇതിന് പിന്നിലെ രീതി ശാസ്ത്രീയമായി വിശദീകരിച്ചാല്‍ വളരെ ലളിതമാണ്: നമ്മളെ നിരന്തരം തടസ്സപ്പെടുത്താന്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു അന്തരീക്ഷത്തിന്, ഒരിടത്തോ (Space), ഒരു ജോലിയിലോ, അല്ലെങ്കില്‍ ഒരു സംഭാഷണത്തിലോ തടസ്സമില്ലാതെ ഉറച്ചുനില്‍ക്കാന്‍ ആവശ്യമായ ശ്രദ്ധ നല്‍കാന്‍ ഒരിക്കലും സാധിക്കില്ല. ഇതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് ഉത്പാദനക്ഷമത (Productivity) മാത്രമല്ല; മറിച്ച്, സ്വന്തം ശരീരം ഇരിക്കുന്ന ഇടത്ത് പൂര്‍ണ്ണ മനസ്സോടെ സന്നിഹിതനായിരിക്കുക (ജൃലലെിരല) എന്ന നമ്മുടെ അടിസ്ഥാന ശേഷിയാണ്.


ഇടങ്ങളെ കുറിച്ച് ഹൈഡെഗറിന്‍റെ ചിന്തകള്‍


മാര്‍ട്ടിന്‍ ഹൈഡെഗറുടെ(Martin Heidegger) 1951ലെ 'ബില്‍ഡിംഗ് ഡ്വല്ലിംഗ് തിങ്കിംഗ്' (Building Dwelling Thinking) എന്ന പ്രശസ്തമായ ലേഖനം തന്നെയാണ് ഇടങ്ങളുടെ പഠനത്തില്‍ ഇന്നും പ്രധാന വഴികാട്ടി. കേവലമായ അര്‍ത്ഥങ്ങള്‍ക്കപ്പുറം വിശാലമാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം: ഹൈഡെഗറെ സംബന്ധിച്ചിടത്തോളം 'വാസം' (Dwelling) എന്നത് മനുഷ്യന്‍ ഭൂമിയില്‍ ചെയ്തുപോരുന്ന അനേകം പ്രവൃത്തികളില്‍ ഒന്നു മാത്രമല്ല; മറിച്ച്, ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ നിലനില്‍ക്കുന്നതിന്‍റെ തന്നെ അടിസ്ഥാന രീതിയാണത് (A way of being). അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, 'വസിക്കുക' എന്നാല്‍ സ്വന്തം ലോകത്തെ രൂപപ്പെടുത്തുന്ന വസ്തുക്കളോടും ഇടങ്ങളോടും കരുതലും ആത്മബന്ധവുമുള്ള ഒരു നിലപാട് പുലര്‍ത്തുക എന്നാണ് (To spare and preserve). രണ്ടാം ലോകമഹായുദ്ധാനന്തര ജര്‍മ്മനിയിലെ ഭവനക്ഷാമമായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രധാന ആകുലത; മറിച്ച്, മനുഷ്യശരീരങ്ങള്‍ക്ക് കേവല സംരക്ഷണം നല്‍കുമെങ്കിലും, പൂര്‍ണ്ണമനസ്സോടെ നിവസിക്കാന്‍ അവരെ ക്ഷണിക്കാത്ത കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ആധുനികത 'വാസത്തിന്‍റെ' യഥാര്‍ത്ഥ അര്‍ത്ഥം മറന്നുപോയി എന്നതിലായിരുന്നു. ഒരു കെട്ടിടത്തിനാകട്ടെ, ഒരു അയല്‍പക്കത്തിനാകട്ടെ, അല്ലെങ്കില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനാകട്ടെ, അവ എത്രത്തോളം പ്രവര്‍ത്തനക്ഷമമാണെങ്കിലും (Functional), നിങ്ങളുമായി ഒരു ആത്മബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുന്നുവെങ്കില്‍, ഹൈഡെഗറുടെ നിരീക്ഷണത്തില്‍ അവ കേവലം ജീവനറ്റ നിര്‍മ്മിതികള്‍ മാത്രമാണ്.


മനുഷ്യര്‍ മനസ്സുകൊണ്ട് തിരിച്ചറിയുമെങ്കിലും അപൂര്‍വ്വമായി മാത്രം പ്രകടിപ്പിക്കുന്ന ഒരു കാര്യം വ്യക്തമാക്കാന്‍ ഈ കാഴ്ചപ്പാട് നമ്മെ സഹായിക്കുന്നുണ്ട്: ഇരിക്കാന്‍ നല്ല ബെഞ്ചുകളും സൗജന്യ ഇന്‍റര്‍നെറ്റുമുള്ള ഒരു പാര്‍ക്കിന് എന്തുകൊണ്ടാണ് താനേ ഒരു 'ആധികാരികത' കൈവരാത്തത് എന്ന് ഇത് വിശദീകരിക്കുന്നു. ഈ അര്‍ത്ഥത്തില്‍, ആധികാരികത എന്നത് ഒരു പരസ്പര ബന്ധമാണ്, അത് രൂപപ്പെടാന്‍ സമയമെടുക്കും. ആ ഇടം നിങ്ങളോട് എന്തെങ്കിലും ആവശ്യപ്പെടേണ്ടതുണ്ട്, അതിന് മറുപടി നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുകയും വേണം.

പാസ്റ്റൽ ആകാശത്തിനും വേലിക്കരികിലെ വഴിക്കും മുകളിലൂടെ നീല സൈക്കിളിൽ രണ്ട് പേർ കയറുന്നു; ശാന്തം.

ജപ്പാന്‍ നമ്മെ പഠിപ്പിക്കുന്നത്


പാശ്ചാത്യ ഡിസൈന്‍ സങ്കല്‍പ്പങ്ങള്‍ 'ഇടം' (Space) എന്നതിനെ എന്തെങ്കിലും നിറയ്ക്കാനായി കാത്തിരിക്കുന്ന ഒരു പാത്രമായാണ് കാണാറുള്ളത്. എന്നാല്‍ ജാപ്പനീസ് സൗന്ദര്യശാസ്ത്രം (aesthetics) തുടങ്ങുന്നത് 'മാ' എന്ന വേറിട്ടൊരു ആശയത്തില്‍ നിന്നാണ്. 'കവാടം' 'സൂര്യന്‍'


എന്നീ ചിഹ്നങ്ങള്‍ ചേര്‍ന്നതാണ് ഈ അക്ഷരം. ഒരു തുറസ്സിലൂടെ ഉള്ളിലേക്ക് കടന്നുവരുന്ന സൂര്യപ്രകാശത്തെയോ നിലാവിനെയോ ആണ് ഇത് സൂചിപ്പിക്കുന്നത്. അഥവാ, എന്തെങ്കിലും ഒന്നിന് കടന്നുപോകാന്‍ വഴിയൊരുക്കുന്ന 'ഇടവേള' എന്ന അര്‍ത്ഥത്തിലാണ് ഇത് ഉപയോഗിക്കുന്നത്. പാശ്ചാത്യ ശൈലിയിലുള്ള 'ഒന്നുമില്ലായ്മ'യോ 'അപര്യാപ്തത'യോ അല്ല ഇത്. മറിച്ച്, സജീവവും സര്‍ഗ്ഗാത്മകവുമായ ഒന്നായാണ് 'മാ' കരുതപ്പെടുന്നത്.


സംഗീതത്തിലെ രണ്ട് സ്വരങ്ങള്‍ക്കിടയിലുള്ള ഈണത്തിന് നിലനില്‍പ്പ് നല്‍കുന്ന നിശബ്ദതയാണത്; ഒരു വാചകത്തിന് ഗൗരവം നല്‍കുന്ന സംഭാഷണത്തിലെ മൗനമാണത്; ഒരു വസ്തുവിനെ കൃത്യമായി കാണാന്‍ സഹായിക്കുന്ന അതിനു ചുറ്റുമുള്ള ശൂന്യമായ ഇടമാണത്. പരമ്പരാഗത ജാപ്പനീസ് വീടുകളിലെ സ്ലൈഡിംഗ് വാതിലുകളും ('ഷോജി'), 'എന്‍ഗാവ' വാരാന്തകളും, ലളിതമായി മാത്രം സാധനങ്ങള്‍ വെച്ച മുറികളുമെല്ലാം അപൂര്‍ണ്ണതയുടെ ലക്ഷണങ്ങളല്ല. മറിച്ച്, വസ്തുകള്‍ക്കും സംഭവങ്ങള്‍ക്കും ചുറ്റുമുള്ള നിശബ്ദതയ്ക്കും ഇടവേളകള്‍ക്കും അവയോളം തന്നെ അര്‍ത്ഥമുണ്ടെന്ന് വിളിച്ചോതുന്ന ഒരു ജീവിതവീക്ഷണത്തിന്‍റെ വാസ്തുവിദ്യാ രൂപങ്ങളാണവ.


'മാ' എന്ന സങ്കല്‍പ്പത്തിന് തീര്‍ത്തും വിപരീതമാണ് സോഷ്യല്‍ മീഡിയ ഫീഡുകള്‍. അത് ഇടവേളകളെ ഇല്ലാതാക്കാനും, ഓരോ നിശബ്ദ നിമിഷത്തിലേക്കും പുതിയ ഉത്തേജനങ്ങള്‍ നിറയ്ക്കാനുമായിട്ടാണ് അവയെ രൂപകല്പന ചെയ്തിട്ടുള്ളത്. കാരണം ഈ ഇടവേളകളെ സാമ്പത്തിക ലാഭമാക്കി മാറ്റുകയാണ് അവയുടെ ഉന്നം. ഈ രീതിയിലാണ് നമ്മുടെ ശ്രദ്ധയെ വിപണി ലക്ഷ്യമിടുന്നത്. 'മാ' എന്ന ആശയത്തില്‍ അധിഷ്ഠിതമായ ചിന്താഗതിയനുസരിച്ച്, ആധികാരികമായ ഒരു ഇടം എന്നത് ഉള്ളടക്കങ്ങളും സൗകര്യങ്ങളും കൊണ്ട് തിക്കിനിറച്ച ഒന്നല്ല; മറിച്ച്, പൂരിപ്പിക്കപ്പെടേണ്ട ഒന്നായി കാണാതെ 'ഇടവേളകളെ' സംരക്ഷിച്ചു നിര്‍ത്തുന്ന ഒന്നാണ്.


ഐഹെയ്ജി (Eiheiji) എന്ന സെന്‍ ആശ്രമത്തില്‍ ഓരോ ദിനവും പുലര്‍ച്ചെ മൂന്നര മണിയോടുകൂടി തുടങ്ങുന്നു. മണിനാദം, ധ്യാനം, പ്രഭാത പ്രാര്‍ത്ഥന, അതിനുശേഷം 'സാമു' (Samu)എന്നറിയപ്പെടുന്ന ശാരീരിക അധ്വാനം; പാചകം, ശുചീകരണം, കൃഷി എന്നിവയെല്ലാം ആത്മാര്‍ത്ഥതയോടെ ചെയ്തുതീര്‍ത്ത ശേഷം വീണ്ടും ധ്യാനത്തിലേക്കും പ്രാര്‍ത്ഥനയിലേക്കും സന്ധ്യയോടെ ഉറക്കത്തിലേക്കും മടങ്ങുന്ന ലളിതമായൊരു ദിനചര്യ. ആശ്രമങ്ങളിലെ ഇത്തരം ആഡംബരമില്ലാത്ത ജീവിതസാഹചര്യങ്ങള്‍ ബോധപൂര്‍വ്വം തിരഞ്ഞെടുക്കപ്പെട്ടവയാണ്. അവിടെ ഇരിപ്പിടങ്ങള്‍ക്കുപകരം നേര്‍ത്ത പായകള്‍, കിണറ്റില്‍ നിന്ന് കോരുന്ന വെള്ളം, വിറകടുപ്പിലെ പാചകം. ഇത് കഷ്ടപ്പാടിനു വേണ്ടിയല്ല. മറിച്ച്, ചിതറിപ്പോകുന്ന മനസ്സിനെ വര്‍ത്തമാന നിമിഷത്തിന്‍റെ (Present moment) അറിവിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന സവിശേഷമായൊരു ആന്തരിക സാങ്കേതികവിദ്യയാണ്. 'ക്ഷേത്രച്ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഒന്നല്ല ധ്യാനം; അനുദിന ജീവിതം തന്നെയാണ് ധ്യാനം' എന്ന സെന്‍ പഴമൊഴിയെ അവര്‍ ജീവിച്ചുകാണിക്കുന്നത് ഇങ്ങനെയാണ്.


ശാസ്ത്രവും ആത്മീയതയും ഒന്നിക്കുന്ന മറ്റൊരു അപൂര്‍വ്വ സമ്പ്രദായവും ജപ്പാന്‍ നമുക്ക് നല്‍കിയിട്ടുണ്ട് 'ഷിന്‍റിന്‍-യോക്കു' (Shinrin-Yoku)അഥവാ വനത്തിന്‍റെ മടിത്തട്ടിലൂടെയുള്ള നിശ്ശബ്ദമായ ഇന്ദ്രിയാനുഭൂതികള്‍ നിറഞ്ഞ നടത്തം(Forest Bathing). 'ഫ്രോണ്ടിയേഴ്സ് ഇന്‍ പബ്ലിക് ഹെല്‍ത്ത്' പോലുള്ള അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്, ഫോറസ്റ്റ് ബേതിംഗ് വഴി മനുഷ്യശരീരത്തിലെ മാനസികസമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്‍റെ അളവ് കുറയ്ക്കുമെന്നാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുകയും, പ്രതിരോധ ശേഷി (Natural Killer Cells ന്‍റെ പ്രവര്‍ത്തനം) വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ്.


ജാപ്പനീസ് തൊഴിലാളികളില്‍ നടത്തിയ ഒരു പഠനത്തില്‍, ഒരു ദിവസത്തെ ഫോറസ്റ്റ് ബേതിംഗ് വഴിതന്നെ രക്തസമ്മര്‍ദ്ദം കുറയുകയും മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തി; വിഷാദ പ്രവണതയുള്ളവരിലാണ് ഇത് കൂടുതല്‍ പ്രകടമായത്. ഇറ്റലിയിലും ബ്രസീലിലും നടത്തിയ സമാന പഠനങ്ങളും ഇത് ഏതെങ്കിലും ഒരു സംസ്കാരത്തിന് മാത്രം ബാധകമായ ഒന്നല്ല എന്ന് തെളിയിക്കുന്നു. സ്ക്രീനുകള്‍ നഷ്ടപ്പെടുത്തിയ, ഭൗതിക ലോകവുമായുള്ള സ്വാഭാവിക ബന്ധത്തോട് മനുഷ്യന്‍റെ നാഡീവ്യൂഹം പ്രതികരിക്കുന്നതിന്‍റെ തെളിവാണിത്.


'മാ' എന്ന കൊച്ചു ശൂന്യതയും, സെന്‍ ആശ്രമങ്ങളുടെ ശാന്തതയും, ഷിന്‍റിന്‍-യോക്കുവിന്‍റെ കാട്ടുനടത്തങ്ങളും നമ്മോട് സംസാരിക്കുന്നത് ഒരേ ഭാഷയിലാണ്. അവയെ കോര്‍ത്തുനിര്‍ത്തുന്നത് പുറംകാഴ്ചകളല്ല, മറിച്ച് കാലത്തോടും ഇടത്തോടും അവ പുലര്‍ത്തുന്ന നിശ്ശബ്ദമായ അനുഭാവമാണ്. ജീവിതത്തിലെ ഇടവേളകളെയും, ആവര്‍ത്തനങ്ങളെയും, അനുഭൂതികളെയും ആദരിക്കപ്പെടേണ്ട മൂല്യങ്ങളായി ഇവ കാണുന്നു. ചുറ്റുമുള്ള എല്ലാറ്റിനെയും ഉപയോഗവസ്തുക്കളാക്കുന്ന ഡിജിറ്റല്‍ 'അറ്റന്‍ഷന്‍ ഇക്കോണമി'ക്കും ഭാവരഹിതമായ 'നോണ്‍-പ്ലേസുകള്‍ക്കും' ബദലായി നില്‍ക്കുന്ന ജീവനുള്ള ഇടങ്ങളാണിവ.


മാറുന്ന കാലവും വീണ്ടെടുക്കേണ്ട ഇടങ്ങളും


പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനായ റേ ഓള്‍ഡന്‍ബര്‍ഗ് (Ray Oldenburg) 1989ല്‍ പുറത്തിറങ്ങിയ 'ദ ഗ്രേറ്റ് ഗുഡ് പ്ലേസ്' (The Great Good Place) എന്ന കൃതിയിലൂടെയാണ് 'തേര്‍ഡ് പ്ലേസ്' (Third Place) എന്ന ആശയം മുന്നോട്ടുവെക്കുന്നത്. വീട് (ഒന്നാം ഇടം), ജോലിസ്ഥലം (രണ്ടാം ഇടം) എന്നിവയ്ക്ക് പുറമെ, കച്ചവട ലാഭങ്ങള്‍ക്കപ്പുറം മനുഷ്യര്‍ക്ക് സ്വാഭാവികമായി ഒത്തുചേരാനും സംവദിക്കാനും കഴിയുന്ന സാമൂഹിക ഇടങ്ങളാണിവ. പബ്ബുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, പൊതു പാര്‍ക്കുകള്‍ എന്നിവയെല്ലാം ഇത്തരം 'മൂന്നാം ഇടങ്ങള്‍ക്ക്' മികച്ച ഉദാഹരണങ്ങളാണ്.


പഠനങ്ങള്‍ വ്യക്തമാക്കുന്നത്, തേര്‍ഡ് പ്ലേസുകള്‍ക്ക് ചില പ്രത്യേകതകളുണ്ടെന്നാണ്. അവയ്ക്ക് സ്വന്തമായ വ്യക്തിത്വവും (Distinctiveness) അടയാളങ്ങളും ഉണ്ടായിരിക്കും. ഓഷെയുടെ (Augé)'നോണ്‍-പ്ലേസുകളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തരം ഇടങ്ങള്‍ക്ക് തനതായൊരു വ്യക്തിത്വവും വിലാസവുമുണ്ട്. തെരുവിന്‍റെ വീതികളിലേക്ക് ലയിച്ചുചേരുന്നവയും, വെറുതെ മിന്നിമറഞ്ഞു പോകാനല്ലാതെ, ആളുകള്‍ക്ക് സമാധാനത്തോടെ ഇരിക്കാനും വര്‍ത്തമാനം പറയാനും തണലേകുന്നവയുമാണവ. നിര്‍ഭാഗ്യവശാല്‍, കോണ്‍ക്രീറ്റ് പാതകളും മൊബൈല്‍ സ്ക്രീനുകളും അടക്കിവാഴുന്ന ഇന്നത്തെ നഗരങ്ങളില്‍ ഈ മൂന്നാം ഇടങ്ങള്‍ ഇല്ലാതാവുകയും, അതുവഴി മനുഷ്യന്‍റെ ജീവസ്സുറ്റ സാമൂഹിക ജീവിതം വറ്റിവരണ്ടുപോവുകയും ചെയ്യുന്നു.


അപ്പോള്‍, ഒരു ഇടത്തിന് (Authentic space) യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടത്? ചില അടിസ്ഥാന ഗുണങ്ങള്‍ താഴെ പറയുന്നവയാണ്.


വ്യക്തിത്വം (Distinctiveness): കേവലമൊരു പകര്‍പ്പാകാതെ, തനതായ ചരിത്രവും അടയാളങ്ങളും പേറുന്ന ഇടമായിരിക്കണം.


ഇടവേളകള്‍((Protecting Interval): 'ജാപ്പനീസ് തത്ത്വചിന്തയിലെ 'മാ' (Ma) എന്ന സങ്കല്‍പ്പം പോലെ, എല്ലാ നിമിഷങ്ങളെയും വിവരങ്ങള്‍ കൊണ്ട് കുത്തിനിറയ്ക്കാതെ, ജീവസ്സുറ്റ നിശബ്ദതകള്‍ക്ക് ഇടംനല്‍കണം.


ആചാരങ്ങളും ആവര്‍ത്തനങ്ങളും: ബാഹ്യ പ്രകടനങ്ങള്‍ക്കപ്പുറം, മനുഷ്യരെ പരസ്പരം കോര്‍ത്തുനിര്‍ത്തുന്ന ലളിതമായ ആചാരങ്ങളും അനുഭവങ്ങളുടെ ആവര്‍ത്തനങ്ങളും ഉണ്ടാകണം.


നേരിട്ടുള്ള ഇന്ദ്രിയാനുഭൂതികള്‍: സ്ക്രീനുകളിലെ മായിക ലോകത്തില്‍നിന്നും പുറത്തുകടന്ന് പകരം ഭൗതിക ലോകവുമായുള്ള നേരിട്ടുള്ള ബന്ധം ഉറപ്പാക്കണം.


കച്ചവടരഹിതമായ അന്തരീക്ഷം: ലാഭേച്ഛയില്ലാതെ ആളുകള്‍ക്ക് വെറുതെ തങ്ങിനില്‍ക്കാന്‍ കഴിയണം.


കാലക്രമേണ വളരുന്ന ബന്ധം: ഹൈഡെഗര്‍ (Heidegger) ചൂണ്ടിക്കാണിച്ചതുപോലെ, ഒറ്റരാത്രികൊണ്ട് നിര്‍മ്മിച്ചെടുക്കാനാവാത്ത, കാലക്രമേണ, ജീവിച്ചുതീര്‍ക്കുമ്പോള്‍ മാത്രം, രൂപപ്പെടുന്ന ആത്മബന്ധം അതിലുണ്ടാകണം.


വേഗത്തില്‍ പായുന്ന നഗര ജീവിതവും വിരല്‍ത്തുമ്പിലെ ഡിജിറ്റല്‍ ലോകവും ചേര്‍ന്ന് മനുഷ്യന്‍റെ ശ്രദ്ധയെ നിരന്തരം കവര്‍ന്നെടുക്കുകയാണ്. ഇതൊരു കേവല തോന്നലല്ല; ഇടതടവില്ലാത്ത സ്ക്രീന്‍ കാഴ്ചകളും ഇന്‍റര്‍നെറ്റ് ഉപയോഗവും നമ്മുടെ ഏകാഗ്രതയെ ചോര്‍ത്തിക്കളയുമെന്നും മാനസികാരോഗ്യത്തിന്‍റെ താളം തെറ്റിക്കുമെന്നും ശാസ്ത്രം അടിവരയിടുന്നു. ഇതിനര്‍ത്ഥം ഡിജിറ്റല്‍ യുഗത്തിന് മുമ്പുള്ള ഏതോ പഴയ കാലത്തേക്ക് തിരിച്ചുപോകണമെന്നോ, അല്ലെങ്കില്‍ യാഥാസ്ഥിതികമായ ആധികാരികത അഭിനയിക്കണമെന്നോ അല്ല. പാശ്ചാത്യ-പൗരസ്ത്യ ദര്‍ശനങ്ങള്‍ ഒരുപോലെ നമ്മെ ഓര്‍മ്മിപ്പിക്കുന്ന സത്യം ലളിതമാണ്: പായുന്ന നമ്മുടെ നഗരങ്ങളിലും അനുദിന ജീവിതത്തിലും വേഗത കുറഞ്ഞ, നിശബ്ദമായ, അല്പം സാവകാശം നമ്മോട് ആവശ്യപ്പെടുന്ന ചില ഇടങ്ങളെ നമ്മള്‍ ബോധപൂര്‍വ്വം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. കാഴ്ചക്കാരായി വെറുതെ മിന്നിമറഞ്ഞു പോകുന്നതിന് പകരം, സ്വന്തം ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും പൂര്‍ണ്ണമായി സന്നിഹിതരാകാന്‍ (Heidegger) ആ ഇടങ്ങള്‍ നമ്മെ തുണയ്ക്കും. എം.ടി. വാസുദേവന്‍ നായര്‍ ഒരിക്കല്‍ കുറിച്ചതുപോലെ: 'മനുഷ്യന് തിരികെ നടക്കാന്‍ ചില വഴികളും, ഇരിക്കാന്‍ ചില തണലുകളും എപ്പോഴും ബാക്കിയുണ്ടാവണം. (കണ്ണാന്തളിപ്പൂക്കളുടെ കാലം' - ഓര്‍മ്മക്കുറിപ്പുകള്‍) ആ തണലുകളെ വീണ്ടെടുക്കുക എന്നതാണ് വര്‍ത്തമാനകാലത്തിന്‍റെ ആവശ്യം.


ഇടവും ഇടവേളകളും

ട്രീസ മേരി സുനു

അസ്സീസി മാസിക, ആഗസ്റ്റ് 2026

bottom of page