സത്യമേവം
- George Valiapadath Capuchin

- 2 days ago
- 1 min read

ജീവിതവൃത്തിക്ക് നീ തെരഞ്ഞെടുത്ത പാപവഴിയുടെ ഫലം നിൻ്റെ ഭാര്യയും കുട്ടികളും പങ്കിട്ടെടുക്കുമോ എന്ന് വനത്തിൽ വച്ച് തന്നെ കൊള്ളയടിക്കാൻ തുടങ്ങിയ രത്നാകരനോട് നാരദ മഹർഷി ചോദിച്ചത്രേ! അങ്ങനെയൊരുവശം അപ്പോഴാണ് അങ്ങേരുടെ മനസ്സിലേക്ക് വരുന്നത്. വീട്ടിൽ ചെന്ന് അയാൾ ഭാര്യയോടും മക്കളോടും അക്കാര്യം ചോദിച്ചു. തങ്ങൾക്ക് പണവും ഭക്ഷണവും ഭർത്താവും പിതാവുമായ അയാൾ നല്കുന്നുണ്ടെങ്കിലും, അയാൾ ചെയ്യുന്ന പാപത്തിന്റെ ഫലം അയാൾതന്നെ അനുഭവിക്കേണ്ടിവരും എന്ന് അവർ അയാൾക്ക് വ്യക്തത നൽകിയത്രേ!
അവിടെയാണ് വാല്മീകി ജനിച്ചത് എന്നാണ് ഭാരതീയ പാരമ്പര്യം.
'നിൻ്റെ ആത്മാവിന് നീ എന്ത് പകരംവക്കും?' എന്ന് കനമുള്ള ഒരു ചോദ്യം ചോദിക്കുന്നുണ്ട് യേശു.
സ്വന്തം ആത്മാവിനെ പണയംവച്ച കാശുകൊണ്ട് കുടുംബം പോറ്റി ജീവിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നുണ്ടോ?
വെറുപ്പ് വിറ്റ് പണം വാങ്ങി കുടുംബം പോറ്റുന്നവർ; കള്ളം വിറ്റ് പണം വാങ്ങി കുടുംബം പോറ്റുന്നവർ; അന്യരെ കബളിപ്പിക്കാനായി സൈബർവേല ചെയ്യുന്നവർ ...
നേരുള്ള കാശിൻ്റെ ക്ഷാമം തീർന്നോ?
















































































































