കാനായിലെ കല്‍ഭരണികള്‍
- ഫാ. ഷാജി CMI

- 4 days ago
- 3 min read

തിയേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിയ 'ബാലന്‍' എന്ന സിനിമ നിനവില്‍ വരുന്നു. സ്കൂള്‍ വിട്ടുവരുമ്പോള്‍ എന്നും അവനെ കൂട്ടികൊണ്ട് പോകാന്‍ കാത്തുനില്‍ക്കാറുള്ള അമ്മ അന്ന് അവിടെ ഉണ്ടായിരുന്നില്ല. അമ്മ അല്പം വൈകിയാണ് അവിടെ എത്തിയത്. കുട്ടിയെ കാണാത്തതില്‍ അമ്മ ആകെ പരിഭ്രമിക്കുന്നു. അവനെ അന്വേഷിച്ച് വളരെ സങ്കടത്തോടെയും സംഭ്രമത്തോടെയും അന്വേഷിക്കുന്നു. പൊടുന്നനെ കുട്ടികളുടെ ഒരു ബഹളം കേള്‍ക്കുന്നു. അമ്മ അതിലേക്ക് ശ്രദ്ധിക്കുന്നു. അവന്‍ കുറെ കുട്ടികളുടെ കൂടെ കളികളില്‍ ഏര്‍പ്പെട്ടുകൊണ്ട് ഓടിവരുന്നതാണ് കാണുന്നത്. അമ്മ ബാലനെ ചേര്‍ത്ത് പിടിച്ച് അവന്‍റെ കണ്ണുകളില്‍ നോക്കിയിട്ട് പറയുന്നു: 'എത്രവൈകിയാലും ഇവിടെ തന്നെ നില്‍ക്കണം. വൈകിയാലും അമ്മ വരികതന്നെ ചെയ്യും.'
ആദ്യ അദ്ഭുതം ചെയ്യുന്നതുവഴി യേശുവിനെക്കുറിച്ചുള്ള ജനത്തിന്‍റെ ചിന്താഗതിക്ക് മാറ്റം വരുന്നു. 'അവര്‍ക്ക് വീഞ്ഞില്ല' എന്ന് പറയുന്നതുവഴി, പരിശുദ്ധ അമ്മ മാനവകുലത്തിന്‍റെ മുഴുവന്‍ മധ്യസ്ഥയായി മാറുന്നു. കുട്ടിയുടെ അമ്മ അവനോട് പറഞ്ഞ അതെ വാക്കുകള്‍ അമ്മ നമ്മോടും പറയുന്നു. 'എത്രവൈകിയാലും ഇവിടെ തന്നെ നില്‍ക്കണം. വൈകിയാലും അമ്മ വരികതന്നെ ചെയ്യും.' നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് ശ്രദ്ധിക്കണം: കാനായിലെ ഒഴിഞ്ഞ കല്‍ഭരണികള്‍ക്ക് നടുവിലും, കാല്‍വരിയിലെ കുരിശിന്‍റെ ചുവട്ടില്‍ പ്രതീക്ഷ നശിച്ചവനെപോലെയും ഒക്കെ ആണ്. ഒഴിഞ്ഞ കല്‍ഭരണികളെയും അവയില്‍ സംഭവിച്ച മാറ്റങ്ങളെയും ഒന്ന് കൂടുതല്‍ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണിവിടെ.
അപൂര്‍ണ്ണതയുടെ അടയാളമായ 'ആറ്' കല്‍ഭരണികളില്‍ പൂര്‍ണ്ണതയുടെ അടയാളമായ 'വീഞ്ഞ്' നിറയുന്നു. അപൂര്‍ണ്ണതയില്‍നിന്ന് പൂര്‍ണ്ണതയിലേക്കുള്ള മാറ്റം ഇവിടെ നടക്കുന്നു. ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിക്കുകവഴി അവര്‍ക്കും മാറ്റം സംഭവിക്കുന്നു. യേശുവിന്‍റെയും പരിശുദ്ധ അമ്മയുടെയും സാന്നിധ്യം ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണമായി നിലകൊള്ളുന്നു. യേശുവിനോടും അമ്മയോടും ചേര്‍ന്നുനിന്നാല്‍ നമ്മുടെ ജീവിതങ്ങള്‍ക്കും മാറ്റം സംഭവിക്കും. ഭാവാത്മകമായ എല്ലാ മാറ്റങ്ങളും ഈശോയുടെ മഹത്വമാണ് വെളിപ്പെടുത്തുന്നതെന്നും നമ്മള്‍ ഓര്‍മിക്കുക. കാനായില്‍ വെളിപ്പെട്ടത് ക്രിസ്തുവിന്‍റെ മഹത്വം മാത്രമല്ല, ദൈവം അവസാനംവരെ സൂക്ഷിച്ച നല്ല വീഞ്ഞുകൂടിയാണ്. പാപപങ്കിലമായ മനുഷ്യപ്രകൃതിയില്‍ വരപ്രസാദത്തിന്‍റെ വീര്യം തെല്ലും ചോര്‍ന്നു പോകാതെ ദൈവം കാത്തുസൂക്ഷിച്ച നല്ല വീഞ്ഞ് മറിയമാണെന്ന സത്യം കൂടി വെളിപ്പെടു ന്നുണ്ട്.
യഹൂദ വിവാഹങ്ങളില്‍ വിളമ്പുന്ന വീഞ്ഞുഭരണികള്‍ക്ക് ഒരു ചരിത്രമുണ്ട്. പെണ്‍ മക്കളുടെ ജന്മദിനങ്ങളില്‍ മാതാപിതാക്കള്‍ ഒരു വലിയ കുടം (ഭരണി) വീഞ്ഞ് ഭദ്രമാ യി അടച്ച് ഭാവിയിലെ വിവാഹ ആവശ്യത്തിലേക്കു സൂക്ഷിക്കുമായിരുന്നു. ഓരോ വര്‍ഷവും ജന്മദിനത്തില്‍ ഇങ്ങനെ ഓരോ ഭരണി വീഞ്ഞ് സൂക്ഷിച്ചുപോന്നിരുന്നു. പെണ്‍കുട്ടിക്കു വിവാഹപ്രായമാകുന്ന പതിമൂന്നാംവയസുവരെ പതിമൂന്നു ഭരണി വീഞ്ഞ് സൂക്ഷിക്കപ്പെടുമായിരുന്നു. ഈ വീഞ്ഞാണ് പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിച്ചിരുന്നത്. വീട്ടുകാരുടെ ധനസ്ഥിതിക്ക് ആനുപാതികമായി ഭരണികളുടെ വലിപ്പം കൂടിയും കുറഞ്ഞും ഇരിക്കും. വിവാഹദിനത്തിലെ ഏറ്റവും നല്ല വീഞ്ഞ് പെണ്‍കുട്ടിയുടെ ആദ്യജന്മദിനത്തിലെ വീഞ്ഞായിരിക്കും. കാലപ്പഴക്കംകൊണ്ട് അതിന്‍റെ വീര്യം ഏറിയിരിക്കും. കാനായില്‍ യേശു നിര്‍മിച്ച വീഞ്ഞ് ആദ്യജന്മദിനത്തിലേ സൂക്ഷിച്ചുവച്ച വീര്യമേറിയ വീഞ്ഞുപോലെയായിരുന്നു എന്നു നിരീക്ഷിക്കപ്പെടുമ്പോള്‍ പാപത്തിന്‍റെ യുഗം ആരംഭിക്കുംമുമ്പേ സൂക്ഷിക്കപ്പെട്ട വീഞ്ഞ് എന്ന അര്‍ഥവ്യാഖ്യാനം സാധ്യമാകും. ഇതാകട്ടെ ജന്മപാപമില്ലാത്ത മറിയത്തിന്‍റെ പ്രതീകമാണുതാനും.
കുഞ്ഞു മരിയയ്ക്ക് 3 വയസ്സുള്ളപ്പോഴാണ് ഒരു അനുജന്‍ പിറക്കുന്നത്. നക്ഷത്രക്കണ്ണുള്ള ആ കുഞ്ഞിനെ തൊടാനും ലാളിക്കാനും മരിയയ്ക്ക് വലിയ ഇഷ്ടമാണ്. അവളുടെ ഒരു ആഗ്രഹം മാതാപിതാക്കളെ തെല്ല് അസ്വസ്ഥതപ്പെടുത്തി. കുഞ്ഞിനെ അവളുടെ മടിയില്‍ കിടത്തി മാതാപിതാക്കള്‍ മുറിയില്‍ നിന്ന് മാറി നില്‍ക്കണം എന്നാണ് അവള്‍ പറയുന്നത്. എന്തിനായിരിക്കും? എന്തോ രഹസ്യം പറയാന്‍ ആണത്രേ. കുഞ്ഞുങ്ങള്‍ ഇളയവരെ ഉപദ്രവിക്കാറുണ്ട് എന്ന് കേള്‍ക്കാറുണ്ടല്ലോ. ഒരു ദിവസം അവളുടെ ആഗ്രഹപ്രകാരം കുഞ്ഞിനെ മടിയില്‍ കിടത്തി, പപ്പയും മമ്മിയും മുറിയില്‍ നിന്ന് പുറത്തിറങ്ങി. അവര്‍ തനിച്ചായപ്പോള്‍ മരിയ കുഞ്ഞിനെ ചുംബിച്ചു. എന്നിട്ട് കാതില്‍ ഒരു രഹസ്യം എന്നതുപോലെ ചോദിച്ചു" "പറയൂ, ദൈവം എങ്ങനെയാണ് ഇരിക്കുന്നത്? സ്വര്‍ഗ്ഗം എങ്ങനെയാണ്? ഞാന്‍ എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു." അങ്ങനെയായിരുന്നു മനുഷ്യവംശത്തിന്‍റെ ബാല്യം. ഈ മണ്ണില്‍ പിറന്നുവീണ് വളര്‍ന്നു തുടങ്ങുമ്പോള്‍ സ്വര്‍ഗ്ഗവും ദൈവവും ഒക്കെ വിസ്മരിക്കപ്പെട്ടു പോകുന്നു. മനുഷ്യനെ ആ നിഷ്കളങ്കതയിലേക്ക്, ദൈവികതയിലേക്ക് വീണ്ടെടുക്കാനാണ് ഈശോ വന്നത്. 'ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍' ഈ വാക്കുകള്‍ ദൈവം നല്‍കിയ നിഷ്കളങ്കത, ദൈവികത ഇവയൊക്കെ തിരിച്ചുപിടിക്കാനുള്ള ഒരു ക്ഷണമാണ്.
ലുത്തിനിയയില്‍ മറിയത്തെ വിശേഷിപ്പിക്കുന്ന അഭിധാനങ്ങളിലൊന്ന് 'സ്വര്‍ഗ്ഗത്തിന്‍റെ കവാടമേ.....' എന്നാണ്. എസെക്കിയേലിന്‍റെ ദേവാലയ ദര്‍ശനത്തില്‍ അടഞ്ഞുകിടക്കുന്ന കിഴക്കേ കവാടം കര്‍ത്താവു കടന്നുവരാനുള്ള വാതിലാണെന്നു പറയുന്നുണ്ട്. ഇസ്രായേലിന്‍റെ കര്‍ത്താവിനു പ്രവേശനം നല്‍കാന്‍ തക്ക കരുത്തുള്ള ഒരു വാതിലുണ്ടാകുമോ എന്ന് പ്രവാചകന്‍ സംശയിക്കുന്നുണ്ട് (എസെ, 44:2). അദ്ദേഹം കണ്ട ഈ വാതില്‍ ദൈവം ലോകത്തിലേക്കു പ്രവേശിക്കാന്‍ കണ്ടെത്തിയ വാതിലായ പരിശുദ്ധ മറിയത്തിന്‍റെ പ്രതീകമാണെന്ന് വിശുദ്ധ എഫ്രേം നിരീക്ഷിക്കുന്നു. ദൈവത്തിനു ഭൂമിയില്‍ പ്രവേശിക്കാന്‍ വാതിലായി വര്‍ത്തിച്ച മറിയം മനുഷ്യകുലത്തിനു സ്വര്‍ഗത്തില്‍ പ്രവേശിക്കാനുളള ഏകവാതിലായ ഈശോയെ (യോഹ. 14:5) രൂപപ്പെടുത്തിയവളാണ്. ശരീരിയായി സ്വര്‍ഗത്തിലെത്തിയ ആദ്യമനുഷ്യവ്യക്തി എന്ന നിലയില്‍ അവള്‍ മനുഷ്യകുലത്തിനു മുഴുവന്‍ ആകാശമോക്ഷമേറാനുള്ള വാതിലാവുകയായിരുന്നു. സ്വര്‍ഗ കവാടത്തിന്‍റെ നിയന്ത്രണം പരിശുദ്ധ അമ്മയ്ക്കാണെന്ന സത്യം സകലപാപികള്‍ക്കും നല്‍കുന്ന ആശ്വാസം ചെറുതല്ല.
നന്മനിറഞ്ഞവളും സ്ത്രീകളില്‍ അനുഗ്രഹീതയുമായ മറിയത്തോടൊത്ത് കര്‍ത്താവ് നിരന്തരമുണ്ടായിരുന്നു (ലൂക്കാ 1:28). കര്‍ത്താവു കൂടെയുണ്ടായിരുന്നവള്‍ മരണശേഷവും കര്‍ത്താവിനോടുകൂടെ ആയിരിക്കുന്നു എന്നതാണ് സ്വര്‍ഗാരോപണത്തിന്‍റെ വിശുദ്ധഗ്രന്ഥ യുക്തി. അവളുടെ മഹത്വം പരിശുദ്ധാത്മാവിനാല്‍ തിരിച്ചറിഞ്ഞ എലിസബത്ത് അവളെ 'എന്‍റെ കര്‍ത്താവിന്‍റെ അമ്മ' എന്നാണു സംബോധന ചെയ്തത് (ലൂക്കാ 1: 48). ആ സമയത്ത് ഗര്‍ഭസ്ഥനായ സ് നാപകന്‍ ഏലീശ്വായുടെ ഉദരത്തില്‍ ആനന്ദനൃത്തമാടി. വാഗ്ദാനപേടകത്തിനു മുന്നില്‍ മതിമറന്നു നൃത്തമാടുന്ന ദാവീദിനോടാണ് (2 സാമു. 6:1-15) സ്നാപകന്‍റെ നൃത്തത്തെ സഭാപിതാക്കന്മാര്‍ ഉപമിക്കുന്നത്. വാഗ്ദാനപേടകം ഒടുവില്‍ ഭൂമിയിലെ സ്വര്‍ഗമായ ജറുസലേം ദേവാലയത്തില്‍ ആ ഘോഷപൂര്‍വം പ്രതിഷ്ഠിക്കപ്പെടുന്നതിനോടാണ് മറിയത്തിന്‍റെ സ്വര്‍ഗാരോപണത്തെ ഉപമിക്കേണ്ടത്. മറിയത്തിന്‍റെ മഹത്വത്തിന്‍റെ മാനദണ്ഡം എലിസബത്തിന്‍റെ വാക്കുകളില്‍ സ്പഷ്ടമാണ്. കര്‍ത്താവ് അരുള്‍ ചെയ്തവ വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കാ 1:46). അടിയുറച്ച വിശ്വാസത്തിന്‍റെ അനിവാര്യമായ ഭാഗ്യമാണ് സ്വര്‍ഗാരോപണം.
കാനായിലെ കല്‍ഭരണികള്‍
ഷാജി സി.എം.ഐ.
അസ്സീസി മാസിക, ആഗസ്റ്റ് 2026

























































