top of page

ആദ് ഹോമിനെം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jul 29
  • 1 min read
Illustration of two persons sitting for a conversion

ഒരാൾ ഒരു ചോദ്യം ചോദിക്കുമ്പോൾ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ല എന്നുവരികിൽ ചോദ്യകർത്താവിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് തർക്കശാസ്ത്രത്തിലെ ഒരു ഫാലസി, അഥവാ തന്ത്രമാണ്. "ആദ് ഹോമിനെം" (ad hominem) എന്നാണ് ആ തന്ത്രം അറിയപ്പെടുന്നത്.


ഒരാൾ നിങ്ങളെ നിങ്ങളുടെ വാക്കിനെയോ ചെയ്തിയെയോ അടിസ്ഥാനമാക്കി ചോദ്യം ചെയ്യുമ്പോൾ, ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം ചോദ്യകർത്താവിനെയും അയാളുടെ പക്ഷക്കാരെയും "നിങ്ങളും അതുതന്നെ ചെയ്തിരിക്കുന്നു" എന്ന് തിരിച്ച് പറയുന്നത് മറ്റൊരു ഫാലസിയാണ്. "തൂ കോക്വെ" (tu quoque) എന്നാണ് ആ തന്ത്രത്തിന് പേര്.


ചോദ്യത്തിന് ഉത്തരം നൽകാൻ ബുദ്ധിമുട്ടുള്ളപ്പോൾ വിദഗ്ധമായി വിഷയംതന്നെ മാറ്റിക്കളയുന്ന തന്ത്രമാണ് ഡിഫ്ലക്ഷൻ (deflection).


പൊതുരംഗത്ത് പേരെടുത്തിട്ടുള്ള പലരും ഇന്ന് പയറ്റിപ്പോരുന്നവയാണ് ഈ വക തന്ത്രങ്ങളെല്ലാം. ഞാനും നിങ്ങളുമൊക്കെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഇത്തരം തന്ത്രങ്ങൾ പയറ്റാറുണ്ട്. വിദഗ്ധമായി ഇത്തരം തന്ത്രങ്ങൾ പയറ്റുന്നവർക്ക് വലിയ ജനസ്വീകാര്യതയും ഇക്കാലത്ത് ലഭിക്കുന്നുണ്ട്. എങ്കിലും, തർക്കശാസ്ത്രത്തിലെ തറവേലകളാണ് ഇവയെല്ലാം. അതുകൊണ്ടുതന്നെ, രാഷ്ട്രീയ നിലപാടുകളിൽ യോജിച്ചുപോകാൻ കഴിയുന്നവരോ തീരേ യോജിച്ചുപോകാൻ കഴിയാത്തവരോ - ആരുതന്നെ ഇത്തരം തറവേലകൾ കാട്ടിയാലും അതിനെ കൊണ്ടാടാൻ ബുദ്ധിമുട്ടാണ്.


രാഷ്ട്രീയത്തിലെന്നല്ല, സാമൂഹിക ജീവിതത്തിലും സഭാ ജീവിതത്തിലും കുടുംബജീവിതത്തിലും സന്ന്യാസ ജീവിതത്തിലും, സ്വയാവലോകനവും സ്വയം വിമർശനവും കുറഞ്ഞുവരുന്നുണ്ടോ എന്നൊരുസന്ദേഹവും ഇല്ലാതില്ല. സ്വന്തം നിലപാടുകളെയും ചെയ്തികളെയും വാക്കുകളെയും നീതിമത്ക്കരിക്കുകയും അപരന്റെ സമാനമായ നിലപാടുകളെയും ചെയ്തികളെയും വാക്കുകളെയും വിമർശനാത്മകമായി കാണുകയും ചെയ്യുമ്പോൾ: അത് ആരുതന്നെയായാലും പൊതുസമൂഹത്തിനു മുമ്പിൽ, പ്രത്യേകിച്ച് പുതുതലമുറയ്ക്കു മുമ്പിൽ നാണംകെടും.


മതമേഖലയിൽ നിന്നുള്ളവരിൽ സ്വയം അവലോകനവും ആത്മവിമർശനവും ഏറിയിരിക്കണം. മതമേഖലയിൽ നിന്നുള്ളവരിൽ -വൈദികരിലാവട്ടെ സന്ന്യസ്തരിലാവട്ടെ- ഇത്തരം ആത്മവിമർശനത്തിൻ്റെ ഘടകത്തിൽ കുറവുകണ്ടാൽ അവർ ആത്മീയമേഖലയിൽ വട്ടപ്പൂജ്യമാണ് എന്നുപോലും ഇക്കാലത്ത് ജനങ്ങൾ വിധിയെഴുതി എന്നുവരും.

bottom of page