ശബ്ദങ്ങള്‍

Updated: 5 minutes ago

"വെയിലാറിയപ്പോള്‍ ദൈവം തോട്ടത്തില്‍ കൂടി നടക്കുന്ന ഒച്ച അവര്‍ കേട്ടു."
'ഖോല്‍' എന്ന എബ്രായ പദമാണ് ഒച്ച എന്ന വാക്കായി വിവര്‍ത്തനം ചെയ്തത്. ആഹതവും (കര്‍ണാടക സംഗീതത്തിലും മറ്റും സ്വരങ്ങളുടെ പ്രയോഗത്തില്‍ വരുന്ന ഒരുതരം ഗമകം- ആഹതം) അനാഹതവുമായ എല്ലാ ശബ്ദത്തെയും ഈ ഒറ്റവാക്ക് കൊണ്ടാണ് തിരുവചനം വിശദീകരിക്കുന്നത്. ഒച്ചയും ശബ്ദവും എല്ലാം ഒരര്‍ത്ഥമാണെങ്കിലും ഇവിടെ അല്പം മാറി ചിന്തിച്ചേക്കാം എന്ന് വിചാരിക്കുന്നു.
എത്രയോ കാലമായി ആദവും ഹവ്വയും കേട്ടുകൊണ്ടിരിക്കുന്ന ഒരു ശബ്ദമാണത്. കാതിന് ഇമ്പമായിരുന്നതും സന്തോഷം നല്‍കുന്നതുമായ ദൈവത്തിന്‍റെ ആ ശബ്ദം എപ്പോഴാണ് അവര്‍ക്ക് ഒച്ചയായി പരിണമിച്ചത്. തികച്ചും subjective ആയ ഒരു പദമാണ് ശബ്ദം അല്ലെങ്കില്‍ സംഗീതം എന്ന് തോന്നിയിട്ടുണ്ട്. ഒരേ ശബ്ദം പല അവസരങ്ങളിലും ആവര്‍ത്തിച്ചാല്‍ നമ്മുടെ സന്ദര്‍ഭം അനുസരിച്ച് മാത്രമാണ് പ്രതികരണം ഉണ്ടാവുക. തികച്ചും Frustrated ആയിരിക്കുന്ന അവസരങ്ങളില്‍ നമുക്ക് പ്രിയപ്പെട്ട ഒരാള്‍ നമ്മെ ഫോണ്‍ വിളിച്ചാല്‍ പോലും ആ ഒരു ശബ്ദ വ്യത്യാസം പ്രകടിപ്പിക്കാറില്ലേ. നാടോടിക്കാറ്റ് എന്ന സിനിമയിലെ ആ ഒരു സന്ദര്‍ഭം നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ. രണ്ടുപേര്‍ ചേര്‍ന്ന് ജീവിക്കാന്‍ വേണ്ടി പശുക്കളെ വാങ്ങുന്നു, ആദ്യ ദിവസം അവയുടെ ശബ്ദം സംഗീതാത്മകമാണ് എന്നവര്‍ പറയുന്നു. പിന്നീടൊരിക്കല്‍ അതേ ശബ്ദം അവരില്‍ അലോസരമുണ്ടാക്കുന്നു.
ഭയംകൊണ്ട് ആദവും ഹവ്വയും ഒളിച്ചിരിക്കുമ്പോള്‍ അവരുടെ ഹൃദയമിടിപ്പിന്‍റെ വേഗത പല ശബ്ദങ്ങളെയും ഒച്ചപ്പാട് ആക്കി പരിണമിപ്പിച്ചു എന്ന് കരുതാം. നിഷ്കളങ്കമായ ഒരു അന്തരീക്ഷത്തില്‍ അവര്‍ കേട്ട എല്ലാ ശബ്ദങ്ങളും വളരെ ഇമ്പമായിരുന്നു. ദൈവീക സാമീപ്യം ഉള്ളതായി അവര്‍ക്ക് അനുഭവപ്പെട്ടു. മറച്ചുവെക്കാന്‍ കാരണങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഒളിക്കുന്നതും ചെറിയ ശബ്ദങ്ങളില്‍ പോലും ഭയപ്പെടുന്നതും.
ജീവകാരുണ്യ പ്രസ്ഥാനത്തിന്‍റെ കാരിത്താസ് ഇന്ത്യ ഡയറക്ടറായിരുന്ന രബീന്ദ്രന്‍ സാന്‍ഡേഴ്സ് മാതൃദിനം പ്രമാണിച്ചു പങ്കുവച്ച കഥയാണിത്; കഥയല്ല, ഒരു ഓര്‍മപ്പെടുത്തല്‍.
വീടുകളില്‍ ഭക്ഷണമെത്തിച്ചു കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. ഒരു ദിവസം രാത്രി അദ്ദേഹത്തിന്‍റെ അവസാന ദൗത്യം ഒരു പഴയ കെട്ടിടത്തിലെ വിലാസത്തിലേക്കായിരുന്നു. ഏറെ വിഭവങ്ങളൊന്നുമില്ലാത്ത വളരെ ചെറിയ അത്താഴമായിരുന്നു പാക്കറ്റില്‍.
ഇനി കഥ ആ ചെറുപ്പക്കാരന്‍റെ സ്വന്തം വാക്കുകളില്‍: മൂന്നുനില കയറി, ഞാന്‍ ഫ്ളാറ്റിന്‍റെ വാതില്‍ക്കലെ മണിയടിച്ചു. ഏറെ പ്രായമായ ഒരു സ്ത്രീ വന്നു വാതില്‍ തുറന്നു. ആകെ നരച്ച തലമുടി. വിറയ്ക്കുന്ന കൈകള്‍. കണ്ണടവച്ച മുഖം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. പക്ഷേ, അവരുടെ ശബ്ദത്തിന് വല്ലാത്തൊരു മാധുര്യമുണ്ടായിരുന്നു. 'അതൊന്ന് അകത്തേക്കു വയ്ക്കാമോ മോനേ. എന്‍റെ കൈ വിറയ്ക്കും'
ഞാന്‍ ഭക്ഷണപ്പൊതി അകത്തെ മേശമേല്‍വച്ച് പോകാന്‍ തുടങ്ങുമ്പോള്‍ ആ അമ്മ ചോദിച്ചു: 'രണ്ടു മിനിറ്റ് ഇരിക്കാമോ? തനിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ഒരു സന്തോഷവുമില്ല', ഞാന്‍ സമയം നോക്കി. ഇപ്പോള്‍ത്തന്നെ വൈകിയിരിക്കുന്നു; വല്ലാത്ത ക്ഷീണമുണ്ട്. എന്നാലും, അവിടെയിരിക്കാനാണ് എനിക്കു തോന്നിയത്. മു റിയില്‍ നിശ്ശബ്ദത കനപ്പെട്ടു നിന്നു. ശബ്ദമെന്നു പറയാന്‍ പഴയൊരു ക്ലോക്കിന്‍റെ ദുര്‍ബലതാളം മാത്രം. ചുവരില്‍ നിറയെ ചിത്രങ്ങള്‍. അവര്‍ സാവധാനം ഭക്ഷണം കഴിച്ചുതുടങ്ങി; ഇടയ്ക്ക് എന്നെ നോക്കും; മന്ദഹസിക്കും.
എന്നിട്ട്, അവര്‍ സൗമ്യമായി സംസാരിച്ചുതുടങ്ങി: 'ഞാനങ്ങനെ പുറത്തുനിന്നു ഭക്ഷണം വരുത്തി കഴിക്കാറൊന്നുമില്ല. ഇന്നിപ്പോള്‍ അങ്ങനെ തോന്നി.... മനുഷ്യശബ്ദം കേള്‍ക്കാന്‍ വേണ്ടി മാത്രം'.
അവര്‍ ചുവരിലേക്കു കൈ ചൂണ്ടി: 'ഇതെന്‍റെ ഭര്‍ത്താവ്. റെയില്‍വേയിലായിരുന്നു; അഞ്ചു വര്‍ഷം മുന്‍പു മരിച്ചു'. പിന്നെ അടുത്ത ചിത്രത്തിലേക്ക്: 'ഇതു മകന്‍. കാനഡയിലാണ്. നല്ല ജോലിയുണ്ട്. എല്ലാ മാസവും എനിക്കു പണം അയയ്ക്കും'. കുറച്ചു നേരത്തേക്ക് അവര്‍ ഒന്നും മിണ്ടിയില്ല. ആ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു. ക്ലോക്കിന്‍റെ ടിക് ടിക് ശബ്ദം പെട്ടെന്ന് ഉച്ചത്തിലായതുപോലെ എനിക്കു തോന്നി.
അവര്‍ സംസാരം തുടര്‍ന്നു: 'ഇതു മകളാണ്; ബെംഗളൂരുവിലാണ്. അവള്‍ക്കവിടെ സുഖമാണ്'. പെട്ടെന്ന് ആ ശബ്ദത്തിലൊരു വിള്ളല്‍ വീണതുപോലെ തോന്നി. എന്നിട്ട് അവര്‍ ചോദിച്ചു: 'മോനേ, നിനക്ക് അമ്മയുണ്ടല്ലോ, അല്ലേ?'
"അമ്മയെ മോന്‍ എല്ലാ ദിവസവും വിളിക്കാറുണ്ടോ?" എനിക്കുത്തരം പറയാന്‍ കഴിഞ്ഞില്ല. സത്യം എന്‍റെ മനസ്സിലിരുന്നു കുറുകി. ജോലിത്തിരക്കിനിടയില്‍ എനിക്കതിനു കഴിയാറില്ല. ഓരോ ദിവസവും ആ വിളി ഞാന്‍ പിറ്റേന്നത്തേക്കു മാറ്റി വയ്ക്കുന്നു. എന്‍റെ മനസ്സ് വായിക്കുകയായിരുന്നു അവര്‍. പിന്നെ അവര്‍ സാവധാനം പറഞ്ഞു: 'മാതാപിതാക്കള്‍ക്കു വേണ്ടതു പണമല്ല മോനേ;- ശബ്ദങ്ങളാണ്. വാക്കുകള്‍' എന്‍റെയുള്ളില്‍ എന്തോ ഒന്ന് വീണുടഞ്ഞു.
അപ്പോഴേക്കും അവര്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞിരുന്നു. മേശമേലിരുന്ന പഴ്സില്‍നിന്ന് ഒരു 500 രൂപ നോട്ടെടുത്ത് അവര്‍ എന്‍റെ നേരെ നീട്ടി.
'ഇതു ടിപ്പല്ല മോനേ. എന്നോടൊപ്പം ചെലവിട്ട ഈ അര മണിക്കൂറിന്‍റെ വില നീ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കേണ്ടി വന്നില്ലല്ലോ'.
അവര്‍ ചിരിച്ചു. 'ഇന്നു നീ ഭക്ഷണമല്ല എത്തിച്ചത്; എനിക്കൊരു കൂട്ടാണ്'. ഞാന്‍ ആ 500 രൂപ വാങ്ങി. അതു ഞാന്‍ പോക്കറ്റിലിട്ടില്ല; കയ്യില്‍ത്തന്നെ വച്ചു. പോകാനിറങ്ങിയപ്പോള്‍ ആ അമ്മ പറഞ്ഞു: 'വീട്ടില്‍ എത്തിക്കഴിഞ്ഞ് ഇന്ന് അമ്മയെ വിളിക്കണം'.
കെട്ടിടത്തിന്‍റെ ചുവട്ടിലെത്തി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് ഞാന്‍ എന്‍റെ അമ്മയെ വിളിച്ചു. അപ്പുറത്തുനിന്ന് അമ്മയുടെ ശബ്ദം:
'എന്താ മോനേ ഈ നേരത്ത്? വിശേഷമൊന്നുമില്ലല്ലോ' എനിക്കു ശ്വാസം മുട്ടുന്നതുപോലെ തോന്നി.
'ഒന്നുമില്ലമ്മേ. എനിക്കു പെട്ടെന്ന് അമ്മയുടെ ശബ്ദം കേള്‍ക്കണമെന്നു തോന്നി'
അങ്ങേയറ്റത്ത് നീണ്ട ഒരു നിശ്ശബ്ദത. പിന്നെ അമ്മ ചോദിച്ചു:
'നീ വല്ലതും കഴിച്ചോ?'
ഞാന്‍, ആ വഴിയരികില്‍നിന്നു പൊട്ടിക്കരഞ്ഞു.
അതിനുശേഷം, എല്ലാ ദിവസവും ഞാന്‍ അമ്മയെ വിളിക്കാന്‍ തുടങ്ങി. രണ്ടു മാസം കഴിഞ്ഞ്, ആ പഴയ വിലാസത്തില്‍നിന്ന് വീണ്ടുമൊരു ഓര്‍ഡര്‍ വന്നു. ആ അമ്മയുടെ മുഖം ഓര്‍ത്താണ് ഞാന്‍ ഓടിച്ചെന്നത്. വാതില്‍ തുറന്നത് മറ്റൊരു സ്ത്രീ. അയല്‍ക്കാരിയാണെന്ന് അവര്‍ പറഞ്ഞു.
'ആ അമ്മ കഴിഞ്ഞയാഴ്ച മരിച്ചു' അവിടെനിന്ന് പൊട്ടിക്കരയാന്‍ എനിക്കു തോന്നി.
അപ്പോള്‍ അയല്‍ക്കാരി ഒരു കവര്‍ എനിക്കു നീട്ടി. വിറയ്ക്കുന്ന കൈകളോടെയാണ് ഞാനതു തുറന്നത്. അതില്‍ ഒരു 500 രൂപ നോട്ടുണ്ടായിരുന്നു; ഒരു ചെറിയ കുറിപ്പും. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: 'മോനേ, നീ ഇതു വായിക്കുമ്പോഴേക്കും ഞാന്‍ കടന്നുപോയിരിക്കും. അന്നു രാത്രി ഭക്ഷണം കഴിക്കാന്‍ എനിക്കു കൂട്ടിരുന്നതിന് ഒരിക്കല്‍ കൂടി നന്ദി. എന്നോടു സംസാരിച്ചതിനും നന്ദി. മോന്‍റെ അമ്മയെ എല്ലാ ദിവസവും വിളിക്കണം'.
ആ രണ്ട് 500 രൂപ നോട്ടുകള്‍ ഇപ്പോഴും ഞാന്‍ നെഞ്ചോടു ചേര്‍ത്തു സൂക്ഷിക്കുന്നു. അടഞ്ഞ വാതിലുകള്‍ക്കു പിന്നില്‍ ഒരു ചെറുശബ്ദം കേള്‍ക്കാന്‍ കാത്തിരിക്കുന്ന അമ്മമാരുണ്ടെന്ന് ആ നോട്ടുകള്‍ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
"വെയിലാറിയപ്പോള്‍ ദൈവം തോട്ടത്തില്‍ കൂടി നടക്കുന്ന ഒച്ച അവര്‍ കേട്ടു." നിഷ്കളങ്കമായ ഒരു അന്തരീക്ഷത്തില്‍ അവര്‍ കേട്ട എല്ലാ ശബ്ദങ്ങളും വളരെ ഇമ്പമായിരുന്നു. ദൈവീക സാമീപ്യം ഉള്ളതായി അവര്‍ക്ക് അനുഭവപ്പെട്ടു.
ശബ്ദങ്ങള്‍
ഷാജി സി.എം.ഐ.
അസ്സീസി മാസിക, സെപ്റ്റംബർ 2026

















































































































