top of page

കര്‍ത്താവേ, കര്‍ത്താവേ

  • Writer: പോൾ ഗ്രഗറി
    പോൾ ഗ്രഗറി
  • 12 hours ago
  • 2 min read
A person walking  with a lantern.
അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? മത്തായി 7 : 22

സ്വന്തം ശുശ്രൂഷയുടെ നേട്ടങ്ങൾ എണ്ണിപ്പറയുന്നവരുടെ മുമ്പിൽ, ‘നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല’ എന്ന യേശുവിന്റെ മറുപടി മുഴങ്ങുമ്പോൾ, മനുഷ്യന്റെ എല്ലാ ആത്മപ്രശംസകളും ഒരു നിമിഷംകൊണ്ട് നിശ്ശബ്ദമാകുന്നു. സ്വന്തം കഴിവുകളും നേട്ടങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള മനുഷ്യന്റെ ത്വര മനുഷ്യചരിത്രത്തോളം പഴക്കമുള്ളതാണ്. എന്നാൽ നവമാധ്യമങ്ങളുടെ യുഗത്തിൽ അത് മുമ്പെങ്ങുമില്ലാത്തവിധം ശക്തവും വ്യാപകവുമായ ഒരു സംസ്കാരമായി മാറിയിരിക്കുന്നു. ഓരോ വ്യക്തിയും തന്റെ ജീവിതത്തിന്റെ അവതാരകനും പ്രചാരകനുമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, സ്വയം ഉയർത്തിക്കാട്ടാനുള്ള ആഗ്രഹം ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിച്ചിരിക്കുന്നു.

ഈ പ്രവണത ലൗകിക ജീവിതത്തിൽ മാത്രം ഒതുങ്ങിയില്ല; ആത്മീയ മേഖലയിലും അത് നിശ്ശബ്ദമായി കടന്നുകയറിയിരിക്കുന്നു.


ഒരുകാലത്ത് വിനയത്തിന്റെയും സ്വയംത്യാഗത്തിന്റെയും ദൈവാന്വേഷണത്തിന്റെയും മേഖലയായിരുന്ന ആത്മീയത, ഇന്ന് പലപ്പോഴും വ്യക്തിപ്രശസ്തിയുടെയും അംഗീകാരത്തിന്റെയും വേദിയായി മാറുന്ന അപകടസാധ്യത നേരിടുന്നു. ശുശ്രൂഷയുടെ ഫലങ്ങളെക്കാൾ ശുശ്രൂഷകന്റെ പേരാണ് ഉയർത്തപ്പെടുന്നത്; ദൈവത്തിന്റെ മഹത്വത്തെക്കാൾ മനുഷ്യന്റെ വിജയമാണ് ആഘോഷിക്കപ്പെടുന്നത്.


ഇത്തരം ഒരു സാഹചര്യത്തിലാണ് യേശുവിന്റെ ഈ വാക്കുകൾ നമ്മുടെ ആത്മാവിനെ ഉണർത്തുന്നത്. ദൈവരാജ്യത്തിൽ വിലമതിക്കപ്പെടുന്നത് നമ്മുടെ പ്രവർത്തികളുടെ വലിപ്പമോ, അത്ഭുതങ്ങളുടെ എണ്ണമോ, ജനങ്ങളുടെ പ്രശംസയോ അല്ല. ദൈവം അന്വേഷിക്കുന്നത് അവനെ സ്നേഹിക്കുന്നതും അവന്റെ ഹിതം അനുസരിക്കുന്നതുമായ ഒരു ഹൃദയമാണ്.


ആ നസ്രയൻ ഇന്ന് നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നുവെങ്കിൽ, ഞാനും നിങ്ങളും എങ്ങനെയായിരിക്കുമായിരുന്നു? ആ ചോദ്യം ഒരിക്കൽ ആത്മാർത്ഥമായി സ്വയം ചോദിച്ചുനോക്കുന്നത് നല്ലതാണ്. അവൻ എവിടെയാണെന്ന് അറിഞ്ഞാൽ, എത്ര ദൂരെയായാലും അവനെ കാണാൻ നാം യാത്രതിരിക്കുമായിരുന്നു. അവനോടൊപ്പം ഒരു ചിത്രം എടുക്കാൻ, ഒരു സെൽഫി പകർത്താൻ, ഒരു ചെറിയ വീഡിയോ പങ്കുവെക്കാൻ നാം മത്സരിക്കുമായിരുന്നു. അത് സമൂഹമാധ്യമങ്ങളിലെല്ലാം പ്രചരിപ്പിച്ച്, "ഞാൻ അവനോടൊപ്പം ഉണ്ടായിരുന്നു", "അവനെ നേരിൽ കണ്ടു", "അവൻ എന്നെ അനുഗ്രഹിച്ചു" എന്ന് ലോകത്തെ അറിയിക്കാൻ നാം തിടുക്കം കാണിക്കുമായിരുന്നു.


അവനെ ആദരിക്കാൻ ഭീമമായ വേദികൾ ഒരുക്കുമായിരുന്നു. അവന്റെ പേരിൽ സമ്മേളനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുമായിരുന്നു. അവനുവേണ്ടി ഫാൻസ് അസോസിയേഷനുകൾ രൂപീകരിക്കുമായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുമായിരുന്നു. അവനോടുള്ള നമ്മുടെ അടുപ്പം ലോകം അംഗീകരിക്കണമെന്ന ആഗ്രഹത്തിൽ, നമ്മുടെ എല്ലാ ശ്രമങ്ങളും അവനെക്കാൾ നമ്മെത്തന്നെ പ്രകടമാക്കാനുള്ള മാർഗങ്ങളായി മാറിപ്പോകുമായിരുന്നു. അതിലുപരി, അവൻ മനസ്സലിഞ്ഞ് തന്റെ നാമത്തിൽ അത്ഭുതങ്ങൾ ചെയ്യാനോ രോഗികളെ സൗഖ്യമാക്കാനോ ഭൂതങ്ങളെ പുറത്താക്കാനോ ഉള്ള കൃപ നമ്മിൽ ചിലർക്കു നൽകിയിരുന്നുവെങ്കിൽ, ആ വരങ്ങൾ നമ്മെ എവിടെയെത്തിക്കുമായിരുന്നു? നാം ദൈവത്തെ കൂടുതൽ മഹത്വപ്പെടുത്തുമായിരുന്നോ, അതോ ആ വരങ്ങളെ നമ്മുടെ ആത്മീയ മഹത്വത്തിന്റെ തെളിവുകളാക്കി മാറ്റുമായിരുന്നോ?

സത്യത്തിൽ, ഇതുതന്നെയല്ലേ അന്നും സംഭവിച്ചത്?


"കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിച്ചു; നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കി; നിന്റെ നാമത്തിൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു" എന്ന് അഭിമാനത്തോടെ നിന്നവരോട് യേശു പറഞ്ഞത്:

"നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, എന്നിൽ നിന്ന് അകന്നുപോകുവിൻ."


അവർ യേശുവിന്റെ നാമത്തിൽ പ്രവർത്തിച്ചു; എന്നാൽ യേശുവിൽ ജീവിച്ചില്ല. അവർ അവന്റെ ശക്തിയെ അറിഞ്ഞു; എന്നാൽ അവന്റെ ഹൃദയത്തെ അറിഞ്ഞില്ല. അവർ അവന്റെ നാമം ഉപയോഗിച്ചു; എന്നാൽ അവന്റെ ഹിതംഅനുസരിച്ചില്ല. പുറമേ അവർ അവനോട് ഏറ്റവും അടുത്തവരായി തോന്നിയെങ്കിലും, യാഥാർത്ഥ്യത്തിൽ അവർ അവനിൽ നിന്ന് വളരെ അകലെയായിരുന്നു. ഇന്നും ഈ വചനം ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ മുഴങ്ങുന്ന ഒരു ചോദ്യമാണ്:

ഞാൻ യേശുവിനെ മഹത്വപ്പെടുത്താനാണോ ജീവിക്കുന്നത്, അതോ യേശുവിന്റെ നാമം ഉപയോഗിച്ച് എന്നെത്തന്നെ മഹത്വപ്പെടുത്താനാണോ?

കാരണം, ഒടുവിൽ ദൈവസന്നിധിയിൽ നമ്മുടെ നേട്ടങ്ങളുടെ പട്ടികയല്ല തുറക്കപ്പെടുക; നമ്മുടെ ഹൃദയമാണ് തുറക്കപ്പെടുക. അവിടുന്ന് ചോദിക്കുന്നത് "നീ എന്തൊക്കെ ചെയ്തു?" എന്നതല്ല; "നീ എന്റേതായിരുന്നോ?"എന്നതാണ്. അതാണ് ക്രിസ്തീയ ജീവിതത്തിന്റെ ഏറ്റവും വലിയ ആത്മപരിശോധന.


അതുകൊണ്ട് ക്രിസ്തീയ ജീവിതത്തിന്റെ യഥാർത്ഥ മഹത്വം അസാധാരണമായ പ്രവർത്തനങ്ങളിലല്ല; അചഞ്ചലമായ ദൈവവിശ്വാസത്തിലും, ആഴമായ വിനയത്തിലും, സ്വയംത്യാഗത്തിലും, വിശുദ്ധജീവിതത്തിലും, ദൈവവിളിയോടുള്ള പൂർണസമർപ്പണത്തിലുമാണ്. ഒടുവിൽ ദൈവസന്നിധിയിൽ നമ്മുടെ നേട്ടങ്ങളുടെ പട്ടികയല്ല സംസാരിക്കുക; ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധമാണ്.


യേശുവുമായുള്ള ബന്ധം നമുക്ക് ദൃഢമാക്കാം, പോരായ്മകൾ തിരുത്തി അവനുമായി കരം കോർത്തു അവനിലൂടെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരായി നമുക്ക് ജീവിക്കാം അതിനായി ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട്...

bottom of page