top of page

അടിമത്തത്തിന്‍റെ മാറുന്ന തലങ്ങള്‍

  • Writer: ജെര്‍ളി
    ജെര്‍ളി
  • 18 hours ago
  • 4 min read
CJP Protest in Jantar Mantir

അടിമത്തത്തിന് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. ശക്തിയുള്ളവര്‍ ശക്തികുറഞ്ഞവരെ, അല്ലെങ്കില്‍ ബൗദ്ധികമായി അല്പം പിന്നോക്കം നില്‍ക്കുന്നവരെ അടിമകളാക്കി വെയ്ക്കുക; അവരെ കൊണ്ട് തങ്ങള്‍ക്കു വേണ്ടതെല്ലാം - യുദ്ധമുള്‍പ്പെടെ ചെയ്യിക്കുക; ഇതൊക്കെ ഏതാണ്ടെല്ലാകാലത്തും, ഒട്ടുമിക്കവാറും ജനപദങ്ങളും കൂടിയതോ കുറഞ്ഞതോ ആയ അളവില്‍ ചെയ്തിട്ടുണ്ട്. ലോകത്തെ ആദ്യ നാഗരികത രൂപപ്പെട്ട മോസോപ്പൊട്ടേമിയയില്‍ ( ഇന്നത്തെ ഇറാക്ക് ), നിലനിന്നിരുന്ന അടിമത്ത സമ്പ്രദായത്തെ കുറിച്ചുള്ള വിശദമായ തെളിവുകള്‍- കളിമണ്‍ ഫലകങ്ങളില്‍, ക്യൂണിഫോം ലിപിയില്‍ എഴുതിയവ- ലഭ്യമായിട്ടുണ്ട്. പുരാതന ഈജിപ്തിലെ ഭരണാധികാരികളായ ഫറവോമാരുടെ കീഴില്‍ ഈ അടിമത്ത സമ്പ്രദായം അതിന്‍റെ പാരമ്യത്തില്‍ എത്തി. തങ്ങള്‍ കീഴടക്കിയ ദേശങ്ങളിലെ പൗരന്മാരെ അടിമകളാക്കി ഈജിപ്തില്‍ എത്തിക്കുകയും, അവരെ കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യിക്കുകയും ചെയ്തു. പഴയ നിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന യഹൂദരുടെ അടിമത്തം ഇതിനോട് ബന്ധപ്പെട്ടു കിടക്കുന്നു. (യഹൂദരെ ഫറവോമാര്‍ അടിമകളാക്കിയതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം). റോമാക്കാരുടെ കാലമായപ്പോള്‍ അടിമകളെ ഗ്ലാഡിയേറ്റര്‍മാരാക്കി തമ്മില്‍ തമ്മില്‍ പൊരുതിക്കുന്ന ദുഷ്ടതയിലേക്ക് ഇത് മാറി. വീഴുന്നവന്‍ ജീവിക്കണോ, വേണ്ടയോ എന്നത് ചക്രവര്‍ത്തിയുടെ കാരുണ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇതിനായി അതിവിപുലകളായ കൊളോസിയങ്ങള്‍ അവര്‍ കെട്ടിയുയര്‍ത്തി. കരഘോഷങ്ങളോടെയും, കൊലവിളികളോടെയും പതിനായിരക്കണക്കിന് പൗരന്മാര്‍ അവിടങ്ങളില്‍ ഒത്തുകൂടി.


നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്ഥമല്ല. മനു, തന്‍റെ സ്മൃതിയിലൂടെ പ്രാബല്യത്തില്‍ വരുത്തിയ ചാതുര്‍വര്‍ണ്യം പോലും ഈ സമ്പ്രദായം അരക്കിട്ടുറപ്പിക്കുന്ന ഒന്നാണ്. നാലായി തരം തിരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ താഴെക്കിടയിലുള്ള ശൂദ്രര്‍ ഏതാണ്ട് അടിമകള്‍ തന്നെയായിരുന്നു. സ്വതന്ത്രപൂര്‍വ്വ ഇന്ത്യയിലെ കേരളത്തിലും സ്ഥിതി ഇതു തന്നെ. ഉയര്‍ന്ന ജാതിക്കാര്‍, തങ്ങളുടെ കീഴാളരെ കൊണ്ട് ചെയ്യിക്കാത്ത വേലകളില്ല. അവര്‍ക്ക് താമസിക്കുവാനായി തങ്ങളുടെ പറമ്പുകളുടെ ഓരങ്ങളില്‍ കുടിലുകള്‍ ഉണ്ടാക്കുവാന്‍ അനുവാദം കൊടുത്തു. അതു തങ്ങളുടെ കീഴിലുള്ളവരോടുള്ള സ്നേഹം കൊണ്ടൊന്നുമായിരുന്നില്ല, പ്രത്യുത, വിളിപ്പുറത്ത് അവരുണ്ടായിരിക്കാന്‍ മാത്രം. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനെന്നും കുമ്പിളില്‍ തന്നെയായിരുന്നു കഞ്ഞി. വെറുതെയല്ല സ്വാമി വിവേകാനന്ദന്‍ നമ്മുടെ നാടിനെ, ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ - പ്രത്യേകിച്ചും ശൂദ്രരോടുള്ള, ജാതീയമായി ഉയര്‍ന്ന സമുദായങ്ങളുടെ സമീപനത്തിന്‍റെ അടിസ്ഥാനത്തില്‍ - ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്.


ഇന്ന് സാംസ്കാരികമായും മറ്റും ഉയരങ്ങളില്‍ എത്തി നില്‍ക്കുന്ന പല പാശ്ചാത്യനാടുകളും ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വരെ അടിമവ്യവസായത്തിന്‍റെ കേന്ദ്രങ്ങളായിരുന്നു. ഞായറാഴ്ചകളില്‍ ദേവാലയങ്ങളില്‍ പോകുമ്പോഴും, കുമ്പസാരിക്കുമ്പോഴുമൊന്നും അവര്‍ക്കാര്‍ക്കും ദൈവം സൃഷ്ടിച്ചു എന്നു വേദപുസ്തകം പറയുന്ന മനുഷ്യരെ ഒരു കച്ചവടവസ്തുവാക്കുന്നതിലോ, അടിമകളെ ചാട്ട കൊണ്ടടിക്കുന്നതിലോ ഒരു കുറ്റബോധവും തോന്നിയിരുന്നില്ല. മനുഷ്യരെ അടിമച്ചന്തയില്‍ എത്തിക്കുന്നതിന് മുന്‍പേ മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്നതിലൂടെ തങ്ങള്‍ ഒരു നല്ല കാര്യം ചെയ്യുകയാണ് എന്ന തോന്നല്‍ അടിമവ്യാപാരത്തെ ഒരു പുണ്യകര്‍മമായി മാറ്റുകയും ചെയ്തു. മാത്രമല്ല, പള്ളിക്ക് അടിമകച്ചവടത്തിനൊത്ത പതാരം കൂടി കൊടുത്താല്‍ അത്രയും നന്ന്. ജര്‍മ്മന്‍ സന്യാസിയായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ 1517ല്‍ തുടങ്ങിയ പ്രൊട്ടസ്റ്റന്‍റ് മൂവേമെന്‍റും ഇക്കാര്യത്തില്‍ വലിയ വ്യത്യാസങ്ങളൊന്നും വരുത്തിയില്ല. മുതലാളിത്ത വ്യവസ്ഥിതിക്ക് അടിത്തറ പാകിയതിലൂടെ ഇതിന് ആക്കം കൂട്ടുകയേ ചെയ്തുള്ളൂ. പില്‍ക്കാലത്ത്, അതില്‍ രൂപപ്പെട്ട ക്വാകേഴ്സ് (Quakers), ഇവാഞ്ചലിസ്റ്റ് (Evangelist), മെതഡിസ്റ്റ് (Methodist)എന്നീ ചില അവാന്തര വിഭാഗങ്ങള്‍, അടിമത്തത്തെ തുറന്നെതിര്‍ത്തു. ഇസ്ലാമിക രാഷ്ട്രങ്ങളിലും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല. രേഖകളില്‍ കാണില്ല എങ്കിലും അടിമകച്ചവടത്തിന്‍റെ കമ്മീഷന്‍ അവരും വാങ്ങിയിരുന്നു.


പതിനാറാം ശതകത്തില്‍ രൂപപ്പെട്ട, ആദം സ്മിത്ത് തന്‍റെ 'രാഷ്ട്രത്തിന്‍റെ സമ്പത്ത്' (Wealth of a nation) എന്ന പുസ്തകത്തിലൂടെ സൈദ്ധാന്തിക അടിത്തറ പാകിയ, മുതലാളിത്തം അടിമത്തത്തിന് സങ്കല്പിക്കാനാവാത്ത തലങ്ങളിലേക്കു നയിച്ചു. (എന്നാല്‍ ആഡം സ്മിത്ത് അടിമത്തത്തെ തുറന്നെതിര്‍ത്തിരുന്നു. സ്വതന്ത്രരായ തൊഴിലാളികള്‍ അടിമത്തൊഴിലാളികളേക്കാള്‍ കൂടുതല്‍ ഉത്പാദനക്ഷമത കാണിക്കും എന്നതായിരുന്നു എതിര്‍പ്പിന്‍റെ കാരണം) ആഫ്രിക്കയില്‍ നിന്നും വേട്ടയാടി പിടിച്ച് പാശ്ചാത്യനാടുകളിലെത്തിക്കുന്ന അടിമകള്‍ വെറും വില്പനച്ചരക്കുകള്‍ മാത്രമായി. പില്‍ക്കാലത്ത്, അടിമകളെ ആവശ്യമുള്ള കര്‍ഷകര്‍ക്ക് പ്രാമുഖ്യമുള്ള തെക്കന്‍ സംസ്ഥാനങ്ങളും, വ്യവസായവല്‍കൃതമായ വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുണ്ടായ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനു തന്നെ ഇത് നിമിത്തമായി. എട്ടുലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ട ആ ആഭ്യന്തരയുദ്ധം തല്‍ക്കാലം അമേരിക്കയിലെങ്കിലും അടിമത്തം നിയമവിരുദ്ധമാക്കി മാറ്റി. മറ്റു പലനാടുകളിലും വീണ്ടും കുറേക്കാലം വേണ്ടിവന്നു നിയമപരമായി ഈ പ്രാകൃതരീതി ഇല്ലാതാകുവാന്‍. നിയമപരമായി ഇല്ലാതായിട്ടും ഇത് ഇന്നും മാനവരാശിയില്‍ പല തലത്തിലും, തരത്തിലും നിലനില്‍ക്കുന്നു എന്നതാണ് സത്യം. നമ്മുടെ വീടുകളില്‍ പോലും അദൃശ്യമായി ഇതിന്‍റെ വിളയാട്ടമുണ്ട് എന്നതാണ് സത്യം. കുമ്പളങ്ങി നൈറ്റ്സ് കണ്ടവരില്‍ ചിലര്‍ക്കെങ്കിലും മനസ്സിലായിക്കാണും പുരുഷന്‍റെയോ, സ്ത്രീയുടെയോ രൂപത്തില്‍ ഷമ്മിമാര്‍ നമുക്കിടയില്‍ വിലസുന്നുണ്ട്.


ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അടിമത്തം നിലനില്‍ക്കുന്നുണ്ട് എന്നത് നിഷേധിക്കുവാനാകാത്ത ഒരു വസ്തുതയാണ്. അതിന്‍റെ തലങ്ങളും, മാനങ്ങളും മാറി എന്നേയുള്ളൂ. പലപ്പോഴും അടിമകള്‍ക്ക്, തങ്ങള്‍ അടിമകളാണ് എന്ന് തിരിച്ചറിയുവാനാവുന്നില്ല. ഈയടുത്തയിടയ്ക്ക് ഉണ്ടായ ഒരു കൂട്ടപ്പിരിച്ചുവിടലും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഇതിനുള്ള വ്യക്തമായ തെളിവാണ്. യു.എസ്. ടെക്ക് കമ്പനിയായ കൊറോ ഹെല്‍ത്ത്, കോഴിക്കോട്, കൊച്ചി ഓഫീസുകളില്‍ പ്രവര്‍ത്തിച്ചിരുന്ന എഴുനൂറ്റിയമ്പതിലേറെ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചു വിട്ടു. മുന്‍കൂര്‍ നോട്ടീസോ, കാരണം കാണിക്കലോ ഒന്നുമില്ലാതെ, ഇത്രയും കാലം തങ്ങള്‍ ജോലിചെയ്തിരുന്ന ഒരു സ്ഥാപനത്തില്‍ നിന്നും ഒരു നാള്‍ പടിയിറങ്ങേണ്ടി വരുന്നവരുടെ ദുരവസ്ഥ വല്ലാത്ത ഒന്നാണ്. നാളെ നമുക്കും ഇത് സംഭവിച്ചുകൂടെന്നില്ല.

കറുത്ത വരകളിൽ വരച്ച വികൃതമായ നിരവധി മുഖങ്ങൾ, വെള്ള പശ്ചാത്തലത്തിൽ ഭീതിജനകമായ ഭാവം.

കേന്ദ്രസര്‍ക്കാരിന്‍റെ ലേബര്‍ കോഡ് അനുസരിച്ചാണ് പിരിച്ചു വിടല്‍ എന്നാണ് കമ്പനിയുടെ ന്യായീകരണം. ഇന്ത്യയില്‍ നില നിന്നിരുന്ന ലേബര്‍ കോഡ് പുതുകാലത്തിന് ഇണങ്ങിയതല്ല എന്ന ന്യായം ഉന്നയിച്ചുകൊണ്ട്, 2026ല്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ ചട്ടമാണിത്. (അദാനിയെ പോലുള്ള വന്‍കിട വ്യവസായ കുത്തകകള്‍ക്ക് അനുഗുണമായതു കൊണ്ടാണ് കേന്ദ്രം ഇത്ര തിടുക്കപ്പെട്ട് പുതുക്കലിനൊരുങ്ങിയത് എന്നത് മറ്റൊരു കാര്യം. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പണമൊഴുക്കിയവരോട് ഇത്രയെങ്കിലും നന്ദി കാണിക്കേണ്ടേ). കേരളത്തില്‍ ഇതിന്‍റെ വിജ്ഞാപനം വന്നിട്ടില്ലാത്തതു കൊണ്ടാണത്രേ ഈ പ്രതിഷേധം. 2013ല്‍ പുറത്തുവന്ന, ലാല്‍ ജോസ് സംവിധാനം ചെയ്ത 'ഇമ്മാനുവേല്‍' എന്ന സിനിമ പെട്ടെന്ന് മനസ്സിലേക്കോടിയെത്തുന്നു. അതില്‍ പി.ബാലചന്ദ്രന്‍ അവതരിപ്പിച്ച ഗോപിനാഥന്‍ നായര്‍ എന്ന വ്യക്തിക്ക്, അത്രയും കാലം താന്‍ അഹോരാത്രം ജോലിയെടുത്തിരുന്ന ഒരിടത്തു നിന്ന് പടിയിറങ്ങേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന സങ്കടം അളവില്ലാത്തതാണ്. മദ്ധ്യവയസു കഴിഞ്ഞ തനിക്ക് ഇനി ഒരു ജോലി ലഭിക്കുവാന്‍ സാധ്യതയില്ല എന്ന സത്യം അയാളെ മാനസികമായി തകര്‍ക്കാതിരിക്കുന്നതെങ്ങിനെ? തന്നെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തെ എങ്ങിനെ പോറ്റും എന്നത് ഒരുത്തരം കിട്ടാത്ത ചോദ്യമായി അയാളില്‍ ബാക്കിയാവുന്നു. ഇതിനു ചുക്കാന്‍ പിടിച്ച, ഫഹദ് ഫാസിലിന്‍റെ ജീവന്‍ രാജ് എന്ന, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവിനെ കാത്തിരിക്കുന്നതും ഇതേ വിധി തന്നെ.


സംസ്ഥാനസര്‍ക്കാരിന്‍റെ ഇടപെടലുകള്‍ മൂലം തല്ക്കാലം ചില ഇളവുകള്‍ അനുവദിക്കുവാന്‍ കൊറോ ഹെല്‍ത്ത് തയ്യാറായിട്ടുണ്ടെങ്കിലും, അധികം വൈകാതെ ഈ ജീവനക്കാര്‍ കമ്പനി വിട്ടേ മതിയാവൂ എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇതുകൊണ്ട് തങ്ങള്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ പോവുകയാണ് എന്ന ഭീഷണിയും അവര്‍ ഉയര്‍ത്തുന്നു. ഒരു തരത്തിലുള്ള പ്രതികരണശേഷിയും ഇല്ലാത്ത സാധാരണക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതും, ഇതിനപ്പുറവും നടക്കും എന്നുറപ്പുള്ളപ്പോള്‍, കൊറോ ഹെല്‍ത്ത് കമ്പനി അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. വിദേശനിക്ഷേപമുള്ള കമ്പനികള്‍, ഇങ്ങനെയാണെങ്കില്‍, ഇനി കേരളത്തിലേക്ക് വരില്ല എന്ന ഭീഷണി സംസ്ഥാനത്തു നിന്ന് തന്നെ ഉയരുമ്പോള്‍, കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലാവുന്നു.


അടുത്തകാലത്ത് ഇന്ത്യയില്‍ ആളിപ്പടര്‍ന്ന കോക്രോച്ച് മൂവേമെന്‍റും ഇതിനോട് ചേര്‍ത്ത് വായിക്കണം. എല്ലാത്തിന്‍റെയും തുടക്കം സുപ്രീം കോടതി ജസ്റ്റിസായ സൂര്യ കാന്തിന്‍റെ ഒരു പ്രസ്താവനയില്‍ നിന്നാണ്. അയാള്‍ ജോലിയില്ലാത്ത ചെറുപ്പക്കാരെ പരാന്ന ഭോജികളായ പാറ്റകള്‍ എന്നു വിശേഷിപ്പിച്ചു. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് ഇത്തരം ഒരു നീക്കത്തിന് തിരി കൊളുത്തിയത്. മാത്രമല്ല, സംഘടിച്ച യുവാക്കള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കും രൂപം കൊടുത്തു. ലക്ഷക്കണക്കിന് യുവാക്കളാണ് ഈ പാര്‍ട്ടിയില്‍ അണിനിരന്നിരിക്കുന്നത്. അഭിജിത് കെ എന്ന വിദ്യാര്‍ത്ഥിയാണ് ഇന്ന് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. പാര്‍ലമെന്‍റിലേക്ക് അവര്‍ നടത്തിയ മാര്‍ച്ചിനെ എങ്ങിനെയും അടിച്ചമര്‍ത്തുവാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. തത്തുല്യമായ നീക്കങ്ങള്‍ പലനാടുകളിലും നടക്കുന്നുണ്ട്. ഈയടുത്ത കാലത്ത് ( 2025 സെപ്റ്റംബറില്‍) നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട ജെന്‍സി (Gen Z) മൂവേമെന്‍റും ഇതുപോലൊന്നായിരുന്നു. ഇരുപത്തിയാറോളം സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ സര്‍ക്കാര്‍ നിരോധിച്ചതിനെതിരെ തുടങ്ങിയ ആ യുവജനകലാപം വൈകാതെ ആളിപ്പടരുകയും, സര്‍ക്കാരിനെ തന്നെ അട്ടിമറിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.


വ്യക്തികളുടെയോ, ഏതെങ്കിലും വിഭാഗത്തില്‍ പെടുന്ന ജനതയുടെയോ അടിമത്തത്തിനു പകരം ഇപ്പോള്‍ ശക്തരായ രാജ്യങ്ങള്‍ മറ്റുള്ളവയുടെ പുറത്തു ചെലുത്തുന്ന നിയന്ത്രണങ്ങള്‍ അടിമത്തത്തിനു പുതിയ വാതായനങ്ങള്‍ തുറന്നു കൊടുത്തിരിക്കുന്നു. യുക്രൈന്‍ എന്ന സ്വതന്ത്രരാഷ്ട്രത്തെ റഷ്യയോട് ചേര്‍ക്കാന്‍ ശ്രമിക്കുന്ന പുട്ടിനും, അതിന്‍റെ മറപിടിച്ച് മറ്റുനാടുകളെ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംപ് എന്ന വിഡ്ഢിത്തത്തിന്‍റെ മൂര്‍ത്തിമത് ഭാവമായ ഭരണാധികാരിയും നടപ്പാക്കാന്‍ ശ്രമിക്കുന്നത് അടിമത്തം തന്നെ. പലസ്തീന്‍ എന്ന സ്വതന്ത്രരാഷ്ട്രം കയ്യേറി, തങ്ങള്‍ക്കായി ഇസ്രായേല്‍ എന്ന പുതിയൊരു രാഷ്ട്രം പടുത്തുയര്‍ത്തിയ ഇസ്രയേലിന്‍റെ അടിമരാഷ്ട്രമാണ് ഇന്ന് അമേരിക്കന്‍ ഐക്യരാഷ്ട്ര നാടുകള്‍. അമേരിക്കയുടെ സാമ്പത്തിക സ്ഥിതി നിയന്ത്രിക്കുന്നത് അവിടത്തെ യഹൂദരാണ്. റിപ്പബ്ലിക്കന്മാര്‍ ജയിക്കണോ , ഡെമോക്രറ്റുകാര്‍ ജയിക്കണോ എന്നു തീരുമാനിക്കുന്നത് ഇന്ന് ഇസ്രായേലാണ്. ഇറാനെതിരെ അമേരിക്കന്‍ ഐക്യരാഷ്ട്രനാടുകള്‍ ആക്രമണം നടത്തുന്നതും ഇസ്രയേലിന്‍റെ നിര്‍ദ്ദേശപ്രകാരം തന്നെ. പലസ്തീന്‍ കയ്യേറിയ ഇസ്രയേലിനെതിരെ ഉപരോധം തീര്‍ത്ത ഇന്ത്യ, ഇന്ന് ആ രാഷ്ട്രത്തിന്‍റെ വിധേയരായി മാറിയിരിക്കുന്നു. അവര്‍ക്കു വേണ്ടി അമേരിക്ക നടത്തുന്ന ഓരോ നീക്കങ്ങള്‍ക്കും മൗനാനുവാദം നല്‍കുന്നു. റഷ്യയുടെ കയ്യില്‍ നിന്ന് എണ്ണ വാങ്ങരുത് എന്ന് പറയുമ്പോള്‍ അനുസരിക്കുന്നു. അമേരിക്കയുടെ അപ്രീതിക്ക് പാത്രമാവും എന്നു ഭയന്ന് ഇറാന്‍ തരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ വേണ്ട എന്ന് വയ്ക്കുന്നു. ഇത് അടിമത്തം അല്ലെങ്കില്‍ മറ്റെന്താണ്?!


അതേ, അടിമത്തം പുതിയ തലങ്ങളിലേക്ക് മാറിക്കൊണ്ടേയിരിക്കുന്നു.


അടിമത്തത്തിന്‍റെ മാറുന്ന തലങ്ങള്‍

ജെര്‍ളി

അസ്സീസി മാസിക, ആഗസ്റ്റ് 2026

bottom of page