വൈരള്യം
- George Valiapadath Capuchin

- 5 days ago
- 1 min read

ഇന്നത്തെ പല ചെറുപ്പക്കാരും ജീവിതത്തിൽ അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉള്ളതായി പറയുന്നുണ്ട്.
അഞ്ചുവർഷത്തിനകം എട്ടുകോടി ഉണ്ടാക്കണം.
അല്ലെങ്കിൽ, അഞ്ചു വർഷത്തിനകം ഇൻസ്റ്റയിൽ നൂറ്-കെ ഫോളോവേഴ്‌സ് വേണം.
അല്ലെങ്കിൽ, തൻ്റെ യൂറ്റ്യൂബ് ചാനലിന് അഞ്ചു വർഷം കൊണ്ട് പത്ത്-എം സബ്സ്‌ക്രൈബേഴ്സിനെ സംഘടിപ്പിക്കണം.
താൻ ഒരു സംഭവമാകണം.
അല്ലെങ്കിൽ, താൻ അഭിനയിക്കുന്ന/സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിൽ ഇടംപിടിക്കണം.
അല്ലെങ്കിൽ, താൻ ലോകമറിയുന്ന ഒരു സെലബ്രിറ്റിയാകണം.
അങ്ങനെ അങ്ങനെ!
അല്ലെങ്കിൽ, ആഗോള എഐ സാങ്കേതിക മേഖലയിൽ ഒരു സ്റ്റാർട്ടപ്പ് ലോഞ്ച് ചെയ്യണം.
ഇപ്പറഞ്ഞവയൊന്നും മോശം കാര്യങ്ങളല്ല.
ഇപ്പറഞ്ഞതൊന്നും എത്തിപ്പിടിക്കുന്നത് കുറേപ്പേരെ സംബന്ധിച്ചെങ്കിലും അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യവുമായിരിക്കില്ല.
കാരണം, കുറേപ്പേരൊക്കെ ഇപ്പറഞ്ഞതൊക്കെ അച്ചീവ് ചെയ്തിട്ടുണ്ട്; ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്.
പലരും അവിടെ എത്തുമ്പോഴേക്ക് മറ്റു ധാരാളം പേർ അവിടങ്ങളിൽ എത്തിക്കഴിഞ്ഞിട്ടുമുണ്ട്.
ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു:
ഇതൊക്കെ എത്രയെളുപ്പം എത്താവുന്ന ലക്ഷ്യങ്ങളാണ്!
കുറേ സമ്പത്ത് ആർജിക്കുന്നതിനോ, കുറേ പ്രശസ്‌തി നേടുന്നതിനോ കുറേ വിജയങ്ങൾ ഉണ്ടാക്കുന്നതിനോ, ഈ കൃത്രിമ ബുദ്ധിയുടെ കാലത്ത് പ്രത്യേകിച്ചും, ഒത്തിരി വലിയ ബുദ്ധിമുട്ടൊന്നുമില്ല.
എന്നാൽ, തനിക്കപ്പുറം പോകുന്നതിന്, തൻ്റെ ഉള്ളിലേക്ക് ഇറങ്ങുന്നതിന്, ആത്മീയ ശൈലങ്ങൾ കയറുന്നതിന് ഒക്കെ എത്ര ബുദ്ധിമുട്ടാണ്!
അതുവഴിയേ പോകുന്നവർ എത്ര വിരളമാണ്!


















































































































