top of page

സ്വയം അംഗീകരിക്കുക, സ്വയം സ്നേഹിക്കുക

Writer: Fr Wilson Sunder OFM Cap
Fr Wilson Sunder OFM Cap
Aug 15
5 min read
Illustration of Self Love

നിരുപാധികമായി സ്വയം അംഗീകരിക്കുകയും സ്വയം സ്നേഹിക്കുകയും ചെയ്യുക എന്നാല്‍ എന്താണ്?


നിരുപാധികമായി സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നാല്‍ :- സ്വയം സ്നേഹിക്കുകയും സ്വയം അംഗീകരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ എങ്ങനെ പെരുമാറണം എന്നോ എങ്ങനെ ആയിരിക്കണം എന്നോ ഒരുതരത്തിലും ഉള്ള ഉപാധികള്‍ വയ്ക്കാതിരിക്കുക.


  • സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഉപാധികള്‍ ഉണ്ടാകുന്ന തരത്തിലുള്ള 'എങ്കില്‍', 'എന്നാല്‍' തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കുക.


  • പരിധികളോ പ്രതീക്ഷകളോ ഇല്ലാതെ നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിങ്ങളെതന്നെ തുറന്നുകാട്ടാനും പരിണതഫലങ്ങള്‍ നേരിടാനും തയ്യാറാവുക.


  • നിങ്ങള്‍ ഇപ്പോഴും നിങ്ങളായിരിക്കുന്നു എന്നതിനെയോര്‍ത്ത് സ്വയം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക.


  • മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതോ അല്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നതോ ആയ കാര്യങ്ങളേക്കാള്‍ ഉപരി നിങ്ങള്‍ സ്വയം ബഹുമാനിക്കുകയും നിങ്ങളോടുതന്നെ വിശാലമനസ്കത കാണിക്കുകയും ചെയ്യുക.


  • നിങ്ങളുടെ ഉള്ളിലുള്ള സ്വയമതിപ്പും സ്വയംയോഗ്യതയും വളര്‍ത്തുന്നതിന് സഹായിക്കുന്ന തരത്തില്‍ നിങ്ങളോടുതന്നെയുള്ള തീക്ഷ്ണതയും, സംരക്ഷണവും, ജാഗ്രതയും ഉണ്ടാക്കിയെടുക്കുക.


നിങ്ങള്‍ നിങ്ങളെതന്നെ നിരുപാധികമായി സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ എന്താണ് തോന്നുന്നത്?


നിങ്ങള്‍ നിങ്ങളില്‍ നിന്നുതന്നെ സ്നേഹവും അംഗീകാരവും സ്വീകരിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും:-


* സ്വയം സ്വതന്ത്രനായിരിക്കുന്നു എന്ന്.

* നിങ്ങള്‍ക്ക് മതിപ്പും വിലയും നിലയും ഉണ്ട് എന്ന്.

* നിങ്ങള്‍ എന്തുചെയ്തു എന്നതിനേക്കാള്‍ നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ആഗ്രഹിക്കുകയും അത് നിങ്ങളുടെ ആവശ്യമായി മാറുകയും ചെയ്യും.

* കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്ന തോന്നല്‍.

* നിങ്ങള്‍ക്ക് ഉള്ളതും എന്നാല്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുന്നതുമായ കാര്യങ്ങള്‍ പങ്കുവയ്ക്കാനും നിങ്ങള്‍ തയ്യാറാകുന്നു എന്ന തോന്നല്‍.

* സ്നേഹവും, സംരക്ഷണവും പരിലാലനയും ഉണ്ട് എന്ന തോന്നല്‍.

* നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ സംതൃപ്തി തോന്നല്‍.

* മറ്റുള്ളവരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി അല്ലെങ്കില്‍ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഒരു തരത്തിലുള്ള നാട്യവും മുഖംമൂടിയും വേണ്ട എന്ന തോന്നല്‍.

* മറ്റുള്ളവര്‍ അംഗീകരിക്കാതിരിക്കുകയോ, ഒഴിവാക്കുകയോ ചെയ്യും എന്ന പേടികൂടാതെ സ്വന്തം വികാരങ്ങള്‍ (Feelings) സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയുന്നു എന്ന തോന്നല്‍.

* അപകടകരമായ സാഹചര്യങ്ങളെ ചങ്കൂറ്റത്തോടെ നേരിടുകയും മറ്റുള്ളവരോട് വളരെ അധികം തുറന്നതും സത്യസന്ധവുമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്ന തോന്നല്‍.

* സ്വന്തം തെറ്റുകളുടെയോ നേരിട്ട പരാജയങ്ങളുടെയോ പേരില്‍ മറ്റുള്ളവര്‍ പകരം വീട്ടുകയോ പ്രതികാരനടപടി എടുക്കുകയോ ചെയ്യും എന്ന ഒരു തരത്തിലുള്ള പേടിയും തോന്നാതിരിക്കല്‍.

* നിങ്ങള്‍ക്ക് നിങ്ങളോട് തന്നെയുള്ള ആത്മബന്ധത്തില്‍ ഒരു തരത്തിലുള്ള നിബന്ധനകളും ഇല്ലാതിരിക്കല്‍.


നിങ്ങള്‍ക്ക് നിങ്ങളെതന്നെ നിരുപാധികമായി സ്നേഹിക്കാന്‍ കഴിയുന്നതിന് സഹായിക്കുന്ന പുതിയ വിശ്വാസങ്ങള്‍


1. വിവേകരഹിതമായത് :- നിങ്ങള്‍ക്ക് നിങ്ങളെതന്നെ സ്നേഹിക്കാനും അംഗീകരിക്കാനും കഴിയണമെങ്കില്‍ ആദ്യം നിങ്ങള്‍ നിയമങ്ങള്‍ എപ്പോഴും അനുസരിക്കുകയും പരിമിതികള്‍ അംഗീകരിക്കുകയും നിങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുകയും വേണം.


ആരോഗ്യകരമായ വിശ്വാസം :- ഈ ലോകത്തില്‍ അതിജീവിച്ചു പോകുന്നതിന് ഏറ്റവും ആവശ്യമുള്ള കാര്യങ്ങളാണ് നിയമങ്ങള്‍ അനുസരിക്കുക, പരിമിതികള്‍ അംഗീകരിക്കുക, ഉപാധികളും പ്രതീക്ഷകളും പൂര്‍ത്തീകരിക്കുക തുടങ്ങിയവ. എന്നാല്‍ സ്വയം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിന് ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ആവശ്യം ഇല്ല.


2. വിവേകരഹിതമായ വിശ്വാസം :- എന്നോടുള്ള സ്നേഹവും അംഗീകാരവും പ്രകടിപ്പിക്കണമെങ്കില്‍ ആദ്യം അവര്‍ പറയുന്ന നിയമങ്ങള്‍ അനുസരിക്കുകയും അവര്‍ നിശ്ചയിച്ച പരിമിതികള്‍ അംഗീകരിക്കുകയും അവരുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുകയും ചെയ്യണം, എന്ന് മാതാപിതാക്കള്‍ പറയുന്നത് ശരിയായ കാര്യം ആണ്.


ആരോഗ്യകരമായ വിശ്വാസം :- ഞാന്‍ ഇവിടെ ഉള്ളതുകൊണ്ട് എന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ് എന്‍റെ മാതാപിതാക്കള്‍ ആദ്യം ചെയ്യുന്നത്. അവര്‍ എന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട് എന്ന് എനിക്കു തോന്നുമ്പോള്‍ ആരോഗ്യകരമായ രീതിയില്‍ അവര്‍ പറയുന്ന നിയമങ്ങളും പരിമിതികളും അംഗീകരിക്കുകയും അവരുടെ പ്രതീക്ഷകള്‍ നേടിയെടുക്കുകയും ചെയ്യുന്നത് എനിക്ക് കൂടുതല്‍ ഇഷ്ടമുള്ള കാര്യമാണ്.


3. വിവേകരഹിതമായ വിശ്വാസം :- തൊഴില്‍മേഖല, സ്കൂള്‍, കുടുംബം, സമൂഹം, വ്യക്തിബന്ധങ്ങള്‍ എന്നിവിടങ്ങളിലെ കളികളുടെ നിയമങ്ങള്‍ വേണ്ടവിധം പരിപോഷിപ്പിക്കുക എന്നതാണ് ജീവിതത്തിന്‍റെ ലക്ഷ്യംതന്നെ. ഇങ്ങനെ ആയാല്‍ മാത്രമേ ഈ നിയമങ്ങള്‍ അനുസരിച്ച് കളിക്കുന്നതിലൂടെ അംഗീകാരവും സ്നേഹവും നേടിയെടുക്കാന്‍ കഴിയുകയുള്ളൂ.


ആരോഗ്യകരമായ വിശ്വാസം :- ജോലിസ്ഥലം, സ്കൂള്‍, കുടുംബം, സമൂഹം, വ്യക്തിബന്ധങ്ങള്‍ എന്നിവിടങ്ങളിലെ നിയമങ്ങള്‍ പരമാവധി പരിപോഷിപ്പിച്ച് അവിടുയെുള്ള നിലനില്‍പ്പിനു വേണ്ടി ഉപയോഗിക്കുന്നത് രാഷ്ട്രീയപരമായി നോക്കുമ്പോള്‍ നല്ലകാര്യമാണ്. എന്നാല്‍ ഇത്തരം അതിജീവനമാര്‍ഗങ്ങള്‍ എല്ലാപ്പോഴും സ്നേഹവും അംഗീകാരവും ഉറപ്പാക്കുന്നില്ല. ജോലിസ്ഥലം, സ്കൂള്‍, കുടുംബം, സമൂഹം, വ്യക്തിബന്ധങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാ നിയമങ്ങളും പിന്തുടര്‍ന്നാലും സ്നേഹവും അംഗീകാരവും തരുന്ന കാര്യത്തില്‍ ഇവിടം ദുര്‍ബലവും വിഷമയവും ആയിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ആരോഗ്യവാനും പൂര്‍ണ്ണനായ മനുഷ്യനും കഴിവുള്ള ആളുമാണ് എന്ന് സ്വയം തോന്നുന്നതിന് ഇത്തരം സാഹചര്യങ്ങളില്‍നിന്ന് സ്വയം പുറത്തുവന്ന് നിങ്ങള്‍ നിങ്ങളെതന്നെ നിരുപാധികമായി സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.


4. വിവേകരഹിതമായ വിശ്വാസം :- എന്‍റെ മാതാപിതാക്കള്‍ക്ക് ഇതുവരെ, എന്നെ അനുസരിപ്പിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. എന്നാല്‍ അവര്‍ ഇപ്പോഴും നിരുപാധികമായി സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.


ആരോഗ്യകരമായ വിശ്വാസം :- നിന്‍റെ പ്രവൃത്തിയേയും പെരുമാറ്റങ്ങളേയും ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയുമായിരുന്നു. യുക്തിപരമായ തീരുമാനങ്ങളും ശിക്ഷണനടപടികളും നിന്നെകൊണ്ട് അനുസരിപ്പിക്കാമായിരുന്നു. എന്നാല്‍ നിരുപാധികമായി ഞാന്‍ നിന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യും എന്നു പറഞ്ഞിട്ടുള്ളതുപോലെതന്നെ ഇപ്പോഴും ഞാന്‍ നിന്നെ നിരുപാധികമായി സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എനിക്ക് ഇഷ്ടമില്ലാത്തത് നിന്‍റെ പെരുമാറ്റരീതി മാത്രമാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് നിന്‍റെ പ്രവൃത്തികൊണ്ട് ഉണ്ടാകുന്ന മോശം അനന്തരഫലങ്ങള്‍ എന്തൊക്കെയാണെന്ന് സ്വയം മനസ്സിലാക്കാന്‍ നിന്നെ തന്നെ പ്രാപ്തനാക്കുകയായിരുന്നു.


5. വിവേകരഹിതമായ വിശ്വാസം :- നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെ കൃത്യമായിരുന്നാല്‍ മാത്രമേ മറ്റുള്ളവര്‍ നിങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുകയുള്ളൂ.


ആരോഗ്യകരമായ വിശ്വാസം :- തെറ്റുകളും കുറ്റങ്ങളും വീഴ്ചകളും പറ്റാവുന്ന ഒരു സാധാരണ മനുഷ്യന്‍ ആണു നിങ്ങള്‍ എന്നിരിക്കിലും നിങ്ങള്‍ സ്നേഹവും അംഗീകാരവും അര്‍ഹിക്കപ്പെടുന്നു. കാരണം നിങ്ങള്‍ പരിപൂര്‍ണ്ണനായതുകൊണ്ടല്ല മറിച്ച് നിങ്ങള്‍ നിങ്ങളായതുകൊണ്ടാണ്.


6. വിവേകരഹിതമായ വിശ്വാസം :- ഒരു കുട്ടി എന്ന നിലയില്‍ ജീവിതത്തിന്‍റെ എല്ലാ ദോഷവശങ്ങളും എന്‍റെ വ്യക്തിബന്ധങ്ങളില്‍ അനുഭവിക്കാന്‍ ഇടയായത് ഒരുവിധത്തില്‍ നല്ലതാണ്. കാരണം അത് ഈ ലോകത്തെക്കുറിച്ചും എന്നെക്കുറിച്ചും കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു.


ആരോഗ്യകരമായ വിശ്വാസം :- കര്‍തൃത്വം ആരെന്നറിയാത്ത ഈ കവിതയില്‍ പരാമര്‍ശിക്കുന്നതുപോലെ ഒരു കുട്ടി എന്ന നിലയില്‍ നിരുപാധികമായ സ്നേഹവും അംഗീകാരവും അനുഭവിച്ച് വളരുന്നത് ഒരുവനെ നല്ല ആരോഗ്യകരമായ രീതിയിലും സ്വയം സ്നേഹിക്കുന്ന ആളായും മാറ്റിയെടുക്കാന്‍ സഹായിക്കുന്നു.


കുട്ടികള്‍ ഏതു സാഹചര്യത്തില്‍ വളരുന്നുവോ അത് അവര്‍ പഠിക്കുന്നു:-


* വിമര്‍ശനം (കുറ്റപ്പെടുത്തല്‍) നിറഞ്ഞ സാഹചര്യത്തിലാണ് വളരുന്നതെങ്കില്‍ അവര്‍ കുറ്റം കണ്ടുപിടിക്കുന്നവരായി മാറുന്നു.


* ശത്രുത (വിദ്വേഷം) നിറഞ്ഞ സാഹചര്യത്തിലാണ് അവര്‍ വളരുന്നതെങ്കില്‍ അവര്‍ എതിരിടാന്‍ (ശണ്ഠകൂടാന്‍) പഠിക്കുന്നു.


* പരിഹാസം നിറഞ്ഞ സാഹചര്യത്തിലാണ് വളരുന്നതെങ്കില്‍ അവര്‍ ലജ്ജയുള്ളവരായി മാറുന്നു.


* നാണക്കേടിന്‍റെ (അപമാനം) സാഹചര്യത്തിലാണ് വളരുന്നതെങ്കില്‍ അവര്‍ കുറ്റബോധം നിറഞ്ഞവരായി മാറുന്നു.


* ക്ഷമ (സഹിഷ്ണുത) നിറഞ്ഞ സാഹചര്യത്തിലാണ് അവര്‍ വളരുന്നതെങ്കില്‍ കൂടുതല്‍ ക്ഷമയുള്ളവരായി മാറുന്നു.


* പ്രോത്സാഹനം (അഭിനന്ദനം) നിറഞ്ഞ സാഹചര്യത്തിലാണ് അവര്‍ വളരുന്നതെങ്കില്‍ അവര്‍ കൂടുതല്‍ ആത്മവിശ്വാസം ഉള്ളവരാകുന്നു.


* പ്രശംസ നിറഞ്ഞ സാഹചര്യത്തിലാണ് അവര്‍ വളരുന്നതെങ്കില്‍ അവര്‍ അഭിനന്ദിക്കാന്‍ പഠിക്കുന്നു.


* ന്യായം (നീതി) നിറഞ്ഞ സാഹചര്യത്തിലാണ് അവര്‍ വളരുന്നതെങ്കില്‍ അവര്‍ നീതിയും ന്യായവും പാലിക്കുന്നവരായി മാറുന്നു.


* കൂടുതല്‍ സുരക്ഷിതമായ സാഹചര്യത്തിലാണ് അവര്‍ വളരുന്നതെങ്കില്‍ കൂടുതല്‍ വിശ്വാസം ഉള്ളവരായി അവര്‍ മാറുന്നു.


* അംഗീകാരം നിറഞ്ഞ സാഹചര്യത്തിലാണ് അവര്‍ വളരുന്നതെങ്കില്‍ അവര്‍ അവരെതന്നെ സ്വയം ഇഷ്ടപ്പെടുന്നവരാകുന്നു.


* അംഗീകാരവും സുഹൃത്ബന്ധങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് അവര്‍ വളരുന്നതെങ്കില്‍ ഈ ലോകത്തില്‍ എവിടെയും സ്നേഹം കാണാന്‍ കഴിവുള്ളവരായി മാറുന്നു.


നിരുപാധികമായി എങ്ങനെ സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യാം?


നിരുപാധികമായി സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക്:-


* സ്വയം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ നേരിടുന്ന നിബന്ധനകള്‍ എന്തൊക്കെയെന്ന് കണ്ടുപിടിക്കണം.


* സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന് തടസ്സമായി നിങ്ങള്‍ കണ്ടെത്തിയ ഉപാധികളെയും പ്രതീക്ഷകളെയും വിശദമായി മനസ്സിലാക്കുക.


* നിങ്ങള്‍ കണ്ടെത്തിയ ഈ നിബന്ധനകള്‍ വിശകലനം ചെയ്തപ്പോള്‍ അവ ന്യായവും, വിവേകപൂര്‍വ്വവും, യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നതുമാണ് എന്ന് തോന്നിയാല്‍ നിങ്ങളില്‍ സ്വയം സ്നേഹവും അംഗീകാരവും കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ആ നിബന്ധനകള്‍ക്ക് ചേര്‍ന്ന രീതിയില്‍ മറ്റൊരു മാര്‍ഗം കണ്ടുപിടിക്കുക.


* സന്ദര്‍ഭോചിതമായി പെരുമാറുന്നതിന് നിങ്ങള്‍ വെച്ചിരിക്കുന്ന ചില നിബന്ധനകള്‍ നിലനില്‍പ്പിനും, മര്യാദയ്ക്കും, കൂടുതല്‍ കാലം നിലനില്‍ക്കുന്നതിനും, ഉത്പാദനശക്തിക്കും വിവേകത്തിനും വേണ്ടിയുള്ളതാണ് എന്നും മറിച്ച് സ്വയം സ്നേഹിക്കുന്നതിനോ അംഗീകരിക്കുന്നതിനോ ഉള്ള നിബന്ധനകള്‍ അല്ല എന്നും തിരിച്ചറിയുക.


* കുടുംബത്തിലും, വീട്ടിലും, സ്കൂളിലും, ജോലിസ്ഥലത്തും, സമൂഹത്തിലും ഇടപെടുമ്പോള്‍ കാത്തുസൂക്ഷിക്കേണ്ടതായ പ്രധാനപ്പെട്ട മര്യാദയും അന്തസ്സും ഏതൊക്കെയാണെന്ന് തിരിച്ചറിയുക. ഇത്തരം വ്യക്തിബന്ധങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്ന മാനദണ്ഡങ്ങള്‍ സാമൂഹികമായ (രാഷ്ട്രീയമായ) ഇടപെടലുകള്‍ക്ക് വേണ്ടി മാത്രമുള്ളതായിരിക്കണം. അത് ഒരിക്കലും നിങ്ങള്‍ നിങ്ങളെതന്നെ സ്നേഹിക്കുന്നതിന് ഉചിതമാവില്ല എന്ന് മനസ്സിലാക്കുക.


* നിങ്ങള്‍ നിങ്ങളെതന്നെ സ്വതന്ത്രമായും ഉദാരമായും സ്വയം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും തരത്തിലുള്ള ഉപാധികള്‍ ഉണ്ടെങ്കില്‍ അവയെ പുറത്താക്കാന്‍ പരിശീലിക്കുക.


* നിരുപാധികമായി തന്നെതന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന് തടസ്സമായി നില്‍ക്കുന്ന അനാവശ്യമായ പേടികളേയും വിശ്വാസങ്ങളേയും കണ്ടുപിടിച്ച് അവയ്ക്ക് മറ്റൊരു ഉചിതമായ മാര്‍ഗം കണ്ടുപിടിക്കുക.


* നിങ്ങള്‍ സ്വയം നല്‍കാന്‍ ആഗ്രഹിക്കുന്ന അംഗീകാരം സ്വതന്ത്രമായി ഉറച്ച ശബ്ദത്തില്‍ തനോടുതന്നെ തുറന്നു പറയുക. എന്നാല്‍ മാത്രമേ അതു നിങ്ങളുടെ പെരുമാറ്റരീതിയെതന്നെ മാറ്റിയെടുക്കുന്ന തരത്തിലുള്ള ശീലത്തിലേക്ക് എത്തുകയുള്ളൂ.


* നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയുടേയും നല്ലതും മോശവുമായ അനന്തരഫലങ്ങള്‍ സ്വതന്ത്രമായും മുഴുവനായും അനുഭവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് നിങ്ങള്‍ സ്വയം സ്നേഹിക്കുകയും ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് എന്ന് സ്വയം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഇത്തരത്തിലുള്ള അനന്തരഫലങ്ങള്‍ ഒന്നും തന്നെ നിങ്ങള്‍ക്ക് നിങ്ങളോടുള്ള സ്നേഹത്തെയും മതിപ്പിനെയും ബാധിക്കുന്നില്ല.


* സ്വയം തുടര്‍ന്നുകൊണ്ടുപോരുന്ന നിരുപാധികമായ അംഗീകാരവും സ്നേഹവും ഉറപ്പുള്ള സ്നേഹമാണ് എന്ന് തീര്‍ച്ചപ്പെടുത്തുക. എന്നാല്‍ അങ്ങനെ ആയാല്‍തന്നെയും നിങ്ങളുടെ പ്രവൃത്തികളും അതിന്‍റെ അനന്തരഫലവും എന്തുതന്നെ ആയാലും അതിന്‍റെ വ്യക്തിപരമായ മുഴുവന്‍ ഉത്തരവാദിത്വവും നിങ്ങള്‍ക്ക്തന്നെയാണ്.


നിങ്ങള്‍ക്ക് നിങ്ങളോടുതന്നെയുള്ള നിരുപാധികമായ സ്നേഹവും അംഗീകാരവും വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍


 താഴെകൊടുത്തിരിക്കുന്ന പദ്യഭാഗം വായിച്ചതിനുശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആവശ്യമായ ഉത്തരങ്ങള്‍ നിങ്ങളുടെ ബുക്കില്‍ എഴുതുക.


നിരുപാധികമായി എനിക്ക്

ഞാന്‍ ആരാണോ അതാണ് ഞാന്‍.

നിനക്ക് എന്നെ മാറ്റാന്‍ കഴിയില്ല,

അതുകൊണ്ട് ദയവുചെയ്ത് ശ്രമിക്കരുത്.

എന്നെ നിനക്ക് വേണ്ടതുപോലെ

ആക്കിയെടുക്കാന്‍ നോക്കുന്നതിനേക്കാള്‍ നല്ലത്

ഞാന്‍ എന്താണോ അതുപോലെ അംഗീകരിക്കുക

എന്നതാണ് നിന്നെ സംബന്ധിച്ച് എളുപ്പവഴി.


ഞാന്‍ പറയുന്നതോ ചെയ്യുന്നതോ ആയ

കാര്യങ്ങള്‍ തീര്‍ച്ചയായും നീ അംഗീകരിക്കില്ല.

ഒരു സാധാരണ മനുഷ്യന്‍ എന്ന

നിലയില്‍ മാത്രം എന്നെ അംഗീകരിച്ചാല്‍ മതി.

ഞാന്‍ ദുര്‍ബലയാണ്(ദുര്‍ബലന്‍),

പാപം ചെയ്തിട്ടുണ്ട്, തോറ്റുപോയിട്ടുണ്ട്,

ജീവിതത്തില്‍ പല തെറ്റുകളും വരുത്തിയിട്ടുണ്ട്.


ഹെയ്! അതാണ് എല്ലാവരില്‍ നിന്നും

വ്യത്യസ്തമായി സമാനതകളില്ലാത്ത

വ്യക്തിയായി എന്നെ ആക്കിതീര്‍ത്തത്.

നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍

എല്ലാം തികഞ്ഞവന്‍ ആകുവാനോ,

അനുയോജ്യന്‍ ആകുവാനോ എനിക്ക് കഴിയില്ല.


നീ ആരാണോ അതുപോലെ

ഞാന്‍ നിന്നെ അംഗീകരിക്കുന്നുയ

അതുപോലെ നീ എന്നെയും അംഗീകരിക്കണം,

നമുക്ക് ഒരുമിച്ച് സന്തോഷിച്ച് ഉല്ലസിക്കാം,

നമുക്ക് നമ്മളെ തന്നെ സ്വതന്ത്രമായി ഇരിക്കാന്‍ അനുവദിക്കാം.


നിരുപാധികമായ സ്നേഹവും പരിഗണനയും ഉള്ള ഒരു team ആയിരിക്കാം, നിങ്ങള്‍ക്ക് അത് സന്തോഷം നല്‍കുകയും അങ്ങനെ ആയിരിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ മാത്രം.


1. എത്രമാത്രം നല്ല രീതിയില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നിരുപാധികമായി അംഗീകരിക്കുന്നുണ്ട്?


2. എത്രമാത്രം നല്ല രീതിയില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നിരുപാധികമായി സ്നേഹിക്കുന്നുണ്ട്?


3. സ്വയം സ്നേഹിക്കുന്നതിനും അംഗീകരിക്കുന്നതിനും മുന്‍പായി എന്തെല്ലാം ഉപാധികളാണ് നിങ്ങള്‍ നിരത്തിയിരിക്കുന്നത്?


4. എന്തുകൊണ്ടാണ് ഈ ഉപാധികള്‍ സ്വയം സ്നേഹിക്കുന്നതില്‍നിന്നും അംഗീകരിക്കുന്നതില്‍നിന്നും നിങ്ങളെ തടയുന്നത്?


5. ഈ പറയുന്ന ഉപാധികള്‍ (നിബന്ധനകള്‍) ന്യായമാണോ? വിവേകപൂര്‍ണ്ണമാണോ? യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നതാണോ? അല്ല എങ്കില്‍ ഇത്തരം നിബന്ധനകളില്‍നിന്ന് നിങ്ങള്‍ സ്വതന്ത്രമാകുന്ന വിധത്തില്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുക.


6. നിലനില്‍പ്പിന്, മര്യാദ, ദീര്‍ഘകാല നിലനില്‍പ്പ്, വിവേകം, ഉല്‍പാദനക്ഷമത തുടങ്ങിയവയ്ക്കുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന നിയമങ്ങള്‍ എന്തെല്ലാമാണ്? നിരുപാധികമായി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ നിങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നത് ഇതില്‍ ഏതാണ്?


7. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് എത്രമാത്രം നല്ലരീതിയില്‍ സ്വയം അനുവദിക്കാറുണ്ട്?


8. എത്രമാത്രം സ്വാതന്ത്ര്യത്തോടെയാണ് നിങ്ങള്‍ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നത്, വീഴ്ചകളും തെറ്റുകളും അംഗീകരിക്കുന്നത്, എത്രമാത്രം ആവേശത്തോടെയാണ് ജീവിതത്തെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത്.


സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ അവയ്ക്ക് എതിരെയുള്ള പുതിയ പെരുമാറ്റരീതികള്‍ അവലംബിക്കുക.

(അവലംബം- ആന്തരശിശുവിൻ്റെ സൗഖ്യം- ഡോ. സുന്ദർ വിൽസൺ, ‍ജീവൻ ബുക്സ്.)


സ്വയം അംഗീകരിക്കുക, സ്വയം സ്നേഹിക്കുക

ഡോ. സുന്ദര്‍ വില്‍സണ്‍

അസ്സീസി മാസിക, ആഗസ്റ്റ് 2026

bottom of page