നായ്ക്കുട്ടി
- George Valiapadath Capuchin

- Aug 19
- 1 min read

ഒരാൾ തന്റെ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ, ഏതെങ്കിലും ഒരു അവസരത്തിൽ, ഒരു പ്രത്യേക സാഹചര്യത്തിൽ എഴുതുകയോ പറയുകയോ ചെയ്തിട്ടുള്ള വാക്കുകളെയും നിലപാടുകളെയും ഉദ്ധരിച്ചുകൊണ്ട്, അയാൾ ഇത്തരക്കാരനാണ് എന്ന് സ്ഥാപിക്കുന്ന പ്രവണത ഇന്ന് വർദ്ധമാനമായിട്ടുണ്ട്. ഒരാൾ പൊതുവേ ഏതുതരം നിലപാട് സ്വീകരിച്ചു പോരുന്നു, ഏതേത് ആദർശങ്ങൾക്കായി നിലകൊള്ളുന്നു, ഏറ്റവും അവസാനം അയാളുടെ നിലപാട് എന്താണ് എന്നതിനെ ആസ്പദമാക്കി വേണം അയാൾ ഏതു തരക്കാരൻ ആണ് എന്ന് ഏകദേശമെങ്കിലും വിലയിരുത്താൻ. എന്നാൽ, അതുപോലും നൂറുശതമാനം സത്യമായെന്നും വരില്ല.
യേശുവിന്റെ കാര്യത്തിലും ഇപ്പറഞ്ഞത് സത്യമാണ്. വംശീയാധിഷ്ഠിതമായ യഹൂദദേശീയതയെ പിന്താങ്ങാതിരുന്നതിന്റെ പേരിൽ, യഹൂദ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രം സ്വീകരിക്കാതിരുന്നതിന്റെ പേരിൽ, ഇൻക്ലൂസീവായ ഒരു ജീവിതമാർഗവും ആത്മീയതയും മുന്നോട്ടുവച്ചതിന്റെ പേരിൽ, സ്വന്തം മതത്തിലെ യാഥാസ്ഥിതിക വിഭാഗത്താൽ തിരസ്കൃതനാവുകയും കൊല്ലപ്പെടുകയും ചെയ്തവനായിരുന്നു യേശു. അതുകൊണ്ടുതന്നെയാണ് കാനാൻകാരി സ്ത്രീയുമായുള്ള യേശുവിൻ്റെ സംഭാഷണം പ്രാഥമിക ശ്രവണത്തിൽ പലരും കരുതുന്നതുപോലെയല്ല എന്ന അനുമാനത്തിൽ ഞാൻ എത്തിച്ചേരുന്നത്. പ്രധാനമായും രണ്ട് സൂചനകൾ അങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നുമുണ്ട്.
'എന്നെ ഒരു സ്ത്രീയോ ഒരു നായയോ ആയി സൃഷ്ടിക്കാതിരുന്നതിന് നിനക്ക് നന്ദി പറയുന്നു' എന്ന് യഹൂദ പുരുഷന്മാരുടെ പ്രഭാതപ്രാർത്ഥനയിൽ അക്കാലത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 'നായ' എന്നല്ല, 'അറിവില്ലാത്ത മൃഗം' എന്നാണ് ഉപയോഗിച്ചിരുന്നത് എന്നും പറയപ്പെടുന്നുണ്ട്. വിജതീയരെക്കുറിച്ച് പറയാൻ അക്കാലത്തെ പല യഹൂദരും 'നായ്ക്കൾ' എന്നൊരു നീചരൂപകം ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അറിവില്ലാത്തവർ / വിശ്വാസമില്ലാത്തവർ എന്ന കാരണത്താലും, യഹൂദാചാരപ്രകാരം അശുദ്ധമായ ഭക്ഷണങ്ങൾ അവർ ഉപയോഗിക്കുന്നതിനാലും ആയിരുന്നുവത്രേ അത്.
യേശുവിൻ്റെ പ്രബോധനങ്ങളിൽ വളരെ വിപ്ലവകരമായ ഒന്ന്: " വായിലേക്ക് പോകുന്നതല്ല, വായിൽ നിന്ന് വരുന്നതാണ് ഒരാളെ അശുദ്ധമാക്കുന്നത്" എന്നായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ ആ ഒരൊറ്റ വാക്യത്തിൻ്റെ സാമൂഹികാഘാതം എത്ര ശക്തമായിരുന്നു എന്ന് ഊഹിക്കാവുന്നതാണ്.
കാനാൻകാരിയായ വിജാതീയ സ്ത്രീ യേശുവിൻ്റെ പിന്നാലെ ചെന്ന് കരഞ്ഞപേക്ഷിക്കുമ്പോൾ യേശുവിൻ്റെ ശിഷ്യരുടെ പ്രതികരണം ശ്രദ്ധയർഹിക്കുന്നുണ്ട്. അവൾ നമ്മുടെ പിന്നാലെ വന്ന് നിലവിളിക്കുന്നു: "അവളെ പറഞ്ഞയക്കൂ" അല്ലെങ്കിൽ, "അവളെ ഒഴിവാക്കൂ" എന്നാണ് അവർ പറയുന്നത്. ശിഷ്യന്മാർ മറ്റൊരിക്കലും അങ്ങനെ പറയുന്നത് കാണുന്നില്ല. മേൽ സൂചിപ്പിച്ച അധമകല്പനയുടെ സ്വാധീനം അവരിലുണ്ടായിരുന്നു എന്ന് സംശയിക്കാൻ ന്യായമുണ്ട് എന്നാണ് തോന്നുന്നത്.
അങ്ങനെയെങ്കിൽ യേശു അവരുടെ പൊതു വാമൊഴി വഴക്കം ആവർത്തിക്കുകയായിരുന്നിരിക്കണം. എന്നാൽ അതുപോലും 'നായ' എന്നുപറയാതെ "നായ്ക്കുട്ടി" (kynarion) എന്ന പദമുപയോഗിച്ച് യേശു ലഘൂകരിക്കുന്നുമുണ്ട്. അങ്ങനെ ചെയ്യുന്നത് ശിഷ്യരുടെ കാഴ്ചപ്പാട് മാറ്റാൻ ഉദ്ദേശിച്ചുകൊണ്ടാവണം എന്നാണ് മനസ്സിലാക്കേണ്ടത്!


















































































































