മറ്റുള്ളവരും നമ്മുടെ മനോനിലയും
- ടോം മാത്യു

- 4 days ago
- 2 min read

വിഷാദരോഗ (depression) ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന ( bipolar disorder ) ത്തിനും മരുന്നില്ലാ ചികില്‍സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ ലിസ് മില്ലര്‍ ആവിഷ്കരിച്ച പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണം ( mood mapping ) നാം പരിശീലിച്ചു കഴിഞ്ഞു. തുടര്‍ന്ന് അനുബന്ധമായി' മൂഡ് ' അഥവാ മനോനിലയെക്കുറിച്ച് നാം ഇവിടെ ചര്‍ച്ച ചെയ്യുകയാണ് നമ്മുടെ പെരുമാറ്റ രീതി നിശ്ചയിക്കുന്നത് നമ്മുടെ വ്യക്തിത്വമാണെന്നും നാല് തരം അടിസ്ഥാന വ്യക്തിത്വങ്ങളുണ്ടെന്നും നാം കണ്ടു . നമ്മുടെ അടിസ്ഥാന വ്യക്തിത്വം( matrix personality ) ഏതെന്ന് എങ്ങിനെ കണ്ടെത്താമെന്നും നാം പഠിച്ചു. നമ്മുടെ അടിസ്ഥാന വ്യക്തിത്വവും നമ്മുടെ തൊഴിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നാം വിശദീകരിച്ചു. മറ്റുള്ളവരുടെ അടിസ്ഥന വ്യക്തിത്വം മനസിലാക്കിയെടുക്കുന്നതിനെകുറിച്ചാണ് ഈ ലക്കത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്. അത് നമ്മുടെ അനുകൂല മനോനിലയ്ക്ക് ഗുണകരമാകും
പരിശീലിച്ചാല്‍ നമുക്ക് ചുറ്റുമുള്ളവരുടെ അടിസ്ഥാന വ്യക്തിത്വം മനസിലാക്കിയെടുക്കാന്‍ നമുക്ക് കഴിയും. അത് ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ശല്യക്കാരനായ സെയില്‍സ് മാനില്‍ നിന്നു മുതല്‍ തെറ്റായ ബന്ധങ്ങളില്‍ നിന്നു വരെ നിങ്ങളെ സംരക്ഷിക്കും. നമ്മുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുപിടിക്കുന്നതില്‍ നാമെല്ലാം സമര്‍ത്ഥരാണ്. സമൂഹത്തിന്‍റെ നടപ്പുരിതികള്‍ക്കും ജോലിസ്ഥലത്തിന്‍റെ പ്രത്യേകതകള്‍ക്കും അനുസരിച്ചുള്ള പെരുമാറ്റ രീതിയാണ് നാമൊക്കെ സ്വീകരിക്കുക. എങ്കിലും നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ 'തനി' സ്വഭാവം മനസിലാക്കുക സാധ്യമാണ്. നമുക്ക് ചുറ്റുമുള്ളവരുടെ യഥാര്‍ത്ഥ വ്യക്തിത്വം അറിയുന്നതിന് രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഒന്ന്. സംസാരിക്കുന്നതിനു മുന്‍പേ അതേക്കുറിച്ച് ചിന്തിച്ചുറപ്പിക്കുന്ന രീതി അവര്‍ക്കുണ്ടോ? അതോ സംഭാഷണമധ്യേ ആശയങ്ങള്‍ രൂപീകരിച്ചെടുക്കുന്ന രീതിയാണോ അവരുടേത്?
രണ്ട്. എടുത്തു ചാടി പ്രവര്‍ത്തിക്കുന്നവരാണോ അവര്‍? അതോ സാഹചര്യവും സന്ദര്‍ഭവും മനസിലാക്കി പ്രവര്‍ത്തിക്കുന്നവരാണോ?
ചിന്താശീലര്‍ പൊതുവേ ബഹിര്‍മുഖരായിരിക്കില്ല. അവര്‍ അന്തര്‍മുഖരായിരിക്കും. എടുത്തുചാടി പ്രവര്‍ത്തിക്കുന്നവരാകട്ടെ കരുത്തരായിരിക്കില്ല, മറിച്ച് കുറച്ചൊന്ന് ഒതുങ്ങിയ, ദുര്‍ബല മട്ടുകാരുമായിരിക്കും. ഈ അടിസ്ഥാന തത്വങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ നമുക്ക് നമ്മുടെ മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവരുടേയും യഥാര്‍ത്ഥ വ്യക്തിത്വം മനസിലാക്കാം.
ഒരാള്‍ കരുത്തനോ ദുര്‍ബലനോ എന്നും അന്തര്‍മുഖനോ ബഹിര്‍മുഖനോ എന്നും മനസിലാക്കി കഴിഞ്ഞാല്‍ അവരുമായി ഇടപഴകുന്നത് എങ്ങിനെയായിരിക്കണമെന്ന് നമുക്ക് നിശ്ചയിക്കാവുന്നതാണ്. ഉദാഹരണത്തിന് കരുത്തുറ്റ ബഹിര്‍മുഖ വ്യക്തിത്വമുള്ള ഒരാളുടെ വാക്ചാതുരിയില്‍ നാം വീണു പോകരുത്. അയാള്‍ പരിചയസമ്പന്നനായ ഒരു സെയില്‍സ് മാന്‍റെ സ്വാഭാവമുള്ള ആളാണ്. അവരെ ഉത്തമ സുഹൃത്തായി കണ്ടു കൂടാ. അതുപോലെ തന്നെ ചുറ്റുമുള്ള ആളുകളുടെ പ്രവര്‍ത്തന രീതി മനസിലാക്കേണ്ടതും അതിനെ മാനിക്കേണ്ടതും വളരെ പ്രധാനമാണ്. ദുര്‍ബല അന്തര്‍മുഖ വ്യക്തിത്വമുളളയാള്‍ക്ക് ചിന്തിച്ചുറപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കേണ്ടതുണ്ട്.
നമ്മുടെ ഓഫീസിലെ റിസപ്ഷനിസ്റ്റിന് നല്ല സംഭാഷണ ചാതുരി ആവശ്യമാണ്ട്. ആളുകളെ തരം പോലെ തിരിച്ചറിയാനും പെട്ടെന്ന് ആശയവിനിമയം നടത്താനും അവര്‍ക്ക് കഴിയണം. അവര്‍ നല്ല നിരീക്ഷണ ബുദ്ധിയുള്ളവരായിരിക്കണം. സന്ദര്‍ശകരുടെ ആവശ്യം അവര്‍ പറയും മുന്‍പേ തിരിച്ചറിയാനുള്ള സിദ്ധിയുണ്ടായിരിക്കണം. ഒതുങ്ങിയ ബഹിര്‍മുഖ വ്യക്തിത്വമുള്ളവര്‍ക്ക് ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഓര്‍ക്കുക. അതു പോലെ തന്നെ ഒരു നല്ല സെയില്‍സ് മാന്‍ തീര്‍ച്ചയായും കരുത്തുറ്റ ബഹിര്‍മുഖ വ്യക്തിത്വമുള്ള ആളായിരിക്കും
തൊഴിലിടത്തില്‍ നമുക്ക് ചുറ്റുമുള്ളവരുടെ അടിസ്ഥാന സ്വഭാവം ഈ വിധം നിര്‍ണയിക്കുന്നത് അവരുമായി ശരിയായ ബന്ധം നിലനിര്‍ത്തുന്നതിനും അതു വഴി നമ്മുടെ മനോനില പ്രസാദാല്‍മകമാക്കുന്നതിനും നമ്മെ സഹായിക്കും.
(തുടരും)
മറ്റുള്ളവരും നമ്മുടെ മനോനിലയും
ടോം മാത്യു
അസ്സീസി മാസിക, ആഗസ്റ്റ് 2026

























































