top of page

ഊട്ട്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Jul 31
  • 1 min read
buffet at a dinner

മത്തായിയുടെ സുവിശേഷം അക്കാര്യം വ്യക്തമാക്കുന്നുണ്ട്. മർക്കോസും ലൂക്കായും അതേക്കുറിച്ചുള്ള സൂചനകൾ നൽകുന്നുമുണ്ട്. യേശുവിനെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും യേശു എന്ന വിതക്കാരനായി നിലം ഒരുക്കുന്നതിനും വേണ്ടി അയക്കപ്പെട്ടവനായിരുന്നു സ്നാപകയോഹന്നാൻ. ഒരുപക്ഷേ, ബാല്യത്തിൽ അവർ പരസ്പരം കണ്ടിട്ടും കൂട്ടുകൂടിയിട്ടും, ഒപ്പം കളിച്ചിട്ടുമുണ്ടാകാം. രണ്ടാളുടെയും അമ്മമാർ മറ്റേയാളെക്കുറിച്ച് അവരവരുടെ മക്കളോട് ഒത്തിരി പറഞ്ഞിട്ടുമുണ്ടാകാം. ഒരേ വഴിയെ സഞ്ചരിക്കുന്നവർ എന്ന നിലയിൽ അവർ തമ്മിൽ ആത്മനാ ഒത്തിരി അറിഞ്ഞിട്ടും സ്നേഹിച്ചിട്ടും ഉണ്ടാകും.


യോഹന്നാനും ഒരു പ്രവാചകനായിരുന്നു. ഒരുപക്ഷേ, വളരെ റാഡിക്കലായ പ്രവാചകൻ. പ്രവാചകന്മാർ മിക്കവാറും കൊല്ലപ്പെടുകയാണ് പതിവ്. യേശുവിനെപ്പോലെ, ഒരു യുവാവായിരിക്കേത്തന്നെ യോഹന്നാനും വധിക്കപ്പെടണം എന്നായിരുന്നിരിക്കണം ദൈവത്തിൻ്റെ പദ്ധതി. ഹേറോദേസിൻ്റെ കൊട്ടാരത്തിലെ കാരാഗൃഹത്തിൽ ആയിരിക്കേ യോഹന്നാൻ ശിരസ്സറുക്കപ്പെടുകയാണ്. അക്കാര്യം അവൻ്റെ ശിഷ്യന്മാർ അറിഞ്ഞപാടേ, അവർ വന്ന് അവന്റെ ശരീരം ഏറ്റുവാങ്ങി സംസ്കരിക്കുന്നു. എന്നിട്ട് യോഹന്നാൻ കൊല്ലപ്പെട്ട വാർത്ത യേശുവിനെ അറിയിക്കുന്നു. അതുകേട്ടപ്പോഴാണ് യേശു ഒറ്റക്ക് വിജനപ്രദേശത്തേക്ക് പിൻവാങ്ങുന്നത്.


തൻ്റെ കസിനും സുഹൃത്തും ആത്മീയ സഹകാരിയും ആയിരുന്ന യോഹന്നാൻ്റെ വേർപാടിൽ ഏതാനും ദിവസം ധ്യാനാത്മകമായി ഏകാന്തമായിരിക്കാനും ദുഃഖമാചരിക്കാനും ആയിട്ടാവണം യേശു ഒറ്റക്ക് വിജനതയിലേക്ക് പോകുന്നത്. ശിഷ്യരെപ്പോലും കൂടെ കൊണ്ടുപോയില്ല! എന്നാൽ, അവൻ വിജനതയിലേക്ക് പോകുന്നവിവരം അവധാനതകുറഞ്ഞ ഏതോ ശിഷ്യനിൽനിന്ന്, ജനക്കൂട്ടം മണത്തറിയുന്നു. അവൻ അവിടെ എത്തും മുമ്പേതന്നെ ജനക്കൂട്ടം അവിടെ എത്തിക്കഴിഞ്ഞിരുന്നു. സാധാരണഗതിയിൽ ഒരു സീൻ ഉണ്ടാകാനുള്ള എല്ലാ സാധ്യതയും അവിടെയുണ്ടായിരുന്നു. എന്നാൽ, ജനാവലിയോട് ഒരു വിധത്തിലും നീരസം കാട്ടാതെ, ശിഷ്യരോട് ഒരു വിധത്തിലും കാലുഷ്യം കാട്ടാതെ, യേശു അവരെ അവരുടെ ആവശ്യങ്ങളോടെ, സഹാനുഭൂതിയിൽ സ്വീകരിക്കുകയാണ്.


ജനക്കൂട്ടം വന്നെത്തി എന്നറിയുമ്പോൾ സഹായത്തിനായി ശിഷ്യരും എത്തിച്ചേരുന്നുണ്ട്. പട്ടണങ്ങളിൽനിന്ന് ദൂരെയാണ് ഇപ്പോൾ അവർ. വിജനതയാണത്. പണ്ട് അവരുടെ പൂർവികർ വർഷങ്ങളോളം ഇങ്ങനെ വിജനതയിൽ കഴിഞ്ഞിട്ടുണ്ട്. അന്നവരെ അവരുടെ ദൈവം ഊട്ടിയിട്ടുണ്ട്. നെറ്റിയിലെ വിയർപ്പുകൊണ്ടുപോലും അപ്പം ലഭിക്കാത്തിടത്ത് അപ്പം നൽകുന്നവനാണ് ദൈവം!


യോഹന്നാന്റെ മരണത്തിൽ വ്യക്തിപരമായ ദുഖാചരണത്തിന് എത്തിയതായിരുന്നു അവൻ. മനുഷ്യരുടെ ഏകാന്തതയിലും പരിത്യക്തതയിലും അവൻ തന്നെത്തന്നെ മറന്നു.

ആദിമ ജനതകളുടെയിടയിൽ ഒരാളുടെ മരണശുശ്രൂഷകളിൽ പങ്കെടുക്കാനെത്തിയ ബന്ധുമിത്രാദികൾക്ക് ഭക്ഷണം വിളമ്പുന്നതിനെ "ഊട്ട്" (feed) എന്നാണ് പറയുന്നത്. അത് നൽകേണ്ടത് തൊട്ടടുത്ത ബന്ധുക്കൾ തന്നെയാണ്. ജനക്കൂട്ടത്തെ പറഞ്ഞയക്കാൻ ഒരുങ്ങിയ ശിഷ്യരോട് യേശു പറയുന്നത് "നിങ്ങൾതന്നെ അവരെ ഊട്ടുവിൻ" എന്നാണ്. യേശു യോഹന്നാന് വേണ്ടി ഊട്ടുകയായിരുന്നിരിക്കണം, ജനക്കൂട്ടത്തെ!

bottom of page