top of page

വിരുന്ന്

  • Writer: പോൾ ഗ്രഗറി
    പോൾ ഗ്രഗറി
  • 3 days ago
  • 1 min read
loaves Bread
വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്‍മാരോടൊത്ത് ഭക്ഷണത്തിനിരുന്നു. മത്തായി 26 : 20

എത്രതവണ.....എണ്ണിതിട്ടപ്പെടുത്താൻ ആവാത്തവിധം എത്രപ്രാവശ്യം നമ്മൾ ഭക്ഷണം കഴിച്ചു ഈ കാലയളവിൽ. ഒറ്റയ്ക്കും, സുഹൃത്തുക്കളുമായും, കുടുംബാംഗങ്ങളുമായും തമാശകൾ പറഞ്ഞു ചിരിച്ചും ചിരിപ്പിച്ചും, സൂര്യന് കീഴെയുള്ള സമസ്ത വിഷയങ്ങളിലും ഇടപെട്ടു നമ്മൾ എത്ര ദിനരാത്രങ്ങൾ സദ്യ നൽകിയും സ്വീകരിച്ചും കടന്നുപോയിരിക്കുന്നു. എന്നാൽ ഓരോ ഭക്ഷണ മേശയ്ക്കും പറയാനുണ്ടാകും ആരുടെയൊക്കെയോ വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും മുറിക്കപ്പെടലിന്റെയും പങ്കുവെയ്ക്കലിന്റെയും ഒക്കെ കഥ. പലപ്പോഴും നമ്മൾ ഇതൊന്നും ഓർക്കാറില്ല, അതുമല്ലെങ്കിൽ ഓർത്തെടുക്കാൻ പാകത്തിൽ ആ പങ്കുവെയ്ക്കലുകൾക്കൊന്നും നമ്മുടെ ജീവിതത്തിൽ കയ്യൊപ്പ് ചാർത്താൻ സാധിച്ചിട്ടുമില്ല എന്നതല്ലേ സത്യം.


എന്നാൽ, സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരു ഭക്ഷണ മേശ അന്ന് ഈ ലോകം പരിചയപ്പെട്ടു. സംഭവബഹുലമായതും, ചരിത്രത്തിൽ ഇടം നേടിയതും, കാലങ്ങൾ കടന്നുപോയിട്ടും പ്രാധാന്യം നഷ്ടപ്പെടാത്തതും, ഇന്നും ദിവസേന അനുസ്മരിക്കപ്പെടുന്നതും, ലോകമവസാനിക്കുവോളം ആരാലും മായ്ക്കാൻ ആവാത്ത വിധം മനുഷ്യ ജീവിതവുമായി അത്രമേൽ ഇഴചേർന്നു നിൽക്കുന്നതുമായ ചോരകൊണ്ട് കയ്യൊപ്പ് ചാർത്തിയ ഒരു വിരുന്ന്.


ഒറ്റിക്കൊടുക്കാനും, തള്ളിപ്പറയാനും ഒറ്റപ്പെടുത്തി കടന്നുപോകാനും ഇരിക്കുന്നവരെ എല്ലാം ഒരുമിച്ചിരുത്തി ഭക്ഷണം കഴിച്ച ഒരു ഗുരു. സ്നേഹപാരമ്യത്തിൽ സ്വന്ത ശരീര രക്തങ്ങൾ ഭക്ഷണപാനീയങ്ങളായി കൂടെ ഇരുന്നവർക്ക് നൽകുകയും, വരാനിരിക്കുന്ന മുഴുവൻ മാനവരാശിക്കും വേണ്ടി ഇതോർമ്മയ്ക്കായി ചെയ്യണം എന്ന് സ്നേഹകല്പന നൽകുകയും ചെയ്ത ഒരു വിരുന്ന്. ഒപ്പം കൂടെ ഇരുന്നവരുടെ പാദം കഴുകി പുതിയ മാതൃക നൽകുകയും, ശുശ്രുഷിക്കപ്പെടാനല്ല മറിച്ച്, സഹോദരന് ശുശ്രുഷ ചെയ്യാൻ കടപ്പെട്ടവരാണെന്നു നാമെന്നുള്ള പാഠം പഠിപ്പിക്കുകയും ചെയ്ത ഒരു വിരുന്ന്.


നമ്മെ കൊലയ്ക്ക് കൊടുക്കാനും, തള്ളിപ്പറയാനും, ഒറ്റപ്പെടുത്താനും ഇരിക്കുന്നവരുടെ കൂടെ അറിഞ്ഞു കൊണ്ട് ഭക്ഷണത്തിനിരിക്കാൻ നമ്മിലാർക്കാണ് സാധിക്കുക. നമ്മിലാർക്കാണ് സ്വന്തം ശരീര രക്തങ്ങൾ ഭക്ഷണ പാനീയങ്ങളായി നൽകുവാൻ കഴിയുക. ഇല്ല സാധിക്കില്ല. അതുകൊണ്ടല്ലേ, ആ വിരുന്നു എല്ലാ വിരുന്നുകളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നത്.


അത് നമുക്ക് സാധിക്കില്ല എന്നുറച്ച ബോധ്യം നിലനിൽക്കേ, അവനൊപ്പം ഇന്നും ഓർമ്മ പുതുക്കുമ്പോൾ അന്ന് കൂടെ ഇരുന്നവരുടെ മാനസീകാവസ്ഥയിലാണോ എന്ന് നമ്മെത്തന്നെ പരിശോധിക്കാറുണ്ടോ? ? നമ്മൾ ആയിരിക്കുന്ന പീഠങ്ങളിൽ നിന്നിറങ്ങി ശുശ്രുഷ ചെയ്യാനുള്ള മാനസീക പക്വത കൈവരിക്കാറുണ്ടോ? മുപ്പതു വെള്ളിക്കാശിനും, ഈ ലോകമോഹങ്ങൾക്കും, സ്വാർത്ഥ താൽപ്പര്യങ്ങൾക്കുമൊക്കെ വേണ്ടി അവനെ നമ്മൾ ക്രൂശിക്കാറുണ്ടോ? ?


ആത്മപരിശോധനയിൽ ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ആ വലിയ മുക്കുവനെപ്പോലെ പൊട്ടിക്കരഞ്ഞു തിരികെ വരാം. അപ്പോൾ നമ്മൾ പങ്കുചേരുന്ന ഓരോ വിരുന്നും നമ്മിൽ ജീവൻ പകരുന്നവയാകും, ഒരേസമയം ബലിവസ്തുവും ബലിയർപ്പകനുമായി അവനോടൊപ്പം കാൽവരി കയറാനും ഉയർപ്പിക്കപ്പെടാനുമൊക്കെ അവൻ നമ്മെ പ്രാപ്തരാക്കും. അതിനായി നമുക്ക് നമ്മെത്തന്നെ ഒരുക്കം.

bottom of page