സ്വയംനിർവ്വചനം
- George Valiapadath Capuchin

- Aug 14
- 1 min read

രാഷ്ട്രീയത്തിനും മതത്തിനും എന്താണ് പൊതുവായിട്ടുള്ളത്?രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മതങ്ങളും തമ്മിൽ ഒരു കാര്യത്തിൽ വളരെ സാധർമ്മ്യമുണ്ട്. ലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് വിശദീകരിക്കുന്ന; ധാർമ്മിക മൂല്യങ്ങളെ നിർവചിക്കുന്ന; അനുയായികളുടെ പെരുമാറ്റത്തിന് ദിശാബോധം നല്കുന്ന; കുറേ വിശ്വാസങ്ങളുടേതായ ഒരു സമ്പൂർണ്ണചട്ടക്കൂട് അവരണ്ടും പ്രദാനം ചെയ്യുന്നുണ്ട്. രണ്ട് സംവിധാനങ്ങളും അനുയായികളിൽനിന്ന് വ്യക്തിപരമായ പ്രതിബദ്ധത ആവശ്യപ്പെടുന്നു. രണ്ടും ഒരു പൊതുസ്വത്വത്തിന് കീഴിൽ ആളുകളെ ഒന്നിപ്പിക്കുന്നു. ഒരു ആദർശ സമൂഹത്തിനായുള്ള ഒരു ദർശനം അവരണ്ടും മുന്നോട്ടുവക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ, ഒരാളുടെ സ്വത്വം എന്നത് അയാളുടെ രാഷ്ട്രീയമോ മതമോ ആയി സാത്മീകരിക്കാൻ പോന്നതാണ് എന്നു പറയാം. ഇക്കാരണത്താൽത്തന്നെയാണ് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പേരിലും മതങ്ങളുടെ പേരിലും ലോകത്ത് പലപ്പോഴും ഹിംസകൾ അരങ്ങേറിയിട്ടുള്ളത്.
ഒരേ പ്രത്യയശാസ്ത്രത്തിൻ്റെ തത്വങ്ങളെയും ഒരേ മതത്തിൻ്റെ തത്വങ്ങളെയും വിവിധ പ്രകാരങ്ങളിൽ വ്യാഖ്യാനിക്കാൻ കഴിയും. അതുകൊണ്ടാണ് ഒരേ പ്രത്യയശാസ്ത്രത്തിലും ഒരേ മതത്തിലും വിവിധങ്ങളായ വ്യാഖ്യാന രൂപങ്ങൾ- അഥവാ വ്യത്യസ്ത പാർട്ടികളും മത സെക്റ്റുകളും- ഉണ്ടായിരിക്കുന്നത്.
മനുഷ്യകുലം ചിന്താപരമായും അതുകൊണ്ടുതന്നെ ധാർമികമായും കൂടുതൽ കൂടുതൽ സ്വയം സംസ്കരിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഈയൊരു നവീകരണത്വര കാണാൻ കഴിയും. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ആദർശപൂർണ്ണമല്ലാത്ത ഇന്നലെകൾ പ്രത്യയശാസ്‌ത്രങ്ങളുടെയും മതങ്ങളുടെയും ഇന്നലെകളിൽ തീർച്ചയായും ഉണ്ടായിരുന്നിട്ടുണ്ട്. ഇന്നലെകളുടെ കുറച്ച് മലവും മൂത്രവും നമ്മിൽ ആരുടെ കീഴ് വയറ്റിലാണ് ഇല്ലാതുള്ളത്? മാലിന്യത്തെ മാലിന്യമായി തള്ളാനും, നന്മയെ ഊർജ്ജമായി സംഭരിക്കാനുമുതകുന്നതാണ് നമ്മുടെ ശാരീരിക പ്രകൃതം. അതുകൊണ്ടുതന്നെ, ഇന്നലെകളുടെ മാലിന്യത്തെ എത്രവേഗം പുറന്തള്ളുന്നു എന്നതും, ഏതുതരം നാളെക്കു വേണ്ടിയാണ് നിങ്ങൾ പദ്ധതിയിടുന്നത് എന്നും, ഇപ്പറഞ്ഞ രണ്ടുകാര്യങ്ങൾക്കുമായി ഇന്ന് നിങ്ങൾ എന്ത് ചെയ്യുന്നു എന്നതുമാണ് നിങ്ങൾ ആരാണ് എന്നതിൻ്റെ നിർവ്വചനമായിരിക്കേണ്ടത്!


















































































































