top of page

കടുകുമണിയുടെ ഉപമ

Writer: ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 3, 1997
3 min read

Updated: Aug 28

Mustard seed

സുവിശേഷങ്ങളിലുള്ള കടുകുമണിയുടെ ഉപമയെപ്പറ്റി (മത്താ 13: 31-32; മർക്കോ 4: 30-32; ലൂക്കാ 13: 18-19) എനിക്കും എന്റെ കൂട്ടുകാർക്കുമുള്ള ഒരു സംശയം അസ്സീസിയിൽ കൂടി ഒന്നു വിശദീകരിക്കാമോ? 'സ്വർഗ്ഗരാജ്യം ഒരുവൻ വയലിൽ പാകിയ കടുകുമണിക്കു സദൃശം. അത് എല്ലാ വിത്തിനെയുംകാൾ ചെറുതാണ്. എന്നാൽ, വളർന്നു കഴിയുമ്പോൾ അതു മറ്റുചെടികളേക്കാൾ വലുതായി ആകാശപ്പറവകൾ വന്ന് അതിന്റെ ശാഖകളിൽ ചേക്കേറാൻ തക്കവിധം മരമായിത്തീരുന്നു' (മത്താ 13: 31-32). കടുകുചെടി വളരെ ചെറിയ ഒരു ചെടിയാണെന്നു നമുക്കറിയാം. ആകാശപ്പറവകൾ വന്നു ശിഖിരങ്ങളിൽ ചേക്കേറാൻ തക്കവിധം വലിയ മരമായി അതു വളരുന്നില്ല. മലയാളത്തിലേക്കു വിവർത്തനം ചെയ്തപ്പോൾ വന്ന പിശകാണോ ഇത്? എങ്കിൽ എന്തുകൊണ്ട് തിരുത്തിക്കൂടാ?

പി. എം. മാനുവൽ,

പുറത്തെമുതുകാട്ടിൽ,

പാതാഴ, തിടനാട്

പ്രിയപ്പെട്ട മാനുവൽ,

വി. മത്തായിയുടെയും വി. മാർക്കിന്റെയും വി. ലൂക്കായുടെയും കാനോനിക സുവിശേഷങ്ങളിലും തോമായുടെ അകാനോനിക സുവിശേഷത്തിലും (അദ്ധ്യായം 20) ആണ് യേശുനാഥൻ അരുൾചെയ്ത കടുകുമണിയുടെ ഉപമ രേഖപ്പെടുത്തിയിരിക്കുന്നത്. കടുകുമണി മുളച്ചുവളർന്ന് മരമായിത്തീരുന്നുവെന്ന് വി. മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളിൽ മാത്രമേ നാം വായിക്കുന്നുള്ളു. മറ്റു രണ്ട് ഉറവിടങ്ങളിലും അങ്ങനെ പറയുന്നില്ല. 'മരം' എന്നത് മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിൽ തന്നെ (ഗ്രീക്ക് മൂലത്തിൽ) ഉള്ള വാക്കാണ്. വിവർത്തനത്തിൽ വന്ന പിശകൊന്നുമല്ല. ഇതു മനസ്സിലാക്കുവാൻ, ഒന്നാമതായി, യേശുനാഥൻ അരുളിചെയ്ത ഉപമയുടെ അർത്ഥം നാം വ്യക്തമായി ഗ്രഹിക്കണം. രണ്ടാമതായി, പല പതിറ്റാണ്ടുകൾക്കുശേഷം ഈ ഉപമ രേഖപ്പെടുത്തിയ സുവിശേഷകർ അതിനു നൽകിയ ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങൾ നാം അറിഞ്ഞിരിക്കണം.


യേശുവിന്റെ ഉപമ


യേശു ദൈവരാജ്യത്തെപ്പറ്റി പഠിപ്പിച്ചത് പലപ്പോഴും താൻ ജീവിച്ച പാലസ്തീനായിലെ പ്രകൃതിയിൽനിന്നും തന്റെ ചുറ്റുമുള്ള മനുഷ്യരുടെ അനുദിനജീവിതത്തിൽ നിന്നുമെടുത്ത ഉപമകളിലും പ്രതീകങ്ങളിലും കൂടിയാണ്. (ദൈവനാമം ആവർത്തിക്കുന്നത് ഒഴിവാക്കാൻവേണ്ടി യഹൂദരുടെ രീതിയനുസരിച്ച് വി. മത്തായി ദൈവരാജ്യത്തെ കുറിക്കുവാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് 'സ്വർഗ്ഗരാജ്യം' എന്നത്). പാലസ്തീനായിൽ, വിശിഷ്യ ഗലീലിക്കായലോരങ്ങളിൽ, സമൃദ്ധമായി വളരുന്ന ഒന്നാണ് കടുകുചെടി. ഇങ്ങനെയുളള ഒരു കടുകുചെടിയും അതിന്റെ വിത്തും ദൈവരാജ്യത്തെപ്പറ്റി തന്റെ ശിഷ്യൻമാർക്കു പറഞ്ഞുകൊടുക്കുവാൻ പര്യാപ്തമായ ഒരു ഉപമയുടെ വിഷയമായി യേശു സ്വീകരിക്കുന്നു. ഗലീലിക്കായലോരങ്ങളിൽ വളരുന്ന കടുകു ചെടികൾ പത്തടിയോളം പൊക്കത്തിൽ വളരുന്ന കുറ്റിച്ചെടികളാണ്. അവയിൽ വിളയുന്ന കടുകുമണികൾ പക്ഷികൾക്ക് ആഹാരവും അവയുടെ ശാഖകൾ ഇടവേളകളിലിരുന്നു വിശ്രമിക്കാൻ തണലും നൽകിയിരുന്നു.


എന്നാൽ, ഈ കടുകുചെടികൾ ഒരിക്കലും വളർന്നു മരങ്ങളായിത്തീരുന്നില്ല പക്ഷികൾ അവയുടെ ശിഖിരങ്ങളിൽ ചേക്കേറാറുമില്ല. അതിനാൽ ഇതുരണ്ടും യേശു പറഞ്ഞ ഉപമയിൽ ഉൾപ്പെട്ടിരുന്ന കാര്യങ്ങളല്ല.


'കടുകുമണി എല്ലാ വിത്തിനെയുംകാൾ ചെറുതാണ്' എന്നു പറഞ്ഞിരിക്കുന്നതും അക്ഷരാർത്ഥത്തിൽ എടുക്കേണ്ട കാര്യമില്ല. വളരെ ചെറുതും നിസ്സാരവുമായതിനെക്കുറിക്കുവാൻ യഹൂദരുടെ പഴഞ്ചൊല്ലുകൾ കടുകുമണിയോട് അവയെ ഉപമിക്കാറുണ്ടായിരുന്നു. റാബ്ബിമാരുടെ എഴുത്തുകളിൽ പലയിടത്തും ഇതു കാണുവാൻ കഴിയും. അല്പമായ വിശ്വാസത്തെ യേശുവും കടുകുമണിയോട് ഉപമിക്കുന്നുണ്ടല്ലോ (മത്താ 17: 20-ലൂ ക്കാ 17: 6). കടുകുമണി എല്ലാ വിത്തിനേയുംകാൾ ചെറുതാണെന്ന് ഉപമയിൽ പറഞ്ഞിരിക്കുന്നത് മേൽപ്പറഞ്ഞ പഴഞ്ചൊല്ലിന്റെ അർത്ഥത്തിൽ വേണം മനസ്സിലാക്കുവാൻ.


ചെറുതും നിസ്സാരവുമായി കാണപ്പെടുന്ന കടുകുമണി മണ്ണിൻകീഴിൽ മുളച്ചു വളർന്ന് പക്ഷികൾക്ക് ആഹാരവും തണലും നൽകാൻ കഴിയുന്ന ഒരു വൻചെടിയായിത്തീരുന്നതുപോലെ, തൻ്റെ പ്രവത്തനങ്ങളിലും പ്രഘോഷണത്തിലൂംകൂടി തുടക്കം കുറിക്കപ്പെട്ട ദൈവരാജ്യം ഇപ്പോൾ ശിഷ്യന്മാർക്കു ചെറുതും നിസ്സാരവുമായി അനുഭവപ്പെടുന്നുണ്ടെങ്കിലും അതു തീർച്ചയായും ഒരു വൻ യാഥാർത്ഥ്യമായി പൂർണ്ണതയിലെത്തുമെന്നും എല്ലാവർക്കും ദൃശ്യമായ രീതിയിൽ വിജയമകുടമണിയുമെന്നുമുള്ള സന്ദേശമാണ് ഈ ഉപമയിലൂടെ യേശുനാഥൻ നൽകുന്നത്. യേശുവിലൂടെ സംസ്ഥാപിതമായിരിക്കുന്ന ദൈവരാജ്യത്തിന്റെ ആരംഭത്തിലെ നിസ്സാരതയും അന്ത്യത്തിലെ പൂർണ്ണതയും മഹത്വവും വ്യക്തമാക്കുന്ന "വളർച്ചയുടെ ഉപമ"കളിൽ (Parables of growth: മർക്കോ 4: 3-8; 4: 26-29; 4: 30-32; മത്താ 13: 24-30; 13: 33) ഒന്നാണ് കടുകുമണിയുടെ ഈ ഉപമ.


സുവിശേഷകന്മാരുടെ വ്യാഖ്യാനം


പല പതിറ്റാണ്ടുകൾക്കുശേഷം സുവിശേഷകന്മാർ ഈ ഉപമ രേഖപ്പെടുത്തിയപ്പോൾ യേശുവിന്റെ അധ്യായങ്ങളിൽനിന്നു തന്നെ അതു ശ്രവിച്ച ആദ്യശ്രോതാക്കളെക്കാൾ അവർക്ക് അതിന്റെ അർത്ഥം സ്പഷ്ടമായിരുന്നു. കാരണം, കുരിശുമരണത്തിനും ഉയിർത്തെഴുന്നേറ്റ ദിവ്യനാഥന്റെ പ്രത്യക്ഷപ്പെടലിനും പെന്തക്കോസ്താ സംഭവത്തിനുമെല്ലാം അവർ സാക്ഷികളായിരുന്നല്ലോ. മാത്രമല്ല, യേശു പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെ സുവിശേഷം അന്ന് ലോകത്തിന്റെ അതിർത്തികൾവരെ എത്തിക്കഴിഞ്ഞിരുന്നു. ദൈവരാജ്യം എല്ലാ ജനങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട്, എല്ലാവർക്കും അഭയമരുളിക്കൊണ്ട്, വളർന്നു വലുതായിക്കൊണ്ടിരിക്കുന്ന യുഗാന്തോന്മുഖ ദൈവീക യാഥാർത്ഥ്യമാണെന്ന ഉറച്ച ബോധ്യം സുവിശേഷകന്മാർക്കുണ്ടായിരുന്നു. ഈ ബോധ്യത്തെ ആവിഷ്ക്കരിക്കുവാൻ പഴയനിയമത്തിൽനിന്നു തങ്ങൾക്കു പരിചിതമായിരുന്ന ചില പ്രതീകങ്ങൾ അവർ തിരഞ്ഞെടുത്തു. അങ്ങനെയുള്ള രണ്ടു പ്രതീകങ്ങളാണ് "മരം"വും അതിൽ "ചേക്കേറുന്ന പക്ഷികളും". ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിൽ, ശക്തനായ ബാബിലോണിയൻ രാജാവ് നബൂക്കദ്നേസ്സറിനെയും അദ്ദേഹത്തിന്റെ രാജ്യത്തെയും പക്ഷികൾ ചേക്കേറുന്ന ഒരു വൻമരമായി ചിത്രീകരിച്ചിട്ടുണ്ട് (ദാനി 4: 10-12, 20-22). എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലും പക്ഷികൾ ശിഖരങ്ങളിൽ ചേക്കേറുന്ന വൻമരം ആശ്രിതരാജാക്കന്മാരെയും പ്രജകളെമാരെയുമെല്ലാം സംരക്ഷിക്കുന്ന അതിശക്തനായ ഒരു രാജാധിരാജന്റെ പ്രതീകമാണ് (എസെ 17: 23; 31: 6). വെളിപാടു ലിഖിതങ്ങളിലും റാബ്ബിമാരുടെ എഴുത്തുകളിലും പക്ഷികൾ പലപ്പോഴും ഇസ്രായേൽ ജനതയിലേക്കു ചേരുവാൻ ആഗ്രഹിക്കുന്ന വിജാതീയരുടെ പ്രതീകങ്ങളാണ്. അതുപോലെ തന്നെ, "ചേക്കേറുക" എന്നതിന്റെ ഗ്രീക്കുമൂലപദം (Kataskainoun) യുഗാന്ത്യത്തിൽ വിജാതീയർ ദൈവജനത്തിലേക്ക് ഉൾച്ചേരുമെന്ന ആശയത്തെ സൂചിപ്പിക്കുവാൻ യഹൂദർ ഉപയോഗിക്കാറുണ്ടായിരുന്ന സാങ്കേതികപദമാണ്.


ഈ പരിഗണനകളെല്ലാം വെച്ചു ചിന്തിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും: കടുകുമണിപോലെ ചെറുതും നിസ്സാരവുമായി തുടങ്ങിയ ദൈവരാജ്യം വിജാതീയരെയെല്ലാം ഉൾക്കൊണ്ട് ശക്തിയോടും മഹത്വത്തോടും കൂടി യുഗാന്ത്യത്തിൽ സാക്ഷാത്ക്കരിക്കപ്പെടുമെന്ന ആശയത്തെ കൂടുതൽ വ്യക്തമാക്കുവാൻ സുവിശേഷകന്മാരായ വി. മത്തായിയും വി. ലൂക്കോസും പഴയനിയമത്തിൽ നിന്നു കടംകൊണ്ട് കടുകുമണിയുടെ ഉപമയോടുകൂട്ടിച്ചേർത്ത രണ്ടു പ്രതീകങ്ങളാണ് "മരവും" അതിന്റെ ശിഖരങ്ങളിലെ "പക്ഷികളുടെ ചേക്കേറലും". ഈ പ്രതീകങ്ങളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതു ശരിയല്ല. അവ സൂചിപ്പിക്കുന്ന യുഗാന്തോന്മുഖ ദൈവരാജ്യത്തിന്റെ ശക്തിയും മഹത്വവും അതിലേയ്ക്കുള്ള വിജാതീയജനതകളുടെ പ്രവാഹവുമെല്ലാം ഈ പ്രതീകങ്ങളിൽ ദർശിക്കയും ഈ ദൈവരാജ്യത്തിന്റെ സാക്ഷാത്കരണത്തിനായി പ്രതീക്ഷയോടെ പ്രാർത്ഥിക്കയും പ്രവർത്തിക്കയുമാണ് നാം ചെയ്യേണ്ടത്.

കടുകുമണിയുടെ ഉപമ

ഡോ. സിപ്രിയൻ ഇല്ലിക്കമുറി

അസ്സീസി മാസിക, ഡിസംബർ 1997


bottom of page