top of page

പൂർത്തി

Writer: George Valiapadath Capuchin
George Valiapadath Capuchin
11 hours ago
1 min read
sillehote of a Person on a mountain top

മുറിച്ചു നൽകലാണ് ദിവ്യകാരുണ്യത്തിൻ്റെ ഹൃദയം. അതുകൊണ്ടാണ് കുരിശും കുർബാനയും സ്നേഹവും ഒന്നാകുന്നത്. മുറിയലും മുറിച്ചുനൽകലും പലയിടത്തുമുണ്ട്. അതിനുമുമ്പിൽ ദൈവത്തിന് കൃതജ്ഞതയുടെ സ്തോത്രംപാടൽ കൂടിയാകുമ്പോൾ അത് വിശുദ്ധമായ കുർബാനയാകും.


ഏതൊരു സ്‌നേഹത്തിലും നല്കൽ ഉണ്ട്. ഏതൊരു നൽകലിലും രക്തത്തിൻ്റെ ഉപ്പ് പടരുമ്പോൾ, മരണത്തിൻ്റെ ചാഞ്ഞൊരുനിഴൽ വീഴുമ്പോൾ, അവിടെ കുർബാന ഉണ്ടാകുന്നു. പണമുള്ളവർ തങ്ങളുടെ സമ്പത്തിൽനിന്ന് നല്ലൊരു തുക പള്ളിക്ക് കാഴ്ച നൽകുമ്പോൾ അവിടെ മരണത്തിന്റെ നിഴൽ ഇല്ല. ഒന്നുമില്ലാത്ത ഒരു ദരിദ്രവിധവ തന്റെ ആകെയുള്ള രണ്ടുചെമ്പുതുട്ട് പള്ളിക്ക് നൽകുമ്പോൾ അതിൽ മരണത്തിന്റെ നിഴൽ വീണുകിടക്കുന്നുണ്ട്: വിശുദ്ധ കുർബാനയുണ്ട്. യേശു ആഴ്ചയുടെ ആറുദിവസവും രോഗശാന്തി നൽകുമ്പോൾ അതിൽ സ്നേഹമുണ്ടെങ്കിലും രക്തത്തിൻ്റെ ഉപ്പ് പടർന്നിട്ടില്ല. എന്നാൽ, ഏഴാം ദിവസം അവനത് ചെയ്യുമ്പോൾ അതിൽ രക്തം പൊടിയുന്നുണ്ട്.


അന്ധനായ ഒരാളെ തൊടുമ്പോൾ, ബധിരനായ ഒരാളെ തൊടുമ്പോൾ അതിൽ മരണത്തിന്റെ നിഴൽ ഏറെയൊന്നും വീഴുന്നില്ല. എന്നാൽ, കുഷ്ഠരോഗിയായ ഒരാളെ തൊടുമ്പോൾ ആ സ്പർശനത്തിൽത്തന്നെ രക്തം കിനിയുന്നുണ്ട്. ഫരിസേയരുടെ വീടുകളിലും, ശിമയോന്റെ വീട്ടിൽപ്പോലും വിരുന്നിനുപോകുമ്പോൾ അവിടെ മരണഗന്ധം ഇല്ല. എന്നാൽ, ചുങ്കം പിരിക്കുന്ന സക്കേവൂസിന്റെയോ മത്തായിയുടെയോ വീട്ടിൽ വിരുന്നിനുപോകുമ്പോൾ അവിടെ മരണഗന്ധം തളംകെട്ടി നിൽക്കുന്നുണ്ട്.


അതേയതെ. എല്ലാവിരുന്നും കുർബാനയാവുന്നില്ല. ജെറൂസലേമിൽനിന്ന് ജെറീക്കോയിലേക്ക് പോകുകയായിരുന്ന കച്ചവടക്കാരൻ ആക്രമിക്കപ്പെട്ട് വഴിയിൽ കിടക്കുന്നത് കണ്ടിട്ടും പുരോഹിതനും ലേവായനും കടന്നുപോയി എന്ന് പറയുന്നിടത്ത് ഏറെ അപകടമില്ല. എന്നാൽ, ഒരു സമറായക്കാരൻ അയാളെക്കണ്ട്, ശുശ്രൂഷിക്കുകയും തനിക്ക് കഴിവുള്ളതെല്ലാം ചെയ്യുകയും ചെയ്തു എന്ന് പറയുന്നിടത്ത് നല്ല അപകടമുണ്ട്.


'അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതായും നിങ്ങൾ പുറന്തള്ളപ്പെടുന്നതായും കാണുമ്പോൾ നിങ്ങൾ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും' എന്നുപറയുന്നിടത്ത് കുരിശ് സുവിദിതമല്ല. എന്നാൽ, 'കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ആളുകൾ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും' എന്ന് കൂട്ടിച്ചേർക്കുന്നിടത്ത് കുരിശ് വ്യക്തമായി തെളിഞ്ഞുവരുന്നുണ്ട്.


'നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്നുപറയുന്നിടത്ത് കുരിശ് തെളിഞ്ഞുവരുന്നില്ല. എന്നാൽ, 'നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുവിൻ' എന്ന് ഇഴപിരിച്ച് പറയുമ്പോൾ അവിടെ കുരിശ് തെളിഞ്ഞുവരുന്നുണ്ട്.


അതാണ് പറയുന്നത്: സ്നേഹത്തിൻ്റെ പരമാവിഷ്ക്കാരമാണ് കുർബാന. സ്നേഹത്തിന്റെ പൂർത്തീകരണമാണ് കുരിശ്.


"നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് പാനംചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിൻ്റെ മരണം... പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്"

1 കൊറി. 11. 26

bottom of page