കര്‍ത്താവിന്‍റെ മാതാവ്


ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന സത്യം മംഗളവാര്‍ത്തയില്‍ നാം ശ്രവിക്കുന്നു. ബൈബിളില്‍ മുഴുവന്‍ മനുഷ്യന് അസാധ്യമായവ സാധ്യമാക്കുന്ന കാര്യങ്ങള്‍ ദൈവത്തെ നാം കാണുന്നു. ചരിത്രത്തില്‍ മനുഷ്യന്‍ ഒത്തിരി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. "വൃദ്ധനായ ഞാന്‍ അപ്പനാകുമോ എന്ന് അബ്രാഹം ചോദിച്ചു. വിക്കനായ ഞാന്‍ വിമോചകനാകുമോ എന്ന് മോശ ചോദിച്ചു. വന്ധ്യയായ ഞാന്‍ പ്രസവിക്കുമോ എന്ന് സാറാ ചോദിച്ചു. പുരുഷ ദര്‍ശനം ഏല്‍ക്കാത്ത ഞാന്‍ എങ്ങനെ ഗര്‍ഭവതിയാകും എന്ന് മറിയം ചോദിക്കുന്നു. മനുഷ്യരാല്‍ അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് മാലാഖ മറിയത്തെ അറിയിക്കുന്നു. ലക്ഷങ്ങളുടെ കടബാധ്യതയെങ്ങനെ വീട്ടും? തോരാത്ത കണ്ണീരിന് ശമനമുണ്ടാകുമോ? തീരാത്ത രോഗങ്ങളില്‍ നിന്നും മോചനമുണ്ടോ? വന്നുപോയ പേരുദോഷത്തില്‍ നിന്നും മോചനമുണ്ടോ? ഇത്തരത്തിലുള്ള നിരവിധി ചോദ്യങ്ങള്‍ മാനുഷികമായി നമ്മില്‍ ഉയരും. ഇതിനെല്ലാമുള്ള ഉത്തരം ഗബ്രിയേല്‍ മാലാഖ മറിയത്തിനു നല്‍കിയത്: 'അത്യുന്നതന്‍റെ ശക്തി നിന്നില്‍ നിറയും. മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്'.
ദൈവിക സാമീപ്യമനുഭവിക്കുന്നവരെല്ലാം കൃപ ലഭിച്ചവരാണ്. മറിയത്തെ കൃപ ലഭിച്ചവളെന്ന് തിരുവചനം അഭിസംബോധന ചെയ്യുന്നത്. നാമാരും സമര്‍ത്ഥരല്ല. ദൈവത്തിന്‍റെ കൃപ ലഭിച്ചാല്‍ മാത്രമേ നമുക്കെന്തെങ്കിലും ചെയ്യുവാന്‍ കഴിയൂ. കൃപ ലഭിച്ചവര്‍ പൂര്‍ണ്ണമായി കര്‍ത്താവിലാശ്രയിക്കും. 'ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ ഇഷ്ടം പോലെ എന്നില്‍ സംഭവിക്കട്ടെ' എന്നാണ് മറിയം പറഞ്ഞത്. ഏശയ്യാ 64/8ല്‍ പറയുന്നു 'ഞാന്‍ കളിമണ്ണാണ് നീ കുശവനുമാണ്'. മനുഷ്യനെന്ന കളിമണ്ണിനെ ദൈവം രൂപാന്തരപ്പെടുത്തും. സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ മറിയത്തെപ്പോലെ ഞാന്‍ നിന്നു കൊടുക്കണം. എല്ലാം തീര്‍ന്നു എന്ന് കരുതുന്നിടത്തു ദൈവം കൃപ പ്രവര്‍ത്തിച്ചു തുടങ്ങും. ഫറവോന്‍റെ തടവറയില്‍ എല്ലാം തീര്‍ന്നു എന്നു കരുതിയ ജോസഫ് ഈജിപ്തിലെ പ്രധാനമന്ത്രിയായി. എല്ലാം കഴിഞ്ഞെന്നു കരുതിയ ദാനിയേല്‍ സിംഹക്കുഴിയില്‍ നിന്നും പുറത്തുവന്നു. 'കര്‍ത്താവു നമ്മോടു കൂടെ' എന്ന ദൈവിക ചിന്ത സൂക്ഷിക്കുന്നവരെല്ലാം കൃപയുടെ കൂടാരങ്ങളാണ്. ഞാനൊന്നുമല്ല, എനിക്കൊന്നുമില്ല എന്ന ചിന്ത ഉള്ളിലുള്ളവര്‍ കൃപ നിറഞ്ഞവരാണ്. അഹങ്കാരമോ തലക്കനമോ ഇല്ലാതെ ജീവിക്കുന്ന ഇത്തരക്കാരില്‍ കര്‍ത്താവു പ്രവൃത്തിക്കും. ദൈവികസാമീപ്യമുള്ള മറിയം ഇത്തരം സ്വഭാവത്തിന്‍റെ പ്രതീകമാണ്. എളിമയോടെ നമുക്കു ശിരസ്സു നമിക്കാം.
ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതെങ്ങനെ സംഭവിക്കും? എന്ന് ജിജ്ഞാസയോടെ മറിയം ചോദിക്കുന്നു. മുഖസ്തുതികളും പ്രശംസയുടെ വാക്കുകളും ഒരിക്കലും മുഖവിലയ്ക്ക് എടുക്കരുത്! ദൈവദൂതന്‍ പറഞ്ഞാല്‍പ്പോലും അത് വ്യക്തമായി അറിഞ്ഞിരിക്കണം. ദൈവത്തിന്‍റെ അമ്മയാകുവാന്‍ പോകുന്നുവെന്ന വലിയ സദ്വാര്‍ത്ഥ അറിയുമ്പോള്‍ സ്വാഭാവികമായും ഒരു സ്ത്രീ ആ സന്ദേശത്തില്‍ സ്വയം മറക്കാം. പക്ഷേ മറിയം അതില്‍ വീഴുന്നില്ല. നമ്മുടെ ജീവിതയാത്രയില്‍ പലരും നമ്മെ പുകഴ്ത്തി പറയാം, മുഖസ്തുതികൊണ്ട് നമ്മെ പൊതിയാം. അതിനെല്ലാമിടയില്‍ ദൈവത്തോട് ചോദ്യങ്ങള്‍ ചോദിച്ചു നാം ബോധ്യമുള്ളവരാകണം. കണ്ണടച്ച് ഒരു കമന്‍റിലും വീഴരുത്.
'വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്' ലൂക്ക 1/4 ല്‍ ഏലിശ്വാ പുണ്യവതി പറയുന്നു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാനെന്ന് തോമാശ്ലീഹായോട് ഉത്ഥിതന്‍ പറയുന്നു. അവിവാഹിതയായിരിക്കെ ഗര്‍ഭം ധരിക്കുമ്പോഴുള്ള മാനസികസ്ഥിതി നമുക്ക് ഊഹിക്കാന്‍ കഴിയും. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അസ്വസ്ഥതകള്‍ മറിയത്തിന് മുന്‍കൂട്ടി ഗ്രഹിക്കുവാന്‍ കഴിയും. ഇതിലൊക്കെ ഉപരിയായി ദൈവം ഒരുക്കുന്ന ഒരു പദ്ധതിയുണ്ടെന്ന് മറിയം വിശ്വസിച്ചു. കാണപ്പെടുന്ന ഒരു ലോകവും പ്രത്യാശിക്കുന്ന ഒരു സമ്മാനവും (ഹെബ്രായര്‍ 11/1) അവള്‍ സ്വപ്നം കണ്ടു. ആ ദൃഡമായ വിശ്വാസം മറിയത്തെ വിശ്വസിക്കുന്നവരുടെ അമ്മയും ഗുരുനാഥയുമാക്കി മാറ്റി.
വിനീതയായ ഒരു മറിയത്തെ ലുക്കാ സുവിശേഷകന്‍ പരിചയപ്പെടുത്തുന്നു. മംഗളവാര്‍ത്ത ലഭിച്ച മറിയം പറയുന്നു: "ഇതാ കര്‍ത്താവിന്‍റെ ദാസി" എനിക്കൊന്നുമില്ല ഞാനൊന്നുമല്ല എന്ന ഏറ്റുപറച്ചിലാണ് നാം ഇവിടെ കാണുന്നത്. ഫിലിപ്പിയര്‍ക്കുള്ള ലേഖനം 3-ാമധ്യായത്തില്‍ വിനീതനായ പൗലോസിനെ നാം കാണുന്നു. യോഹന്നാന്‍ 3/30 ല്‍ സ്നാപക യോഹന്നാന്‍റെ വിനീതമായ ഏറ്റുപറച്ചിലിങ്ങനെയാണ്: "അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം". വിനയമുള്ള ഹൃദയങ്ങളിലേക്ക് കര്‍ത്താവിന്‍റെ കൃപ ഒഴുകിയെത്തും. തന്നെത്താന്‍ താഴ്ത്തുന്നവരെ ദൈവം ഉയര്‍ത്തുന്നു. സഭയിലെ സകല വിശുദ്ധരും ഇതിനുള്ള മാതൃകയാണ്.
വേദനിക്കുന്നവരുടെ ജീവിതത്തില്‍ ഇടപെട്ട് ധൈര്യപ്പെടുത്തുന്നവളാണ് മേരി. ഗര്‍ഭിണിയായ ഏലീശ്വായെ സന്ദര്‍ശിച്ച് ബലം പകര്‍ന്നു. കാനായിലെ കല്യാണ വീട്ടില്‍ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ മറിയം അതു തിരിച്ചറിയുന്നു. യേശുവിന്‍റെ കുരിശുമരണത്തിനുശേഷം ഭയവിഹ്വലരായി കഴിഞ്ഞ ശിഷ്യസമൂഹത്തെ ബലപ്പെടുത്തുവാന്‍ മറിയം കടന്നുവന്നു. കൃപനിറഞ്ഞ മനുഷ്യര്‍ അപരന്‍റെ നിസ്സഹായാവസ്ഥയില്‍ സഹായിക്കും. വിനീതഹൃദയവും കൃപനിറഞ്ഞ ജീവിതവും നമുക്കു മാതൃകയായിരിക്കട്ടെ.
ആനന്ദിക്കുന്ന ഒരമ്മയുടെ ചിത്രമാണ് ലൂക്കാ 1 മുതല്‍ 46 മുതലുള്ള വാക്യങ്ങളില്‍ നാം കാണുന്നത്. ദൈവം സ്പര്‍ശിച്ചപ്പോള്‍ അമ്മ ആനന്ദിച്ചു. പ്രാര്‍ത്ഥനാ നിരതയായിരുന്ന അമ്മയെയാണ് ദൈവം തൊട്ടത്. നമ്മുടെ ജീവിതം വളരെ ചെറുതാണ്. കുശവന്‍ മണ്ണിനെയെന്നപോലെ ദൈവം നമ്മെ തൊടണം. പ്രാര്‍ത്ഥന, നല്ല വായന, കൗദാശിക ജീവിതം, ജീവകാരുണ്യ പ്രവൃത്തികള്‍ എന്നിവ ദൈവത്തിന് നമ്മെ സ്പര്‍ശിക്കാനുള്ള അവസരങ്ങളാണ്. പരിശുദ്ധ മാതാവിന്‍റെ ജന്മദിനമാഘോഷിക്കുന്ന സെപ്റ്റംബര്‍ മാസത്തില്‍ മറിയത്തെ മാതൃകയാക്കി വിശ്വാസ ജീവിതം തുടരാം.
കര്‍ത്താവിന്‍റെ മാതാവ്
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അസ്സീസി മാസിക, സെപ്റ്റംബർ 2026

















































































































