ഒറ്റയ്ക്ക്

Sep 9
1 min read

ഒറ്റയ്ക്കാണ് മഴ വന്നത്.
ആഴക്കടലിന്‍റെ
ദുഃഖവും പേറി
ചിലമ്പിച്ച മുത്തും വിതറി
തിരയൊടുങ്ങിയ കടലിന്‍റെ
നെഞ്ചിന്നറയിലേക്ക് മഴ
മടങ്ങിപ്പോയി.
ഒറ്റപ്പെടലിന്‍റെ
ആവലാതിയും
പരിഭവവും
ഉള്ളില്‍ പൊതിഞ്ഞാണ്
പതുക്കനെ കാറ്റ്
ഒഴുകിവന്നത്.
ഇന്നലെകളുടെ
പൊടിയടയാളങ്ങളില്‍
പൂണ്ടുപോയ
ഏതോ നിശ്വാസങ്ങളില്‍ തട്ടി
ശൂന്യതയിലേക്ക് കാറ്റ്
മാഞ്ഞുപോയി.
കൂട്ടിനാരുമില്ലാതെ
ഒറ്റയ്ക്കാണ് ഓര്‍മ്മകള്‍ വന്നത്.
ഇന്നലെകളുടെ രേഖാചിത്രം
ഇന്നിന്‍റെ ഉമ്മറപ്പടിയില്‍
ഉപേക്ഷിച്ച്
ഏകാന്തതയിലേക്ക് ഓര്‍മ്മകള്‍
അലിഞ്ഞുപോയി.
ഒറ്റയ്ക്കായിപ്പോവുന്നവര്‍ക്കൊരു
കൂട്ടായി
അക്ഷരമുറ്റത്ത്
ഒരു കവിത വിരിഞ്ഞുവന്നു.
മഴയുടെ കുളിരും പേറി
കാറ്റിന്‍റെ തലോടലുമേറ്റ്
ഓര്‍മ്മകളുടെ നൊമ്പരച്ചൂടും ശ്വസിച്ച്
ഒറ്റയ്ക്കൊരു കവിത.

















































































































