top of page

ശേലും ശേലുകേടും

Writer: ഫാ. ജോസ് വെട്ടിക്കാട്ട്
ഫാ. ജോസ് വെട്ടിക്കാട്ട്
4 days ago
3 min read
Old man

'ഇങ്ങേര് എന്നെ ഒന്നു സഹായിക്കാമോ?'


'കാര്യമെന്താണെന്നു പറഞ്ഞില്ലല്ലോ.'


കൂടെയുണ്ടായിരുന്ന ഒരു വല്യച്ചന്‍റെ അപേക്ഷയായിരുന്നു. എന്നെക്കാളും പ്രായക്കൂടുതലുള്ള ആളായിരുന്നു. ഒറ്റയ്ക്കു യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള അദ്ദേഹത്തെയുംകൊണ്ട് കുറെ ഉള്‍നാട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന്‍റെ ഒരു ബന്ധുവിന്‍റെ വീട്ടില്‍ ഒരാവശ്യത്തിനായി പോകണം. പക്ഷേ, ഇദ്ദേഹം കാറില്‍ കയറില്ല. ബസ്സിലെ യാത്രചെയ്യൂ. പോകേണ്ട സ്ഥലത്തേക്ക് ബസ്സുകള്‍ കുറവാണുതാനും. ഏതായാലും കൂടെ ചെല്ലാമെന്നു സമ്മതിച്ചു. യാത്രയ്ക്ക് വല്യച്ചന്‍ കുപ്പായമാണിട്ടിരുന്നതെങ്കിലും അഞ്ചാറു മണിക്കൂര്‍ നീളുന്ന യാത്രയായിരുന്നതുകൊണ്ട് ഞാന്‍ കപ്പൂച്ചിനുടുപ്പിടാതെ സാധാരണ വേഷത്തിലായിരുന്നു. ബസ്റ്റോപ്പിലിറങ്ങി ഓട്ടോയ്ക്ക് വീട്ടിലെത്തി. അച്ചന്‍ ഓട്ടോയില്‍നിന്നിറങ്ങിയപ്പോള്‍ത്തന്നെ എല്ലാവരും ഓടിവന്ന് അച്ചനു സ്തുതിചൊല്ലി. ഞാനും പിന്നാലെ ഇറങ്ങി അവരുടെയടുത്തേക്കു ചെന്നു.


'ഇതും ഒരച്ചനാണ്, അച്ചനും സ്തുതി കൊടുക്ക്.'


വല്യച്ചന്‍ അതുപറഞ്ഞപ്പോള്‍, കൂട്ടത്തിലെ കാരണവരൊഴികെ എല്ലാവരും എന്‍റെനേരെ കൈകൂപ്പി.


"ഈ വല്യച്ചന്മാരുടെ കൂട്ടത്തില്‍ പോകുമ്പോഴെങ്കിലും ഈ അച്ചനും ഉടുപ്പിട്ടു നടന്നാലെന്നാ?"


ആ തനിനാടന്‍ കാരണവരുടെ പരിഭവം. സ്തുതി തരാഞ്ഞതിന്‍റെ കാരണവും മനസ്സിലായി.


'ഞാനിട്ടിരിക്കുന്നതു പിന്നെന്താ ഉടുപ്പല്ലെ?'


'ഓ, ഇതു വെറും ചുരിദാറും ജൂബ്ബായുമല്ലേ. കപ്പൂച്ചിനുടുപ്പിന്‍റെ കാര്യമാണു ഞാന്‍ പറഞ്ഞത്. അതിട്ടോണ്ടു നടന്നാലെന്താ?'


'ഒന്നുമില്ല.'


'എന്നാപ്പിന്നെന്താ ഇടാത്തെ?"


'ഒന്നുമില്ല.'


'അച്ചനൊക്കെയല്ലെ ഒന്നുമില്ലാത്തത്! ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് അതിട്ടു കാണുന്നതു വലിയകാര്യമാ.'

'എനിക്കതത്ര വലിയകാര്യമല്ല.'


'അച്ചന്മാരിങ്ങനെയാ. എന്നാപറഞ്ഞാലും തറുതലയേ പറയൂ. പിന്നെ ഇപ്പോഴത്തെ ഈ പിള്ളാരെ പറഞ്ഞിട്ടു കാര്യമുണ്ടോ. എന്തു പറഞ്ഞാലും അവരു പറയുന്നതാ പ്രമാണം. അതു നമ്മളങ്ങനുസരിച്ചാല്‍ മതി.'


അനുസരിക്കാത്ത മക്കളവിടെയുണ്ടെന്നുള്ളതിന്‍റെ സൂചന.


'ആ പറഞ്ഞതു തെറ്റിപ്പോയി, അച്ചന്മാരങ്ങനെയാ, അതുകൊണ്ടു പിള്ളേരിങ്ങനെയായെന്നല്ല, അപ്പന്മാരിങ്ങനെയാ, അതുകൊണ്ടു മക്കളങ്ങനെയായതാണെന്നു പറയുന്നതാ ശരി. അങ്ങനെയുള്ള മക്കള്‍ അച്ചന്മാരായപ്പോള്‍ അച്ചന്മാരുമിങ്ങനെയായി. അതാണതിന്‍റെ കറക്റ്റ് ലോജിക്.'


എന്‍റെ ലോജിക് വളരെ ബോധിച്ചമട്ടില്‍ അതുവരെ പുറത്തുകാണാതിരുന്ന ഒന്നുരണ്ടു ആണ്‍തലകള്‍ സൈഡിലത്തെ മുറിയില്‍നിന്നും പുറത്തേക്കുനീണ്ട് എന്നെയൊന്നു ശക്തമായി കടാക്ഷിച്ചു. എനിക്കും ഒരു ഗ്രൂപ്പിനുംമാത്രമുള്ള സപ്പോര്‍ട്ടവിടെയുണ്ട് എന്നവരുടെ നോട്ടത്തില്‍നിന്നു മനസ്സിലായി; എനിക്കു സമാധാനമായി.


'ഇപ്പഴിങ്ങനൊക്കെയാ കൊച്ചേട്ടാ, പണ്ടത്തെപ്പോലെയല്ലല്ലോ, കാലമൊക്കെ മാറിപ്പോയില്ലേ?'


വല്യച്ചന്‍റെ പിന്തുണയും പരോക്ഷമായി എനിക്കുതന്നെ.


'എന്നാലും, കാണുമ്പോള്‍ ഒന്നു 'സ്തുതിചൊല്ലാന്‍' തോന്നണമെങ്കില്‍ ഉടുപ്പില്ലാതെങ്ങനാണച്ചാ?'


നാടന്‍കാരണവര്‍ക്കു പിന്നെയും പരാതി.


'ഉടുപ്പിനു സ്തുതി ചൊല്ലണ്ടാന്നെ, 'ഈശോമിശിഹാ'യ്ക്കല്ലെ സ്തുതി' ചൊല്ലുന്നത്? ഞാന്‍ തിരിച്ചടിച്ചു.


'അറിവു കൂടുന്തോറും അഹംഭാവം കുറയുമെന്നായിരുന്നു ഞാനൊക്കെപ്പഠിച്ചത്.' സ്വരം താഴ്ത്തി പിന്‍വാങ്ങാനുള്ള ഭാവത്തില്‍ കാരണവര്‍ നിര്‍ത്തി.


'പറയാനുള്ളകാര്യം വളച്ചൊടിക്കാതെ നേരെ മുഖത്തുനോക്കിപ്പറയുന്നതിനെ 'അഹംഭാവ'മെന്നു വിളിക്കുന്നവര്‍ക്കാണ് തകരാറ്. അച്ചനായാലും അപ്പനായാലും, ഞാന്‍പറയുന്നതുമാത്രം ശരി, മറിച്ചൊരഭിപ്രായം പാടില്ലെന്നു ചിന്തിക്കുന്നതിനെയാണ് ശരിക്കും 'അഹംഭാവം' എന്നു പറയുന്നത്. ഞാനും സ്വരം താഴ്ത്തി പറഞ്ഞു.


'ഞങ്ങടെയൊക്കെക്കാലത്ത് ഇങ്ങനെയൊന്നുമല്ലാരുന്നേ, അതുകൊണ്ടു പറഞ്ഞുപോയതാണേ.' കാരണവര്‍ തോല്‍വി സമ്മതിച്ച ഭാവത്തില്‍.


'അങ്ങനെ 'നിങ്ങടേം ഞങ്ങടേം' എന്നൊരു കാലമില്ലല്ലോ ചേട്ടാ. പഴയകാലവും പുതിയകാലവുമുണ്ട്.'


ശുണ്ഠിപിടിപ്പിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു. അതുകൂടെ കേട്ടപ്പോള്‍ കുറച്ചുമുമ്പ് മുറിക്കകത്തുനിന്നു നീണ്ട തലകളുടെ ഉടലുകളുംകൂടി പുറത്തുവന്നു. അടുക്കളഭാഗത്തുനിന്നും പിറകിലുള്ള 'വിശറി' തടവി നേരെയിട്ടുകൊണ്ടു ചേടത്തിം എത്തി. 'ഓഡിയന്‍സ്' കൂടുന്നകണ്ടപ്പോള്‍ ചേട്ടനു ചുണ വച്ചതുപോലെ.


"സമ്മതിച്ചച്ചോ. ഞങ്ങളൊക്കെപ്പഴേതായിപ്പോയി. നിങ്ങളൊക്കെപ്പുതിയതല്ലെ. എന്നാലും പഴയ കാലത്തൊക്കെ അച്ചന്മാര്‍ക്കൊക്കെ എവിടെച്ചെന്നാലും അന്തസൊണ്ടാരുന്നു, സീറ്റുമുണ്ടാരുന്നു. ഇപ്പഴതൊന്നും ഇല്ലാതാക്കിയില്ലേ?" ചേട്ടനു വല്ലാത്ത നഷ്ടബോധം.


'ആളൊത്തിരിയൊള്ളതുകൊണ്ടല്ലെ സീറ്റില്ലാതെവരുന്നത്?'


അതുകേട്ട് 'ഓഡിയന്‍സ്' ഒന്നു ചിരിച്ചു.


'കളിയാക്കാന്‍ അച്ചനു നല്ല വശമാണ്.' ചേടത്തീടെ ഒരു ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്.


'കളിയാക്കിയതല്ല ചേടത്തി, പറയാനുള്ളകാര്യം കളിയിലൂടെ പറഞ്ഞെന്നേയുള്ളു. നിങ്ങളൊക്കെപ്പറയുന്ന 'പഴയ' കാലത്ത് അച്ചന്മാരു കുറവ്. വിദ്യാഭ്യാസമുള്ള ആളുകളും കുറവായിരുന്ന ആ കാലത്ത് അറിവും പഠിപ്പും ഉണ്ടായിരുന്ന അച്ചന്‍ 'സര്‍വ്വകലാവല്ലഭ'നായിരുന്നു. ഏതുകാര്യത്തിനും മുന്നിലിറങ്ങും, എന്തിനും തീര്‍പ്പുകല്‍പിക്കും. ശരിക്കുപറഞ്ഞാല്‍ നാട്ടിലെ ഒരു 'കുട്ടി രാജാവ്'. അച്ചനെകണ്ടാല്‍ ആരും എഴുന്നേല്ക്കും. സ്തുതി കൊടുക്കും. എവിടെച്ചെന്നാലും അച്ചനു സീറ്റുമുണ്ടായിരുന്നു. ഇന്ന് ആ കാലം പോയി. എല്ലാ വകുപ്പിലും അറിവുള്ളവരാണ് 'അജഗണ'ങ്ങള്‍. അച്ചന്‍ തെറ്റുകാണിച്ചാല്‍ തെറ്റാണെന്നവരുപറയും. വിഢിത്തം കാണിച്ചാല്‍ അവരു പ്രതിഷേധിക്കും. അച്ചനെല്ലാത്തിലും കയറി തലയിട്ടാല്‍ അച്ചനച്ചന്‍റെ വകുപ്പു കൈകാര്യംചെയ്താല്‍ മതിയെന്നവരു നേരെനോക്കി പറയും. ഇതാണു ഞാന്‍പറഞ്ഞ 'പുതിയ'കാലം. കാലത്തിന്‍റെ ഈ മാറ്റമറിഞ്ഞു വിവേകത്തോടെ ജീവിക്കാതെ, ഉടുപ്പുമിട്ടു നടന്നതുകൊണ്ടുമാത്രം സ്തുതിയും, സീറ്റുമൊന്നുംകിട്ടുമെന്ന് ഇക്കാലത്ത് ഒരച്ചനും പ്രതീക്ഷിക്കണ്ടാ. മാത്രമല്ല, ഉടുപ്പിടാതെ നടന്നാലും അച്ചന്‍ അച്ചന്‍റെവകുപ്പിലും വരുതിയിലുംനിന്നാല്‍ ഇന്നും ആവശ്യത്തിനു സ്തുതീം കിട്ടും, എവിടേം സീറ്റുംകിട്ടും.'


വായില്‍വന്നതുപോലെയങ്ങു പറഞ്ഞുകഴിഞ്ഞപ്പോളാണ് ഇതു ക്ലാസ്സും, ഡിബേറ്റുമൊന്നുമല്ലല്ലോന്നോര്‍ത്തത്. നല്ലഉറക്കെ ഒറ്റച്ചിരിവച്ചുകൊടുത്തു. എല്ലാവരും കൂട്ടത്തിലങ്ങു ചിരിച്ചു.


'അച്ചനെന്തൊക്കെ പറഞ്ഞാലും ഈ വല്യച്ചന്‍റെപോലെ ഉടുപ്പും കെട്ടുമൊക്കെയുള്ളതാ കാണാനൊരു ശേല്.' ചേടത്തീടെ വെറും നാടന്‍ ആഗ്രഹം.


'അതങ്ങനെ കണ്ടു ശീലിച്ചുപോയതുകൊണ്ടാ ചേടത്തീ. ചേടത്തിതന്നെ പുറകിലത്തെ ആ വിശറി നല്ല ഭംഗിയായിട്ടു ഫിറ്റുചെയ്ത് ഒരു നല്ലകസവുള്ള കവണീം പുതച്ചു രാവിലെ പള്ളീലോട്ടുപോകുന്നതു പുറകീന്നു നോക്കിയാല്‍ നല്ല ശേലല്ലേന്നു ചേട്ടനോടൊന്നു ചോദിച്ചുനോക്കിക്കേ. പക്ഷേ, ഒന്നോര്‍ത്തുനോക്കിക്കേ, തീരെ വണ്ണമില്ലാത്ത ചേടത്തി ഒരു പട്ടുസാരിയുടുത്താലോ? പൊന്നിന്‍കുരിശിന് ഉറയിട്ടപോലെയിരിക്കത്തില്ലേ? ചേടത്തിയൊരു ചുരിദാറിട്ടാലോ? മുളങ്കാലേല്‍ തോരണംചുറ്റിയമാതിരി ആയിരിക്കത്തില്ലേ? കണ്ടാലൊരു ശേലുമില്ലെന്നെല്ലാരും പറയും. പക്ഷെ കുറെനാളങ്ങനെ കണ്ടുകഴിയുമ്പോള്‍ ആ ശേലുകേടെല്ലാമങ്ങുപോകും. അതും നല്ലശേലാകും. കണ്ടുശീലിക്കുന്ന പോലെയല്ലേ ചേടത്തീ ഈ ശേലും ശേലുകേടുമൊക്കെ?"


എല്ലാവരും ചിരിച്ചുകഴിഞ്ഞപ്പോള്‍ ടെന്‍ഷനെല്ലാം മാറിയപോലെ.


"ഈ അച്ചന്‍ വേണേല്‍ ഇതൊക്കെ ഇട്ടോട്ടെ. ഏതായാലും വല്യച്ചന്‍ ഈ ചുരിദാറൊന്നും ഇടണ്ടാ കേട്ടോ. ഞങ്ങക്കു സാമ്പിളിനു കാണാനേലും ഒരു കപ്പൂച്ചിന്‍റെ വേഷം കിടക്കട്ടെ." ചേട്ടനും നല്ല മൂഡിലായെന്നു തോന്നുന്നു.


"സത്യം പറഞ്ഞാലെന്‍റെ കൊച്ചേട്ടാ, എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാ ഇവരെപ്പോലെ ജൂബ്ബായുമൊക്കെ ഇട്ടുനടന്നാലോന്ന്. ഞാനതുചെയ്യാത്തതു നിങ്ങളെയൊക്കെയോര്‍ത്തിട്ടാ.' വല്യച്ചന്‍റെ നര്‍മ്മം.


"ഇന്നുതന്നെ നിങ്ങള്‍ക്കറിയാമോ ഈ അച്ചനേയുംകൊണ്ട് ഇങ്ങോട്ടുവരാന്‍ ബസില്‍ കയറാന്‍ ഞാന്‍പെട്ടപാട്. സര്‍വ്വ അഭ്യാസോം പയറ്റി ഇടിച്ചുകയറിയിട്ടാ ഒരുസീറ്റു സംഘടിപ്പിച്ചത്. ഉടുപ്പുമിട്ടോണ്ടു വല്യച്ചന്‍ ഇടിയൊന്നുംകൊള്ളാതെ അവസാനം കൂളായിട്ടു കയറിവന്നപ്പോള്‍ ഇടീംകൊണ്ടു സീറ്റുപിടിച്ച് അവശനായി ഇരുന്ന ഞാനെഴുന്നേറ്റു സീറ്റുംകൊടുത്തു. എന്നിട്ടിങ്ങുവരെ കുന്തംപോലെ ഞാനങ്ങു നിന്നു. ഈ ഉടുപ്പുമിട്ടോണ്ട് ബസ്സില്‍ ഇടിച്ചുകയറുന്നതു കണ്ടാല്‍ നിങ്ങളാണെങ്കിലും 'ആ അച്ചനെന്നാത്തിന്‍റെകേടാ' എന്നല്ലേ പറയൂ. തള്ളിക്കയറുന്നതിനിടയില്‍ ഈ നീണ്ടുകിടക്കുന്ന ചരടെങ്ങാനും വല്ല കൊച്ചുങ്ങളുടേം കഴുത്തില്‍ കുടുങ്ങിയാലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ?'


എല്ലാവരും ചിരിച്ചിട്ടും ഞാന്‍ ഗൗരവത്തില്‍ തുടര്‍ന്നു.


'ചേട്ടനിപ്പോഴും ഈ ലുങ്കി മാത്രമല്ലെ ഉടുത്തിട്ടുള്ളു. എന്താ ഷര്‍ട്ടില്ലാത്തെ? ആവിയെടുപ്പോള്‍ ചേട്ടന്‍ ഷര്‍ട്ട് ഊരിക്കളഞ്ഞു. അതുകൊണ്ടിപ്പോള്‍ ചേട്ടന്‍റെ എല്ലായിടത്തും കാറ്റുംകേറുന്നുണ്ട്, തണുപ്പും കിട്ടുന്നുണ്ട്. ഞങ്ങളച്ചന്മാരും അത്യാവശ്യത്തിനെങ്കിലും ദേഹത്തൊക്കെ ലേശം കാറ്റുകൊള്ളിച്ചോട്ടെ ചേട്ടാ, ളോഹയിടാതെ."


എല്ലാവരുടെയും ചിരിക്കിടയില്‍ ഇത്രയും പറഞ്ഞപ്പോള്‍ ചേട്ടനും എനിക്കു സപ്പോര്‍ട്ടായിക്കാണണം. കാരണം അടുത്തുവന്ന് എന്നെ ചൊവ്വിനൊന്നുനോക്കിയിട്ട് ഒരു കമന്‍റ്:


"സത്യംപറഞ്ഞാല്‍ അച്ചന് ഈ ചുരിദാറും പൈജാമയും ചേരുന്നുണ്ടുകേട്ടോ. വല്യ വൃത്തികേടില്ലെന്നുതോന്നുന്നു ഇല്ലേടാ പിള്ളാരേ? മൊത്തം കണ്ടാലും ഒരച്ചന്‍റെ ലുക്കൊക്കെയുണ്ടു കേട്ടോ. എന്നാപ്പിന്നെ ഞാനുമൊരു സ്തുതിയങ്ങു ചൊല്ലിയേക്കാം. 'ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചാ."


'എനിക്കല്ലല്ലോ, ഈശോമിശിഹായ്ക്കല്ലേ സ്തുതി. അതുകൊണ്ട് വരവുവച്ചിരിക്കുന്നു.'


'ആമ്മേന്‍.'


കാരണവരുടെ ആമ്മേന്‍ കേട്ട് വല്യച്ചന്‍പോലും ഉറക്കെച്ചിരിച്ചുപോയി.


ശേലും ശേലുകേടും

ഫാ. ജോസ് വെട്ടിക്കാട്ട്

അസ്സീസി മാസിക, സെപ്റ്റംബ‌ർ 2026

bottom of page