എന്‍റെ ജുവാന്‍ കുട്ടനും അവന്‍റെ കുഞ്ഞു മനസ്സും


ഒരു കുട്ടി ഉണ്ടായിരിക്കുമ്പോള്‍ നമ്മുടെ ലോകം മുഴുവന്‍ അവനാണ്. അതുവരെ എന്‍റെ കുഞ്ഞായി, എന്‍റെ എല്ലാ പരിചരണങ്ങളും പറ്റി വളര്‍ന്ന അവന്‍ ഒരൊറ്റ ദിവസം കൊണ്ട് ഒരു 'വലിയ ചേട്ടനായി' മാറുകയായിരുന്നു. ആ മാറ്റം പെട്ടെന്നുള്ളതായിരുന്നു, എങ്കിലും അതില്‍ നിറഞ്ഞത് വലിയൊരു സ്നേഹവും കരുതലുമായിരുന്നു.
ജിവിതത്തില്‍ അവനൊരു കൂട്ട് വേണം എന്ന ആഗ്രഹം പണ്ടേ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. സ്കൂളില്‍ പോകുന്നതിന് മുന്‍പുള്ള കാലത്ത്, കൂട്ടുകാരെ കളിക്കാന്‍ കിട്ടാതെ അവന്‍ അനുഭവിച്ച സങ്കടങ്ങള്‍ ഓര്‍ത്താല്‍ എനിക്കിപ്പോഴും നെഞ്ചുപിടയും. അടുത്ത വീട്ടിലെ കുട്ടികള്‍ കളിക്കുന്നത് കാണുമ്പോള്‍, ഞങ്ങളുടെ വീടിന്‍റെ ജനലിലൂടെ നോക്കി അവന്‍ തൊണ്ട കീറി അവരെ കളിക്കാന്‍ വിളിച്ചു കരയുമായിരുന്നു. എന്നിട്ടും അവര്‍ കളിക്കാന്‍ വരാതിരുന്നപ്പോള്‍, ആ കുഞ്ഞുകണ്ണുകളില്‍ കണ്ണീരുമായി അവന്‍ എന്നോട് ചോദിച്ചു: 'എന്താമ്മേ എനിക്ക് കളിക്കാന്‍ ആരും വരാത്തത്? എനിക്കൊരു കുഞ്ഞനിയനോ അനിയത്തിയോ ഇല്ലാത്തതുകൊണ്ടല്ലേ?' അത് കേട്ട നിമിഷം ഒരു അമ്മയെന്ന നിലയില്‍ താങ്ങാനാകാതെ ഞാനും കെട്ടിപ്പിടിച്ച് ഒത്തിരി വിഷമിച്ചു കരഞ്ഞുപോയിട്ടുണ്ട്.
അതുകൊണ്ടുതന്നെ, ആറ്റുനോറ്റ് കിട്ടിയ ആ കുഞ്ഞനിയന്‍ പിറന്നതോടെയാണ് എന്‍റെ മൂത്ത മകനായ ജുവാന്‍ കുട്ടന്‍റെ ഉള്ളിലെ സ്നേഹത്തിന്‍റെ വ്യാപ്തി ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞത്.
രണ്ടാമത്തെ പ്രസവവും ഓപ്പറേഷനും കഴിഞ്ഞ് വന്ന ആ ദിവസങ്ങള്‍ എനിക്ക് ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ആദ്യത്തെ രണ്ടാഴ്ച എനിക്ക് സാധാരണ ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ പറ്റുമായിരുന്നില്ല. ആ സമയത്താണ് എന്‍റെ മനസ്സിനെ ആകെ ഉലച്ചുകളഞ്ഞ ആ സംഭവം നടന്നത്. അവന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ബിരിയാണിയാണ്. ബിരിയാണി കണ്ടാല്‍ പിന്നെ മറ്റൊന്നും അവന് വേണ്ട. എന്നാല്‍ ഞാന്‍ പഥ്യ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോള്‍, അവന് ഏറെ പ്രിയപ്പെട്ട ബിരിയാണി പോലും അവന്‍ വേണ്ടെന്ന് വെച്ചു! 'അമ്മ കഴിക്കുന്ന ആ ഭക്ഷണം മാത്രം മതി എനിക്കും' എന്ന് ആ കുഞ്ഞുനാവില്‍ നിന്ന് കേട്ടപ്പോള്‍ എന്‍റെ നെഞ്ചൊന്ന് പിടഞ്ഞു. സ്വന്തം ഇഷ്ടങ്ങളെക്കാള്‍ അമ്മയുടെ വേദനയ്ക്ക് കൂട്ടിരിക്കാന്‍ തീരുമാനിച്ച ആ കുഞ്ഞു മനസ്സിന് മുന്നില്‍ ഞാന്‍ തോറ്റുപോകുകയായിരുന്നു.
പലപ്പോഴും എനിക്ക് ക്ഷീണം തോന്നുമ്പോള്‍, അല്ലെങ്കില്‍ കുഞ്ഞിനെ നോക്കുന്നതിനിടയില്‍ അവന്‍ എന്നെ സഹായിക്കാന്‍ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ... അത് ഏതൊരു പുരസ്കാരത്തേക്കാളും വലുതാണ്. 'അമ്മേ, ഞാന്‍ നോക്കിക്കോളാം' എന്ന് പറയുമ്പോള്‍ അവന്‍റെ ഉള്ളിലെ കരുതല്‍ ഞാന്‍ കാണുന്നു. കുഞ്ഞിനെ കയ്യിലെടുക്കുമ്പോഴും ഉറക്കുമ്പോഴും അവന്‍ കാണിക്കുന്ന ശ്രദ്ധയും പക്വതയും എന്നെ അത്ഭുതപ്പെടുത്താറുണ്ട്.
ഓരോ ദിവസവും സ്കൂളില്‍ പോകുമ്പോഴും തിരികെ വരുമ്പോഴും അവന്‍റെ അനിയനോടുള്ള സ്നേഹം കാണുമ്പോള്‍ എന്‍റെ കണ്ണുനിറയും. സ്കൂളില്‍ ഇറങ്ങുന്നതിന് മുന്‍പ് അനിയന് നൂറു ഉമ്മകള്‍ കൊടുത്തിട്ടേ അവന്‍ പോകൂ. 'ചേട്ടായി സ്കൂളില്‍ പോയിട്ട് വേഗം ഓടി വരാവേ... വഴക്കൊന്നും കൂടാതെ മിടുക്കനായിട്ട് ഇരിക്കണേ' എന്ന് ആ കുഞ്ഞിനോട് കൊഞ്ചിച്ചു പറയുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ കാണുന്ന സ്നേഹം വാക്കുകള്‍ക്ക് അപ്പുറമാണ്.
എപ്പോഴും അവന്‍ ദൈവത്തോട് നന്ദി പറയും, 'ആണായാലും പെണ്ണായാലും എനിക്ക് ദൈവം ഒരു സുന്ദരന്‍ കുട്ടനെ തന്നല്ലോ' എന്ന്.
എന്നാല്‍ ചില സമയങ്ങളില്‍, കുഞ്ഞിനോടുള്ള അവന്‍റെ അമിതമായ സ്നേഹപ്രകടനങ്ങളും ഓമനിക്കലും കാണുമ്പോള്‍ പേടി കാരണം ഞാന്‍ അവനെ ഒത്തിരി വഴക്ക് പറയാറുണ്ട്. കുഞ്ഞിന് എന്തെങ്കിലും പറ്റിപ്പോകുമോ എന്ന ഭയത്താല്‍ അവനെ അടുത്ത് നിന്ന് മാറ്റാറുമുണ്ട്. പക്ഷെ, അത് കഴിഞ്ഞാല്‍ എന്‍റെ മനസ്സ് വീണ്ടും വിങ്ങും. പാവം കുഞ്ഞല്ലേ... അവന് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ മാത്രം പ്രായമായിട്ടില്ലല്ലോ. ആറു വയസ്സ് തുടങ്ങിയതല്ലേയുള്ളൂ! ഒരു കുഞ്ഞു മനസ്സിലെ സ്നേഹം മാത്രമായിരുന്നിട്ടും അതിനെ മനസ്സിലാക്കാതെ വഴക്ക് പറഞ്ഞല്ലോ എന്നോര്‍ത്ത് എനിക്ക് വലിയ വിഷമം തോന്നും.
ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു പോകും, എന്നെ അത്രമാത്രം സ്നേഹിക്കുന്ന എന്‍റെ ജുവാന്‍ കുട്ടന്‍റെ ഈ സ്നേഹം അനുഭവിക്കാന്‍ ഞാന്‍ എന്ത് യോഗ്യതയുള്ള അമ്മയാണെന്ന്? കുട്ടികള്‍ നമ്മളെക്കാള്‍ വലിയ മനുഷ്യരാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
എനിക്ക് ജുവാന്‍ കുട്ടനെയും അവന്‍റെ പ്രിയപ്പെട്ട കുഞ്ഞനിയനെയും തന്നതിന് ദൈവത്തോട് ഞാന്‍ ആയിരം വട്ടം നന്ദി പറയുകയാണ്. എന്‍റെ ജുവാന്‍ കുട്ടന്‍റെ ഈ നിസ്വാര്‍ത്ഥമായ സ്നേഹത്തിന് മുന്നില്‍ പകരം നല്‍കാന്‍ എന്‍റെ കയ്യില്‍ ഒന്നുമില്ല. മാതൃത്വത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം എന്തെന്ന് എന്നെ പഠിപ്പിച്ചത് എന്‍റെ മകനാണ്. അവനാണ് ഈ വീടിന്‍റെ വെളിച്ചം, അനിയന്‍റെ ഏറ്റവും വലിയ സംരക്ഷകന്‍.
എന്‍റെ ജുവാന്‍ കുട്ടനും അവന്‍റെ കുഞ്ഞു മനസ്സും
രശ്മി മൈക്കിള്‍
















































































































